24 February Sunday

വനിതാ വിമോചന തരംഗങ്ങൾ

ഡോ. ബി ഇക്‌ബാൽUpdated: Sunday May 6, 2018

 വനിതാ വിമോചനത്തിനായി  വിവിധ കാലങ്ങളിൽ  ഉയർന്നു വന്ന ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളെയും അവക്ക്   നേതൃത്വം നൽകിയ വനിത വിമോചന പോരാളികളെയും  ഫെമിനിസ്റ്റ് കലാരൂപങ്ങളെയും പരിചയപ്പെടുത്തുന്ന കൃതിയാണ് മരിസാ ബെയ്റ്റിന്റെ  ദി പിരിയോഡിക്ക് ടേബിൾ ഓഫ് ഫെമിനിസം (The Periodic Table of Feminism: Marisa Bate: Pop Press:  2018)   രാഷ്‌ട്രീയ, സാമൂഹ്യ, തത്വചിന്താപരമായ ഉള്ളടക്കത്തോടെയും വൈവിധ്യങ്ങളിലൂടെയും  ഉയർന്നു വന്ന ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ സ്‌ത്രീജീവിതത്തെ എങ്ങനെ വിപ്ലവകരമായ പരിവർത്തനം ചെയ്‌തെന്ന്‌ ബെയ്റ്റ്സ് ചർച്ചചെയ്യുന്നു.

സ്‌ത്രീവിമോചന പ്രസ്ഥാനങ്ങളെ നാല്  തരംഗങ്ങളായി വിഭജിച്ചാണ‌്   നൂറ്റി മുപ്പതോളം  ഫെമിനിസ്റ്റുകളെ  പരിചയപ്പെടുത്തുന്നത്.  സ‌്ത്രീ വോട്ടവകാശത്തിനായുള്ള പോരാട്ടത്തോടെയാണ് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ ആദ്യ തരംഗം ആരംഭിക്കുന്നത്. രണ്ടാം തരംഗത്തിൽ പുരുഷാധിപത്യത്തിനെതിരായ പ്രസ്ഥാനമായി അത്‌ വളർന്നു. ട്രാൻസ്ജെൻഡറുകൾ നേരിടുന്ന പീഡനങ്ങൾക്കും  വിവേചനങ്ങൾക്കുമെതിരായ പോരാട്ടങ്ങൾക്ക്   ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ മൂന്നാം തരംഗ കാലത്ത് നേതൃത്വം നൽകി. പുരുഷമേധാവിത്വത്തിന്റെ എല്ലാ രൂപങ്ങളെയും എതിർത്ത്  കൂടുതൽ സമഗ്രത കൈവരിച്ച് ഫെമിനിസം സമകാലത്ത് അതിന്റെ നാലാം തരംഗ ഘട്ടത്തിലെത്തിയെന്ന് ബെയ്റ്റ്. ഒരുഘട്ടത്തിലും ഫെമിനിസം ഏക ശിലാരൂപമുള്ള പ്രസ്ഥാനമായിരുന്നില്ലന്ന് ബെയ്റ്റ് വാദിക്കുന്നു. വ്യത്യസ്‌ത കാഴ്ചപ്പാടുകളും ആശയങ്ങളും   നിരന്തരം ഏറ്റുമുട്ടിയണ് ഫെമിനിസം വളർന്നത്.  
ഫെമിനിസ്റ്റ് ചിന്താധാരയുടെ പ്രാഗ്രൂപം  16‐18 നൂറ്റാണ്ടുകളിൽ അവതരിപ്പിച്ച പത്ത് ആദിമ ഫെമിനിസ്റ്റുകളെ  ( Proto Feminists)  പരിചയപ്പെടുത്തികൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത്.  ബ്രിട്ടീഷ് ഫെമിനിസ്റ്റുകളായ ബത്തൂസ മാകിൻ, മേരി ആസ്റ്റിൽ, ആഫ്ര ബെൻ, പ്രഞ്ച് അടിമത്വ വിരുദ്ധ പോരാളി ഒളിമ്പേ ദ ഗോജസ്, ജപ്പാനിലെ കുടുംബ വ്യവസ്ഥയെ എതിർത്ത് ജയിൽ വാസം അനുഭവിച്ച തോഷികോ കിഷിദ, ഇറാനിൽ ആദ്യമായി പെൺകുട്ടികൾക്കുള്ള സ്കൂൾ ആരംഭിച്ച ബീബി കാനൂം, ലൈംഗിക തൊഴിലാളികളെ സംഘടിപ്പിച്ച ചൈനയിലെ ചിങ് ഷി, അംഗോളയിലെ സിംഗാ രാജ്ഞി എന്നിവരെ ബെയ്റ്റ്സ് പരിചയപ്പെടുത്തുന്നു. 
