24 January Thursday
ബുക്‌പിക്‌

ചിന്താശാസ്ത്രത്തിന്റെ ഉദ്യാനഭംഗി

ഡോ. യു നന്ദകുമാർUpdated: Sunday Jun 3, 2018
നമ്മൾ ഒരു സംവാദത്തിൽ ഏർപ്പെടുകയാണെന്നു സങ്കല്പിക്കുക. വിഷയം എന്തുമാകട്ടെ;  ആണവനിലയങ്ങൾ, പ്രാഥമിക വിദ്യാഭ്യാസം അല്ലെങ്കിൽ കാലവർഷം. ഇക്കുറി കാലവർഷം കനക്കുമെന്നോ ദുർബലമാകുമെന്നോ എന്തടിസ്ഥാനത്തിലാണ് നാം പറയുക? മിക്കവാറും നമ്മുടെ നിലപാട‌് രൂപംകൊള്ളുന്നത‌് കൃത്യമായ കണക്കു  നിരത്തിയല്ല; പഴയകാലത്തെ മഴക്കണക്കുകൾ ഓർത്തുവച്ചല്ല പല ചർച്ചകളും. എല്ലാ ചർച്ചകളും അതിലടങ്ങിയ ആശയത്തെ രണ്ടായി  വിഭജിച്ച‌്  നടത്തപ്പെടുന്നവയാണ്; നല്ലതും ചീത്തയും, നമ്മളും മറ്റുള്ളവരും, സംസ‌്കാരമുള്ളവരും ഇല്ലാത്തവരും എന്നിങ്ങനെ. നമുക്ക് ഹിതമെന്നുറപ്പുള്ള ഇടത്തിൽ നിന്നായിരിക്കും നാം വാദമുഖമൊരുക്കുന്നത്. അല്ലാതെ തെളിവുകൾ നിരത്തിയാവില്ല.
 
  നമ്മെ അലട്ടുന്ന പ്രശ്നമാണ് വ്യാജവാർത്ത, അഥവാ ഫെയ്ക് ന്യൂസ്. അവ എങ്ങനെ വ്യാജമായി, എന്തെല്ലാം തെളിവുകൾ അവയ‌്ക്കെതിരെ നിരത്താമെന്നൊന്നും ചിന്തിക്കാനോ ചർച്ചചെയ്യാനോ നാം മുതിരാറില്ല. അതായത് വർത്തകൾക്ക‌് അടിസ്ഥാനമായ തെളിവുകളിൽ നമുക്ക് പ്രത്യേക ശ്രദ്ധയില്ല. മനസ്സിൽ വരുന്ന പൊതുധാരണകളിലൂടെ നാം നിലപാടിലെത്തുന്നു. ഇത് നമ്മുടെ മാത്രം പ്രശ്നമല്ല. ലോകമെമ്പാടും എല്ലാവരും അഭിമുഖീകരിക്കുന്നതാണ‌്.  പൊതുധാരണകൾ, നിലപാടുകൾ, തോന്നലുകൾ, ധാരണകൾ എന്നിവ അടിസ്ഥാനപ്പെടുത്തി അഭിപ്രായം രൂപീകരിക്കുമ്പോൾ സമൂഹത്തിലെ യാഥാർഥ്യങ്ങൾ, ഭാവിസാധ്യതകൾ  എന്നിവയെ നിരാകരിക്കലാകും ഫലം. നമ്മുടെ ഭരണം, ആസൂത്രണം, ധനവിനിയോഗം എന്നിവയെയും പ്രതികൂലമായി ബാധിക്കും. ഇതിന‌് പോംവഴി വസ‌്തുതകളെ മാത്രം ആശ്രയിച്ച‌് ആശയങ്ങൾ രൂപീകരിക്കുക എന്നതാണ്. അങ്ങനെയാണല്ലോ വേണ്ടത് എന്നെല്ലാവരും സമ്മതിക്കും. ഒരു പരീക്ഷ നടത്തിയാൽ അതിൽ ഭൂരിപക്ഷം പേരും പരാജിതരാകും. എന്തുകൊണ്ടാണ‌് ഇങ്ങനെ? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയാണ് റോസ്‌ലിങ് കുടുംബം.
 
