26 October Tuesday

അഭിനയത്തിന്റെ കുലപതി

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021

 

നെടുമുടി എൻഎസ് സ്കൂൾ അധ്യാപകനും കലാകാരനുമായ കേശവപിള്ള ആശിച്ചത് അഞ്ച്‌ മക്കളെയും കലാകാരന്മാരാക്കാൻ. കഥകളി‐കർണാടക സംഗീതം,ഘടം, മൃദംഗം എന്നിവ പഠിപ്പിക്കാൻ ഗുരുക്കന്മാരെ വരുത്തി. സാമ്പത്തിക ഞെരുക്കംമൂലം ഗുരുക്കന്മാരിൽനിന്ന് കലാപഠനം നടത്താനുള്ള സൗകര്യം ഇളയവനായ വേണുവിനുണ്ടായില്ല. എന്നാലും വൈകുന്നേരങ്ങളിൽ വീട് അരങ്ങായി. 

ഗുരുമുഖത്തുനിന്നും അഭ്യസിച്ചില്ലെങ്കിലും കച്ചേരികൾക്ക് ഉപകരണം വായിക്കാൻ വേണു വൈദഗ്ധ്യംനേടി. മക്കളെല്ലാം പഠിച്ചത്  അച്ഛൻ ജോലിചെയ്‌ത എൻഎസ് സ്കൂളിൽ. പഠിക്കാൻ കേമനല്ലെങ്കിലും കലാപ്രവർത്തനത്തിൽ താൽപര്യം. സ്കൂളിൽ  യൂത്ത് ഫെസ്റ്റിവലിനു താളവാദ്യ വിഭാഗത്തിൽ പങ്കെടുത്തു.  ആലപ്പുഴ എസ്‌ഡി കോളേജിൽ ബിഎക്കു ചേർന്നപ്പോൾ  കലാരംഗത്ത്‌ സജീവം. ഫാസിൽ സഹപാഠി. ആയിടയ്ക്ക് കോളേജിൽ നടന്ന മത്സരത്തിൽ സീരിയസ് അഭിനയത്തിന് അദ്ദേഹത്തിനും ഹാസ്യത്തിന് വേണുവിനും സമ്മാനം. കാലടി ഗോപിയുടെ ഏഴു രാത്രികളിൽ ആലംമൂടൻ അവതരിപ്പിച്ച പാഷാണം വർക്കിയെയാണ് വേണു അനുകരിച്ചത്. ഫാസിലുമായുണ്ടായ സൗഹാർദം ജീവിതത്തിലുടനീളം നിലനിന്നു. കോളേജ് പഠനം കഴിഞ്ഞ്‌ എൻ എസ് മാധവന്റെ നാടകവുമായി അരങ്ങുകളിൽ. ഫാസിലും വേണുവുമായിരുന്നു മുഖ്യകഥാപാത്രങ്ങൾ.സംവിധാനം കാവാലം. അക്കാലത്തെ വേണു ഓർത്തത് ഇങ്ങിനെ: ഫാസിൽ എംഎയ്ക്കു ചേർന്ന കാലയളവിൽ  നാടകങ്ങൾ ഞങ്ങൾ തന്നെ എഴുതി മത്സരങ്ങൾക്കെത്തി. ഒന്നിന് കാവാലമായിരുന്നു വിധികർത്താവ്. നല്ല നാടകത്തിനുള്ള പുരസ്കാരം ഫാസിലിനും നല്ല നടനുള്ളത് എനിക്കും. സമ്മാനദാനം കഴിഞ്ഞ്  അദ്ദേഹം വീട്ടിലേക്കു ക്ഷണിച്ചു. പുതിയ നാടകസംഘം വേണമെന്ന ചിന്ത കാവാലം പങ്കിട്ടു. ‘എനിക്കുശേഷം’ നാടകത്തിന്റെ പിറവി അങ്ങനെ. ഞാനും ഫാസിലും പ്രധാന വേഷങ്ങളിൽ’.

