09 August Sunday

വായിച്ചുതീരാത്ത പുസ്‌തകംപോലെ

കെ എം റഷീദ്Updated: Sunday Oct 6, 2019

ഭാഷയില്ലാതെ, വാക്കുകളും അക്കങ്ങളും ചിഹ്നങ്ങളുമില്ലാതെ മനുഷ്യന് ആവിഷ്‌കാരം സാധ്യമാകുമോ? പക്ഷികളും ഉറുമ്പുകളും മരങ്ങളും ചെറുചെടികളും പൂമ്പാറ്റകളുമൊക്കെ ഈ പ്രകൃതിയിൽ പുൽകുന്നതിനേക്കാൾ  മികച്ചൊരു ജീവിതം മനുഷ്യന് സാധിക്കുന്നുണ്ടോ? യഥാർഥത്തിൽ കവിതയുടെ തന്നെ ലക്ഷ്യം എന്താണ്? വാക്കുകൾക്കതീതമായ ആവിഷ്‌കാരമാണോ? അതിന് ഉത്തരം തേടി ഉമ്മയുടെ ചെരുപ്പില്ലാത്ത, പ്രകൃതിയുടെ മേൽപ്പായയിലൂടെയുള്ള കാൽപ്പാടുകളിലൂടെ ഞാൻ പിന്നെയും പിന്നെയും നടക്കുന്നു

 

മഴ പെയ്യുന്ന രാത്രി. വെളിച്ചം തീരെയില്ലാത്ത വഴി. ചീവീടുകളുടെ നേർത്ത ശബ്‌ദം മാത്രമുള്ള തണുത്ത കാറ്റ്. ദൂരെയെവിടെ നിന്നോ  ഉമ്മയുടെ തോളിൽ കിടന്ന് വരികയാണ് ഞാൻ.  ഓരോ കാൽപ്പാടുകൾ പതിക്കുമ്പോഴും പല്ലിൽ അതിന്റെ  കിരുകിരുപ്പ്. അക്കാലത്തൊന്നും ഉമ്മ ബസിൽ കയറാറുണ്ടായിരുന്നില്ല. കാലിൽ ചെരുപ്പ് ധരിച്ചിരുന്നില്ല. കല്ലുകളും കുഴികളും നിറഞ്ഞ, പരുത്ത വഴിയിലൂടെ, ഇരുട്ടല്ലാതെ കൂട്ടിനില്ലാതെ എവിടെ നിന്നായിരുന്നു  ഉമ്മ നടന്നു വന്നിരുന്നത്? വൈദ്യരുടെ അടുത്തുനിന്ന്. അന്നൊക്കെ തരക്കേടില്ലാത്ത സൂക്കേടുകാരനായിരുന്നു ഞാൻ. പടച്ചോൻ ബാക്കിവച്ച കുട്ടി എന്നാണ് ഉമ്മ പറയാറ്. അഞ്ച് മക്കളിൽ ഇളയവൻ. രാപ്പകലുകളിൽ, പാതിരാവുകളിൽ പോലും തുടരുന്ന ഉമ്മയുടെ ഈ ആധി പിടിച്ച നടത്തത്തിന് പിന്നിൽ മറ്റൊരു കാര്യം കൂടിയുണ്ട്. മക്കൾ മുതിരുംമുമ്പേ -ഉമ്മയുടെ ഭാഷയിൽ പിയ്യം വിടുംമുമ്പേ - ബാപ്പ മരിച്ചു. കോഴിക്കോട് ജില്ലയിലെ പൂനൂരിലെ ധാരാളം കൃഷിയൊക്കെ ഉണ്ടായിരുന്ന തറവാട്ടിലെ നാല് മക്കളിൽ ഒരാളാണ് ഉമ്മ. വിവാഹം കഴിഞ്ഞ് മറ്റുള്ളവർ വയനാട്ടിലേക്ക് വണ്ടി കയറിയെങ്കിലും ഉമ്മ  താമരശേരിയിൽത്തന്നെ നിന്നു. വീടുവെച്ചു. ബാപ്പ മരിച്ചതോടെ അഞ്ച് മക്കളെയും പോറ്റി വളർത്തേണ്ട കടമ ഉമ്മയ്‌ക്കായി. ഒരു സ്‌കൂളിലും ഉമ്മ പോയിട്ടില്ല. ഒരക്ഷരവും അക്കവും വായിക്കാനറിയില്ല. പക്ഷേ, കണക്കുകൾ  കൃത്യം. ശനിയോട് ശനി, ബുധിയോട് ബുധി എന്ന കണക്കിൽ ദിവസങ്ങളും മാസങ്ങളും എണ്ണിയെടുക്കും.  