02 June Tuesday

അവര്‍ ആകാശത്ത് മഴവില്ലുകള്‍ തീര്‍ത്തു

നദീം നൗഷാദ‌് noushadnadeem@gmail.comUpdated: Sunday Sep 1, 2019

സലാമത്–-നസാഖത് സഹോദരങ്ങൾ

സ്വർണമോ വെള്ളിയോ അല്ല 

ഞാൻ നിന്നോട് ചോദിച്ചത് 
നിന്റെ പ്രണയം മാത്രമാണ് 
എന്നിട്ടും നീ എന്നെ വിട്ടു 
ദൂരെ പോയി കളഞ്ഞു.
 
സൈയാൻ ബിനാ ഘർ സൂനാ എന്ന തുമ്രി തിരിച്ചു കിട്ടാത്ത പ്രണയത്തെ പറ്റിയാണ്. ഇത് പഹാഡി രാഗത്തിൽ ഉസ്‌താദ് സലാമത് അലിഖാനും  ഉസ്‌താദ് നസാഖത് അലിഖാനും ചേർന്ന് പാടുമ്പോൾ പ്രണയമില്ലാത്ത ഹൃദയത്തിൽ പോലും  വിരഹവേദന പടർത്തും. രണ്ടു വർഷം മുമ്പ് ഇതേ പാട്ട് സലാമത് അലിഖാന്റെ മകൻ ഷഫാഖത് അലിഖാൻ പാടിയപ്പോൾ യൂടൂബിൽ കേട്ടത്‌ ഒന്നര ലക്ഷത്തിലേറെ പേർ. സലാമത്–-നസാഖത് സഹോദരങ്ങളുടെ ഖയാലും തുമ്രിയും കാഫിയുമെല്ലാം പുതിയ തലമുറ വീണ്ടെടുക്കുകയാണ്.
ഇന്ത്യ–--പാക് വിഭജനം ഹിന്ദുസ്ഥാനി സംഗീതത്തിൽ വരുത്തിയ മുറിവുകൾ ആഴത്തിലുള്ളതായിരുന്നു. ഗായകരിൽ ഒരു വിഭാഗം പാകിസ്ഥാനിലേക്ക് കുടിയേറാൻ കാരണങ്ങൾ പലതുണ്ടായിരുന്നു. ചിലർ തേടിയത്‌ മെച്ചപ്പെട്ട ജീവിത സൗകര്യം. മറ്റുചിലരെ ഭരിച്ചത്‌  ഭയവും അരക്ഷിതബോധവും. വലിയ ജീവിതവിജയം പ്രതീക്ഷിച്ചവർ അവഗണനയുടെ ചുഴിയിൽപ്പെട്ടു. ഇന്ത്യയിൽനിന്ന് വന്നു എന്നത് കൊണ്ട് മാത്രം പലരും അവിടെ  സ്വീകാര്യരായില്ല. മികച്ച ഖയാൽ ഗായകരിൽ ചിലർക്കെങ്കിലും  ഗസലും ഖവാലിയും പാടി ജീവിക്കേണ്ടി വന്നു. ചിലർ ഇന്ത്യയിലേക്ക് തിരിച്ചു വരാൻ ശ്രമിച്ചെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷവും സർക്കാരുകളുടെ നയംമാറ്റവും തടസ്സങ്ങളായി. 
പാകിസ്ഥാനിലെ വലിയ ഖരാനകളിൽപ്പെട്ടവർ പലരും ഇന്ത്യയിലെത്തി വലിയ അംഗീകാരം നേടി. അവരിൽ ഏറ്റവും കഴിവുറ്റവരാണ്‌ സലാമത്–-നസാഖത് സഹോദരങ്ങൾ.  ശാംചൗരാസി ഖരാനയിൽനിന്ന് വരുന്ന ഇവർ വ്യത്യസ്‌ത ശൈലിയും പ്രതിഭയുംകൊണ്ട് ശ്രദ്ധിക്കപ്പെട്ടു. ശാംചൗരാസി ഖരാന വിഭജനത്തിന് മുമ്പ് പഞ്ചാബിലെ ഹോഷിയാർപുരിലായിരുന്നു. ഈ ഖരാനയുടെ രക്ഷാധികാരിയായിരുന്ന രാജാവ് 84 ഗ്രാമങ്ങളിൽ നിന്നുള്ള വരുമാനം അവരുടെ കുടുംബത്തിന് ദാനം ചെയ്‌താണ് ഖരാനയെ നിലനിർത്തിയത്. അക്ബറിന്റെ കാലം തൊട്ടേ ഈ ഖരാനയിലെ ഗായകർ ദ്രുപദ് പാടുന്നു. സലാമത്–--നസാഖത് സഹോദരങ്ങൾ പ്രശസ്‌തരായപ്പോഴാണ് ഇന്ത്യയിലെ സംഗീത ആസ്വാദകർ ശാംചൗരാസി ഖരാനയെക്കുറിച്ച് കേൾക്കുന്നത്.
 
