22 April Monday

പ്രകൃതിജീവനത്തിലെ അവസാന വാക്ക്

ഡോ. യു നന്ദകുമാര്‍Updated: Sunday Aug 6, 2017

'പേര്?'
'ക്രിസ്റ്റഫര്‍ തോമസ് നൈറ്റ്...'
'ജനനം?'
'ഡിസംബര്‍ 7, 1965'
'പ്രായം?'
'.............'
പേരും ജനനതീയതിയും മറ്റും കുട്ടിക്കാലത്തുതന്നെ അയാളുടെ ഓര്‍മകളില്‍ എഴുതപ്പെട്ടിരുന്നു. എന്നാല്‍, ദിവസങ്ങളും വര്‍ഷങ്ങളും പോയതറിയാതെ ജീവിച്ച അയാള്‍ക്ക് അന്ന് 2013 ഏപ്രില്‍ നാല് വ്യാഴാഴ്ചയാണെന്ന് എങ്ങനെയറിയും? അന്ന് 47 വയസ്സ് പ്രായമായിരിക്കുന്നുവെന്ന് ക്രിസ്റ്റഫറിന് മനസ്സിലായി. മറ്റു പല ചോദ്യങ്ങള്‍ക്കും ക്രിസ്റ്റഫറിന് ഉത്തരം പറയാനായില്ല.
'മേല്‍വിലാസം?'
'ഇല്ല'
'ടാക്സ് രേഖകളില്‍ എന്ത് അഡ്രസ് കാണിക്കും?'
'ടാക്സ് നല്‍കാറില്ല'
'ആരോടൊത്താണ് താമസിക്കുന്നത്?'
'ഒറ്റയ്ക്ക്'
'നിങ്ങളുടെ വാഹനമെവിടെ?'
'വാഹനമില്ല'
'നിങ്ങള്‍ എവിടെ താമസിക്കുന്നു?'
'വനത്തില്‍'
'എന്നുതൊട്ടാണ് വനത്തില്‍ താമസിച്ചുതുടങ്ങിയത്?' അതയാള്‍ക്ക് ഓര്‍മയില്ല. കുറച്ച് ശ്രമിച്ചശേഷം അയാള്‍ ചോദിച്ചു, ചെര്‍ണോബില്‍ ദുരന്തം എപ്പോഴായിരുന്നു? ചോദിച്ചുകഴിഞ്ഞപ്പോള്‍ വേണ്ടായിരുന്നുവെന്നയാള്‍ക്കു തോന്നി. പൊലീസിപ്പോള്‍ അയാളൊരു പരിസ്ഥിതി തീവ്രവാദിയായി കരുതുന്നുണ്ടാകും.

ചെര്‍ണോബില്‍ 1986 ലായിരുന്നു. അപ്പോള്‍ ക്രിസ്റ്റഫര്‍ നൈറ്റ് എന്ന വിചിത്രമനുഷ്യന്‍ കഴിഞ്ഞ 27 വര്‍ഷമായി വനത്തില്‍ ഏകാന്തവാസമായിരുന്നു. അമേരിക്കയിലെ മെയ്ന്‍ (Maine) സംസ്ഥാനത്തില്‍ റോം എന്ന ചെറുപട്ടണത്തിലെ വനപ്രദേശത്തുനിന്നാണ് അല്‍പ്പംമുമ്പ് ക്രിസ്റ്റഫര്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. വനത്തിനരികിലാണ് ഉത്തരതടാകം. ചുറ്റുമുള്ള നിരവധി റിസോര്‍ട്ടുകളില്‍നിന്ന് പ്രതിവര്‍ഷം 40 വട്ടം എന്നതോതില്‍ ഭക്ഷണവും മറ്റുസാമിഗ്രികളും മോഷ്ടിച്ചാണ് ക്രിസ്റ്റഫര്‍ ഇക്കാലമത്രയും അജ്ഞാതവാസം നടത്തിയത്. ഏറെക്കുറെ ആയിരത്തിലധികം ഭവനഭേദനങ്ങളും മോഷണങ്ങളും! റിസോര്‍ട്ടുകള്‍ താല്‍ക്കാലിക വാസത്തിനുള്ളതായതിനാല്‍ പല മോഷണങ്ങളും ശ്രദ്ധയില്‍പെട്ടിരുന്നില്ല. എന്നാല്‍, വര്‍ധിച്ചുവന്ന ഭവനഭേദനങ്ങള്‍ റിസോര്‍ട്ടുകളില്‍ അപ്പപ്പോള്‍ താമസിക്കുന്നവരില്‍ ഭയാശങ്കകള്‍ വളര്‍ത്തി. കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി ഈ ഉത്തരതടാകത്തിലെ 'ഹെര്‍മിറ്റി'നെ പിടിക്കാന്‍ പൊലീസ് കിണഞ്ഞുശ്രമിക്കുകയായിരുന്നു.