 
യൂറോപ്പിലെ വ്യവസായവൽക്കരണത്തിന്റെയും ലിബറൽ ആശയങ്ങളുടെയും വരവോടെയാണ് വോട്ടവകാശത്തിനായുള്ള പ്രസ്ഥാനങ്ങൾ ഉയർന്നത്. അതോടൊപ്പം എട്ടുമണിക്കൂർ ജോലികകും  വിദ്യാഭ്യാസ അവകാശത്തിനും  ശിശുസംരക്ഷണ സൗകര്യങ്ങൾ നേടാനുമുള്ള സമരങ്ങളും  ആരംഭിച്ചു. ഫെമിനിസത്തിന്റെ മാതാവ് എന്ന വിശേഷിപ്പിക്കപ്പെടുന്ന മേരി വൊൾസ്റ്റോൺ ക്രാഫ് റ്റ്   (1759‐1797) എഴുതിയ സ്‌ത്രീകളുടെ അവകാശങ്ങളുടെ സമർഥനം (A Vindication of the Rights of Woman)  ഫെമിനിസ്റ്റ് ആശയങ്ങളുടെ അടിസ്ഥാന പ്രമാണിക ഗ്രന്ഥമായി.  സമ്മതിദാനവകാശത്തിനായി പോരാടിയതിന്റെ പേരിൽ പീഡനങ്ങൾക്കിരയായ നിരവധി വനിതകളെ ബെയ്റ്റ് പരിചയപ്പെടുത്തുന്നു.   അടിമയാവുന്നതിലും നല്ലത്  കലാപകാരിയാവുന്നതാണ്   എന്ന് പ്രഖ്യാപിച്ച  എമ്മെലിൽ പാങ്ഹർസ്റ്റ് (1858‐1928)വനിത സാമൂഹ്യ രാഷ്ടീയ പ്രസ്ഥാനം  (Women’s Social and Political Union) എന്ന സംഘടന രൂപീകരിച്ച്  പ്രവർത്തിച്ചു. ബ്രിട്ടനിലെ സെൻസസിൽ പങ്കെടുക്കാതെ ഒളിവിലിരിക്കെ പട്ടാളക്കാരുടെ കുതിരകളുടെ ചവിട്ടേറ്റ് മരണമടഞ്ഞ എമിലി വിൽഡിംഗ് ഡേവ്സൻ (1872 ‐1913)  സ‌്ത്രീ സമ്മതിദാനാവകാശത്തിനായി പ്രസ്ഥാനങ്ങൾ സംഘടിപ്പിച്ച ആസ്ത്രേലിയയിലെ ഹെൻ റിറ്റ ഡുഗ് ദേൽ (1827‐1918), ന്യൂസിലൻഡിലെ കേറ്റ് ഷെപ്പാർഡ് (1847‐1934), കാനഡയിലെ എമിലി മർഫിയടക്കമുള്ള പ്രശസ്തരായ അഞ്ചുപേർ (The Famous Five), നെതർലണ്ടിലെ അലെറ്റാ ജേക്കബ് സ് (1854‐1929) തുടങ്ങിയവരെ ബെയ്റ്റ് പരിചയപ്പെടുത്തുന്നു.