ഹാൻസ് റോസ്‌ലിങ്, ഒല റോസ്‌ലിങ്, അന്ന റോസ്‌ലിങ് റൊൺലുണ്ട് എന്നിവർ ചേർന്നെഴുതിയ പുസ്തകമാണ് ‘വസ്തുനിഷ്ഠത' (Factfulness – Hans Rosling, Ola Rosling, Anna Rosling Ronnluund; 2018, Sceptre UK).  ഏറെപ്പേരെ ആകർഷിക്കുകയും നിരൂപകശ്രദ്ധ നേടുകയും ചെയ്ത പുസ‌്തകം.  ഹാൻസ് പിതാവും ഒല മകനുമാണ്; അന്ന മകന്റെ ഭാര്യയും. പുസ്തകം വിപണിയിൽ എത്തുംമുമ്പ്  ഹാൻസ് മരിച്ചു 2017ൽ. പൊതുജനാരോഗ്യ വിദഗ‌്ധനും ഗവേഷകനുമായ ഹാൻസ്  ജനങ്ങൾ അറിവിന്റെ അടിസ്ഥാനത്തിലല്ല തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നാണ‌് കണ്ടെത്തിയത്. മകൻ ഒല നമ്മുടെ അറിവില്ലായ്‌മ അളക്കാൻ അജ്ഞതാപരീക്ഷ രൂപകൽപ്പന ചെയ്തു. അന്ന അതിന്റെ സാങ്കതികമികവുറപ്പാക്കി. മൂവരും TED  പ്രഭാഷകർ. ഹാൻസിന്റെ TEDtalk ഇതിനകം 350 ലക്ഷം പേർ കണ്ടുകഴിഞ്ഞെന്നാണ് കണക്ക്. ചിന്തിക്കേണ്ടതെങ്ങനെ എന്നത് നമ്മെ ചിന്തിപ്പിക്കുന്ന പുസ്തകം, ചിന്തയുടെ ആർക്കിടെക്ചർ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന രചന അതൊക്കെയാണ് പുസ്തകത്തെ വ്യത്യസ‌്തമാക്കുന്നത്.
  
മൂവരും ഊന്നുന്നത് ലോകത്തെ നാം മനസ്സിലാക്കുന്നതിൽ വരുന്ന പോരായ‌്മകളിൽ. അതിനാൽ അവർ സൃഷ്ടിച്ച പരീക്ഷ അതിന‌് ചേർന്നതാകുന്നതിൽ ആശ്ചര്യമില്ല. ആകെ ലഘുവായ 13 മൾട്ടിപ്പിൾ ചോയ്‌സ്‌ ചോദ്യങ്ങൾ മാത്രമുള്ള ടെസ്റ്റ്. ഏതാനും ഉദാഹരണം നോക്കാം. ലോകത്തെ ഏറ്റവും പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിൽ എത്ര ശതമാനം പെൺകുട്ടികൾ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കും? ഇന്നത്തെ ആഗോള ആയുർദൈർഘ്യം എത്ര?  20 വർഷത്തിൽ കൊടുംദാരിദ്ര്യത്തിൽ എന്തു മാറ്റമുണ്ടായി (ഇരട്ടിയായി/ പകുതിയായി/ മാറ്റമില്ല)? ലോകമെമ്പാടും 30 വയസ്സുള്ള പുരുഷന്മാർക്ക് ശരാശരി 10 വർഷത്തെ സ്‌കൂൾ വിദ്യാഭ്യാസമുണ്ട്. എങ്കിൽ 30 വയസ്സുള്ള സ്ത്രീകൾക്ക് എത്രവർഷം വിദ്യാഭ്യാസമുണ്ടാകും? ഒറ്റനോട്ടത്തിൽ ചില കാര്യങ്ങൾ വ്യക്തമാകും. എല്ലാം എളുപ്പം ഉത്തരം പറയാൻ സാധിക്കുന്നവ. എല്ലാത്തിനെക്കുറിച്ചും കൃത്യമായ വിവരങ്ങൾ ലഭ്യമായവ. എന്നിട്ടും ലോകമെമ്പാടും ആറു ശരിയുത്തരമെങ്കിലും പറഞ്ഞവർ വിരളം. അപ്പോൾ നമ്മുടെ അറിവ് എത്രകണ്ട് പിന്നോക്കാവസ്ഥയിലാണെന്ന‌് നാം മനസ്സിലാക്കുന്നു. അറിവിന്റെയും വസ‌്തുതയുടെയും ഇടയിലെ വിടവ് എന്തുകൊണ്ടാണ് നിലനിൽക്കുന്നത് എന്നതിലേക്ക് നമ്മുടെ ശ്രദ്ധയാകർഷിക്കുകയാണ് റോസ്‌ലിങ് അടുത്തഘട്ടത്തിൽ.
 
