23 January Wednesday

കവിത വിതച്ചും കൊയ്‌തും

പി ആർ രതീഷ്‌Updated: Sunday Sep 2, 2018

ഒന്നുമല്ലാതെ പോകുമായിരുന്ന ഒരുവന്റെ ഓർമകളിൽ പെയ്തുനിറയുന്ന മഴയാണ് എനിക്കുകവിത. പ്രാണനിൽ ചേക്കേറി കരളു പിളർത്തിപോയ ചില പെൺകവിതകളുണ്ട് ഏതോ നാട്ടിൽ ഞാൻ വർഷിച്ച പ്രണയകവിതയും നനഞ്ഞ് ജീവിക്കുന്നുണ്ടാവും അവരിപ്പോൾ, വിരഹത്തിന്റെ, ഭ്രാന്തിന്റെ, അസ്വസ്ഥതയുടെ ഓർമക്കുന്നുകളിലേക്ക് നടക്കാനിറങ്ങുമ്പോൾ കവിത പ്രകാശമായി കൂടെ നടക്കുന്നു 

കവിത എന്നെ വന്നുതൊട്ടത് എന്നായിരിക്കും? ആറാം ക്ലാസിലെ അവസാനകാലത്തായിരിക്കുമെന്നാണ് ചെറിയൊരോർമ. പറയാൻ തറവാടോ, പാരമ്പര്യമോ ഇല്ലാത്ത എനിക്ക് കവിത അഭയമാകുകയായിരുന്നു. ആത്മഹത്യ ചെയ്യാതിരിക്കാനുള്ള എന്റെ വലിയ ശ്രമങ്ങളിലൊന്നാണ് കവിതകൊണ്ടുള്ള പ്രതിരോധം. അച്ഛന്റെയും അമ്മയുടെയും വീടുകൾ അടുത്തടുത്തായിരുന്നു. അവർ ബന്ധുക്കളുമായിരുന്നു. സ്നേഹമോ വാത്സല്യമോ പരിഗണനയോ കിട്ടാതെ ഞാനുഴറുകയായിരുന്നു. എല്ലാവരുമുണ്ടായിട്ടും അനാഥനായി ജീവിക്കേണ്ടി വന്നവന്റെ വെളിപാടുകൾതന്നെയാണ‌് എനിക്ക് കവിത.

ചെറിയ പ്രായത്തിലേ ജോലി കിട്ടിപ്പോയ മകന് കത്തെഴുതി കൊടുക്കാൻ അമ്മമ്മ  ആവശ്യപ്പെടാറുണ്ട്. നീല ഇൻലൻഡിൽ നല്ല കൈയക്ഷരത്തിൽ മാമന്റെ വിശേഷങ്ങൾ ചോദിച്ചും അമ്മമ്മയുടെ വിശേഷങ്ങളറിയിച്ചും എന്റെ എഴുത്തിന്റെ ലോകം വിശാലമായി. കേട്ട കഥകളൊക്കെ പിന്നീട് തിരുത്തേണ്ടി വന്നിട്ടുണ്ട്. സ്വന്തം വഴി ഉണ്ടാക്കാൻ ശ്രമിക്കുന്നവനു മുന്നിൽ പ്രതിസന്ധിയുടെ കരിമേഘങ്ങൾ ആഞ്ഞുവീശിക്കൊണ്ടിരുന്നു. ബാല്യത്തിലേ ഒറ്റയായതുകൊണ്ടാകാം അനുസരണശീലം ഇല്ലാതെപോയത്. അതുകൊണ്ടുതന്നെയാകണം, കരുത്തുനേടാനുള്ളതാണ് ജീവിതമെന്ന് ഞാനെന്റെ മനസ്സിനെ പഠിപ്പിക്കാൻ ശ്രമിക്കുന്നതും.

ഒരിക്കലും തിരിച്ചുവരാത്ത മകളെക്കുറിച്ചുള്ള ദുഃഖവും പേറി ജീവിച്ച അമ്മമ്മയും അച്ഛച്ഛനും മനസ്സിലിപ്പോഴും നീറ്റലായി ജീവിക്കുന്നു. ഒരിക്കലും കണ്ടിട്ടില്ലാത്ത അമ്മയുടെ ചേച്ചിയുടെ മുഖം എന്റെ അനാഥരാത്രികളുടെ ചുമരിൽ ഞാനിപ്പോഴും തിരയാറുണ്ട്.
ഒമ്പതാം ക്ലാസിലെത്തുമ്പോഴേക്കും മനസ്സിൽ കവിതയും രാഷ്ട്രീയവും കലങ്ങിമറിഞ്ഞു. പിന്നീട് കവിതയില്ലാത്ത രാപ്പകലുകൾ. ജോലിമാത്രമായിരുന്നു ലക്ഷ്യം. വഴിവെളിച്ചമാകാൻ അന്നുമിന്നും ആരുമുണ്ടായിരുന്നില്ല. ഏതൊക്കെയോ വഴികൾ. എന്തൊക്കെയോ പഠിക്കാൻ ശ്രമിച്ചു. ഇപ്പോഴും ഒന്നുമല്ലാതെപോയ ഒരു ജീവിതത്തിന് കവിത മേൽവിലാസവും മേൽക്കൂരയും തന്നു.
 
