22 June Tuesday

വനവശ്യതയില്‍ ഒരു സ്വപ്‌നം പോലെ…; എൻ എ നസീറിന്റെ വിവരണവും അപൂർവ ചിത്രങ്ങളും

എന്‍ എ നസീര്‍ naseerart@gmail.comUpdated: Sunday May 16, 2021

ഓരോ വനയാത്രയും സവിശേഷമായ പുതിയ അനുഭവമാണ്‌. ഒരു ചില്ലയിൽ ഏറെ നേരം ഇരുന്നു പാടുന്ന പക്ഷി. നേരെ മുന്നിൽ വന്ന്‌ പ്രതിമ കണക്കെനിന്ന്‌ പതുക്കെ കാടകങ്ങളിലേക്ക്‌ മറയുന്ന കാട്ടുപോത്ത്‌. ഏതോ വനഗ്രാമത്തിൽ വിളഞ്ഞ കായ്‌കനികൾ തിന്നാൻ കുളിച്ചൊരുങ്ങി പുറപ്പെടുന്ന കൊമ്പൻ. പൂക്കളുടെയും പൂമ്പാറ്റകളുടെയും വർണോത്സവം. വിഖ്യാത വൈൽഡ് ലൈഫ്‌ ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ എൻ എ നസീറിന്റെ ആത്മീയാനുഭവമായ വനയാത്രയുടെ വിവരണവും അപൂർവ ചിത്രങ്ങളും

ഇലകളിൽനിന്നും മഞ്ഞുതുള്ളികൾ വീഴുന്ന നേർത്ത മർമരങ്ങൾ ആരോ അടക്കം പറയുന്ന പോലെ… സൂര്യരശ്‌മികൾ വളരെ സാവധാനം എത്തുകയാണ്. ചുവപ്പുരാശിയോടൊപ്പം പച്ചയിലേക്ക് പടരുന്ന ഒരു സവിശേഷതയും അതിനുണ്ടായിരുന്നു. കുറച്ചു കഴിയുമ്പോൾ അതൊക്കെ മാറി മറിയുകയും കാട് അതിന്റെ സ്ഥായിയായ ഹരിതവർണത്തിൽ തന്നെ തുടരുകയും ചെയ്യും.
ഒരു പക്ഷി മധുരമായി പ്രഭാതഗീതം പാടാനാരംഭിച്ചു. ആ ഗാനത്തിന്റെ സഞ്ചാരപഥങ്ങളിലൂടെ ഞാൻ കാടോർമകളുടെ ജാലകങ്ങൾ ഒന്നൊന്നായി തുറന്നു… അതെ, കരിങ്കിളിയാണത്. Eurasian Blackbird എന്നറിയപ്പെടുന്ന പക്ഷി. രൂപത്തിൽ നമ്മുടെ മാടത്തയുമായി സാദൃശ്യം തോന്നാം.
ഒരു സായാഹ്നത്തിൽ വട്ടവട ഗ്രാമത്തിലേക്കുള്ള സഞ്ചാരത്തിൽ ഈ പക്ഷിയുടെ മനോഹരമായ ഗാനം കേട്ടിട്ടുണ്ട്. അന്ന് ഒരേ മരച്ചില്ലയിൽ  അര മണിക്കൂർ നേരം ഇരുന്ന ആ പക്ഷിയെ കണ്ടു നിൽക്കുകയും ശ്രവിക്കുകയും ചെയ്‌തിട്ടുണ്ട്. സംഗീതത്തിന്റേതായ ചിട്ടവട്ടങ്ങളൊന്നും തന്നെ പ്രകൃതിയുടെ ഈ സംഗീതജ്ഞർക്കൊന്നുമില്ല. അത് മനുഷ്യരായ നമുക്ക് മാത്രമായി നാം ഉണ്ടാക്കി വച്ചിരിക്കുന്ന അതിർത്തികളല്ലേ!
മഞ്ഞിൻകണങ്ങളാൽ കുതിർന്ന ഇലകൾക്കുമീതെ കൂടി നടന്നുനീങ്ങുമ്പോൾ കാട്ടുജീവനുകളെ പരിഭ്രമിപ്പിക്കുവാൻ പോന്ന ശബ്ദങ്ങളേതും ഉയരില്ല. ഇത്തരം പുലരികളിലാണല്ലോ കടുവയും പുലിയുമൊക്കെ ഇരതേടാൻ ഇഷ്‌ടപ്പെടുന്നത്. നിശബ്ദതയിൽ ഒരു പാദമർമരം പോലും കേൾപ്പിക്കാതെ കാട് അവയുടെ ചുവടുകൾക്ക് കാവലാകുന്നുണ്ട്.
 
