26 March Tuesday

'ഉപദേശി'മാര്‍ക്കൊരു 'വില'പ്പെട്ട ഉപദേശം (ഫ്രീയായിട്ട്)

കൃഷ്ണ പൂജപ്പുരUpdated: Sunday Aug 6, 2017

ഒരാള്‍ കൂട്ടുകാരനോട് തന്റെ ടീനേജ് പുത്രന്റെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു: "എത്ര ഉപദേശിച്ചിട്ടും അവന്റെ തലയില്‍ കയറുന്നില്ല. മടുത്തു''.
അതിന് കൂട്ടുകാരന്റെ മറുപടി:
"അവന്റെ തലയില്‍ കയറിയാലും ഇല്ലെങ്കിലും താന്‍ ഉപദേശിച്ചുകൊണ്ടേ ഇരിക്കുക. കാരണം ഇതൊക്കെ ഇനിയൊരു സമയത്ത് അവന് അവന്റെ മകനെ ഉപദേശിക്കാനുള്ളതാണ്''.
ഉപദേശങ്ങള്‍ അങ്ങനെയാണ്. കൊടുക്കുന്നവനും സ്വീകരിക്കുന്നവനും മിക്കവാറും രണ്ട് കാഴ്ചപ്പാടിലായിരിക്കും. മിക്ക ഉപദേശങ്ങളും സാധാരണഭാഷയില്‍ പറഞ്ഞാല്‍, ഒരു ചെവിയില്‍ക്കൂടി കേട്ട് മറ്റേ ചെവിയില്‍ക്കൂടി കളയുന്നവയാണെങ്കില്‍ ചിലരെ സംബന്ധിച്ച് പ്രത്യേക നിമിഷങ്ങളില്‍ ലഭിക്കുന്ന ഉപദേശം കൈവിട്ടുപോകുമായിരുന്ന ജീവിതത്തെ തിരികെ നല്‍കുന്നവയാണ്. ലോകത്തില്‍ വിലകൊടുക്കാതെ ലഭിക്കുന്ന വിലപ്പെട്ട സംഗതിയാണ് ഉപദേശം. ഫ്രീയായിട്ട് കിട്ടുന്നതിനോട് പലപ്പോഴും ഒരു വിലക്കുറവ് നമ്മള്‍ കാണിക്കുമല്ലോ. ഉപദേശങ്ങള്‍ നേരിടുന്ന വെല്ലുവിളിയും അതാണ്.

വാട്സാപ് ഉപദേശങ്ങള്‍

വാട്സാപ്പും ഫെയ്സ്ബുക്കും കടന്നുവന്നതോടെ ഇപ്പോള്‍ ഉപദേശങ്ങളുടെ  അയ്യരുകളിയാണ്. ഗുഡ്മോര്‍ണിങ് മെസേജുകളില്‍ തൊണ്ണൂറ്റൊമ്പതുശതമാനവും ഒന്നാം ക്ളാസ് ഉപദേശവും കൂടി നിറച്ചിട്ടാണ്. ഈയിടെ നടന്ന ഒരു സംഭവം പറയാം. ഞാന്‍ നടന്നുവരുമ്പോഴുണ്ട്. എന്റെ ഒരു പരിചയക്കാരന്‍ മറ്റൊരാളുമായി അടിപൊളി വഴക്ക് (എന്തിലും 'അടിപൊളി' കൂടി ചേര്‍ത്ത് വഴക്കും മരണവും പോലും അങ്ങനായിപ്പോയി. അടിപൊളി വഴക്ക്, അടിപൊളി മരണം) എന്റെ വസ്തുവില്‍നിന്ന് ഒരിഞ്ചുസ്ഥലംപോലും നിനക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ടടാ'' എന്നൊക്കെ പരിചയക്കാരന്‍ അട്ടഹസിക്കുകയാണ്. മറ്റേയാളുമായി അതിര് തര്‍ക്കമാണെന്നും ഒന്നര സെന്റീമീറ്റര്‍ ഭൂമിയുടെ പ്രശ്നത്തിലാണ് പെരുവഴിയിലെ 'നി കൊ ഞാ ചാ' എന്നും മനസ്സിലായി. ഒരുനിമിഷം ഞാന്‍ അന്ധാളിച്ചുപോയി. സംഗതി മറ്റൊന്നുമല്ല. അന്നുരാവിലെ എനിക്ക് അയച്ച ഗുഡ്മോര്‍ണിങ് മെസേജില്‍ പുള്ളി ചേര്‍ത്ത ഉദ്ധരണി കേള്‍ക്കണോ: "നാം ഈ ലോകത്ത് വന്നത് കലഹിക്കാനല്ല. വീട്ടുവീഴ്ചകളാണ് നമ്മെ മനുഷ്യനാക്കുന്നത്. ഗുഡ് മോര്‍ണിങ്''. അതായത് ഉപദേശിക്കാന്‍ എളുപ്പമാണ്. മരണവീട്ടിലൊക്കെ ചെല്ലുമ്പോള്‍ "ഹ! കരയാതിരിക്കൂ. മനുഷ്യജന്മമല്ലേ. വിളിച്ചാല്‍ പോകാതിരിക്കുവാന്‍ പറ്റുമോ'' എന്നൊക്കെ ബന്ധുക്കളെ ആശ്വസിപ്പിക്കുന്ന നമ്മുടെ വീട്ടിലാര്‍ക്കെങ്കിലും ഒരു വയറുവേദന വരട്ടെ, കാണാം ഉപദേശവും തത്വചിന്തയും പോകുന്ന പോക്ക്.