വിഭജനത്തിനു മുമ്പുതന്നെ ഇരുവരും പരിപാടികൾ അവതരിപ്പിച്ചു തുടങ്ങിയിരുന്നു. അന്നത്തെ മഹാരഥന്മാരിൽനിന്ന് മികച്ച അഭിപ്രായം നേടി. ഇരുപത് വയസ്സാവുമ്പോഴേക്കും  കച്ചേരികൾ ജനപ്രിയമായി. 1943ൽ ബിഹാറിലെ ചമ്പനഗറിൽ കൊട്ടാരം ഗായകനാവാൻ  ക്ഷണം കിട്ടി. ക്ഷണം സ്വീകരിച്ചു. ഏതാനും മാസം അവിടെ തുടർന്നു. വിഭജനാനന്തരം  കുടുംബങ്ങൾക്കൊപ്പം ഇന്ത്യ വിടാൻ നിർബന്ധിതരായി. ലാഹോറിലെത്തി. റേഡിയോ നിലയത്തിലൂടെ ഒരവസരത്തിന്‌ ശ്രമിച്ചെങ്കിലും ഇന്ത്യയിൽനിന്നുള്ളവരായതുകൊണ്ട്‌ അവഗണിക്കപ്പെട്ടു.  നിരാശരായ അവർ കിഴക്കൻ പ്രവിശ്യയായ മുൾതാനിലേക്ക് പോയി. അവിടെ മൂന്നു വർഷത്തോളം കഠിന പരിശീലനം.  വിവാഹ ആഘോഷങ്ങളിലും മറ്റും പാടി ഉപജീവനം.  1950കളിലും 60കളിലും നടത്തിയ ഇന്ത്യൻ യാത്രകളിൽ അവതരിപ്പിച്ച  ജുഗൽബന്ദികൾ വേദികൾ കീഴടക്കി. ജുഗൽബന്ദികൾക്ക്‌  പ്രചാരമില്ലാത്ത കാലമായിരുന്നു അത്‌.   ഉസ്‌താദ് ആമിർഖാൻ, ഉസ്‌താദ് വിലായത്‌ ഖാൻ, പണ്ഡിറ്റ്‌ രവിശങ്കർ എന്നിവരുടെ കൂടെ  വേദികൾ പങ്കിട്ടു. 1965ലെയും 1971ലെയും ഇന്ത്യ–- പാക്‌ യുദ്ധങ്ങൾ ഇന്ത്യൻ യാത്രകൾക്ക്‌ തടയിട്ടു. 
ആലാപനത്തിൽ സലാമത് അലിയെ  പിന്തുണയ്‌ക്കുക മാത്രമായിരുന്നു നസാഖത്. സ്വതന്ത്രമായ ഒരു ഗായക വ്യക്തിത്വം നസാഖത് ആഗ്രഹിച്ചിരുന്നില്ല. എന്നിട്ടും ആ  സഹോദരങ്ങൾ  1974ൽ വേർപിരിഞ്ഞു. നസാഖത്  ഇല്ലാത്ത കച്ചേരി അപൂർണമെന്ന്‌ സലാമത് തിരിച്ചറിഞ്ഞു. തുടർന്ന്‌ സലാമത്ത് അലി  പുത്രൻമാരെ കുടെക്കൂട്ടി.  1950കളുടെ പ്രതാപം വീണ്ടെടുക്കാൻ തീരുമാനിച്ചു. പക്ഷേ അന്നത്തെ പ്രകടനത്തിന്റെ നിഴൽ മാത്രമായി. ഒരിടവേളയ്‌ക്കുശേഷം അവർ  ഒന്നിച്ചെങ്കിലും വൈകാതെ  നസാഖത് ജീവിതത്തിൽനിന്ന് വിടവാങ്ങി. അത് ജ്യേഷ്‌ഠന് വലിയ ആഘാതമായി. 2001ൽ മരിക്കുംവരെ സലാമത് തന്റെ പുത്രന്മാരായ ഷറഫത് അലിഖാൻ, ഷഫാഖത് അലിഖാൻ എന്നിവരുടെ  കൂടെയാണ് പാടിയിരുന്നത്. മിശ്രപീലു രാഗത്തിൽ ശ്യാം കൈസി ബൻസിയ ബജായി എന്ന തുമ്രി സലാമത് അലിഖാനും  മകൻ ഷഫാഖത് അലിഖാനും  പാടിയത് നസാഖതിനുള്ള ശ്രദ്ധാഞ്ജലിയായിരുന്നു. വിദേശ പര്യടനത്തിൽ ഉണ്ടായ ഹൃദയാഘാതം സലാമത് അലിഖാനെ ക്ഷീണിതനാക്കി. 
 
