23 March Saturday

മക്കൾകലഹത്തിൽ മനസ്സു തകർന്ന്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018


2010 ഏപ്രിൽ അഞ്ചിന് ചെറുമകൾ ജോതിമണിയുടെ വീണവാദന അരങ്ങേറ്റത്തിന് കരുണാനിധിയെത്തി. കുടുംബ പ്രശ്നത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, "വിശ്വാസിയല്ലെങ്കിലും  പ്രാർഥിക്കുകയാണ്. അവളുടെ കച്ചേരിയെങ്കിലും വീട്ടിൽ സമാധാനം നിറയ്ക്കട്ടെ''‐ മക്കൾപ്പോരിൽ മനംനൊന്ത അച്ഛന്റെ വേദന. മക്കളായ അഴഗിരിയുടെയും സ്റ്റാലിന്റെയും വടംവലി ആ ഹൃദയം പൊള്ളിച്ചു. അധികാരത്തിനായി മക്കൾ അടികൂടുന്നത് കരുത്തനായ കരുണാനിധിക്ക് നിസ്സഹായനായി നോക്കിനിൽക്കേണ്ടിവന്നു.

സ്റ്റാലിനോട് അൽപ്പം സ്നേഹംകൂടിയെന്നായിരുന്നു അഴഗിരിയുടെ പരാതി. പിൻഗാമിയായി കരുണാനിധി സ്റ്റാലിനെ പ്രഖ്യാപിച്ചത് കോലാഹലം സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ കാലശേഷം മൂത്തമകനായ തനിക്കാണ് പാർടിയെ നയിക്കാൻ അവകാശമെന്നായിരുന്നു അഴഗിരിയുടെ വാദം. കേന്ദ്രമന്ത്രിപദംകൊണ്ട് തൃപ്തനായില്ല. പാർടി നേതൃസ്ഥാനവും അതുവഴി മുഖ്യമന്ത്രിക്കസേരയുമായിരുന്നു ലക്ഷ്യം. തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ സ്വാധീനമുറപ്പിച്ചായിരുന്നു വിലപേശൽ. അഴഗിരിക്ക് പാർടിയിലൊരു വിഭാഗത്തിന്റെ പിന്തുണ ലഭിച്ചു. കരുണാനിധിയുടെ അനുഗ്രഹാശിസ്സ് സ്റ്റാലിന്. അയാളെ ഉയർത്തിക്കൊണ്ടുവരാനുള്ള ഒരവസരവും പാഴാക്കിയില്ല. സ്റ്റാലിനെ മുൻനിരയിലേക്ക് കൊണ്ടുവരാൻ ഓരോ തവണ നോക്കിയപ്പോഴും ഇടിച്ചുതാഴ്ത്താൻ അഴഗിരിയും ശ്രമിച്ചു. അച്ഛന്റെ പാത പിന്തുടർന്ന് ഇരുവരും രാഷ്ട്രീയത്തിൽ എത്തിയതുമുതൽ ആരാണ് കേമൻ എന്ന തർക്കം ഉടലെടുത്തു.പോര് രൂക്ഷമായ ഘട്ടത്തിൽ 89ൽ കരുണാനിധി അഴഗിരിയെ മധുരയിലേക്ക് അയച്ചു.

പാർടി പത്രമായ മുരശൊലിയുടെയും തെക്കൻ ജില്ലകളിൽ പാർടി വളർത്താനുള്ള ചുമതലയുമാണ് ഏൽപ്പിച്ചത്. പകരം തന്റെ സ്വാധീനം ഉറപ്പിക്കാൻ അയാൾ ശ്രമിച്ചത് മുതിർന്ന നേതാക്കളെ വെറുപ്പിച്ചു. 2000ൽ അഴഗിരിയുമായി പാർടി പ്രവർത്തകർ അകലംപാലിക്കണമെന്ന്  ജനറൽ സെക്രട്ടറി അൻപഴകൻ ആവശ്യപ്പെട്ടു. അഴഗിരിയെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കുകയുംചെയ്തു.
2003ൽ മന്ത്രിയും സ്റ്റാലിൻ പക്ഷത്തെ പ്രധാനിയുമായ ടി കിരുട്ടിനാൻ കൊല്ലപ്പെട്ടത് കലഹം രൂക്ഷമാക്കി. അഴഗിരി അറസ്റ്റ്ചെയ്യപ്പെട്ടു. പ്രശ്നംതീർക്കാൻ കരുണാനിധി പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല.