ആ നാടകം പിന്നീട് കളിക്കേണ്ട എന്നു തീരുമാനിച്ചെങ്കിലും ആദ്യ അവതരണത്തിലൂടെ വേണുവിന് പേരുകിട്ടി. കാവാലത്തിന്റെ ‘ദൈവത്താർ’ നാടകത്തിൽ കാലൻ കണിയാൻ എന്ന വേണുവിന്റെ കഥാപാത്രം വായ്ത്താരിയും നൃത്തചലനങ്ങളും താളാത്മക സംഭാഷണങ്ങളുമായി നിറഞ്ഞുനിന്നു. കഴിവുകൾ ഒരൊറ്റ കഥാപാത്രത്തിൽ അവതരിപ്പിക്കാൻ കിട്ടിയ അവസരമായി അത്. പിന്നെ ബോധായനൻ നാലാം നൂറ്റാണ്ടിൽ എഴുതിയതെന്നു കരുതുന്ന സംസ്കൃത നാടകം കാവാലം വിവർത്തനംചെയ്തു. ഗുരുവിന്റെ വേഷത്തിൽ വേണുവും ശിഷ്യനായി ഗോപിയും. ദൈവത്താറിനുശേഷമാണ് കാവാലം  അവനവൻ കടമ്പ ചെയ്യുന്നത്. നെടുമുടി എഴുതി: വിപ്ലവാത്മക മാറ്റമുണ്ടാക്കിയ നാടകമായി അത്‌. എന്നെ തിരുവനന്തപുരത്തെത്തിച്ച് വേഷമിടുവിച്ചത് കാവാലം. ഒന്നാം പാട്ടു വേഷം. പത്മരാജനും കടമ്മനിട്ടയും അയ്യപ്പപ്പണിക്കരും ജോൺ എബ്രഹാമും സേതുവും നാടകത്തിന്റെ ആരാധകരായി. ഓരോ റിഹേഴ്സൽ കഴിയുമ്പോഴും നാടകം വികസിച്ചു വന്നു. ജി അരവിന്ദനാണ് അത് സ്‌റ്റേജിലല്ല, പ്രകൃതിയുടെ മടിത്തട്ടിലാണ്‌ കളിക്കേണ്ടതെന്ന്‌ അഭിപ്രായപ്പെട്ടത്. അവനവൻ കടമ്പ ആദ്യമായി ആട്ടക്കുളങ്ങര സ്കൂളിൽ മരങ്ങളുടെ കീഴെ കർട്ടനില്ലാതെ അവതരിപ്പിച്ചത്‌ അങ്ങനെ. സംഘത്തിലെ മറ്റുള്ളവർക്കെല്ലാം വരുമാനമുള്ളതിനാൽ വേണുവിന്്‌ തൊഴിൽ വേണമെന്നായി അരവിന്ദൻ. തിരുവനന്തപുരത്ത്‌ എം എസ് മണിയെ കണ്ട് കലാകൗമുദിയിൽ ജോലി ശരിപ്പെടുത്തി. പടയണി, അറിയപ്പെടാത്ത മറ്റ്‌ കലാരൂപങ്ങൾ എന്നിവയെപ്പറ്റിയെല്ലാം എഴുതി. തായമ്പക കലാകാരൻ തൃത്താല കേശവപൊതുവാളിനെയും  കലാമണ്ഡലം ഹൈദരാലിയെയും കുറിച്ചെല്ലാം ആദ്യമെഴുതിയത്‌ വേണു.

ഒരു അഭിമുഖത്തിലൂടെയാണ് സംവിധായകൻ ഭരതനെ പരിചയപ്പെടുന്നത്. അദ്ദേഹം 'പ്രയാണം' കഴിഞ്ഞ് ഇനിയെന്ത് എന്ന ആലോചനയിൽ.അഭിമുഖം കഴിഞ്ഞപ്പോൾ, സമയമുള്ളപ്പോൾ വരൂ,സംസാരിക്കാമെന്ന് അദ്ദേഹം. പിറ്റേന്ന് കണ്ടു. അന്നു തുടങ്ങിയ സൗഹൃദം വലിയ ബന്ധമായി.വേണു നടനാണെന്നും കാവാലത്തിനൊപ്പം പ്രവൃത്തിച്ചിട്ടുണ്ടെന്നും പത്മരാജനാണ് ഭരതനോട് പറയുന്നത്.  ആരവം എന്ന ചിത്രം ചെയ്യുന്ന കാര്യം ഭരതൻ വേണുവിനോട് സൂചിപ്പിച്ചു. കമലാഹാസനെയായിരുന്നു നാകയനായി കണ്ടത്. പിന്നെയാണ് വേണുവിനോട്  ചോദിക്കുന്നത്. തമ്പിനുശേഷം 1978ലാണ് അതിന്റെ നിർമാണം. അന്ന് നീണ്ട മുടിയും താടിയുമുണ്ട്‌ വേണുവിന്. എടുക്കാനുള്ള പ്രധാന കാരണം ആ രൂപമായിരുന്നെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മലേഷ്യയിൽ പോയി മടങ്ങി, കഞ്ചാവിന് അടിമപ്പെട്ട്‌ സോപാന സംഗീതത്തിൽ ആകൃഷ്ടനാകുന്ന ചെറുപ്പക്കാരനെ അരവിന്ദൻ വേണുവിന്റെ രൂപത്തിൽ കണ്ടു. സെറ്റിൽ വെച്ചാണ് വി കെ ശ്രീരാമനെയും ആർടിസ്റ്റ് നമ്പൂതിരിയെയും മറ്റും പരിചയപ്പെട്ടത്. തിരുനാവായ മണപ്പുറത്തെ വീട്ടിലാണ് അവരെല്ലാം. അതുകഴിഞ്ഞാണ് ഭരതന്റെ ആരവം. കാലത്തിനപ്പുറത്തുനിന്ന ചിത്രമായിരുന്നു അത്. നൃത്തചലനങ്ങളുള്ള ഒരുപാട് പാട്ടുകളുണ്ടായി.പക്ഷേ നൃത്ത സംവിധായകനില്ലായിരുന്നു. വേണുചെയ്യുന്നത് പകർത്തിക്കൊള്ളാമെന്ന് ഭരതൻ. ആ പാട്ടുകളിലെയെല്ലാം നൃത്തസംവിധാനം വേണുതന്നെ. ആരവം നന്നായില്ല. ശേഷമാണ് തകര. വേണുവും പ്രതാപ്പോത്തനും അടക്കം പുതുമുഖങ്ങളെക്കൊണ്ടു നിർമിച്ച പടം എന്ന നിലയിൽ പെട്ടിയിൽ കിടന്നു. ഹരിപോത്തന്റെ ഉത്സാഹത്തിൽ പുറത്തുവന്നപ്പോൾ മഹാസംഭവം. ചെല്ലപ്പനാശാരി മലയാളിയുടെ മനസ്സിലെ മായാമുദ്രയായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top