മൂന്നാമന്‍

ശ്രദ്ധിച്ചിട്ടില്ലേ. രക്ഷാകര്‍ത്താക്കള്‍ മകനെ ഉപദേശിച്ചു നന്നാക്കാന്‍ മറ്റൊരാളെ ചുമതലപ്പെടുത്തുന്നത്. "നീ അവനെ ഒന്നുപദേശിക്കണം. ഞങ്ങള്‍ പറഞ്ഞാല്‍ പിടിക്കില്ല'' എന്നൊക്കെ അമ്മയും അച്ഛനും വല്യമ്മാവനെയോ കൂട്ടുകാരില്‍ മതിപ്പുള്ളവനെയോ ഒക്കെ ചുമതലപ്പെടുത്തും.
"ഞാന്‍ അവനെ ഒന്നുപദേശിക്കാം'' എന്ന് വേറെ ചിലര്‍ സന്നദ്ധസേവകനായി ഉപദേശദൌത്യം ഏല്‍ക്കാറുണ്ട്. ഉപദേശ സെഷന്‍ കഴിഞ്ഞ് 'എത്ര ഉപദേശിച്ചിട്ടും കാര്യമില്ല' എന്ന് താന്‍ കണ്ടുപിടിച്ച സത്യം വീട്ടുകാരോട് വിളിച്ചുപറഞ്ഞായിരിക്കും 'ഉപദേശി'മാര്‍ പുറത്തേക്ക് വരുന്നത്. ഉപദേശിക്കപ്പെടുന്നവന്‍ "എന്നെ ഉപദേശിക്കാന്‍ വരണ്ട'' എന്നൊക്കെ നിര്‍ദാക്ഷിണ്യരീതിയിലായിരിക്കും ഇടപെട്ടുകളയുന്നത്.

ബുദ്ധിമാന്മാര്‍

കയ്പന്‍ഗുളിക പഴത്തിനുള്ളിലാക്കി കൊടുത്താല്‍ കഴിക്കും എന്ന മട്ടിലാണ് ഉപദേശങ്ങള്‍ പണ്ട് കഥയില്‍ പൊതിഞ്ഞുകൊടുത്തു തുടങ്ങിയത്. "അത്യാഗ്രഹം പാടില്ല കുഞ്ഞേ- അത് ഉള്ളതും കൂടി ഇല്ലാതാക്കും കേട്ടോ'' എന്നുപദേശിച്ചാല്‍ ഉപദേശിക്കുന്നവനെ ചെറുതായൊന്നു കളിയാക്കുകയുംകൂടി ചെയ്യുന്ന മട്ടില്‍ ഒരു 'ഓ' ആയിരിക്കും കുഞ്ഞിന്റെ മറുപടി. നേരെമറിച്ച് "പണ്ടുപണ്ട് ഒരിടത്ത് ഒരു വല്യമ്മയ്ക്ക് സ്വര്‍ണമുട്ടയിടുന്ന ഒരു താറാവുണ്ടായിരുന്നു'' എന്നു പറഞ്ഞുതുടങ്ങട്ടെ. സ്വര്‍ണമുട്ടയിടുന്ന താറാവോ. എന്നാല്‍ പിന്നെ സംഗതിയുടെ ബാലന്‍സുകൂടി കേട്ടുകളയാം എന്ന് വിചാരിച്ച് കേള്‍ക്കുന്നവന്‍ അവിടെ നില്‍ക്കും. കഥയില്‍ക്കൂടി കിട്ടുന്ന കാര്യം മറക്കില്ല. ഈസോപ്പ് കഥകളിലും പഞ്ചതന്ത്രകഥകളിലുമൊക്കെ കാണാം എങ്ങനെയാണ് മറ്റുള്ളവര്‍ക്ക് ഉപദേശം നല്‍കേണ്ടതെന്നുള്ളത്. "ചിരിക്കുന്ന കഥ കേട്ടാലിരിക്കും'' എന്ന് പാടിക്കൊണ്ട് നമ്പ്യരാശാന്‍ എന്തുമാത്രം ഉപദേശങ്ങളാണ് പരിഹാസത്തില്‍ പൊതിഞ്ഞുനല്‍കിയത്.

