15 July Wednesday

നദികൾക്കും ജീവിക്കാൻ അവകാശമുണ്ട്‌

വിജയ്‌ സി എച്ച്‌Updated: Sunday Nov 3, 2019
ആലങ്കോട്‌ ലീലാകൃഷ്‌ണൻ

ആലങ്കോട്‌ ലീലാകൃഷ്‌ണൻ

‘നിളയുടെ തീരങ്ങളിലൂടെ' എന്ന തന്റെ പ്രഥമ  പുസ്‌തകത്തിൽ, ആലങ്കോട്‌ ലീലാകൃഷ്‌ണൻ ഇങ്ങനെ പറഞ്ഞു: "നിള മലയാളത്തിന്റെ  ആത്മാവിലേക്കൊഴുകുന്ന ജീവിതനദിയാണ്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത ആയിരമായിരം പുരാവൃത്തങ്ങളും കഥകളും ചരിത്രങ്ങളും നെഞ്ചിൽ അടുക്കിപ്പിടിച്ചുകൊണ്ട് നിള ഒഴുകിക്കൊണ്ടിരിക്കുന്നു. നിളയുടെ കഥ നമ്മുടെ കലയുടെയും സാഹിത്യത്തിന്റെയും കഥയാണ് -- അറിവിനും അപ്പുറത്തുള്ള അനുഭൂതിയാണ്.’
ലീലാകൃഷ്‌ണനോട്‌ സംസാരിക്കുന്നത് നിളയോടോ, മറ്റേതെങ്കിലും ഒരു നദിയോടോ, അല്ലെങ്കിൽ പ്രകൃതിയോടുതന്നെയോ നേരിട്ടു സംവദിക്കുന്നതുപോലെ.  

ഭാരതത്തിന്റെപേരിൽ ഒരു പുഴ

രാജ്യത്ത് മുന്നൂറോളം പുഴകളുണ്ട്‌.  ഭാരതത്തിന്റെപേരിൽ ഒരു പുഴ മാത്രം. ഭാരതപ്പുഴ!  മാനവസംസ്‌കാരം ഉദയം ചെയ്‌തത്‌  എന്നും നദീതീരങ്ങളിലാണ്. നാൽപ്പത്തിനാല് നദികളും ആയിരത്തോളം  ഉപനദികളുമുണ്ട്‌ കേരളത്തിൽ.  എന്നാൽ, നിളയോളം സാഹിത്യസഹിതമായ മറ്റൊരു നദിയില്ല!
നമ്മുടെ സംസ്‌കൃതിയുടെ ഈറ്റില്ലങ്ങളായ കൽപ്പാത്തിയും കിള്ളിക്കുറിശ്ശിമംഗലവും തിരുവില്വാമലയും ചെറുതുരുത്തിയും തൃക്കണ്ടിയൂരും തിരുനാവായയും നിളാതീരങ്ങളിൽ!
ഭാരതത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിൽനിന്നും   മാമാങ്കം എന്ന പ്രൗഢഗംഭീരമായ നദീതീര ഉത്സവം നടന്നതും ഈ മഹാനദിയുടെ മണൽപ്പരപ്പിൽ. ഒരു മാസം നീണ്ടുനിന്നിരുന്ന സാഹിത്യ, സംഗീത, കായിക, കാർഷിക, കരകൗശല, വ്യാപാരമേളകൾ -- മാഘ മാസത്തിലെ മകം നാളിൽ ആരംഭിച്ചിരുന്ന ഉത്സവം! മാഘത്തിലെ മകം എന്നു പലകുറി പലരും പറഞ്ഞപ്പോൾ, അത് മാമാങ്കമായി!
മലയാളമണ്ണിൽ പരമ്പരാഗതമായി രൂപംകൊണ്ട വിവിധ ശാസ്‌ത്രീയനൃത്ത പഠനത്തിനും ഗവേഷണത്തിനും വിദേശികളടക്കമുള്ളവരെത്തുന്ന കേരളകലാമണ്ഡലവും നിളാതീരത്തുതന്നെ.
നിളയുടെ ഒടുവിലത്തെ പോഷകനദിയായ തിരൂർപുഴ, മലയാളിയുടെ ഗുരുകുലമായ തുഞ്ചൻപറമ്പ് പ്രദക്ഷിണം ചെയ്‌താണ്‌ പൊന്നാനിയിൽ കടലിൽ ലയിക്കുന്നത്! 