രഹസ്യക്യാമറകള്‍, ചലനമാപിനികള്‍, അലാംസംവിധാനങ്ങള്‍, വിദഗ്ധ പൊലീസ് ടീം എന്നിവ ചേര്‍ന്ന് കഴിഞ്ഞ പത്തിലധികം വര്‍ഷത്തെ ശ്രമഫലമായാണ് അയാളെ അറസ്റ്റ് ചെയ്യാനായത്.
കെന്നെബെക് ജയിലിലാണ് ക്രിസ്റ്റഫര്‍ നൈറ്റിനെ താമസിപ്പിച്ചത്. കഴിഞ്ഞ പതിനായിരം രാത്രികള്‍ക്കുശേഷം അന്നാദ്യമായി അയാളൊരു മുറിക്കുള്ളില്‍ ഉറങ്ങി. അടുത്തനാള്‍ കെന്നെബെക് ജേര്‍ണല്‍ എന്ന മാധ്യമംവഴി ക്രിസ്റ്റഫറിന്റെ വിവരങ്ങള്‍ ലോകമറിഞ്ഞു. അതോടെ അയാള്‍ ഒരു 'സംഭവം'തന്നെയായി. ജയില്‍ കത്തുകളും ഫോണ്‍സന്ദേശങ്ങളുംകൊണ്ട് നിറഞ്ഞു. ക്രിസ്റ്റഫര്‍ കേടാക്കിയ റിസോര്‍ട്ടുകള്‍ നന്നാക്കിക്കൊടുക്കാന്‍ ഒരാള്‍ മുന്നോട്ടുവന്നു. ഒരു സ്ത്രീ അയാളെ വിവാഹം കഴിക്കാന്‍ സന്നദ്ധയായി. അഞ്ച് ഹിറ്റ് പാട്ടുകള്‍ അയാളെക്കുറിച്ച് റെക്കോഡ് ചെയ്യപ്പെട്ടു; ചുറ്റുവട്ടത്തുനിന്ന് 'മോഷ്ടിച്ചെടുത്ത വസ്തുക്കള്‍ ചേര്‍ത്ത ഹെര്‍മിറ്റ് വിഭവങ്ങള്‍' ഹോട്ടലുകള്‍ പരസ്യംചെയ്തു. ഒരു ഡച്ച് കലാകാരന്‍ ക്രിസ്റ്റഫര്‍കഥയെ അധികരിച്ച് അനേകം പെയിന്റിങ്ങുകള്‍ ജര്‍മനിയിലും മറ്റും പ്രദര്‍ശനത്തിനുവച്ചു.

സ്വയം തിരസ്കൃതനായി പ്രകൃതിയോടൊട്ടിക്കഴിഞ്ഞ ക്രിസ്റ്റഫറിന്റെ അഭൂതപൂര്‍വമായ വന്യജീവിതത്തെക്കുറിച്ച് നോവലിന്റെയും സാഹസികതയുടെയും രുചിക്കൂട്ടുകള്‍ ചേര്‍ത്ത് മൈക്കല്‍ ഫിന്‍കെല്‍ രചിച്ച കൃതിയാണ്, 'വനത്തിനുള്ളിലെ അജ്ഞാതന്‍' (Michael Finkel; The Stranger in the Woods; 2017, Simon & Schuster-). ഫിന്‍കെല്‍ ഏകാന്തതയോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നയാളാണ്. ജോലിയിലും വീട്ടിലും നിറഞ്ഞുനിന്ന സമ്മര്‍ദം സഹിക്കാനാകാതെ ഒരിക്കല്‍ അദ്ദേഹം ഇന്ത്യയില്‍ വന്ന് വിപാസന ധ്യാനത്തില്‍ പങ്കുകൊണ്ടു. പത്തുനാള്‍ സംസാരിക്കാതെ, മറ്റുള്ളവരോട് നോട്ടം, ആംഗ്യം എന്നിവയില്‍ക്കൂടിപോലും ബന്ധപ്പെടാതെ കഴിയുക സഹനത്തിന്റെ അതിതീവ്ര പരീക്ഷണമായിരുന്നു.
