18 February Monday

രണ്ടു സിനിമകള്‍ക്കിടയില്‍ മണിയുടെ ജീവിതം

ഗിരീഷ് ബാലകൃഷ്ണന്‍Updated: Sunday Aug 6, 2017

ഉടലാഴത്തില്‍ മണിയും അനുമോളും

ഒരു വ്യാഴവട്ടത്തിനുശേഷം മണി വീണ്ടും കാടിറങ്ങിവന്ന് ക്യാമറയ്ക്കു മുന്നില്‍നിന്നു. ഇനിയും അവന് പ്രതീക്ഷയുണ്ട്. സിനിമ ഒപ്പം കൂട്ടുമെന്ന്.
"പലരും വിളിക്കുന്നുണ്ട്, ഒന്നും ഉറപ്പു പറഞ്ഞിട്ടില്ല, എങ്കിലും പ്രതീക്ഷയുണ്ട്''- ഏതോ കാട്ടുചരിവില്‍നിന്ന് മണി ഫോണില്‍ പറഞ്ഞു.
2006ല്‍ സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്ത ഏറ്റവും മികച്ച  ബാലതാരമായിരുന്നു മണി. മോഹന്‍ലാലിന്റെ 'ഫോട്ടോഗ്രാഫറി'ല്‍ പുല്‍ച്ചാടിയെപ്പോലെ ചാടിനടന്ന് അഭിനയിച്ച ആദിവാസിബാലന്‍. തൊട്ടുമുമ്പുള്ള വര്‍ഷങ്ങളില്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവും ജയറാമിന്റെ മകന്‍ കാളിദാസുമെല്ലാമായിരുന്നു മികച്ച ബാലതാരങ്ങള്‍. സുല്‍ത്താന്‍ ബത്തേരിയിലെ ചെതലിയത്ത് തൂവഞ്ചിക്കോളനിയിലെ മണിയുടെ വീട്ടില്‍ അന്ന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ചെതലെടുക്കാതെ സൂക്ഷിച്ചുവയ്ക്കാന്‍പോലും ഇടമില്ലായിരുന്നു.
വെള്ളിത്തിരയില്‍മാത്രം കണ്ടുപരിചയമുള്ള സൂപ്പര്‍താരത്തിനൊപ്പം കന്നിസിനിമ, ആദ്യ സിനിമയില്‍ സംസ്ഥാന പുരസ്കാരം, ദാരിദ്യ്രവുമായി മുഖാമുഖം ഏറ്റുമുട്ടിക്കൊണ്ടിരുന്ന ആദിവാസി കോളനിക്കാരുടെ വന്യമായ സ്വപ്നങ്ങള്‍ക്കും അപ്പുറത്തായിരുന്നു മണിയുടെ തുടക്കം.
'പക്ഷേ, പിന്നീട് ഒന്നും സംഭവിച്ചില്ല, കുറെ കാത്തിരുന്നു, പിന്നെ മടുപ്പായി, നമുക്കു പറ്റിയ പണിയല്ലെന്നു തോന്നി'- മണി പറഞ്ഞു. 
മണിയുടെ നേര്‍ബുദ്ധിക്ക് വഴങ്ങുന്നതായിരുന്നില്ല സിനിമകളുടെ ഉള്ളറകള്‍. കുറെ ദുരനുഭവങ്ങളുണ്ടായപ്പോള്‍ അവന്‍ വിധിയെ പഴിച്ച് കാട്ടിനുള്ളിലെ ദുരിതങ്ങളിലേക്ക് മടങ്ങി. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ച ആദിവാസി പയ്യന്റെ ദുരന്തം വര്‍ണിക്കുന്ന വാര്‍ത്തകളായി മണിയുടെ ജീവിതം പിന്നെ പലപ്പോഴും ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു. ഒമ്പതാംക്ളാസില്‍ വിവാഹിതനായ മണി, പഠനം ഉപേക്ഷിച്ച മണി, മാധ്യമങ്ങളോട് മുഖംകൊടുക്കാതെ ഓടിയകലുന്ന മണി, കോഴിക്കോട് ടാറുപണിക്ക് വന്ന മണി. ഒടുവില്‍, പന്ത്രണ്ടുവര്‍ഷത്തിനുശേഷം മണി വീണ്ടും ക്യാമറയുടെ മുന്നിലേക്ക് തിരിച്ചുവരികയാണ്. എഴുത്തുകാരനും ഡോക്യുമെന്ററി സംവിധായകനുമായ ഉണ്ണിക്കൃഷ്ണന്‍ ആവള ഒരുക്കുന്ന 'ഉടലാഴം' എന്ന സിനിമയില്‍ നായകനായി.
ഒരിടവേളയ്ക്കുശേഷം മണിയെ ക്യാമറയ്ക്കു മുന്നിലേക്ക് മടക്കിക്കൊണ്ടുവരുമ്പോള്‍ സിനിമയെക്കുറിച്ച് അവനെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ സംവിധായകനും കൂട്ടരും ഏറെ പണിപ്പെട്ടു. കാരണം, സിനിമയുടെ തിളക്കത്തിനു പിന്നാലെ പോയി വീണ്ടും ഇച്ഛാഭംഗങ്ങളേറ്റുവാങ്ങാന്‍ മണിക്ക് താല്‍പ്പര്യമില്ല. മൂത്തമകള്‍ മനീഷയ്ക്ക് നാലുവയസ്സായി. ഇളയവള്‍ അനഘയ്ക്ക് രണ്ടരയും. കുടുംബം പോറ്റാന്‍ ജോലിവേണം. കുടുകില്‍ ഇഞ്ചിത്തോട്ടത്തില്‍ പണിയെടുത്തുകൊണ്ടിരിക്കുമ്പോഴാണ് മണിയെ തേടി സംവിധായകന്റെ ഫോണ്‍ വരുന്നത്.

