13 August Thursday

ഇനി മേളക്കാലം

അഞ്‌ജലി ഗംഗUpdated: Sunday Dec 1, 2019
സമകാലിക ലോകത്തിന്റെ നേർക്കാഴ്‌ചകളിലേക്ക്‌ കൺതുറക്കുന്ന ഐഎഫ്‌എകെയുടെ 23ാം പതിപ്പ്‌ ഡിസംബർ ആറിന്‌ തുടങ്ങും. രാവും പകലും നീണ്ടുനിൽക്കുന്ന ചലച്ചിത്രാഘോഷത്തിൽ 186 ചിത്രമാണുള്ളത്‌. ഡിസംബർ ആറിന്‌  തിരശ്ശീല ഉയരും. 14 തിയറ്ററിലാണ്‌ പ്രദർശനം. മത്സരവിഭാഗം, ഇന്ത്യൻ സിനിമ, ലോക സിനിമ, റെട്രോസ്‌പെക്ടീവ് തുടങ്ങി 15 വിഭാഗങ്ങൾ. 
 
പ്രതികരണത്തിനും പ്രതിഷേധത്തിനുമുള്ള മാധ്യമമാക്കി സിനിമയെ സമീപിച്ച അർജന്റീനിയൻ സംവിധായകൻ ഫെർണാണ്ടോ സൊളാനസിനാണ് ഇത്തവണത്തെ ആജീവനാന്ത നേട്ടത്തിനുള്ള പുരസ്‌കാരം.  സൊളാനസിന്റെ അവർ ഓഫ് ദ ഫെർണസ്, സൗത്ത്, ദി ജേണി തുടങ്ങിയ അഞ്ച് ചിത്രം പ്രദർശിപ്പിക്കും.
  
ലോക സിനിമാവിഭാഗത്തിൽ ഇത്തവണ 92 ചിത്രം. ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കട്ട്, ആർ കെ കൃഷ്‌ണാനന്ദിന്റെ വൃത്താകൃതിയിലൊരു ചതുരം എന്നീ മലയാളചിത്രങ്ങൾ ഉൾപ്പെടെ 15 ചിത്രമാണ് അന്താരാഷ്ട്ര  മത്സരവിഭാഗത്തിൽ ഉള്ളത്. അലൻ ഡെബേർട്ടിന്റെ പാരസൈറ്റ്, ബോറിസ് ലാച്കിന്റെ കമീൽ തുടങ്ങിയ ചിത്രങ്ങളും മത്സരവിഭാഗത്തിൽ മാറ്റുരയ്‌ക്കുന്നുണ്ട്.
 
ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടറുടെ ജീവിതം പ്രമേയമാക്കിയ സമീർ വിദ്വാന്റെ ആനന്ദി ഗോപാൽ, പ്രദീപ് കുർബയുടെ മാർക്കറ്റ്, സീമാ പഹ്‌വയുടെ  ദി ഫ്യൂണറൽ എന്നീ ചിത്രങ്ങൾ ഇന്ത്യൻ സിനിമ ഇന്ന് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കലൈഡോസ്‌കോപ്പിൽ ഗീതു മോഹൻദാസ് സംവിധാനംചെയ്‌ത മൂത്തോൻ, മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ കാന്തൻ ദ ലവർ ഓഫ് കളർ, ബോംബെ റോസ് തുടങ്ങിയ ചിത്രങ്ങൾ  പ്രദർശിപ്പിക്കും.
 
സെ ഫൈയുടെയും വാങ് കുനാനിന്റെയും രണ്ട് ചിത്രംവീതം കൺട്രി ഫോക്കസിൽ നാല് ചൈനീസ് ചിത്രങ്ങൾ. സ്വീഡിഷ് സംവിധായകൻ റോയ് ആൻഡേഴ്‌സന്റെയും ഫ്രഞ്ച് സംവിധായകൻ ടോണി ഗാറ്റ്‌ലിഫിന്റെയും ചിത്രങ്ങളാണ് സമകാലിക ചലച്ചിത്ര ആചാര്യന്മാരുടെ വിഭാഗത്തിലുള്ളത്. ലെനിൻ രാജേന്ദ്രൻ, ഗിരീഷ് കർണാട്, ഛായാഗ്രാഹകൻ  എം ജെ രാധാകൃഷ്ണൻ, മൃണാൾ സെൻ, നടി മിസ് കുമാരി, ടി കെ പരീക്കുട്ടി എന്നിവർക്ക് മേള ആദരവ് അർപ്പിക്കും.
 
 നടി ശാരദയെ ആദരിക്കും. ശാരദ നായികയായ ഏഴ് ചിത്രം മലയാളം റെട്രോസ്‌പെക്ടീവ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. ഡിസംബർ ഏഴിന് സംവിധായകൻ  അടൂർ ഗോപാലകൃഷ്‌ണൻ റെട്രോസ്പെക്ടീവ് ഉദ്‌ഘാടനം ചെയ്യും.  സ്വയംവരം, എലിപ്പത്തായം,  തുലാഭാരം, യക്ഷി,  ഇരുട്ടിന്റെ ആത്മാവ്, മൂലധനം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം എന്നീ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും.സമകാലിക കേരളീയകാഴ്ചകളുടെ  പരിച്ഛേദമായി  രാജ്യാന്തര ചലച്ചിത്രമേളയിൽ 12 മലയാള ചിത്രമുണ്ട്‌.
 
മറഡോണയുടെ ജീവിതത്തിലെ യഥാർഥ മുഹൂർത്തങ്ങളും ഫുട്ബോൾ മത്സര നിമിഷങ്ങളും  ഉൾപ്പെടുത്തി ആസിഫ് കപാഡിയ സംവിധാനംചെയ്ത ഡീഗോ മറഡോണ എന്ന  ചിത്രം സ്‌പെഷ്യൽ സ്‌ക്രീനിങ്‌ വിഭാഗത്തിലുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top