24 May Friday

എന്റെ തിയറ്റർതന്നെ എന്റെ സിനിമ

വിനോദ്‌ പായംUpdated: Sunday Jun 3, 2018

സുവീരൻ

സാമുവൽ ബക്കറ്റിന്റെ ഗോദോയെ നാട്ടുകാർക്ക് അങ്ങനെ പരിചയമില്ലാത്ത കാലത്താണ് സുവീരൻ എന്നൊരു വിചിത്രമായ പേരുകാരൻ തൊണ്ണൂറുകളിലെ ക്യാമ്പസുകളിലേക്കെത്തുന്നത്. ഗോഥോയുടെ വരവ് കാത്തുനിൽക്കുന്ന വ്ളാദിമിറായി സുവീരൻ ചെറുപ്പക്കാരെ നീറ്റി. ഇനി കാത്തുനിന്നിട്ടെന്തു കാര്യം എന്ന് ആശങ്കയോടെ പ്രതികരിച്ചു. ഉടമ്പടിക്കോലം, അഗ്നി, ആയുസ്സിന്റെ പുസ്തകം... എന്നിങ്ങനെ നാടകത്തിലൂടെ അരങ്ങിനെ നടുക്കിയ സുവീരൻ, തിരശ്ശീലയിലേക്ക് മാറുമ്പോഴും കലയുടെ കരുത്തിനെ കൈവിട്ടുകളഞ്ഞില്ല. 2011ൽ മികച്ച ഫീച്ചർ സിനിമയ്ക്കുള്ള ദേശീയാംഗീകാരം നേടിയ ബ്യാരി ഭാഷയിലുള്ള 'ബ്യാരി' എന്ന സിനിമ സംവിധാനംചെയ്താണ് അദ്ദേഹം വരവറിയിച്ചത്. എഴുത്തുകാരൻ, ചിത്രകാരൻ എന്നീ നിലകളിലും സാന്നിധ്യമറിയിച്ച അദ്ദേഹം കോഴിക്കോട് അഴിയൂർ സ്വദേശിയാണ്. തൃശൂർ, പുതുച്ചേരി, ഡൽഹി ഡ്രാമ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിച്ചു. അദ്ദേഹത്തിന്റെ രണ്ടാമത്തെ ശ്രദ്ധേയമായ ഫീച്ചർ ഫിലിമാണ് മഴയത്ത്.
 
● എന്താണ് 'മഴയത്ത്' എന്ന സിനിമ പറഞ്ഞുവയ്ക്കാൻ ശ്രമിച്ചത്?
 
= നമ്മുടെ കുടുംബങ്ങളിൽ എല്ലാവർക്കും അറിയുന്നതും എന്നാൽ ആർക്കും തുറന്നുപറയാൻ പറ്റാത്തതുമായ ഒരുവിഷയത്തെയാണ് ഞാൻ സമീപിച്ചത്. എല്ലാ കുടുംബങ്ങളിലും അതിന്റെ ബന്ധങ്ങളിലും സംഗീതംപോലെ തോന്നിക്കുന്ന ഇഴയടുപ്പവും അതിലെ ചില പാകപ്പിഴകളും കാണും. അതെന്താണെന്ന് ചോദിച്ചാൽ ആർക്കും പെട്ടെന്ന് പറയാൻ കഴിഞ്ഞെന്നുവരില്ല. സിനിമ കണ്ടൊരാൾ പറഞ്ഞൊരു കാര്യം ഞാൻ രസകരമായി ഫെയ്സ്ബുക്കിൽ ഇട്ടിരുന്നു. അതിങ്ങനെയാണ്: 'മഴയത്ത് എന്ന സിനിമ ബാഹുബലിപോലെയാണ്. രണ്ടാംഭാഗം കണ്ടാലേ ആരാണ് ചെയ്തതെന്ന് അറിയൂ'. ഞാൻ സിനിമയുടെ മേക്കിങ് സംബന്ധിച്ച കാര്യങ്ങളിലെ താരതമ്യമല്ല ഉദ്ദേശിച്ചത്. എന്താണ് സംഭവിച്ചത് എന്നറിയാനുള്ള കൗതുകമുണ്ടല്ലോ, അത് എന്റെ ഈ കൊച്ചു സിനിമയിലും വർക്കൗട്ടായി എന്നൊരു സന്തോഷം പങ്കുവച്ചെന്നേയുള്ളൂ. കലയുടെ ഒരു ദൗത്യം ഇത്തരം കൗതുകങ്ങൾ, മറച്ചുവച്ച കാര്യങ്ങളെ വെളിപ്പെടുത്തൽ, സുന്ദരമായി പ്രദർശിപ്പിക്കൽ തുടങ്ങിയവകൂടിയാണെന്ന്് ഞാൻ വിചാരിക്കുന്നു. അതിൽ 'മഴയത്ത്' എന്ന സിനിമ വിജയിച്ചിട്ടുണ്ടോ എന്ന് വിലയിരുത്തേണ്ടത് പ്രേക്ഷകരാണ്.
 