ആദ്യ കവിത വെളിച്ചം കണ്ടത് 2002ൽ. അതോടെ എന്റെ ഇടം ഞാൻ കണ്ടെത്തി. വീടിനോടുള്ള പ്രതിഷേധം എന്നെ നിരന്തരസഞ്ചാരിയാക്കി. കവിതാക്യാമ്പുകളും കത്തെഴുത്തും അന്തമില്ലാത്ത യാത്രകളും ആരംഭിക്കുകയായി. കിട്ടിയ ജോലികളിലൊന്നിലും തൃപ്തി വന്നില്ല. 2005ൽ ആദ്യ പുസ്തകം കനൽ പെയ്യുന്ന മേഘങ്ങൾ. തുടർന്ന് ആറുപുസ്തകം. മുപ്പതിനായിരത്തിലധികം കോപ്പി.
 
 നിലവിളികൾ നിറഞ്ഞ വരികൾ സമാനഹൃദയർ ഏറ്റെടുത്തു. പലരും ചേർത്തുനിർത്തി. പത്തുവർഷം ഞാൻ അലയുകയായിരുന്നു, ഓരോ നാടും ഓരോ വീടും എന്റേതാക്കിത്തീർത്തു. ആരൊക്കെയോ വിളമ്പിയ അന്നവും ആരൊക്കെയോ തന്ന വസ്ത്രങ്ങളും വണ്ടിക്കൂലിയും ജീവിതത്തിന് തണലായി, എണ്ണിയാൽ തീരാത്ത സൗഹൃദങ്ങളുടെ ഇടയിൽ ഞാനിപ്പോഴും ജീവിക്കുന്നു. സ്വപ്നംകണ്ട പല മുഖങ്ങളും എന്റെ സ്വന്തമായി ഓരോ നാട്ടിലേക്കുള്ള ദൂരവും ചുരുങ്ങിത്തുടങ്ങി.
തൃശൂർ  എന്റെ പ്രിയപ്പെട്ട നഗരമായി. കോഴിക്കോട്ടുകാരനായ ഞാനെങ്ങനെ തൃശൂരിലെത്തി എന്നറിയില്ല. പി കുഞ്ഞിരാമൻനായരുടെ ആത്മകഥ എന്നെ വല്ലാതെ സ്പർശിച്ചിരിക്കണം.
 
കോഴിക്കോടുനഗരം കഴിഞ്ഞ് തിരൂർ, പട്ടാമ്പി, ഷൊർണൂർവഴി  തൃശൂർ എത്തുമ്പോൾ ഞാനെന്നെ വീണ്ടെടുത്തതായി തോന്നാറുണ്ട്. മറ്റൊന്നുമായിരിക്കില്ല ഇടകലർന്ന് ജീവിക്കുന്ന കുറെ മനുഷ്യർ, നിരന്തരം ചർച്ചകൾ, ഇത് കവിതയുടെ ഭൂമി, സൗഹൃദത്തിന്റെ ഭൂമി, എന്റെ ജീവിത ഭൂമി. പേരാറിന്റെ നന്മയും പെരിയാറിന്റെ തണുപ്പുമുള്ള എന്റെ പ്രണയിനിയുടെ നാട്...
 
വായനക്കാർ എന്റെ  സഹോദരങ്ങളായി. ഓരോ ഓണത്തിനും വിഷുവിനും പുത്തനുടുപ്പുകൾ എന്നെ തേടിവന്നു. ബാല്യ‐ കൗമാരങ്ങളിൽ ഓണമെന്നാൽ ഭക്ഷണം മാത്രമായിരുന്നു. കാലംമാറി ചോരബന്ധത്തേക്കാൾ മഹത്തരമാണ് സ്നേഹബന്ധമെന്ന് തിരിച്ചറിഞ്ഞു. പേരിനുവേണ്ടി കുടുംബം പറയുന്ന പലരെയും നിഷേധിക്കാൻ തുടങ്ങി. ഉള്ളിലെ മുറിവിന്റെ തീവ്രത കൂടുന്തോറും എന്നിലെ സഞ്ചാരി അസ്വസ്ഥനായി. അവാർഡുകളും അംഗീകാരങ്ങളും വേണ്ടെന്നുവച്ചു.  പ്രിയപ്പെട്ട ഓരോ വായനക്കാരും പ്രിയമുള്ള അവാ ർഡുകളായി.
 