2007ൽ സ്റ്റാലിനെ പിന്തുണച്ചതിന്റെ പേരിൽ കരുണാനിധിയുടെ സഹോദരിയുടെ മക്കളായ മാരൻ സഹോദരന്മാരുടെ ഉടമസ്ഥതയിലുള്ള ദിനകരൻ പത്രം ഓഫീസ് അഴഗിരി അനുകൂലികൾ തകർത്തു. മൂന്നുപേർ കൊല്ലപ്പെട്ടു. കരുണാനിധിയും മാരൻ കുടുംബവുമായുള്ള ബന്ധവും താറുമാറായി. സ്റ്റാലിന്റെ ഇടപെടലോടെ വീണ്ടും യോജിപ്പിലെത്തി.

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച അഴഗിരി കേന്ദ്രമന്ത്രിയായി. സ്റ്റാലിൻ ഉപമുഖ്യമന്ത്രിയായി തുടർന്നു. അതിനിടയിലാണ് രാഷ്ട്രീയത്തിൽനിന്ന് വിരമിക്കാൻ കരുണാനിധി തീരുമാനിച്ചത്. ഭാവിനേതാവായി സ്റ്റാലിനെ പ്രഖ്യാപിച്ചു. അഴഗിരി വീണ്ടും രംഗത്ത്. പാർടി പിളർത്താൻപോലും തയ്യാറാണെന്ന സൂചനയുംനൽകി.  

മൂന്നു ഭാര്യമാരിലായി ആറ് മക്കളാണ് കരുണാനിധിക്ക്. ആദ്യഭാര്യയായ പത്മാവതിയിൽ ജനിച്ച മൂത്തമകൻ എം കെ മുത്തുവും കലൈഞ്ജർക്ക് വേദനമാത്രമാണ് നൽകിയത്. സിനിമാനടനായ അയാളെ എം ജി ആറിനെ തറപറ്റിക്കാൻ ഉപയോഗിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. സംഭവിച്ചത് വിപരീതം.

പിതാവുമായി കലഹിച്ച മുത്തു എഐഎഡിഎംകെയിൽ ചേർന്നു. ഭാര്യയെയും കുടുംബത്തെയും ഉപേക്ഷിച്ച അയാൾ ഏറെക്കാലം അജ്ഞാതവാസത്തിലായി. രണ്ടാംഭാര്യ ദയാലു അമ്മാളുവിലെ മക്കളാണ് അഴഗിരിയും സ്റ്റാലിനും തമിഴരശും. തമിഴരശ് രാഷ്ട്രീയരംഗത്തില്ല. ചെന്നൈയിൽ ബിസിനസ്. മൂന്നാം ഭാര്യ രാജാത്തിയിലെ മകളാണ് കനിമൊഴി.

കുടുംബപുരാണം
ആദ്യ ഭാര്യ പത്മാവതിയുടെ മരണശേഷം 1949ലാണ് കരുണാനിധി ദയാലു അമ്മാളിനെ വിവാഹം ചെയ്തത്. മൂന്നാം ഭാര്യ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് അനൗദ്യോഗികമായി കടന്നുവരികയായിരുന്നു. 67ലെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കരുണാനിധി എഴുതിയ നാടകത്തിൽ നായികയായിരുന്നു അവർ. കോൺഗ്രസ് വാഗ്ദാനം ചെയ്യുന്ന സോഷ്യലിസം ഒരിക്കലും പ്രാവർത്തികമാവില്ലെന്ന സന്ദേശമുൾക്കൊള്ളുന്ന 'കടലാസ്' പൂവ്' എന്ന ആ നാടകത്തിലെ നായകവേഷംചെയ്തത് കരുണാനിധിയും. ഒരു വർഷം കഴിഞ്ഞ് ആ ബന്ധത്തിൽ കനിമൊഴി ജനിച്ചു.