സലാമത്- –-നസാഖത് സഹോദരങ്ങളുടെ  ഖയാലിന്‌ ഉസ്‌താദ് ബഡെ ഗുലാം അലിയുടെ ശൈലിയോട് സാമ്യമുണ്ട്.    ടപ്പയിൽനിന്നും ഖവാലിയിൽനിന്നുമുള്ള ഘടകങ്ങൾ  ഖയാലിൽ  വിളക്കിച്ചേർത്തു. ഇന്ത്യയിൽ വന്നപ്പോൾ  എച്ച്എംവിക്കുവേണ്ടി ചില റെക്കോർഡുകൾ ചെയ്‌തിരുന്നു. അത് ഇന്നും ഏറ്റവും മികച്ച സംഗീതമായി കണക്കാക്കപ്പെടുന്നു. അവയിൽ എറ്റവും ഗംഭീരം അടോനയിലും മാൽകൊൻസിലുള്ള  ഖയാലാണ്. ഇവരുടെ ആലാപനം പണ്ഡിറ്റ്‌ ജസ്‌രാജിനെ പോലുള്ളവരെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. 
മുൽതാൻ പ്രദേശത്തെ കാഫികൾ ഇവർ ധാരാളം പാടാറുണ്ടായിരുന്നു. കിഴക്കൻ പഞ്ചാബിലും സിന്ധ് പ്രവിശ്യയിലും സൂഫികൾക്കിടയിൽ പ്രചാരത്തിലുള്ള സംഗീത രൂപമാണ് കാഫി. സാവൽ മോരേ മുഹരാൻ എന്ന കാഫി ഉസ്താദ് സലാമത് അലിഖാൻ പാടി കേൾക്കുന്നത് മനോഹരമായ ഒരു അനുഭൂതിയാണ്. സൂഫി കവി ഗുലാം ഫരീദ് എഴുതിയ കാഫി മരുഭൂമിയിൽ വീശുന്ന കാറ്റിന്റെ സുഗന്ധം പോലെയായിരുന്നു. നസാഖത് അലിഖാനുമായി വേർപിരിഞ്ഞതിനു ശേഷമാണ് സലാമത്ത് ഇത് പാടിയത്. പാട്ടിൽ സഹോദരനെ പിരിഞ്ഞതിലുള്ള വേദനയും ദുഃഖവും നിറഞ്ഞു നിന്നു.
പ്രധാന വാർത്തകൾ
 Top