ഉപദേശങ്ങളും ട്രെന്റി

കാലത്തിനൊത്ത് കോലം എന്ന മട്ടിലാണ് ഇപ്പോള്‍ ഉപദേശങ്ങള്‍. ആത്മീയാചാര്യന്മാരുടെ - അത് ഏതുമതത്തില്‍പ്പെട്ടവരാണെങ്കിലും - പ്രഭാഷണം കേള്‍ക്കണം. മൊത്തം കോമഡിയാണ്. ഉപദേശത്തിനെ സപ്പോര്‍ട്ട് ചെയ്യാന്‍ കോമഡിയാണോ അതോ കോമഡിയെ സപ്പോര്‍ട്ട് ചെയ്യാന്‍ ഉപദേശമാണോ എന്ന് നമുക്ക് സംശയം വന്നുപോകും. സദസ്സില്‍ ഏല്‍ക്കുന്ന ഫലിതകഥകള്‍ കണ്ടുപിടിച്ച് അതുമായി ഉപദേശങ്ങളെ സാഹസപ്പെട്ടു ഘടിപ്പിക്കുന്നതായിട്ടാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. സദസ്സാണെങ്കില്‍ ഒരു കോമഡി ഷോയ്ക്കിരിക്കുന്ന മൂഡിലും.

'വില'പ്പെട്ട ഉപദേശം

കുടുംബപ്രശ്നങ്ങളിലും മറ്റുംപെട്ട് ടെന്‍ഷനടിക്കുന്നവര്‍ക്ക് എത്ര നല്ല ഒന്നാന്തരം ഉപദേശമാകട്ടെ, നമ്മള്‍ ഉപദേശിച്ചാല്‍ ഇഷ്ടമാകില്ല. എന്നാല്‍, ഇതേ കക്ഷികള്‍തന്നെ കൌണ്‍സലിങ്ങിനെന്നോ സൈക്യാട്രിസ്റ്റിനെ കാണാനെന്നോ പറഞ്ഞ് പോകും. നമ്മള്‍ കൊടുത്ത ഉപദേശംതന്നെയാണ് അവിടെയും. അവിടെ പക്ഷേ മണിക്കൂറിന് ആയിരം രൂപയാണ് ഫീസ്. ഞാന്‍ ആലോചിച്ചിട്ടുണ്ട്. എന്തുകൊണ്ട് ഇത് വീട്ടിലും നടപ്പില്‍ വരുത്തിക്കൂടാ. മറ്റൊരാളെ ഉപദേശിക്കുന്നതിനുമുമ്പ് ആദ്യം അവരോട് ഒരു ഇരുനൂറോ മുന്നൂറോ രൂപ ആവശ്യപ്പെടുന്നു. കാശുവാങ്ങിയിട്ട് 'ഇനി ഞാന്‍ നാലഞ്ച് ഉപദേശം തരാം' എന്ന് പ്രൊഫഷണല്‍ രീതിയില്‍ സമീപിച്ചുനോക്കട്ടെ, ഉപദേശങ്ങള്‍ക്ക് ഒരു വില വരുന്നതുകാണാം.

