28 February Friday

ഗായികയിലെ വ്യക്തിയും സമൂഹവും

മുകുന്ദനുണ്ണി unni.mukundan@gmail.comUpdated: Sunday Jul 7, 2019

കേസര്‍ബായീ കേർക്കര്‍ എന്ന അതിഗംഭീര ഗായികയുടെ പരുഷമായ പെരുമാറ്റവും ചീത്തവിളിയും പിടിവാശിയും ഭ്രാന്തും മനുഷ്യത്വത്തിന്റെ പ്രഖ്യാപനങ്ങളായിരുന്നു. ലോകപ്രശസ്‌ത ഗായികയായിട്ടും ദേവദാസിയായതുകൊണ്ടുമാത്രം മുഖ്യധാരാ സമൂഹം കല്‍പ്പിച്ച ഭ്രഷ്ടിനെതിരെ അവര്‍ ആക്രോശിച്ചെങ്കില്‍ അത് ന്യായമായ പ്രതികരണംതന്നെ.   ശിവാജി പാര്‍ക്കിലെ തന്റെ മൂന്നുനില ബംഗ്ലാവിനു ചുറ്റും സൂക്ഷ്‌മശ്രദ്ധയോടെ നട്ടുവളര്‍ത്തിയ ചെടികളില്‍നിന്ന് ആരെങ്കിലും പൂ മോഷ്ടി ക്കാന്‍ വന്നാല്‍ അവരുടെ തലയിലേക്ക‌് കേസര്‍ ഒന്നാം നിലയില്‍നിന്ന് ഒരുകുടം വെള്ളം മറിക്കും

 

കുട്ടികളുടെ വികൃതി നിഷ്‌കളങ്കതകൊണ്ട് ആകർഷകമാണ്. മുതിർന്ന ഒരാൾ അഹങ്കരിക്കുന്നതും ക്ഷോഭിക്കുന്നതും വികൃതിപോലെ ആകർഷകമല്ല. പക്ഷേ, ചില സന്ദർഭങ്ങളിലെങ്കിലും നാം അത്തരം ചിലരോടൊപ്പം നിന്നുപോകും. അവയുടെ വേര് വേദനയിൽ ആണ്ടുകിടക്കുന്നതാണെങ്കിൽ. മാനംകെടുത്തുന്നവർക്കു നേരേയുള്ള നിർദോഷമായ കലാപമാണെങ്കിൽ.  

കേസർബായീ കേർകർ എന്ന അതിഗംഭീര ഗായികയുടെ പരുഷമായ പെരുമാറ്റവും ചീത്തവിളിയും പിടിവാശിയും ഭ്രാന്തും മനുഷ്യത്വത്തിന്റെ പ്രഖ്യാപനങ്ങളായിരുന്നു. ലോകപ്രശസ്‌ത ഗായികയായിട്ടും ദേവദാസിയായതുകൊണ്ടുമാത്രം മുഖ്യധാരാ സമൂഹം കൽപ്പിച്ച ഭ്രഷ്ടിനെതിരെ അവർ ആക്രോശിച്ചെങ്കിൽ അത് ന്യായമായ പ്രതികരണംതന്നെ.   