കാടിന്റെ കരിംപച്ച കമ്പളത്തിൻ നടുവിൽ എണ്ണക്കറുപ്പാർന്ന ഒരു കാട്ടുപോത്ത്. ഉടലുറപ്പാർന്ന ആ ശരീരഘടനയും കരിവർണവും എത്ര മനോഹരമായ കാഴ്ചയാണ്. ഒരു പ്രതിമ കണക്കെ ഒരേ നിൽപ്പിൽ അതെന്നെ നോക്കി. ഞാനാകട്ടെ മറ്റൊരു പ്രതിമയായി രൂപാന്തരം പ്രാപിച്ചു കഴിഞ്ഞിരുന്നു അപ്പോഴേക്കും...കാട്ടിലങ്ങനെ ആയിരിക്കണം. അത്തരം ജീവികൾക്ക് അരോചകമായ പ്രവൃത്തികൾ ഒന്നും നമ്മിൽനിന്ന്‌ ഉണ്ടാകരുത്. നമ്മുടെ ഉള്ളം തിരിച്ചറിയുവാൻ ഈ കാനനത്തിലെ എല്ലാ ജീവജാലങ്ങൾക്കും കഴിവുണ്ട് എന്ന ബോധ്യം ഉണരണം.
എനിക്കനുവദിച്ച ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ കാട്ടുപോത്ത് മെല്ലെ പിന്നിലെ കാട്ടുപച്ചയിലേക്ക് മടങ്ങി. കാടൊന്നാകെ വന്ന് എന്നിൽനിന്ന്‌ അതിനെ മറച്ചു.
അതിശീതളമായ ഒരു തെന്നൽ അപ്പോൾ കടന്നുവന്നു. കാട്ടുപൂക്കൾ അതിലലിഞ്ഞാടിയുലഞ്ഞു. ചിത്രശലഭങ്ങളാകട്ടെ പൂക്കൾക്കു മുകളിൽ ആനന്ദനൃത്തത്തിലായി. കുറച്ചു സ്വസ്ഥമായി ഇരിക്കുവാനുള്ള ഒരിടം ഞാനപ്പോൾ കണ്ടു. ഒരു മഹാവൃക്ഷം ഭൂമിയുടെ ഉപരിതലത്തിൽ വീതിയേറിയ വേരിൻ പടലങ്ങൾ പരത്തി വിളിക്കുകയാണ്‌.
വേരിൽ സുഖമായി ഇരിക്കുമ്പോൾ ശിരസ്സിന്‌ മുകളിൽ പുഷ്‌പവൃഷ്‌ടി! ഒരു നിമിഷം വേരുകളിൽ കരങ്ങൾ അമർത്തിപ്പിടിച്ചു. നിശ്ശബ്ദമായി ഒരു നന്ദിവാക്ക്. സൂര്യപ്രകാശത്തിന്റെ ഇളം ചൂടുമായി, പറവകളുടെ സംഗീതക്കച്ചേരികളുമായി, പൂക്കളുടെയും പൂമ്പാറ്റകളുടെയും വർണോത്സവങ്ങളുമായി ലയിക്കുമ്പോൾ കാടിന്റെ ആത്മീയതയുടെ പൊരുൾ ഉറവാകുന്നത് അനുഭവിച്ചു. പുതിയ ഉൾക്കാഴ്‌ചകൾ വിടർന്നു വരികയാണ്. ഏറെ മനോഹരമായൊരു സ്വപ്‌നദൃശ്യം പോലെ…
 