ലോകത്തെപ്പറ്റി നമ്മുടെ തെറ്റിദ്ധാരണയുടെ ഉറവിടം വികസിതം, വികസ്വരം (അവികസിതം) എന്ന വിഭജനമാണ്. എല്ലാവരെയും രണ്ടു ചേരിയിലാക്കി വിഭവന ചെയ്യാൻ ഇതു നമ്മെ പ്രേരിപ്പിക്കുന്നു. യഥാർഥത്തിൽ ഒരേ സ്ഥലത്തുതന്നെ ദാരിദ്ര്യവും സമ്പന്നതയും സമാന്തരമായി നിലനിൽക്കാം. ഒരു അമേരിക്കൻ പൗരനേക്കാൾ സമ്പന്നനായവർ ഇന്ത്യയിലുണ്ട്; ദാരിദ്ര്യത്തിൽ കൂപ്പുകുത്തിയവർ അയൽപക്കത്തുണ്ട്. ഇതെല്ലം അറിയാമെങ്കിലും നാം ഇതേ വിഭജനത്തിൽനിന്ന‌് ചിന്തിക്കുന്നു. കാരണം ഇത്തരം വിഭജനങ്ങൾ വളരെ എളുപ്പം മനസ്സിൽ പതിയും. റോസ്‌ലിങ് നാലു തലത്തിൽ ജനങ്ങളെ വിഭജിക്കുന്നു:  ഏറ്റവും ദരിദ്രർ ഒന്നാം തലത്തിൽ; അവർ 100 കോടി.  അവരുടെ നാലിരട്ടി വരുമാനമുള്ളവർ രണ്ടാം തലം. അവിടെ ജനസംഖ്യ 300 കോടി. അതിന്റെ നാലിരട്ടി വരുമാനമുള്ളവർ മൂന്നാം തലത്തിൽ; 200 കോടി പേർ.  ബാക്കിയുള്ള 100 കോടി ജനങ്ങൾക്ക് വീണ്ടും നാലിരട്ടി വരുമാനം, അവർ നാലാം തലം. ഒരേ രാജ്യത്തിൽ നാലു വിഭാഗത്തിലുള്ളവരും ഉണ്ടാകും.സമൂഹത്തിനുവേണ്ടി എന്ത് പദ്ധതി ചിന്തിച്ചാലും ഈ നാലു വിഭാഗങ്ങളെ എങ്ങനെ ബാധിക്കുമെന്ന് കണ്ടെത്തണം. കുടിവെള്ളം, ആരോഗ്യം, സുരക്ഷിതത്വം, വിദ്യാഭ്യാസം എന്നിവയെല്ലാം ഓരോ തലത്തിൽ ജീവിക്കുന്നവർക്കും വ്യത്യസ‌്ത രീതിയിലാണ് അനുഭവപ്പെടുക.
 
മറ്റനേകം മിഥ്യാധാരണകൾ നമ്മുടെ ഉള്ളിലുണ്ട്. അവയിലൊന്ന് എല്ലാ മാറ്റങ്ങളും ഒരു നേർരേഖയിൽ പുരോഗമിക്കുന്നു എന്ന തോന്നലാണ്; രോഗങ്ങൾ വരുന്നതായാലും സമ്പന്നരാകുന്നതായാലും. ഇബോള രോഗം പടർന്നുപിടിച്ചപ്പോൾ ആദ്യം എല്ലാവരും അത് സാവധാനം വികസിക്കുമെന്നു കരുതി. കണക്കുകൾ വന്നപ്പോൾ ധാരണകൾ പൊളിഞ്ഞു: ഒരാളിൽനിന്നു മൂന്നുപേരിലേക്കാണ് പകരുന്നത്. അതായത്, രോഗബാധിതരുടെ എണ്ണം ഇരട്ടിക്കാൻ കേവലം മൂന്നാഴ‌്ച  മതി. വ്യാപക പ്രതിരോധമില്ലെങ്കിൽ ലോകമാകെ പടരും. ഇന്നത്തെ നിപാ  വൈറസ് ആക്രമണം താരതമ്യപ്പെടുത്തൂ; അത് ഒരാളിൽനിന്ന് ഒരാളിലേക്ക് എന്ന തോതുപോലുമില്ല. അതിനർഥം ശക്തിയായ പ്രതിരോധം ഫലം കാണാൻ സാധ്യതയുണ്ടെന്നാണ്. അതാണ് നാം കാണുന്നതും.
 
ചിന്തിക്കുന്നതിനു ശാ‌സ‌്ത്രമുണ്ടെന്നും വസ‌്തുനിഷ‌്ഠതയോടെ ചിന്തിച്ചുശീലിക്കേണ്ടത് സാമൂഹ്യപുരോഗതിക്ക് അനിവാര്യമാണെന്നും റോസ്‌ലിങ് പഠിപ്പിക്കുന്നു. വളരെ രസകരമായ ഉദാഹരണങ്ങളും വാദമുഖങ്ങളും ഒരുക്കിയാണ് ഗ്രന്ഥത്തിന്റെ രൂപകൽപ്പന. ചിന്തകൾകൊണ്ട് നിറഞ്ഞ ഉദ്യാനത്തിലൂടെ യാത്രചെയ്യുന്ന അനുഭവം. ഗൗരവമായി ചിന്തിക്കാൻ ആഗ്രഹമുള്ളവർ വായിക്കേണ്ട കൃതി.
 
unnair@gmail.com
പ്രധാന വാർത്തകൾ
 Top