ജീവിതത്തിൽ പുലർത്തിയ നിഷ്ഠകളും ക്രമങ്ങളുമായിരുന്നു കാര്യങ്ങൾ ഉലയാതെ കൊണ്ടുപോകുന്നതിൽ കരുണാനിധിക്ക് തുണയായത്. ഭാര്യമാർ താമസിക്കുന്ന ഗോപാലപുരവും സിഐടി കോളനിയും തമ്മിൽ രണ്ട് കിലോമീറ്ററാണ് അകലം. അവിടങ്ങളിൽ ദിവസവും രണ്ടുനേരം മുടങ്ങാതെ എത്തി. സിഐടി കോളനിയിലെ വീട്ടിൽ പുലർച്ചെ നാലരയ്ക്ക് ഉണർന്നാൽ നേരെ ഗോപാലപുരത്തെ ഓഫീസിലേയ്ക്ക്. ഒന്നോ രണ്ടോ മണിക്കൂർ എഴുത്തും വായനയും മറ്റും. പ്രാതലും സന്ദർശകരെ കാണലും കഴിഞ്ഞാൽ സെക്രട്ടറിയറ്റിലേക്ക്. ഉച്ചഭക്ഷണവും വിശ്രമവും സിഐടി കോളനി വസതിയിൽ. വൈകുന്നേരത്തെ ചായയും സന്ദർശകരെ കാണലും വീണ്ടും ഗോപാലപുരത്ത്. അവിടെനിന്ന് സെക്രട്ടറിയറ്റിലേക്കും അതുകഴിഞ്ഞ് ഡിഎംകെ ആസ്ഥാനത്ത് പ്രവർത്തകരെ കാണലും  വാർത്തകൾ വീക്ഷിക്കലും. 'കുറഞ്ഞകാലം തിയറ്റർ ആക്ടിവിസ്റ്റായി പ്രവർത്തിച്ച രാജാത്തിയമ്മാളുമായി മുഖ്യമന്ത്രിയ്ക്ക് എന്താണ് ബന്ധം?'. ഒരിക്കൽ നിയസഭയിൽ ശൂന്യവേളയിൽ കോൺഗ്രസ് എംഎൽഎ ഉയർത്തിയ ചോദ്യത്തിനുമുമ്പിൽ സഭ സ്തബ്ധമായി. 'എന്റെ മകൾ കനിമൊഴിയുടെ അമ്മയാണ്.' മുനയൊടിച്ചുള്ള മറുപടി.

പത്മാവതിയിലുണ്ടായ മകൻ മുത്തു. രണ്ട് സിനിമയിൽ അഭിനയിച്ചു. രാഷ്ട്രീയത്തിൽ പച്ചപിടിച്ചില്ല. ദയാലു അമ്മാളിലുള്ള ആദ്യ മകൻ എം കെ അഴഗിരിയും രണ്ടാമൻ എം കെ സ്റ്റാലിനും തമിഴ്നാട് രാഷ്ട്രീയത്തിൽ അധികാരകേന്ദ്രങ്ങൾ.

മകൾ സെൽവി ബംഗളൂരുവിൽ ബിസിനസ് രംഗത്ത്. ഭർത്താവ് സെൽവം കന്നട  ഉദയം ടിവിയുടെ തലവൻ. ഇളയമകൻ എം കെ തമിഴരശു ചലച്ചിത്ര വിതരണവും റിയൽ എസ്റ്റേറ്റും നടത്തുന്നു. കനിമൊഴി രാജ്യസഭാ എംപിയും ഡിഎംകെയിൽ സ്വാധീനശക്തിയും.
ഭർത്താവ് അരവിന്ദൻ സോഫ്റ്റുവെയർ രംഗത്ത്. 92 വയസ്സുവരെ രാഷ്ട്രീയരംഗത്ത് രംഗത്ത് സജീവമായി തുടർന്ന കരുണാനിധി തുടർന്ന് സ്റ്റാലിനെ ചുമതലകൾ ഏൽപ്പിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top