പഴഞ്ചൊല്‍ ഉപദേശങ്ങള്‍

ജീവിതത്തിന് ബലവും ഉറപ്പും കിട്ടാന്‍ വേണ്ടി ചൊല്ലുകളുടെ രൂപത്തില്‍ കാരണവന്മാര്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പ് പറഞ്ഞിട്ടേച്ചുപോയ ഉപദേശങ്ങള്‍ ലേഖകന് പ്രിയങ്കരമാണ്.
'സമ്പത്തുകാലത്തു തൈ പത്തുവച്ചാല്‍
ആപത്തുകാലത്തു കാ പത്തു തിന്നാം'
പണം ധൂര്‍ത്തടിക്കാന്‍ പാടില്ലെന്നും സമ്പാദ്യശീലം വളര്‍ത്തണമെന്നുമൊക്കെയുള്ളത് എത്ര സുന്ദരമായി പറഞ്ഞുവച്ചു.
'തനിക്ക് താനും പുരയ്ക്കു തൂണും'
അന്യന്റെ സഹായം എപ്പോഴും ലഭിച്ചുവെന്ന് വരില്ലെന്നും അവനവന് അവനവന്‍ മാത്രമേ കാണുള്ളൂ എന്നും അര്‍ഥം കിട്ടുന്ന ഈ ഉപദേശം പണ്ടത്തെ ചെറുബാല്യക്കാരനോട് കാര്‍ന്നോപ്പാട് ആദ്യമായിട്ട് പറയുമ്പോള്‍ 'ശരിയമ്മാവാ' എന്ന് കളിയാക്കല്‍ ധ്വനിയിലായിരിക്കും പ്രതികരണം ഉണ്ടായിട്ടുണ്ടാവുക.
'കതിരിന്മേല്‍ വളംവച്ചിട്ട് കാര്യമില്ല', 'ആശാനക്ഷരമൊന്നുപിഴച്ചാല്‍' തുടങ്ങി പതിനായിരക്കണക്കിന് പഴഞ്ചൊല്‍ ഉപദേശങ്ങളാണ് നിത്യജീവിതത്തെ ചിന്തിപ്പിച്ചുകൊണ്ട് ഭാഷയില്‍ ഉള്ളത്. സമ്പത്തും ആരോഗ്യവുമായി 'അമ്പടഞാനേ' എന്ന മട്ടില്‍ തകര്‍ത്ത് നടക്കുന്ന സമയത്ത് ഉപദേശങ്ങള്‍ ആര്‍ക്കും ആവശ്യമില്ല. ക്ഷീണകാലമായാല്‍ ഉപദേശം കിട്ടിയിട്ട് പ്രയോജനവുമില്ല.

കൌതുക ഉപദേശം

ആയിടെ കൌതുകം നിറഞ്ഞ ഒരുപദേശം കേള്‍ക്കാന്‍ ഇടയായി. ഒരു സ്കൂളിലെ സാംസ്കാരികസമ്മേളനത്തില്‍ ഒരു മാഷ് കുട്ടികളോട് ഉപദേശിക്കുകയാണ്.
"അച്ഛനെ കൊല്ലണം''
"മാഷിനെ തല്ലണം''
"അമ്മയ്ക്ക് കൊടുക്കരുത്''
ഞാന്‍ ആകെയങ്ങ് അന്ധാളിച്ചു. പുള്ളിക്ക് എന്തുപറ്റിപ്പോയി എന്ന് പേടിച്ചു. കല്ലുവീണതുതന്നെ എന്നുറപ്പിച്ചു. അപ്പോഴതാ വിശദീകരണം- ഇന്നാരുടെ മകന്‍ ഇന്നാര്‍ എന്ന നിലയ്ക്കാണ് നിങ്ങള്‍ ഇപ്പോള്‍ അറിയപ്പെടുന്നതെങ്കില്‍ മുതിര്‍ന്നുകഴിഞ്ഞാല്‍ ഇന്നാരുടെ അച്ഛനാണ് ഇയാള്‍ എന്ന മട്ടില്‍ നിങ്ങളിലൂടെ അച്ഛന്‍ അറിയപ്പെടണം. മാഷിനെക്കാള്‍ അറിവുള്ളവനായി മാഷിന്റെ ഗുരുസ്ഥാനീയനാകാന്‍ യോഗ്യനാകണം. അമ്മയ്ക്ക് നമ്മളോട് എന്തെങ്കിലും ആവശ്യപ്പെടേണ്ട ഘട്ടത്തില്‍ മാത്രമേ 'കൊടുക്കുക' എന്ന ക്രിയ ആവശ്യമാകുന്നുള്ളൂ. ആവശ്യപ്പെടാതെ അമ്മയ്ക്കുവേണ്ട കാര്യങ്ങള്‍ അറിഞ്ഞുചെയ്യണം. ഇങ്ങനെ വിശാലമായ അര്‍ഥങ്ങളാണ് പ്രസംഗകന്‍ ഇതില്‍ അടക്കംചെയ്തിരുന്നത്. (ഇഞ്ചിക്കുന്നനായ ഏതെങ്കിലും ശ്രോതാവിനോടാണെങ്കില്‍ വിശദീകരണം പിന്നെ ഏതെങ്കിലും ആശുപത്രിയില്‍വച്ചേ നടത്താന്‍ സാധിക്കുകയുള്ളൂ).

പ്രധാന വാർത്തകൾ
 Top