മലയാള മാസത്തിലെ ഞാറ്റുവേലയും മഴയും തുലാവർഷവും പിന്നെ അറബി മാസത്തിലെ സഫറും ശവ്വാലും ദുൽഖഅദുമൊക്കെ  മനഃപാഠം. അത് കണക്കാക്കിയാണ് കാലഗണന. മലയാള മാസഗണനയനുസരിച്ച് കൃഷി. അറബി മാസം നോക്കി ആഘോഷങ്ങൾ. കൃഷിയിൽ പ്രധാനം കപ്പ. പിന്നെ ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, കൂർക്കൽ, വാഴ, മധുരക്കിഴങ്ങ്.  കൈക്കോട്ട്, അരിവാക്കത്തി, കൊടുവാൾ എന്നിവ കടയിൽ പോയി വാങ്ങി കൊല്ലന്റെ അടുത്ത് കൊണ്ടുപോയി ചുട്ടിലഴീച്ച്( ഇരുമ്പ് ചൂടാക്കി മൂർച്ചയാക്കി) ശരിപ്പെടുത്തും. തായ്‌മരം കണ്ടെത്തി മുറിച്ച് ചെത്തിമിനുക്കി തയ്യാറാക്കും. മിക്കവാറും എല്ലാം തനിച്ച്. കപ്പയില്ലാത്ത കാലത്ത് ചക്ക തേടിപ്പിടിച്ച് കൊണ്ടുവരും. ചക്ക പുഴുങ്ങിയതാണ്  പ്രധാന വിഭവം. ബാക്കിയുള്ള ചുള ഉണക്കി വയ്‌ക്കും. വീട്ടിൽ വരുന്നവർക്കും അടുത്ത വീട്ടുകാർക്കും ബന്ധുക്കൾക്കും ഒരോഹരി കൊടുക്കും. വിത്തുകൾ മാറ്റിവയ്‌ക്കും. ചോദിച്ചുവരുന്നവർക്ക് അതും കൊടുക്കും. പീഠികയിലൊക്കെ പോയാൽ  പതിനഞ്ച് രൂപയുടെ മീൻ പത്ത് രൂപയ്‌ക്ക് പേശി വാങ്ങും. (അന്ന് അത്രയേ വിലയുള്ളൂ). പുറത്തുനിന്ന് ചായ കുടിക്കുകയാണെങ്കിൽ മുഴുവനായി കുടിക്കുന്നത് ഞാൻ ഒരിക്കലും കണ്ടിട്ടില്ല. പകുതിയാക്കും. പകുതി കൂടെയുള്ള ആൾക്ക്. വഴികളിൽനിന്നൊക്കെ മാങ്ങയും പേരയ്‌ക്കയും ചാമ്പയും ശേഖരിക്കും. അതൊന്നും   ഉമ്മ തിന്നാറില്ല. കുട്ടികൾക്കുള്ളതാണ്. കോഴികളാണ് ഉമ്മയുടെ എക്കാലത്തുമുള്ള കൂട്ടുകാർ. ഏകാന്തതകളിലൊക്കെ അവരോട് വർത്തമാനം പറയും. ചിലപ്പോൾ ദേഷ്യപ്പെടും.സങ്കടപ്പെടും. തലോടും.  ഓരോ കോഴിയും രോഗം വന്നും ജീവികൾ പിടിച്ചും പോകുമ്പോഴും പിന്നെയും പിന്നെയും  കോഴികളെ വാങ്ങും. ചായ്‌‌പ്പിലിരുന്നാണ്‌ ഉമ്മ ഭക്ഷണം കഴിക്കുക.