ആ അന്തരീക്ഷത്തിനിപ്പോൾ ഒരു മാന്ത്രികതയുണ്ട്. എന്തൊക്കെയോ ചൊല്ലിത്തരുന്നതിന്റെ  ശ്രവണസുഖം.
ആയോധനകലകളിലെ എന്റെ ഗുരുനാഥൻ ഹാൻഷി ഡോ. എസ് രത്തിനത്തെ ഞാൻ ഓർമിച്ചു. അല്ല, അതേ വാചകവുമായി അദ്ദേഹം ഉള്ളം നിറയ്‌ക്കുകയായിരുന്നു.
“ മനുഷ്യനും അവന്റെ എല്ലാ കലകളും ഉണ്ടായത് ആരണ്യങ്ങളിൽനിന്നാണ്. അവിടുത്തെ ഓരോ ചലനങ്ങളിലും നിനക്ക് ആയോധനകലകൾ വെളിപ്പെടും....കാടിനെയും അതിലെ മൃഗങ്ങളെയും സ്‌നേഹിക്കുന്നവന് വേറെ എന്തിനെ ഭയപ്പെടണം ?”
ആ വാക്കുകൾക്കൊപ്പം കാടും ഞാനും പൂത്തുലഞ്ഞു പോയി.
എഴുന്നേറ്റു നടക്കുമ്പോൾ ദൂരമെത്ര പിന്നിട്ടെന്നോ എവിടെ എത്തിയെന്നോ അറിയില്ലായിരുന്നു. കാട് ചിലപ്പോൾ അങ്ങനെയാണ്. ഒരു മോഹനിദ്രയിലാക്കി എങ്ങോട്ടോ കൊണ്ടുപൊയ്‌ക്കളയും. തിരിച്ചറിഞ്ഞില്ലെങ്കിൽ ഒരുപക്ഷേ ഇരുട്ടിലേക്കിറങ്ങി നടന്നതുപോലെയാകും.
ഊർജസ്വലതയോടെയായിരുന്നു ഓരോ ചുവടുകളും  അപ്പോൾ. ചെന്നുനിന്നതാകട്ടെ ഒത്തൊരു കൊമ്പനാനയുടെ ചാരെയും! അവനറിഞ്ഞിരിക്കില്ല എന്നാണാദ്യം കരുതിയത്. പക്ഷേ ആ വലിയ ചെവികൾ രണ്ടും വിടർത്തിപ്പിടിച്ച് അനങ്ങാതെയുള്ള നില കണ്ടപ്പോൾ മനസ്സിലായി, അരികിൽ ആരോ ഉണ്ട് എന്നതറിഞ്ഞു...
ഇത്തരം യാദൃശ്ചികതകൾ കാട്ടിലൂടെയുള്ള സഞ്ചാരത്തിലുടനീളം കാണാം. മുകളിലെ ഗ്രാമങ്ങളിലിപ്പോൾ ശീതകാല വിളകൾ പാകം വന്നിട്ടുണ്ടാകും. അങ്ങോട്ടുള്ള യാത്രയിലാണ് അവനും. ഏതോ കാട്ടരുവിയിൽ നീരാടിയിട്ടുണ്ട്. മനോഹരമായ കൊമ്പുകളുടെ തിളക്കവും മിനുപ്പും അതാണ്‌ സൂചിപ്പിക്കുന്നത്.
ഏതാനും നിമിഷങ്ങൾകൂടി ഞങ്ങൾ രണ്ടുപേരും അങ്ങനെ നിന്നുകാണും. ഒടുവിൽ ഞാൻ മെല്ലെ ആ കൊമ്പന്റെ പാതയിൽനിന്നു പിൻവാങ്ങി. ജന്മവാസനയിലൂടെ, തലമുറകളിലൂടെ, ആ ആനയുടെ ബോധത്തിലുറഞ്ഞു കിടക്കുന്ന അത്ഭുതങ്ങളാണ് തലമുറകളായി ചുവടു വച്ചു പോകുന്ന പാതകളും (ആനത്താരകൾ), എവിടെയൊക്കെ തന്റെ സ്ഥലങ്ങളാണെന്ന ഓർമകളും. പക്ഷേ മനുഷ്യ ഇടപെടലുകൾ സൃഷ്‌ടിച്ച പ്രതിസന്ധികളിൽ ഉഴറുകയാണ് ഈ കാനനജീവികളൊന്നാകെ. ചില വേളകളിൽ പതിയെ  അവയും പ്രതിരോധത്തിന്റെ  പുതിയ സ്വഭാവങ്ങൾ ആർജിക്കുന്നുണ്ട്. ഭൂമി മുഴുവൻ പെറ്റുപെരുകി കിടക്കുന്ന ഹോമോസാപ്പിയൻസിന്   എന്തും തച്ചുടച്ചും കീഴടക്കിയുമുള്ള ചരിത്രമേയുള്ളൂ.