മറ്റു മനുഷ്യരുമായി ബന്ധപ്പെടാതെ, സഹവര്‍ത്തിത്വം ലേശംപോലുമില്ലാതെ തികഞ്ഞ ഏകാന്തവാസം കൂടുതല്‍ പഠനം അര്‍ഹിക്കുന്നുണ്ട്. ഗില്‍ഗമെഷ് പുസ്തകത്തിലും പുരാതന ഈജിപ്തിലും ബുദ്ധിസ്റ്റ് ചരിത്രത്തിലും ഏകാന്തവാസികളെയും ഗുഹാവാസികളെയും പറ്റി പരാമര്‍ശമുണ്ട്. തിബത്തിലും ഹിമാലയത്തിലും ഏകാന്തവാസം നടത്തുന്നവരും വിരളമല്ല. എന്നാല്‍, ഇവരാരുംതന്നെ സമ്പൂര്‍ണമായി മനുഷ്യബന്ധം വര്‍ജിച്ചിരുന്നില്ല; ഇത്രയധികംകാലം വന്യജീവിതം തുടര്‍ന്നിരുന്നുമില്ല. ക്രിസ്റ്റഫറിന്റെ ജീവിതം അതിനാല്‍ ഒരു റെക്കോര്‍ഡാണ്. പുതിയ അന്വേഷണങ്ങള്‍ക്ക് ഇത് തുടക്കമിട്ടു.
ക്രിസ്റ്റഫറിന്റെ കുടുംബപശ്ചാത്തലവും കൂടപ്പിറപ്പുകളുടെ ജീവിതരീതികളും പഠനവിധേയമായി. പൊതുവെ ഉള്‍വലിഞ്ഞ കുടുംബജീവിതമാണ് അവര്‍ നയിച്ചിരുന്നത്. അനേകവര്‍ഷമായി അവരുമായി നേര്‍ബന്ധം ഉണ്ടാകാത്ത പലരും ചുറ്റുവട്ടത്തു താമസിച്ചിരുന്നു. ക്രിസ്റ്റഫറിന്റെ തിരോധനമവര്‍ പൊലീസില്‍ അറിയിക്കുകപോലും ചെയ്തില്ല. സ്കൂളിലും സമൂഹത്തിലും അയാളെ തികഞ്ഞ അന്തര്‍മുഖനായി പലര്‍ക്കും തോന്നിയിരിക്കണം. പല വിദഗ്ധരും ക്രിസിന്റെ മാനസികാരോഗ്യത്തെ വിലയിരുത്തിയിട്ടുണ്ട്. ഏകാഭിപ്രായത്തേക്കാള്‍ അവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളായിരുന്നു അധികവും. ഓട്ടിസം, ഷിസോയ്ഡ് വ്യക്തിത്വ വ്യതിയാനം എന്നിവയില്‍ ഒന്നാവണം ക്രിസിനുണ്ടായിരുന്നത് എന്ന് കരുതപ്പെടുന്നു.
വനത്തില്‍ താനുണ്ടാക്കിയ ഇടത്തില്‍ വാസം തുടങ്ങിക്കഴിഞ്ഞപ്പോള്‍, സമയത്തെക്കുറിച്ചും ദിവസത്തെക്കുറിച്ചുമുള്ള പൊതുബോധം നഷ്ടമായി. പ്രകൃതിയില്‍ വന്യതയുമായി പൊരുത്തപ്പെട്ട ജീവിതത്തില്‍ മാസങ്ങള്‍ക്കും ആഴ്ചകള്‍ക്കും എന്ത് പ്രസക്തി? ക്രിസ് സമയമളക്കുന്നത് പക്ഷിമൃഗങ്ങളുടെ വരവും പോക്കും, സസ്യജാലങ്ങളിലെ ഋതുഭേദങ്ങള്‍, ചന്ദ്രന്റെ അവസ്ഥകള്‍ എന്നിവ പരിഗണിച്ചാണ്. അയാള്‍ താമസിച്ചിരുന്ന വനഭാഗത്തു കൊടും ശൈത്യം മാസങ്ങളോളം നീണ്ടുനില്‍ക്കും. വളരെ കുറച്ചുമാത്രം ഉറങ്ങി, മഞ്ഞുരുക്കി വെള്ളംകുടിച്ചു, കൈകാലുകളില്‍ ഊഷ്മാവ് നിലനിര്‍ത്താന്‍ വ്യായാമം ചെയ്തു, ശൈത്യകാലത്ത് പ്രത്യേകം ശൌചാലയമൊരുക്കി പ്രകൃതിയുമായിണങ്ങി അതിജീവനം സാധ്യമാക്കി. ഇനിയുമൊരവസരമുണ്ടെങ്കില്‍ ഇതേ വന്യ ജീവിതം കാംക്ഷിക്കുന്നുവെന്ന് ക്രിസ് അധികാരികളെ അറിയിച്ചിരുന്നു.