ശിവാജി പാർക്കിലെ തന്റെ മൂന്നുനില ബംഗ്ലാവിനു ചുറ്റും സൂക്ഷ്‌മശ്രദ്ധയോടെ നട്ടുവളർത്തിയ ചെടികളിൽനിന്ന് ആരെങ്കിലും പൂ മോഷ്ടിക്കാൻ വന്നാൽ അവരുടെ തലയിലേക്ക‌് കേസർ ഒന്നാം നിലയിൽനിന്ന് ഒരു കുടം വെള്ളം മറിക്കും. വളർത്തുന്നവർ താലോലിച്ചുകൊണ്ട് പൂ പറിക്കുമ്പോൾ മോഷ്ടിക്കുന്നവർ ചെടിയെ നശിപ്പിച്ചുകൊണ്ടാണ് പൂ പറിക്കുക. ഇതേ കാരണംകൊണ്ടുതന്നെയായിരുന്നു കേസർ തന്റെ പാട്ട് ആർക്കും പഠിപ്പിച്ചുകൊടുക്കരുത്, തന്റെ പാട്ടുകൾ റെക്കോഡ് ചെയ്യരുത‌് എന്നൊക്കെ വാശി പിടിച്ചത്.   
താൻ മരിച്ചാൽ തന്റെ പാട്ടിനുവേണ്ടി സംഗീതലോകം ദാഹിച്ചു വിഷമിക്കണം എന്നായിരുന്നു കേസർ ഒരു കാലത്ത് കരുതിയത്.  അതിൽ ലോകത്തോടുള്ള ഒടുങ്ങാത്ത പകയുണ്ട്. തന്റെ പാട്ട് ആരാധകർ റെക്കോഡ് ചെയ്യുന്നുണ്ടോ എന്ന് കേസറിന് എപ്പോഴും സംശയമായിരുന്നു. സംശയമുള്ളവരുടെ വീട്ടിൽ അപ്രതീക്ഷിതമായി കയറിച്ചെന്ന് പരിശോധന നടത്തുകപോലും ചെയ‌്തിരുന്നു. ആരെങ്കിലും രാഗം പകർത്തുമോ എന്നു ഭയന്ന് കേസർ കരുതിക്കൂട്ടി തെറ്റിച്ചു പാടാറുണ്ടായിരുന്നു. തന്റെ ശത്രുക്കൾ സദസ്സിലില്ല എന്ന് ഉറപ്പു വരുത്തിയേ കച്ചേരി തുടങ്ങൂ. ഒരിക്കൽ പ്രവേശനം നിഷേധിക്കപ്പെട്ട പണക്കാരനായ ആരാധകൻ നേരത്തെ ഹാളിൽ കയറിക്കൂടി സ്‌റ്റേജിന് അടിയിൽ ഒളിച്ചിരുന്ന് ചുട്ടു പുകഞ്ഞാണ് കച്ചേരി ആസ്വദിച്ചത്.  അത്രയ‌്ക്ക‌് ആരാധനയായിരുന്നു ആളുകൾക്ക് കേസറിനോടും കേസറിന്റെ പാട്ടിനോടും. 
 
പാട്ടുകാരുടെ ഇടം വേദിയാണ്. പാട്ടുകാരും ആസ്വാദകരും തൊട്ടിരിക്കുന്ന രീതിയിലുള്ള അടുപ്പം തോന്നിക്കുന്ന ഹാളുകൾ.  അത്തരം ഹാളുകൾ പണ്ടുണ്ടായിരുന്നു. സ്റ്റേജ് ലൈറ്റിനു കീഴെ പാട്ടുകാരി ഇരിക്കും. ആ വെളിച്ചം ഒരു പ്രത്യേക വെളിച്ചമാണ്.  വ്യക്തിയിലെ ഗായിക ആ വെളിച്ചത്തിലേക്കാണ് ഇറങ്ങുക.  ‘വാഹ് വാഹ്...' എന്നു പറയുന്ന കൂട്ടർ സ്റ്റേജിന് തൊട്ടുമുന്നിൽ ഇരിക്കും. പാട്ടിന്റെ അപാര മുഹൂർത്തങ്ങളിൽ കേൾക്കാം ‘വാഹ്... വാഹ്...'  ഇത് തിരിച്ച് ഗായികയിലേക്ക‌് വൈദ്യുതിയായി പ്രവഹിക്കും. ഈ ഇടത്തിൽനിന്ന് മാറി സാധാരണ ജീവിതത്തിൽ പ്രവേശിക്കുമ്പോൾ വ്യക്തിയിലെ ഗായിക ഉറക്കമാകും.  ദൈനംദിനത കൂടുതൽ കൂടുതൽ ബാധിക്കുമ്പോൾ ഗായികയാണെന്ന ഭാവം മങ്ങാൻ തുടങ്ങും. സ്വയം വിസ്‌മരിക്കപ്പെടുംവരെ. പാട്ടു കഴിയുമ്പോൾ കേസറിന് തിരിച്ചുവരേണ്ടത് ഉച്ചനീചത്വമുള്ള ഈ സമൂഹത്തിലേക്കുതന്നെയാണ്. നീചമായി ഗണിക്കപ്പെടുമ്പോൾ, പാട്ടു മറന്ന്, ആക്രോശിച്ചുപോകുന്നത് സ്വാഭാവികം.  
 