ഇതേ കാലഘട്ടത്തിൽ സ്‌ത്രീകളുടെ ആരോഗ്യ അവകാശങ്ങൾക്കായുള്ള പ്രസ്ഥാനങ്ങളും ഉയർന്നുവരുന്നുണ്ട്. അർജന്റീനയിലെ മരിയ തെരേസ ഫെറാറി  സ്‌ത്രീകൾക്ക് ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി പ്രചാരണം നടത്തി. ആദ്യത്തെ വനിതാ ഡോക്ടർമാരായ  എലിസബെത്ത് ബ്ലാക്ക് വെൽ  (1821‐1910), എലിസബെത്ത്ഗാരറ്റ് ആന്റേഴ്സൺ  (1836‐1917) , ജനനനിയന്ത്രണ പ്രസ്ഥാനത്തിന് നേതൃത്വം  നൽകിയ മാർഗററ്റ് സാംഗർ (1879‐1966)  എന്നിവരുടെ സംഭാവനകൾ  എടുത്തുപറയുന്നു.
ലെനിന്റെ മന്ത്രിസഭാംഗമായിരുന്ന അലക്സാണ്ട്ര കൊളന്തായ് (1872‐1952) ഫെമിനിസത്തെ ലിബറൽ ബൂർഷ്വാ സിദ്ധാന്തമെന്ന് വിശേഷിപ്പിച്ച് വിമർശിച്ചെങ്കിലും  കുടുംബങ്ങൾക്കുള്ളിലെ പുരുഷാധിപത്യ മൂല്യങ്ങളെ  എതിർക്കുകയും ഗർഭഛിദ്രത്തിനും സ്വവർഗ ലൈംഗികതയ്‌ക്കും നിയമ പരിരക്ഷ നൽകയും ചെയ്തു. ജർമൻ മാർക്സിസ്റ്റും സോഷ്യൽ ഡമോക്രാറ്റിക്ക് പാർടി അംഗവുമായിരുന്ന ക്ലാര സെറ്റ്സ്കിൻ (1857‐1933)  ഉപരിമധ്യവർഗ ബൂർഷ്വാ സിദ്ധാന്തമായി  ഫെമിനിസത്തെ വിശേഷിപ്പിച്ചെങ്കിലും മാർച്ച‌് എട്ട്‌ അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. 
സ്‌ത്രീകളുടെ സ്വയം നിർണയാവകാശം, സാമ്പത്തികവും നിയമപരവുമായ അവകാശങ്ങൾ എന്നിവയ്‌ക്കായുള്ള പോരാട്ടങ്ങൾക്കാണ് രണ്ടാം തരംഗം സാക്ഷ്യം വഹിച്ചത്. വനിതാ വിമോചന പ്രസ്ഥാനം    (Women’s Liberation Movement) എന്ന പ്രയോഗം ഈ കാലത്താണ് ഉയർന്നു വന്നത്. ബോസ്റ്റൺ വനിതാ കൂട്ടായ്മ  സ്‌ത്രീകളുടെ ശരീരത്തെ അപനിർമിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച് അവർ ബോഡി അവർസെൽ വ്സും (Our Body Ourselves)  ഫ്രഞ്ച്‌ ഫെമിനിസ്റ്റ് സൈദ്ധാന്തിക സൈമൺ ദ ബുവയുടെ (1908‐1986) രണ്ടാം ലിംഗം,  (Second Sex)  ബെറ്റി ഫ്രീഡ്മാന്റെ  ദ ഫെമിനിൻ മിസ്റ്റിക്ക് (The Feminine Mystique), കേറ്റ് മില്ലറ്റിന്റെ ലിംഗ രാഷ്ട്രീയം  (Sexual Politics), ഫെമിനിസ്റ്റുകളുടെ ഫെമിനിസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാനഡയിലെ ഷുലാമിത്ത് ഫയർസ്റ്റോണിന്റെ ഫെമിനിസ്റ്റ് സിദ്ധാന്തങ്ങളെ പുതിയ തലങ്ങളിലേക്കുയർത്തിയ ഡയലക്റ്റിക് ഓഫ് സെക്സ്(The Dialectic  of Sex: The case for Feminist Revolution) എന്നീ  ഗ്രന്ഥങ്ങളും ഈ കാലഘട്ടത്തിന്റെ മുഖ്യ സംഭാവനകളാണ്.