നിള എന്ന പേര്

 നിള എന്ന  പേര്‌ ഒഴുകിവന്നത്‌  അതുത്ഭവിക്കുന്ന ‘നീല'ഗിരിയിൽ നിന്നോ, അല്ലെങ്കിൽ അതിന്റെ 'നീള'ത്തിൽനിന്നോ ആകാം. 
കേരളത്തിലെ ഏക കന്യാവനം കുന്തിയുടെ തീരങ്ങളിലാണ്. സകല സവിശേഷതകളുമുള്ള ദേശീയോദ്യാനം!  ആയിരമിനം പുഷ്‌പിക്കുന്ന സസ്യങ്ങളും അഞ്ഞൂറിനം ചിത്രശലഭങ്ങളും ഇരുനൂറിനം പക്ഷികളും ഇന്നുമുള്ള സൈലന്റ്‌ വാലി.  

സാഹിത്യസഹിതം നിള

എഴുത്തച്ഛൻ, പൂന്താനം, കുഞ്ചൻനമ്പ്യാർ,  ജി ശങ്കരക്കുറുപ്പ്‌, വള്ളത്തോൾ,  പി കുഞ്ഞിരാമൻനായർ, കെ  പി കേശവമേനോൻ, കുട്ടിക്കൃഷ്‌ണമാരാർ, ഒ വി വിജയൻ, ഒളപ്പമണ്ണ, ഉറൂബ്‌, ഇടശ്ശേരി, വി ടി, എം ടി, വി കെ എൻ, സി രാധാകൃഷ്‌ണൻ. ഇവർക്കെല്ലാം  പ്രചോദനമായത്‌  നിളയുടെ സൗന്ദര്യം. സദാ മോഹിപ്പിക്കുന്ന അത്ഭുതലാവണ്യമാണ് നിള.   
നിളയുടെ സംസ്‌കാരം നടത്തുന്നവർ!
നമ്മുടെ സംസ്‌കാരം ഉദയംകൊണ്ട ഈ പുഴയുടെ സംസ്‌കാരം നടത്താൻ ശ്രമിക്കുന്നവരെ തടയുന്നതിൽ നാം പരാജയപ്പെട്ടിരിക്കുന്നു. ഒഴുകി മതിയാകും മുന്നെ, പ്രിയ നിളയ്‌ക്ക്‌ അവർ ചരമക്കുറിപ്പെഴുതുന്നു! 
ഒരു ഗ്രാമത്തിലൂടെ ഒരു പുഴ മൂന്നു കിലോമീറ്റർ ദൂരം ഒഴുകുന്നുണ്ടെങ്കിൽ, ആ ഗ്രാമപഞ്ചായത്തിന്റെ അധികാരം പുഴയുടെ അത്രയും ഭാഗത്തുമാത്രം. അപ്പോൾ  209 കിലോമീറ്റർ നീളമുള്ള നിളയ്‌ക്ക് എത്ര അവകാശികളുണ്ടെന്നു കണ്ടുപിടിക്കുന്നതുതന്നെ ദുഷ്‌കരം.  

മണൽക്കൊള്ള എന്ന ഭീഷണി

പൊതു ഉടമസ്ഥനില്ലാത്തത് മണൽക്കൊള്ളക്കാർക്കും മലിനീകരണം നടത്തുന്നവർക്കും വേണ്ടുവോളം സ്വാതന്ത്യ്രം നൽകുന്നു.   മണൽവാരൽ തന്നെയാണ് കേരളത്തിലെ എല്ലാ നദികളും നേരിടുന്ന  വലിയ ഭീഷണി.  മണലൂറ്റ് നിയമം മൂലം നിരോധിച്ചതാണ്. പക്ഷേ, മണൽ മാഫിയകൾക്ക് കർശനമായി കടിഞ്ഞാണിടാൻ കഴിഞ്ഞിട്ടില്ല. നിയമങ്ങൾ പലതുമുണ്ടെങ്കിലും അതിനെല്ലാം ധാരാളം പഴുതുകളുമുണ്ട്.