കുടുംബങ്ങളിലെ അച്ഛൻ, മകൾ, അമ്മ തുടങ്ങിയ ബന്ധങ്ങളെ സംശുദ്ധം എന്ന് നമ്മൾ പ്രത്യേകിച്ച് പറഞ്ഞ് അറിയിക്കേണ്ടതില്ല. അത് തകരുമ്പോൾ ഉണ്ടാകുന്ന, എന്നാൽ പുറത്തേക്ക് പ്രത്യക്ഷമായി വിശദീകരിക്കാൻ പറ്റാത്ത, കേരളത്തിലെ മധ്യവർഗ കുടുംബങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന വിഷയങ്ങളാണ് ഞാൻ സിനിമയിൽ മുന്നോട്ടുവച്ചത്. വളരെ സാധാരണമായ വിഷയം, ശ്രദ്ധിച്ചില്ലെങ്കിൽ അശ്ലീലമായിപ്പോകാവുന്ന ഒരു വിഷയം, പുതിയ ഭാഷയിലൂടെ ഞാൻ കാണാൻ ശ്രമിച്ചു എന്നതാണ് ഈ സിനിയുടെ പ്രത്യേകത.
 
● സുവീരൻ ദേശീയ അവാർഡ് ജേതാവാണ്. വലിയ പ്രതീക്ഷയാണ് ഇപ്പോഴും താങ്കളുടേതുപോലുള്ള ആൾക്കാരുടെ സിനിമ പ്രേക്ഷകർ കാണാൻ പോകുമ്പോൾ. അതൊരു സമ്മർദമാണോ?
 
= പ്രാഥമികമായി ഞാനൊരു തിയറ്റർ ആർട്ടിസ്റ്റാണ്. അതിന്റെ സ്വാഭാവികമായ പരിണാമംമാത്രമായാണ് ഞാൻ സിനിമയെയും കാണുന്നത്. സിനിമയിൽ മിക്കവരും അങ്ങനെതന്നെയാണല്ലോ. ഋത്വിക് ഘട്ടക് മുതലിങ്ങോട്ട്, കേരളത്തിൽ പി ജെ ആന്റണി, തിലകൻ മുതലിങ്ങോട്ട്; അരങ്ങിന്റെ കരുത്തിന്റെ സ്വാഭാവികമായ പരിണാമമാണ് സിനിമ. ഒരു കലാകാരന്, അത് ഏത് മാധ്യമമായാലും പറയാനുള്ളത്, പ്രദർശിപ്പിക്കാനുള്ളത് ആത്മാർഥതയോടെ, ഭംഗിയോടെ ചെയ്യുന്നു എന്നേയുള്ളൂ. അതിൽ ആശങ്കയുടെയോ സമ്മർദത്തിന്റെയോ കാര്യമില്ലല്ലോ. നാടകത്തിൽ അത് ജൈവികമായ ഒരു കലയാണ്. രേഖപ്പെടുത്തൽ അരങ്ങിൽ മാത്രമേയുള്ളൂ. അരങ്ങ് പിന്നിട്ടാൽ അത് ഇല്ലാതായി. അതേസമയം, സിനിമ മെക്കാനിക്കലായ രേഖപ്പെടുത്തൽകൂടിയാണ്. സ്ഥിരമായ രേഖപ്പെടുത്തൽകൂടിവേണം എന്ന് തോന്നുന്നതുകൊണ്ടാണ് തിയറ്ററിന്റെ തുടർച്ചയായി സിനിമ മാറുന്നത്. 
 
● അപ്പോൾ തിയറ്ററിന്റെ സംതൃപ്തി സിനിമയിൽ കിട്ടുന്നുണ്ട്?
 
= സംതൃപ്തി ആപേക്ഷികമായ ഒരു കാര്യമല്ലേ. ഏത് വർക്കിനാണ് പൂർണ തൃപ്തി നമുക്ക് ലഭിക്കുക. കൊള്ളാം എന്ന് മറ്റുള്ളവർ പറയുമ്പോൾ നമ്മൾക്ക് സന്തോഷം. പിന്നീടത് നോക്കുമ്പോൾ പോരാ എന്ന അഭിപ്രായവും വരാം.
'മഴയത്ത്'  സിനിമയിൽനിന്ന്‌

'മഴയത്ത്' സിനിമയിൽനിന്ന്‌

 
● സുവീരനെ ആൾക്കാർ എങ്ങനെ അടയാളപ്പെടുത്തണം എന്നാണ്? സിനിമാക്കാരൻ എന്നോ? തിയറ്റർ ആർട്ടിസ്റ്റ് എന്നോ?
 