കുട്ടിയായിരുന്നപ്പോൾ നല്ല ശബ്ദമുണ്ടായിരുന്നതുകൊണ്ട് വീട്ടുകാർ പലയിടത്തും പാടാൻ കൊണ്ടുപോയി. ജീർണത ബാധിച്ച, സുഖലോലുപരായ, രാജകുമാരന്മാർക്കുവേണ്ടി അസമയത്ത് പാടുന്നതിനിടയിൽ ചമ്രം പടിഞ്ഞിരുന്ന് ഉറങ്ങിപ്പോകുന്ന കുട്ടിക്കാലംമുതൽ തുടങ്ങിയതാണ് ദേവദാസീസ്വത്വത്തിന്റെ വേദനകൾ. പിന്നീട് ലോകപ്രശസ്‌തയായിട്ടും ആരാധകർ  നിരവധിയുണ്ടായിട്ടും വ്യവസ്ഥയിലെ ഉച്ചനീചത്വത്തെ ഒന്നുലയ‌്ക്കാൻപോലുമായില്ല. കൂട്ടുകാരിയായ അടുത്ത വീട്ടിലെ ബ്രാഹ്മണയുവതിയുടെ കല്യാണത്തിനു ചെന്നപ്പോൾ ദേവദാസിയുടെ സാന്നിധ്യം ആൺവീട്ടുകാർക്ക് ഇഷ്ടമാകില്ലെന്ന് പറഞ്ഞ് അവർ കേസറിനെ ഇറക്കിവിടുന്നതാണ് മുതിർന്നതിനുശേഷം ആദ്യത്തെ ദുരനുഭവം. സമൂഹത്തിലേക്ക‌് പ്രവേശനം ലഭിക്കാൻ മകളെ, സുമൻതായ്, മറ്റൊരു ദേവദാസീ ഗായികയാക്കാതിരിക്കാൻ പഠിപ്പിച്ച് ഡോക്ടറാക്കി. എന്നിട്ടും മകൾ കല്യാണം കഴിച്ച വരനെ അവന്റെ സമുദായം പുറത്താക്കി. സാമ്പത്തികമായി അവരെക്കാൾ കേസർ എത്രയോ ഉയർന്നതായിരുന്നിട്ടുകൂടി.   
 
ബ്രീട്ടീഷ് സാമ്രാജ്യത്തിന്റെ ദാസ്യരാജാക്കന്മാർ ക്ഷയിച്ചപ്പോൾ സംഗീതത്തിന്റെ രക്ഷാകർത്താക്കൾ മുതലാളിമാരായി. ഇവിടെ കൃഷി ചെയ്‌ത പരുത്തി നൂറ്റു നൂലാക്കി മാഞ്ചസ്റ്ററിൽ അയച്ച് വസ‌്ത്രമാക്കി തിരികെ വാങ്ങുന്ന വ്യവസായത്തിന്റെ ഉടമകളായിരുന്നു ധനികരിൽ ചിലർ. അവരിലൊരാളായിരുന്നു കേസറിന്റെ കാമുകനും രക്ഷാകർത്താവും ധനികനുമായ സേഠ് ഗോപാൽദാസ്. ദേവദാസിയും ധനികരായ കാമുകന്മാരും തമ്മിലുള്ള ബന്ധം പരസ്‌പരബഹുമാനത്തിന്റെതാണ്. ആഴ്‌ചയിൽ മൂന്നു രാത്രി ദേവദാസിയോടൊപ്പം കഴിയുകയും ബാക്കി ദിവസങ്ങളിൽ വീട്ടിൽ അത്താഴമേശയ‌്ക്കുചുറ്റും കുട്ടികളുടെ അച്ഛനായും ഭർത്താവായും തുടരുകയും ചെയ്യുന്ന വഴക്കം അക്കാലത്ത് സ്വീകാര്യമായിരുന്നു. ഭാര്യ വീട്ടുജോലിക്കാരിയുടെയോ മരുമകളുടെയോ നേർക്ക് അടക്കിവച്ച കോപം തുറന്നുവിട്ടിരിക്കാം. അതേസമയം ഭാര്യമാർക്ക് ദേവദാസികളോട് കുശുമ്പും നിഗൂഢമായ ആരാധനയുമായിരുന്നു. 
 
കേസറിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടാവുന്നത് വയസ്സ് മുപ്പതിനോടടുക്കുമ്പോഴാണ്. ബോംബെയിൽ ഒരുക്കപ്പെട്ട സദസ്സിൽ ആദ്യം പാടേണ്ടത് കേസർ. അടുത്തതായി പാടുന്നത് അക്കാലത്തെ പ്രശസ്‌ത ഗായിക താരാബായ് ഷിരോദ്കർ. പാട്ടുകാർക്കിടയിലെ കീഴ്‌വഴക്കമനുസരിച്ച് പ്രശസ‌്തർ രണ്ടാമതാണ് പാടുക. പാട്ടുകേൾക്കാൻ കൽക്കത്തയിൽനിന്നും മറ്റും സംഗീതത്തെയും ദേവദാസികളെയും ആരാധിക്കുന്നവർ വന്നണഞ്ഞു. മാദകസൗന്ദര്യം വഴിയുന്ന യുവതിയായ കേസർ രണ്ടു വെളുത്ത കുതിരകൾ വലിക്കുന്ന വണ്ടിയിൽനിന്നിറങ്ങി. പക്ഷേ, കച്ചേരിയിൽ അവർ കുറച്ച് പരിഭ്രമിച്ചുപോയി. ശേഷം പാടിയ താരാബായ് സദസ്സിലുള്ളവരോട് ആമുഖമായി പറഞ്ഞത് കേസർ പാടിയ അപസ്വരങ്ങളെ ഞാൻ എന്റെ സുസ്വരങ്ങൾകൊണ്ട് ദൂരീകരിക്കട്ടെ എന്നായിരുന്നു. പൊതുമധ്യത്തിൽവച്ച് അപമാനിതയായ കേസർ ശപഥം ചെയ്‌തു. ഇനി ഏറ്റവും പ്രഗത്ഭയായ ഗായികയായതിനു ശേഷമേ പാടുകയുള്ളൂ എന്ന്.
 
അന്ന് രാത്രി സഹശയന വേളയിൽ കേസർ സേഠിനെ നിർബന്ധിച്ചു. തന്നെ പഠിപ്പിക്കാൻ അല്ലാദിയാ ഖാനോട് പറയാൻ.  ഖാൻസാഹിബ് ഒരിക്കൽ കേസറിനെ പറഞ്ഞുവിട്ടതായിരുന്നു. എന്നിട്ടും, സേഠ് അല്ലാദിയാ ഖാനെ കൊണ്ടുവന്നു. രാവിലെമുതൽ അർധരാത്രിവരെ പാട്ടുതന്നെ. അങ്ങനെയായിരുന്നു പഠനരീതി. അടുത്ത വീട്ടിലെ കുട്ടികൾക്ക് പഠിക്കാൻ കഴിഞ്ഞില്ല. ഖാൻസാഹിബും കേസറും ഒരു വയലിന് നടുവിലുള്ള വാടക വീട്ടിലേക്ക‌ുമാറി. പത്തുവർഷം രാപ്പകൽ സംഗീതപഠനം. കേസറിന്റെ ശബ്ദം തെളിനീരുപോലെ മൃദുവും ഘനഗംഭീരവുമായി. രാഗം ആഴക്കടലായി. കേസർ ഏറ്റവും കാശ് ലഭിക്കുന്ന സംഗീതജ്ഞയായി. കുറെ വർഷങ്ങൾക്കുശേഷം അല്ലാദിയാ ഖാൻ തനിക്കു പറഞ്ഞുതരാത്ത രാഗങ്ങൾ പാടുന്നുണ്ടെന്നറിഞ്ഞ് വീണ്ടും ചെന്നു പഠിച്ചു. അങ്ങനെ അല്ലാദിയാ ഖാന്റെ സർവ സംഗീതജ്ഞാനവും കേസറിന്റെ വാണിയിൽ ഭ്രമണംചെയ‌്തു.
പ്രധാന വാർത്തകൾ
 Top