അലച്ചിലുകൾക്കിടയിലും ജോലി  വലിയൊരു സ്വപ്നമായി. കാണാപ്പാഠം പഠിച്ച് സർക്കാരുദ്യോഗം നേടുക എന്നത്  അസാധ്യമാണെന്നറിഞ്ഞു. ഞാൻ ജീവിക്കേണ്ടത് എന്റെമാത്രം ആവശ്യമാണെന്ന് തിരിച്ചറിയുമ്പോൾ, പടവെട്ടി മുന്നോട്ടുതന്നെ നീങ്ങി. വെയിൽ ബുക്സ് എന്ന സമാന്തര പ്രസാധക സംരംഭം പിറന്നു. കവിതാസമാഹാരങ്ങൾക്ക് ആവശ്യക്കാരേറി. പുസ്തകത്തിന്റെ വിലയേക്കാൾ പതിൻമടങ്ങ് പ്രതിഫലം തന്ന് എന്റെ ജീവിതത്തിന് തണലാകുന്നവരുണ്ടിപ്പോഴും. പുറത്തിറങ്ങാനുള്ള പുസ്തകത്തിന്റെ ആദ്യ കോപ്പിക്ക് വില തന്ന സുഹൃത്തേ, നിങ്ങളെന്ന ജീവിതത്തിലേക്കാണ് പിടിച്ചുയർത്തുന്നത്.
ഞാനലഞ്ഞ നാടുകൾ, അന്തിയുറങ്ങിയ റെയിൽവേ സ്റ്റേഷനുകൾ, ഹോസ്റ്റൽ മുറികൾ, സുഹൃത്തുക്കളുടെ വീടുകൾ, കവിതകൊണ്ടും ഒരാൾക്ക് ജീവിക്കാനാകുമെന്ന് എന്റെ ജീവിതം എന്നെ പഠിപ്പിച്ചു. ചില ഓർമകളുണ്ട് ഒരു കവിതയിലും എഴുതാനാകാത്തത്, ചില പ്രണയങ്ങളുണ്ട് ഒരിക്കലും വരയ്ക്കാനാകാത്തത്, ചില നിമിഷങ്ങളുണ്ട് ഭാവിയിലേക്ക് വെളിച്ചം ചുരത്തുന്നത്.
 
ഒന്നുമല്ലാതെ പോകുമായിരുന്ന ഒരുവന്റെ ഓർമകളിൽ പെയ്തുനിറയുന്ന മഴയാണ് എനിക്ക‌് കവിത. പ്രാണനിൽ ചേക്കേറി കരളു പിളർത്തിപ്പോയ ചില പെൺകവിതകളുണ്ട് ഏതോ നാട്ടിൽ ഞാൻ വർഷിച്ച പ്രണയകവിതയും നനഞ്ഞ് ജീവിക്കുന്നുണ്ടാകും അവരിപ്പോൾ. വിരഹത്തിന്റെ, ഭ്രാന്തിന്റെ, അസ്വസ്ഥതയുടെ ഓർമക്കുന്നുകളിലേക്ക് നടക്കാനിറങ്ങുമ്പോൾ കവിത പ്രകാശമായി കൂടെ നടക്കുന്നു. എന്റെ ജീവിതംതന്നെയാണ് എന്റെ കവിതയിലെ ഗുരു. എന്റെ വേദനകൾതന്നെയാണ് കവിതയിലെ വരികൾ. എനിക്കു പിറക്കാതെ പോയ സ്വപ്നങ്ങളാണ് എന്റെ കവിതയുടെ വിരഹം.
 
കവിതയില്ലാത്ത, സൗഹൃദമില്ലാത്ത, യാത്രയില്ലാത്ത, എന്നെയെനിക്കിഷ്ടമല്ല. നിരന്തരസഞ്ചാരവും നിരവധി മനുഷ്യരെ തേടിയും പല രുചികളിൽ നിറച്ചും പല മുറിവുകളിൽ തളിർത്തും സ്നേഹംകൊണ്ട് കലഹിക്കാനും കലഹിക്കുമ്പോൾ സ്നേഹിക്കാനും കഴിയുന്ന ഒരു മനസ്സുമായി ഞാനിപ്പോഴുമലയുകയാണ്, ജീവിതംതേടി ഒരിക്കലും അവസാനിക്കാത്ത പ്രണയംതേടി, ഭൗതിക ജീവിതം തരാതെ പോയ നന്മകളൊക്കെ കവിത തരുമെന്ന പ്രതീക്ഷയാൽ, ചിലപ്പോൾ ഞാനേത്, കവിതയേത് എന്നറിയാതെ ഇനിയുമേറെ യാത്ര പോകാനുണ്ട്, പ്രിയപ്പെട്ട കവിതേ നീ മാത്രമാണ് എന്റെ ജീവിതം.
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top