ഉണ്ണിക്കൃഷ്ണന്‍ ആവള

ഉണ്ണിക്കൃഷ്ണന്‍ ആവള

"ഇപ്പോള്‍ കാണാന്‍ പറ്റില്ല ആറുമാസം കഴിയട്ടെയെന്നാണ് മണി പറഞ്ഞത്. നിങ്ങളില്‍ എനിക്ക് ഒരു വിശ്വാസവും ഇല്ല എന്ന് മണി ആദ്യമേ വെളിപ്പെടുത്തി. ഒരു വര്‍ഷമെങ്കിലുമെടുത്തു സിനിമയെക്കുറിച്ച് പറഞ്ഞ് ബോധ്യപ്പെടുത്താന്‍. ഒടുവില്‍ ഭാര്യ പവിഴത്തിന്റെ നിര്‍ബന്ധത്തിനുവഴങ്ങിയാണ് അവന്‍ സമ്മതിച്ചത്''- ഉണ്ണിക്കൃഷ്ണന്‍ ആവള പറഞ്ഞു. മൂന്നുമാസത്തോളം മണി എന്റെ വീട്ടില്‍ താമസിച്ചു. സിനിമയെക്കുറിച്ച് ഒന്നും പറയാതെ, അവന് ഞങ്ങളെ ഇഷ്ടപ്പെട്ടുതുടങ്ങിയപ്പോഴാണ് സിനിമയിലേക്ക് കടന്നത്. ഡയലോഗ് പറയാന്‍ ആദ്യമെല്ലാം വളരെ പ്രയാസപ്പെട്ടു.
ഉടലാഴം
ഇരുപത്തിനാല് വയസ്സുകാരനായ ഗോത്രവംശജനായ ട്രാന്‍സ്ജന്‍ഡറിന്റെ ജീവിതമാണ് സിനിമ പറയുന്നത്. ഗുളികന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. മണികൂടി പ്രതിനിധാനം ചെയ്യുന്ന ആദിവാസി സമൂഹത്തിന്റെ ജീവിതം. നമ്മുടെ സിനിമ നാടിനെക്കുറിച്ചും കാടിനെക്കുറിച്ചുമെല്ലാം പറയുമെങ്കിലും കാട്ടിനും നാട്ടിനുമിടയില്‍ കുടുങ്ങിപ്പോയവരെക്കുറിച്ച് അധികം പറഞ്ഞുകേട്ടിട്ടില്ല. അത്തരക്കാര്‍ സിനിമയുടെ ദൃശ്യപഥത്തിനു പുറത്താണ് ഇപ്പോഴും. അത്തരത്തിലുള്ള ഒരാള്‍  പുറംലോകത്തെക്കുറിച്ചും സ്വന്തം ശരീരത്തിന്റെ ഇഷ്ടത്തെക്കുറിച്ചും തിരിച്ചറിയുന്നതാണ് പ്രമേയം.
പൌഡറിട്ട് വെളുപ്പിച്ച മുഖങ്ങളാണ് സിനിമയില്‍ കണ്ടുകൊണ്ടേയിരിക്കുന്നത്. കറുത്തശരീരമുള്ള മനുഷ്യരെയാണ് സിനിമയ്ക്ക് വേണ്ടിയിരുന്നത്. അതിനുവേണ്ടിയുള്ള അന്വേഷണമാണ് മണിയില്‍ എത്തിയത്. മൂന്നുവര്‍ഷമായി സിനിമയ്ക്കു പിന്നിലാണ്. ഓണത്തോടെ സിനിമ പൂര്‍ത്തിയാകും.
സിനിമയുടെ സംഭാഷണരചനയില്‍ മണിയുടെ പങ്കാളിത്തമുണ്ട്. ആദിവാസികളുടെ സംഭാഷണശൈലിയും ജീവതിതാന്തരീക്ഷവുമെല്ലാം എങ്ങനെയെന്ന് അവന്‍ പറഞ്ഞുതന്നു. സിനിമയില്‍ 70 ശതമാനവും ഗോത്രകഥാപാത്രങ്ങളാണ്. ഗോത്രഭാഷയുടെ ആധികാരികത ഉറപ്പാക്കാന്‍ മണി സഹായിച്ചു. ഓരോ സന്ദര്‍ഭങ്ങളിലും ആദിവാസികള്‍ പെരുമാറുന്നത് നിങ്ങള്‍ കരുതുംപോലെയല്ല എന്ന് പറഞ്ഞ് അവന്‍ തിരുത്തി.