വികസനവും പരിസ്ഥിതിയും സമന്വയിച്ചില്ല

കെട്ടിട നിർമാണത്തിന് മണൽ ആവശ്യമുണ്ട്. എന്നാൽ, വികസനവും പരിസ്ഥിതിയും ഒന്നു മറ്റൊന്നിന് ഹാനികരമല്ലാത്ത രീതിയിൽ സമന്വയിച്ചു മുന്നോട്ടു കൊണ്ടുപോകാനുള്ള നയങ്ങൾ നമുക്കുണ്ടോ? പുഴയിൽ നീരൊഴുക്കിന് തടസ്സമായിവരുന്ന, രൂപംകൊള്ളുന്ന തിട്ടകളിൽനിന്നുമാത്രം മണൽ എടുക്കാനാണ് അനുവാദമുള്ളത്. അനുവദിച്ച കടവുകളിൽനിന്ന്, അനുവദിച്ച അളവിൽമാത്രം. കടവുകൾ വർഷംതോറും മാറ്റുകയുംവേണം. 

ബോധവൽക്കരണം

പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്നുള്ളതു മാത്രമാണ്‌ പോംവഴി. ജീവന്റെ ആധാരം ജലമാണ്, നദികൾ അതിന്റെ വാഹിനികൾ. അവ ഭൂമുഖത്തുനിന്ന്‌ മാഞ്ഞുപോകുമ്പോൾ, അതിനൊപ്പം നാഗരികതകളും മണ്ണടിയും. മനുഷ്യർക്കെന്നപോലെ നദികൾക്കുമിവിടെ ജീവിക്കാൻ അവകാശമുണ്ട്‌.  നദികൾ ജീവിക്കണമെങ്കിൽ, മണൽക്കൊള്ളയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭമുയരണം. ഒരു നദിക്ക് അടിത്തട്ട് എത്രകണ്ട് പ്രധാനപ്പെട്ടതാണെന്നും നദി മനുഷ്യന് എത്രകണ്ടു മുഖ്യമായതാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തണം.  

 മണൽ നദിയുടെ ജീവൻ

നൂറ്റാണ്ടുകളിലൂടെ അനുസ്യൂതമായി നടക്കുന്ന അതിലോലമായ ഭൗമപ്രവർത്തനത്താൽ രൂപം കൊള്ളുന്നതാണ് നദികളിലെ സുന്ദരമായ മണൽ! ഈ മണലാണ് നദിയുടെ ജീവൻ.
മനുഷ്യന്റെ ഇടപെടൽമൂലം ഭംഗം സംഭവിക്കാത്ത ഒരു നദിക്ക്, ഏകദേശം അഞ്ചു മീറ്റർ കനത്തിൽ മണൽ അടിത്തട്ടുണ്ടാകും. പാറയും മറ്റു പലയിനം ചെറുകല്ലുകളും പൊടിഞ്ഞ്, വർഷങ്ങൾ കഴിയുമ്പോഴാണ് അത് നാം ഇന്നുകാണുന്ന രീതിയിലുള്ള മണലായി പരിണമിക്കുന്നത്. സിലിക്കയും, ഫെറിക് ഓക്‌സൈഡും മുതൽ, അഭ്രവും തോറിയവുംവരെയുള്ള ധാതുക്കളും മൂലകങ്ങളും മണലിൽ അടങ്ങിയിരിക്കുന്നു. ഈ മണൽനിക്ഷേപമാണ് പുഴകളിൽ നീരൊഴുക്ക് ക്രമപ്പെടുത്തുന്ന സ്വാഭാവിക തടയണകൾ. ജലം അവിടവിടെത്തന്നെ തടഞ്ഞുനിർത്താനുള്ള ചെറിയ, ചെറിയ അണകൾ. ജലപ്രവാഹത്തെ ഒരുപരിധിവരെ അതിന്റെ വിവിധ ഭാഗങ്ങളിൽ സ്വരൂപിച്ചുനിർത്താൻ നദിക്ക് സ്വാഭാവികമായി ലഭിക്കുന്നൊരു സംവിധാനമാണിത്.
നാലഞ്ചു മീറ്റർ കട്ടിയുള്ളൊരു മണൽത്തട്ട്‌. സദാ  കുതിർന്നിരിക്കുന്ന ഈ മണൽ ശേഖരമാണ് ജലത്തെ സംഭരിക്കാനും ചുറ്റുപാടുകളിലേക്ക് വ്യാപിപ്പിക്കാനുമുള്ള കഴിവ് പുഴകൾക്കു നൽകുന്നത്. അതുകൊണ്ടാണ് മണൽ നിക്ഷേപം നദിയുടെ മജ്ജയും മാംസവുമാകുന്നത്.
പ്രധാന വാർത്തകൾ
 Top