ഭൂമിയെയും ഇവിടുത്തെ എല്ലാ ജൈവലോകത്തെയും അടക്കിവാഴാൻ ശ്രമിക്കുമ്പോൾ നാം നമ്മുടെ വേരുകൾ അറുത്ത് മാറ്റുകയാണെന്ന് അറിയുന്നില്ല എന്നും പറയാൻ പറ്റില്ല. അറിഞ്ഞിട്ടും അറിയാതെ നടിക്കുന്നു!
അധികം ഉയരമില്ലാത്ത വൃക്ഷങ്ങൾ നിറഞ്ഞൊരു പ്രദേശത്താണിപ്പോൾ എത്തിയിരിക്കുന്നത്. നനവുള്ള കാടിനകത്തളമല്ല ഇപ്പോൾ കാണുന്നത്. വരണ്ട മണ്ണ്. പെട്ടെന്നാണ് ഞാനത് കണ്ടെത്തിയത്. കരടി അടുത്തെവിടെയോ ഉണ്ടല്ലോ എന്ന്… കാൽച്ചുവടിനു മുന്നിലെ വൃക്ഷച്ചുവടാകെ തുരന്നിട്ടിരിക്കുന്നു.
കരടിയെ തേടി ചുറ്റിനും നോക്കിയപ്പോൾ കണ്ടതാകട്ടെ ഒരു കാട്ടു നായ (Wild Dog) യെ. അതെന്നെ സൂക്ഷിച്ചു നോക്കി നിൽക്കുകയാണ്. കണ്ണുകളിലെ കൗതുകം തിരിച്ചറിയാം. സാധാരണ കൂട്ടമായി കാണുകയാണ് പതിവ്. അടുത്തിടെ കാടിനു നടുവിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ പോയിരുന്നു. അവിടെ ദിനവും രണ്ട് കാട്ടുനായ്‌ക്കൾ എത്താറുണ്ട്. അവ രണ്ടും ചേർന്ന് സമർഥമായി ഒരു പുള്ളിമാനിനെ നായാടിയത് ഓർമയുണ്ട്. കാട്ടിലെ മറ്റൊരു ജീവിയേയും കൂസാത്ത പ്രകൃതമാണ് കാട്ടുനായ്‌ക്കൾക്ക്. അവ സംഘമായി ഏതിനേയും തുരത്തും.
എന്റെ മുന്നിലുള്ള കാട്ടുനായ എന്തോ ഓർത്തിട്ടെന്ന പോലെ പിന്തിരിഞ്ഞു പോയി.
ഇനി തിരികെ നടക്കേണ്ടിയിരിക്കുന്നു. ഏറെ ദൂരം വന്നു കഴിഞ്ഞു, ഭ്രമിപ്പിക്കാൻ പോന്നതാണ് കാടിന്റെ ഈ ഒളിച്ചുകളി. നമ്മെ നാമറിയാതെ എവിടെയൊക്കെയോ കൊണ്ടുപോയ്‌ക്കളയും. അജ്ഞാതങ്ങളായ ഓരോ ഇടങ്ങളും വെളിപ്പെടുത്തുമ്പോൾ നാം കൂടുതൽ കൂടുതൽ വനഗർഭങ്ങളിലേക്ക് വീണു പോവുകയാണ്. അനിർവചനീയമായ ദൃശ്യാനുഭൂതികളുടെ കയത്തിൽനിന്ന്‌ കയറുവാൻ തെല്ലും ആഗ്രഹമില്ല, എങ്കിലും മടങ്ങിയേ ഒക്കൂ.
ചക്രവാളത്തിലെവിടെയൊക്കെയോ ചുവപ്പുരാശി വീണുകഴിഞ്ഞു. ഇനി കാടിന് മറ്റൊരു മുഖമായിരിക്കും. രാവിന്റെ സൗന്ദര്യത്തിൽ ഹരിതം കാണില്ല. എല്ലാം കറുത്ത വർണത്തിൽനിന്നുമാണ് രൂപം കൊള്ളുന്നത്. രാത്രിക്കായി മാത്രം കാത്തിരിക്കുന്ന പറവകളും വന്യജീവികളും സസ്യങ്ങളുമുണ്ട്. അവയൊക്കെ രാത്രിയെ പ്രണയിച്ചു കഴിയുന്നവരാണ്.
തിരികെ നടക്കുമ്പോൾ അകലെയെവിടെയോ ഒരു കടുവയുടെ ഗംഭീരമായ ശബ്ദം: രാവിന്റെ സ്വരവും സൗന്ദര്യവും ഇതാ …..

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top