ചായയാണ്  പ്രധാനം. ഭക്ഷണത്തിന്റെ ഒരോഹരി കോഴികൾക്കും കാക്കകൾക്കും പൂച്ചകൾക്കുമുള്ളതാണ്. കോഴിക്കും പൂച്ചയ്‌ക്കും കാക്കയ്‌ക്കും നായക്കും പേരിടും. വീടിന്റെ ഏതെങ്കിലും ഭാഗത്ത് ഒരു പാത്രത്തിൽ എപ്പോഴും വെള്ളം വയ്‌ക്കും. പക്ഷികൾക്കാണ്. സന്ധ്യാനേരത്ത് പോലും പുൽപ്പടർപ്പുകളുള്ള വയലിലൂടെയൊക്കെ ചെരുപ്പിടാതെ നടക്കും; ഒരു പേടിയുമില്ലാതെ. അതിനൊക്കെ വേദനിക്കില്ലേ എന്നാണ് കാരണം. പാമ്പൊക്കെ ഉണ്ടാവില്ലേ എന്നൊക്കെ ചോദിച്ചാൽ ‘അയ്ന് ഓലക്കൊള്ള ഒന്നിനും പോവുന്നില്ലല്ലോ’ എന്നാണ് മറുപടി. ഇപ്പോൾ എഴുപത് കഴിഞ്ഞു. കാര്യമായ അസുഖങ്ങളൊന്നും ഇല്ല. ചെറിയ അസുഖങ്ങൾക്ക് സ്വയം തന്നെ ചില ‘വൈശ്യങ്ങൾ’ ഉണ്ട്. കഫക്കെട്ടിനും ദഹനക്കേടിനുമൊക്കെ ചെറിയുള്ളിയും പഞ്ചസാരയുമിട്ടും ആടലോടകം അരച്ചും അങ്ങനെയങ്ങനെ. മരിച്ചവരുടെയും രോഗികളുടെയും വീടുകളിൽ എത്ര ‘കൂട്ടിയാൽ കൂടില്ലെങ്കിലും’  പോകും. അവ ഉമ്മയുടെ പാഠശാലകൾ. ആളുകളുമായുള്ള ഇടപഴകലിലൂടെ, സംസാരത്തിലൂടെ നേടുന്ന വിദ്യാഭ്യാസം. രാവിലെ  വീട്ടുപടിയിൽ വന്നുവീഴുന്ന പത്രമെടുത്ത് ആദ്യം നോക്കുന്നത് ഉമ്മയായിരിക്കും. ഇത് നാടൻ പേജ്, ഇത് മുഖ്യമന്ത്രീന്റെ പേജ്, ഇത് പ്രധാനമന്ത്രീന്റെ പേജ്, ഇത് ഗൾഫിലെ പേജ് എന്നിങ്ങനെയാണ് പ്രാദേശിക, സംസ്ഥാന, ദേശീയ, അന്തർ ദേശീയ വാർത്തകളെ തരംതിരിക്കുക. ഫോട്ടോകൾ തൊട്ടുനോക്കി ബസ് മറിഞ്ഞതിന്റെയും മോഷണം നടന്നതിന്റെയും കഥ പറയും. ഒരപേക്ഷ കിട്ടിയാൽ വായിക്കാൻ കഴിയില്ല. എന്നാൽ, ഇവിടെയാണ് പേരെഴുതേണ്ടത്, ഇവിടെയാണ് വരുമാനം എഴുതേണ്ടത്, ഇവിടെയാണ് ഒപ്പ് എന്നെല്ലാം കൃത്യമായി പറയും. അക്ഷരങ്ങൾക്കതീതമായി ഒരു വായന ഉമ്മ നടത്തുന്നുണ്ടാവണം. പണ്ടൊക്കെ റേഡിയോ ആയിരുന്നു ഇഷ്ടമാധ്യമം. വൈകിട്ടെത്തെ വയലും വീടും മുതൽ നാടകങ്ങൾവരെ വിടാതെ കേൾക്കും. ഇപ്പോൾ ടിവിയാണ്. കണ്ടതും കേട്ടതുമായ കാര്യങ്ങൾ വള്ളിപുള്ളി വിടാതെ കേൾക്കാത്തവരോട് പങ്കുവയ്‌ക്കും. മോ ഡിയെയും സോണിയാഗാന്ധിയെയും  പിണറായിയെയും ഉമ്മൻചാണ്ടിയെയും  മമ്മൂട്ടിയെയും മോഹൻലാലിനെയുംപറ്റി വരെ ഉമ്മയ്‌ക്ക് വ്യക്തമായ അഭിപ്രായമുണ്ട്.  നബിദിനത്തിനും നേർച്ചയ്‌ക്കുമെന്ന പോലെ അമ്പലത്തിലെ ഉത്സവത്തിനും ഉമ്മ സാക്ഷിയാകും. വിളക്കുകത്തിക്കാൻ എണ്ണ നൽകും.  