19 September Saturday

പേര്‌ ഉമ വയസ്സ്‌ 21 ഹോബി ഹിച്ച്‌ഹൈക്കിങ്‌

അക്ഷിത രാജ്‌ akshitharaj2014@gmail.comUpdated: Sunday Aug 2, 2020

ഉമ ദിബ്രുഗഡിലെ ഗ്രാമീണർക്കൊപ്പം (വലത്‌)

കൈയിൽ കാശൊന്നുമില്ലാതെ കുന്നംകുളത്തുനിന്ന്‌ അസംവരെ യാത്ര ചെയ്‌ത ഉമ റോയി എന്ന ഇരുപത്തൊന്നുകാരിയുടെ ഹിച്ച്‌ഹൈക്കിങ്‌ വിശേഷങ്ങൾ

തൃശൂരിലെ കുന്നംകുളംമുതൽ അസംവരെ... അയ്യായിരത്തോളം കിലോമീറ്റർ... കൈയിൽ ഒരു രൂപ പോലുമില്ലാതെ ഇരുപത്തൊന്നുകാരിയുടെ പത്തു മാസത്തെ യാത്ര... എങ്ങനെ? ഹിച്ച്‌ഹൈക്കിങ്‌... കിട്ടുന്ന വാഹനത്തിന്‌ കൈകാണിക്കും, അങ്ങനെ അതിൽ കയറിക്കൂടും. സന്ദിഗ്‌ധതയിലും കൈവിടാത്ത ലക്ഷ്യബോധവും ധൈര്യവുംമാത്രമാണ്  ഹിച്ച്ഹൈക്കറുടെ മുടക്കുമുതൽ. എട്ട്‌ സംസ്ഥാനവും ഒരു കേന്ദ്രഭരണപ്രദേശവും താണ്ടിയ ഉമ റോയിയെ ഇന്ന്‌ പലർക്കുമറിയാം. ലോക്‌‌ഡൗൺ പ്രഖ്യാപിക്കുമ്പോൾ അസമിൽ കുടുങ്ങിയ ഉമ ആരെയും അത്ഭുതപ്പെടുത്തുന്ന യാത്ര കഴിഞ്ഞ്‌ കുന്നംകുളത്ത്‌‌ തിരിച്ചെത്തി.  ആത്മധൈര്യം മൂലധനമാക്കി വീട്ടിൽനിന്നിറങ്ങിയ ഈ മിടുക്കിയുടെ  ഹിച്ച്‌ഹൈക്കിങ്‌ വിശേഷങ്ങളിലേക്ക്‌. 

അസമിലെ ആറു‌ മാസം

യാത്ര തുടങ്ങുന്നത്‌ 2019 സെപ്‌തംബർ മൂന്നിന്‌. തമിഴ്‌നാട്‌, പോണ്ടിച്ചേരി, കർണാടക, ആന്ധ്രപ്രദേശ്‌, തെലങ്കാന, ഒഡിഷ, പശ്‌ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾ താണ്ടി നാഗാലാൻഡിലെത്തി. ഒഡിഷയിൽനിന്ന്‌ നാഗാലാൻഡു‌വരെ ട്രക്കിൽ തുടർച്ചയായ യാത്ര. പശ്‌ചിമ ബംഗാളിൽ ഇറങ്ങാനായില്ല. നാഗാലാൻഡിൽ തണുപ്പ്‌ അസഹനീയമായപ്പോൾ അസമിലേക്ക്‌. അസമിൽ കുറച്ചുനാൾ കഴിയണമെന്നായിരുന്നു ആഗ്രഹം. ലോക്‌‌ഡൗൺ പ്രഖ്യാപിച്ചതോടെ ആറ്‌‌ മാസത്തോളം ദിബ്രുഗഡ്‌ ജില്ലയിൽ ചെലവഴിക്കേണ്ടി വന്നു.‌ ഇപ്പോൾ അസമിലെ പലരും സ്വന്തം വീട്ടുകാരെ പോലെ. ഹിന്ദി അറിയാം. അസമീസും അത്യാവശ്യം പഠിച്ചു. കോവിഡ്‌ വ്യാപനമുള്ളപ്പോൾ അന്നാട്ടുകാരെ ബുദ്ധിമുട്ടിക്കേണ്ടെന്ന്‌ കരുതിയാണ്‌ തിരിച്ചുവന്നത്‌. ഫ്ലൈറ്റിലായിരുന്നു മടക്കം. വീട്ടുകാരോട്‌ കാശ്‌ ചോദിച്ചത്‌ അപ്പോൾ മാത്രം. 