അതേ കാരണങ്ങളാല്‍ ക്രിസിന്റെ പുനരധിവാസവും സങ്കീര്‍ണമായി. അയാള്‍ ചെയ്ത കളവുകള്‍ക്ക് ജയില്‍ശിക്ഷ വേണ്ടിവരും; എന്നാല്‍ ഏകാന്തതമാത്രം അഭിലഷിക്കുന്ന ക്രിസിനെ ഇനി ജയിലിലുംകൂടി താമസിപ്പിക്കണോ എന്ന ചോദ്യമുയര്‍ന്നു. നമ്മുടെ സമൂഹത്തിന്റെ പല സദാചാര, ധാര്‍മിക സങ്കല്‍പ്പങ്ങളും പരീക്ഷിക്കപ്പെട്ട സന്ദര്‍ഭമായിരുന്നു ക്രിസ് നൈറ്റ് കേസ്.
അമ്മയുടെ കൂടെ താമസിക്കാന്‍ വിട്ട് കോടതി കേസിന് സമാപ്തികുറിച്ചു. അമ്മയോടൊത്തു താമസവും ജ്യേഷ്ഠന്റെ വര്‍ക്ഷോപ്പില്‍ പണിയുമായി ക്രിസ് ജീവിതം തള്ളിനീക്കി. ഫിന്‍കെല്‍ ഒരിക്കല്‍കൂടി ക്രിസിനെ കാണാന്‍ വീട്ടിലെത്തി; ഒരുകൈപ്പിടി പൂക്കളുമായി. ക്രിസ് ദുഃഖിതനായിരുന്നു; സമൂഹത്തോട് പൊരുത്തപ്പെടാന്‍ കഴിയാത്തതില്‍, മറ്റുള്ളവര്‍ തന്നെ മനസ്സിലാക്കാത്തതില്‍. താന്‍ വനകന്യകയോട് ചേരാന്‍ ആഗ്രഹിക്കുന്നു, അയാള്‍ പറഞ്ഞു. ആരാണ് വനകന്യക? അത്, ഒരു കൊടുംശൈത്യനാളില്‍ അല്‍പ്പവസ്ത്രനായി വനത്തിനുള്ളില്‍ ശൈത്യം ധാരയായി പതിക്കുന്നിടത്ത് ഏകനായി ഇരിക്കുക. അസ്ഥിയും മജ്ജയും കൊടുംതണുപ്പിലുറഞ്ഞ്, സ്പന്ദനങ്ങള്‍ നിശ്ചലമായി, നിര്‍ജീവാവസ്ഥ പ്രാപിക്കും. അതാണ് വനകന്യകയെ പ്രാപിക്കല്‍. പറഞ്ഞുകഴിഞ്ഞപ്പോള്‍, ക്രിസിന്റെ കണ്ണുനിറഞ്ഞു തുളുമ്പി; ഫിന്‍കെലിന്റെയും. അപ്പോള്‍ രണ്ട് മുതിര്‍ന്ന പുരുഷന്മാര്‍ വര്‍ണാഭമായ പൂക്കള്‍ക്കരികില്‍ കണ്ണീര്‍വീഴ്ത്തുന്നത് പരസ്പരം കണ്ടുനിന്നു.
ലോകം അര്‍ഥവത്തായതിന്റെയും അര്‍ഥമില്ലായ്മയുടെയും സമ്മിശ്ര കാഴ്ചയാണല്ലോ.

പ്രധാന വാർത്തകൾ
 Top