വീട്ടിൽ വരുന്ന യാചകർക്കെല്ലാം കൊടുക്കാൻ ചെറുനാണയങ്ങൾ കോന്തലയിൽ കരുതി വയ്‌ക്കും. മനുഷ്യൻ ഏത് ജാതിയായാലും വിശപ്പ് ഒന്നല്ലേ  എന്നാണ് പറയുക. അക്ഷരാഭ്യാസം പോലുമില്ലാതെ ഇത്രയും കാലം ഒറ്റയ്‌ക്ക് ഉമ്മ അതിജീവിച്ചത് എങ്ങനെയാണ്? വലിയ പുസ്‌തകങ്ങളും പരീക്ഷകളുമില്ലാതെ ലോകവീക്ഷണവും കാഴ്‌ചപ്പാടുകളും രൂപപ്പെടുത്തിയത് എങ്ങനെയാണ്? ആ ഒരു മായാജാലം തേടി ഞാൻ കവിതകളിലൂടെ ഉമ്മയെ തൊടുന്നു. മുതിർന്നപ്പോൾ ദൂരദേശങ്ങളിൽ പഠനത്തിനും ജോലിക്കും പോയ ദിനങ്ങളിലെ ഓരോ രാവുകളിലും എനിക്ക് വേണ്ടി കരുതിവച്ച അത്താഴത്തെപ്പറ്റി വളരെ പിന്നീടാണ് ഞാനറിഞ്ഞത്. എത്ര വൈകിയാലും മക്കളെല്ലാം വീടണഞ്ഞാലേ ഉമ്മ ഉറങ്ങൂ. വീട്ടിലെത്തി മടങ്ങുന്ന നേരം അക്ഷരങ്ങളേക്കാളധികം ഉമ്മയുടെ മണം എന്റെ പിന്നാലെ കൂടി. അന്യദേശങ്ങളിലെ ഏകാന്തതകളിൽ, മനംപിളർക്കുന്ന ഒറ്റപ്പെടലുകളിൽ, കേൾക്കാനും പറയാനും കഴിയാത്ത വേദനകളിൽ, അപമാനങ്ങളിൽ പുസ്‌തകശാലകളിലെ പുതുമണത്തിൽ ഞാൻ ഉമ്മയെ മണത്തു. എത്ര ക്രൂരമായ അനുഭവങ്ങളിലും ഞാൻ ഉരച്ചു നോക്കുന്ന ഉരകല്ല് ഏകാന്തമായി ഉമ്മ പിന്നിട്ട വർഷങ്ങളാണ്.  ‘മടങ്ങുന്നേരം കാട്ടുവള്ളിയുടെ മഷിത്തണ്ടിന്റെ പാൽമണമുള്ള മുറിയുടെ ഉമ്മക്കോന്തലയുടെ ഓർമച്ചിത്രം (ദൈവത്തിനൊരു സങ്കട ഹർജി). ഭാഷയില്ലാതെ, വാക്കുകളും അക്കങ്ങളും ചിഹ്നങ്ങളുമില്ലാതെ മനുഷ്യന് ആവിഷ്‌കാരം സാധ്യമാകുമോ? പക്ഷികളും ഉറുമ്പുകളും മരങ്ങളും ചെറുചെടികളും പൂമ്പാറ്റകളുമൊക്കെ ഈ പ്രകൃതിയിൽ പുൽകുന്നതിനേക്കാൾ മികച്ചൊരു ജീവിതം മനുഷ്യന് സാധിക്കുന്നുണ്ടോ? യഥാർഥത്തിൽ കവിതയുടെ തന്നെ ലക്ഷ്യം എന്താണ്? വാക്കുകൾക്കതീതമായ  ആവിഷ്‌കാരമാണോ? അതിന് ഉത്തരം തേടി ഉമ്മയുടെ ചെരുപ്പില്ലാത്ത, പ്രകൃതിയുടെ മേൽപ്പായയിലൂടെയുള്ള കാൽപ്പാടുകളിലൂടെ ഞാൻ പിന്നെയും പിന്നെയും നടക്കുന്നു. അതിെൻറ പരുത്ത മുനകളിൽ പിടയുന്നു, ചൂടുകളിൽ വേവുന്നു, ഏകാന്തതകളിൽ ഉരുകുന്നു, നനവുകളിൽ കുളിരുന്നു. ‘ആരും കാണാത്ത നഗരങ്ങളിൽ ആരും ചിരിക്കാത്ത മുറികളിൽ ആരും മറക്കാത്ത വേദനകളിൽ ഉണക്കുവാനാകാത്ത മുറിവുകളിൽ പിന്നെയും പിന്നെയും ഉമ്മവെക്കുന്നുമ്മ’ (ഉമ്മ വെച്ച മുറിവുകൾ).


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top