ഒരുപക്ഷേ, എല്ലാ ആദിവാസിക്കുട്ടികളും ഒരേ അരക്ഷിതാവസ്ഥയിലൂടെയാകും കടന്നുപോകുന്നത്. ദാരിദ്യ്രവും പുറംലോകത്തിന്റെ ഇടപെടലും ഭഗ്നമായ കുടുംബാന്തരീക്ഷവും മദ്യവുമെല്ലാം കുട്ടികളുടെ ജീവിതം ദുരിതപൂര്‍ണമാക്കും. മണിക്കും അതാണ് സംഭവിച്ചത്. അതുകൊണ്ടുതന്നെ ചില ഡയലോഗുകള്‍ നല്‍കുമ്പോള്‍ ഇതൊക്കെ ഞാന്‍തന്നെ പറയണം അല്ലേ എന്ന് അവന്‍ ചോദിക്കും.
ഷൂട്ടിങ്ങിനിടെ പെട്ടെന്ന് അവന്‍ കട്ട് പറയും. മക്കളെ കാണാന്‍ തോന്നുന്നു വീട്ടില്‍ പോണം, അല്ലെങ്കില്‍ കാട് കാണാന്‍ തോന്നുന്നു എന്നെല്ലാം പറയും. പോയാല്‍ പിന്നെ പറഞ്ഞസമയത്തൊന്നും മടക്കമുണ്ടാകില്ല. കൈയില്‍ വണ്ടിക്കൂലിയില്ലാത്തതുകൊണ്ടാകും മിക്കപ്പോഴും മടങ്ങിവരവ് നീണ്ടുപോകുന്നതെന്ന് അവന്‍ പിന്നെ പറയും.
കോളനിക്കും കാട്ടിലെ തൊഴിലിടങ്ങള്‍ക്കും പുറത്തുള്ള ലോകവുമായി മണി ഇടപഴകി തുടങ്ങിയിട്ട് കുറച്ചുവര്‍ഷങ്ങളേ ആകുന്നുള്ളൂ. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷ മണിക്കുണ്ട്- ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.
സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മണിയെ കളിയാക്കി സാമൂഹ്യമാധ്യമങ്ങളില്‍ ചിലരിട്ട കമന്റുകള്‍ക്ക് നായികയായ അനുമോള്‍തന്നെ മറുപടി നല്‍കി. മണിയുടെ നിറത്തെച്ചൊല്ലിയായിരുന്നു പരിഹാസം. മണിയെപ്പോലൊരു നടനെ മലയാള സിനിമ ഒരിക്കലും നഷ്ടപ്പെടുത്താന്‍ പാടില്ലെന്ന് അവനൊപ്പം അഭിനയിച്ചതിന്റെ അനുഭവത്തില്‍നിന്ന് അനുമോള്‍ പറയുന്നു.
തിയറ്റര്‍ ആര്‍ട്ടിസ്റ്റായ രമ്യ വത്സല സിനിമയില്‍ പ്രധാനവേഷത്തിലെത്തുന്നു. സജിത മഠത്തില്‍, ജോയ് മാത്യു തുടങ്ങിയവരുമുണ്ട്.
മികച്ച ഗായികയ്ക്കുള്ള സംസ്ഥാനപുരസ്കാരം നേടിയ സിതാര കൃഷ്ണകുമാര്‍ 'ഉടലാഴ'ത്തിലൂടെ ആദ്യമായി സംഗീതസംവിധാനത്തിലേക്ക് കടക്കുന്നു. മിഥുന്‍ ജയരാജിനൊപ്പം അവര്‍ ഗാനങ്ങളൊരുക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് പഠിച്ചിറങ്ങിയ അഞ്ച് ഡോക്ടര്‍മാരുടെ കൂട്ടായ്മയാണ് നിര്‍മാണം. ഡോ. മനോജ് കെ ടി, ഡോ. രാജേഷ് എം പി, ഡോ. സജീഷ് എം, ഡോ. മുരളീധരന്‍ എ കെ, ഡോ. ഷിനാസ് ബാബു എന്നിവരാണ് ഡോക്ടേഴ്സ് ഡിലമ എന്ന ചലച്ചിത്ര നിര്‍മാണക്കമ്പനിയുടെ പിന്നണിയില്‍.

unnigiri@gmail.com

പ്രധാന വാർത്തകൾ
 Top