ഹിച്ച്‌ ഹൈക്കിങ്?

വീട്ടിൽനിന്ന്‌ ഇറങ്ങുമ്പോൾ ഇത്രയും ദൂരം യാത്ര ചെയ്യുമെന്ന്‌ ഒരു ഉറപ്പും ഉണ്ടായിരുന്നില്ല. സെപ്‌തംബർ മൂന്നിന്‌ പുലർച്ചെ തൃശൂർ റെയിൽവേ സ്‌റ്റേഷനിൽനിന്ന്‌ ട്രെയിൻ കയറി മാഹിയിൽ ഇറങ്ങി. അവിടന്നാണ്‌ ഹിച്ച്‌ഹൈക്കിങ്‌ തുടങ്ങിയത്‌.  ഹിച്ച്‌ ഹൈക്കിങ്ങിലെ കൗതുകം ഉള്ളതുകൊണ്ടാണ്‌ ഈ സാഹസത്തിന്‌ മുതിർന്നത്‌. കൈയിൽ കാശില്ലാതെയാണ്‌ യാത്രയെന്ന്‌ വീട്ടുകാർക്ക്‌ അറിയില്ലായിരുന്നു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ്‌ ഇക്കാര്യമറിഞ്ഞത്‌. പണമയക്കാം എന്നൊക്കെ പറഞ്ഞെങ്കിലും വേണ്ടെന്ന്‌ വച്ചു. എന്നെക്കൊണ്ട്‌ കഴിഞ്ഞില്ലെങ്കിൽ പിറ്റേന്ന് തന്നെ‌ വീട്ടിൽ തിരിച്ചു‌ വരും എന്ന്‌ ഉറപ്പിച്ചാണ്‌ ഇറങ്ങിയത്‌. കിട്ടുന്ന വണ്ടിയിൽ കയറി ലക്ഷ്യമില്ലാത്ത യാത്ര. ലോറി, ട്രക്ക്‌, ‌ടൂവീലർ തുടങ്ങി എത്രയോ വാഹനങ്ങൾ‌. ‌എത്തുന്നിടത്ത്‌ രാത്രി കഴിച്ചുകൂട്ടും. ആരെങ്കിലുമൊക്കെ പൈസ തന്നും ഭക്ഷണം തന്നും സഹായിച്ചാൽ വീണ്ടും യാത്ര തുടരും. രാത്രി യാത്രയില്ല. മോശം അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്‌. അതൊക്കെ ഇതിന്റെ ഭാഗം.

ഇനിയുണ്ടോ യാത്ര...

സത്യത്തിൽ ഇത്രയും മാസം നീളുമെന്ന്‌ കരുതിയല്ല യാത്രയാരംഭിച്ചത്‌. ഒരുപാട്‌ അനുഭവങ്ങളിലൂടെയായിരുന്നു‌ സഞ്ചാരം. ഇനി ഇങ്ങനെയൊരു യാത്രാനുഭവം ഉണ്ടാകാനും ഇടയില്ല. പ്ലാനിങ്‌ ഇല്ലാതെ പോയതുകൊണ്ട് ആ ഒരു ആഗ്രഹം നടന്നു. ഇനി അത്‌ നടക്കണമെന്നും ഇല്ല. കോവിഡ്‌ മാറി എല്ലാം ശാന്തമാകുംവരെ വീട്ടിൽ തന്നെ‌. ജേർണലിസത്തിൽ ബിരുദമുണ്ട്‌‌‌. ആ വഴിയാണോ ഇനി ജീവിതയാത്ര എന്നു പോലും നിശ്ചയിച്ചിട്ടില്ല.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top