= അങ്ങനെ കള്ളിതിരിച്ച് നിർത്തുന്നത് എന്തിനാണ്. കലാജീവിതത്തിന്റെ പോസിറ്റീവായ തുടർച്ചതന്നെയാണ് ഇപ്പോൾ നടക്കുന്നത്. ആത്യന്തികമായി ഞാനൊരു എക്സ്പ്രഷനിസ്റ്റാണ്. അത് ഏത് മാധ്യമത്തിലായാലും തുടരുന്നുവെന്നേയുള്ളൂ. സാഹിത്യത്തിൽ കഥ, നോവൽ, കവിത എന്നിങ്ങനെയൊക്കെയുണ്ടല്ലോ. അതിൽ നമുക്ക് പറയാൻ ഏത് മാധ്യമം യോജ്യമായത് എന്ന് തിരിച്ചറിഞ്ഞ് പ്രയോഗിക്കുന്നുവെേന്നയുള്ളൂ. കള്ളി തിരിച്ച് കാണേണ്ട കാര്യമില്ല. 
 
● അപ്പോൾ അവാർഡ് സിനിമക്കാരനാണോ സുവീരൻ, അതോ കച്ചവട സിനിമയാണോ താൽപ്പര്യം?
 
= കലയും ഉൽപ്പന്നങ്ങളാണ്. കച്ചവടസിനിമയ്ക്ക് അതിന്റേതായ രീതിശാസ്ത്രമുണ്ട്. താരങ്ങൾവേണം. വലിയതോതിലുള്ള മുതൽമുടക്ക് വേണം. അത് കിട്ടിയാൽത്തന്നെ ഗൗരവമായി സമീപിച്ചില്ലെങ്കിൽ, കച്ചവടസിനിമയാണെങ്കിൽക്കൂടി വളരെയെളുപ്പത്തിൽ അത് അശ്ലീലമായിപ്പോകും. സാമൂഹ്യവിരുദ്ധവുമാകും. സിനിമയിൽ ഹെൽമെറ്റില്ലാതെ ബൈക്കോടിച്ചാൽപ്പോലും മുന്നറിയിപ്പ് സ്ക്രീനിൽ എഴുതിക്കാണിക്കും. എന്നാൽ, നായകൻ ഗുണ്ടകളെ അടിച്ച് പരിക്കേൽപ്പിച്ച് നിയമം കൈയിലെടുത്താൽ നമ്മൾ കൈയടിക്കും. ശരിക്കും ഒരാളെ മർദിക്കുന്നത് നിയമലംഘനമാണ്. എന്നാൽ, നിയമം ലംഘിച്ച കല എന്ന രീതിയിൽ അതിനെ വ്യാഖ്യാനിക്കാനും കഴിയില്ല. കലയിലെ ഇത്തരം വൈരുധ്യങ്ങൾ പ്രകടമാകാതെ യോജ്യമായ രീതിയിൽ പ്രേക്ഷകന് അനുഭവിപ്പിക്കുക എന്നതാണ് എന്റെ സിനിമയുടെ ധർമം. അത്തരം ചർച്ചകൾ ഇപ്പോഴും ഞാൻ നടത്തിക്കൊണ്ടിരിക്കുന്നു. സിനിമാക്കാരനായിത്തന്നെ ഞാൻ അടുത്ത പ്രോജക്ടിനുള്ള ചർച്ച നടത്തുന്നു. അതിൽ അവാർഡ്‐കച്ചവട സിനിമാ വേർതിരിവുകളുടെ കാര്യമില്ല. വിപണിയുടെകൂടി താൽപ്പര്യമറിഞ്ഞ്, എനിക്ക് ബോധ്യമാകുന്ന സിനിമകളുടെ സംവിധായകനായിരിക്കുക എന്നതിലാണ് കാര്യമെന്ന് ഞാൻ വിചാരിക്കുന്നു.
**********
കാറിൽനിന്ന് ഇറങ്ങി തിയറ്ററിനുള്ളിൽ കയറുമ്പോഴേക്കും പെരുമഴ പെയ്തുതുടങ്ങിയിരുന്നു. നനഞ്ഞുകൊണ്ടാണ് കയറിയത്. പക്ഷേ, ആ തണുപ്പും മഴയും പിന്നെ പോയതേയില്ല. സുവീരൻ എന്ന സംവിധായകൻ മികച്ച ഒരു ആർട്ടിസ്റ്റാണെന്ന് 'മഴയത്ത്' തെളിയിക്കുന്നു. ഇപ്പോഴും ചങ്കിൽ കൊള്ളുന്നു ചില വാക്കുകളും കരച്ചിലുകളും പിന്നെയൊരു പെരുമഴയും...
 
('മഴയത്ത്' സിനിമ കണ്ട് ഒരാൾ ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ)
 
vinodpayam@gmail.com

 

പ്രധാന വാർത്തകൾ
 Top