ഫെമിനിസത്തിന്റെ മൂന്നാം തരംഗത്തിൽ  സ്‌ത്രീ ലൈംഗികതയും വംശീയ പ്രശ്നങ്ങളും ട്രാൻസ്ജെൻഡറുകളുമായി ബന്ധപ്പെട്ട വിഷയങ്ങളും മുഖ്യ ചർച്ചാവിഷയമായി. അമേരിക്കൻ ഫെമിനിസ്റ്റ് റെബേക്കാ വാക്കറുടെ  ബികമിംഗ് ദി തേർഡ് വേവ്  (Becoming the Third Wave)  എന്ന ലേഖനമാണ് മൂന്നാം തരംഗത്തിന് തുടക്കം കുറിച്ചത്.  രണ്ടാം തരംഗത്തിനുശേഷം മന്ദഗതിയിലായ ഫെമിനിസ്റ്റ് പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കാൻ റെബേക്കയ്‌ക്ക് കഴിഞ്ഞു. ടിവി അവതാരക ഓപ്രാ വിൻഫ്രെ,  ഫെമിനിസ്റ്റ് പുസ്തകങ്ങളുടെ രചയിതാവായ  ജൂഡിത് ബട്ട് ലർ, ദി വജൈന മോണലോഗ് (The Vagina Monologue) എഴുതിയ  ഈവ് എൻസ്ലർ എന്നിവരാണ് മൂന്നാം തരഗത്തിന് നേതൃത്വം നൽകിയവർ. 
2011 മുതൽ ആരംഭിച്ച ഫെമിനിസ്റ്റ് നാലാം തരംഗത്തിലൂടെയാണ് ഫെമിനിസ്റ്റ് പ്രസ്ഥാനം കടന്നുപോകുന്നതെന്ന് ബെയ്റ്റ് കരുതുന്നു. ലിംഗവിവേചനത്തിന്റെ അടിസ്ഥാന കാരണം പുരുഷന്മരുടെ വൈയക്തിക സമീപനമല്ല സമൂഹത്തിന്റെ ഘടനാപരമായ വൈകല്യങ്ങളുടെ ഫലമായി പുരുഷന്മാർക്ക് ലഭിക്കുന്ന സവിശേഷാധികാരങ്ങളെന്ന്  നാലം തരംഗ ചിന്തകർ കരുതുന്നു. പുരുഷന്മാരെ ശത്രുക്കളായല്ല സുഹൃത്തുക്കളായി കരുതുന്ന  ഹാരിപോർട്ടർ സിനിമകളിൽ  ഹെർമിയോണെ  ഗാജ്ജർ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രസിദ്ധയായ  എമ്മാ വാട്ട്സൺ ആരംഭിച്ച  ഹി ഫോർ ഷി    (He For She) പ്രസ്ഥാനം, ലണ്ടനിൽ ജൂഡ് കെല്ലി ആരംഭിച്ച പുരുഷലൈംഗികതയെ വിമർശനപരമായി വിലയിരുത്തുന്ന ബിയിങ്‌ എ മാൻ ഫെസ്റ്റിവൽ (Being a Man Festival)  തുടങ്ങിയ സംരംഭങ്ങൾ  നാലാം തരംഗത്തിന്റെ സവിശേഷതകളാണ്. 
 ഫെമിസ്റ്റ് സിദ്ധാന്തങ്ങളെക്കുറിച്ച് അറിയാൻ താൽപ്പര്യമുള്ളവരും  ഫെമിനിസത്തിന്റെ ചരിത്രവും വർത്തമാനവും   പഠിക്കാനാഗ്രഹിക്കുന്നവരും  നിർബന്ധമായി വായിച്ചിരിക്കേണ്ട കൃതിയാണ് മരിസ ബേറ്റിന്റെ ദി പിരിയോഡിക്ക് ടേബിൾ ഓഫ് ഫെമിനിസം. ഫെമിനിസ്റ്റ് ഹാൻഡ് ബുക്ക് എന്ന നിലയിൽ പ്രയോജനപ്പെടുത്താവുന്ന കൃതിയാണിത്.
പ്രധാന വാർത്തകൾ
 Top