മുലായം സിങ്ങുമായി അടുത്തബന്ധം പുലർത്തിയിരുന്ന മാധ്യമപ്രവർത്തകനാണ്
വെങ്കിടേഷ് രാമകൃഷ്ണൻ. തൊണ്ണൂറുകളുടെ ആദ്യം ബാബ്റി പള്ളി പൊളിക്കുന്നതിന്റെ മുന്നോടിയായി ആര്‍എസ്എസ് നടത്തിയ കര്‍സേവ കലാപത്തിന്റെ ഭാഗമായി കൊല്ലപ്പെട്ടുവെന്ന് അവര്‍ പറഞ്ഞുപരത്തിയ കണക്കുകള്‍ തെറ്റാണെന്ന് തെളിയിക്കുന്ന അന്വേഷണാത്മക റിപ്പോര്‍ട്ട് വെങ്കിടേഷിന്റെ ആയിരുന്നു. അക്കാലം മുതൽ മുലായവുമായി തുടരുന്ന ബന്ധത്തെപ്പറ്റി അദ്ദേഹം സംസാരിക്കുന്നു. 2018 ൽ ദേശാഭിമാനി ഓണം വിശേഷാൽപ്രതിയിൽ ശ്രീജിത്ത് ദിവാകരൻ വെങ്കിടേഷുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്.
വളരെ അണ്ടര്‍ എസ്റ്റിമേറ്റഡ് ആയ ഒരു രാഷ്ട്രീയക്കാരനാണ് മുലായം സിങ്ങെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. കാമരാജിനെയും കരുണാനിധിയെപ്പോലെയുമുള്ള വലിയ രാഷ്ട്രീയക്കാരനായിരുന്നു മുലായം. ഞാനത് പറയുന്നത് അനുഭവങ്ങളുടെ വെളിച്ചത്തിലാണ്.
അതില്‍ രണ്ടു കാര്യം പറയാം. എന്റെ അനുഭവമാണ് ഒന്ന്. ഒരു വളരെ സീനിയര്‍ ആയ ഒരു ഐഎഎസ് ഓഫീസറുടെ എക്സ്പീരിയന്‍സ് ആണ് മറ്റൊന്ന്. ഇത് രണ്ടും ബാബ്റി പള്ളി പൊളിച്ച കാലത്താണ്. അപ്പോഴേക്കും ഞാനും മുലായംസിങ്ങുമായി ഒരു പ്രൊഫഷണല്‍ ബന്ധമുണ്ട്.
ഐഎഎസ് ഉദ്യോഗസ്ഥന്റെ അനുഭവം ആദ്യം പറയാം. വളരെ നേരെവാ നേരെപോ മട്ടിലുള്ള ഒരു സൌത്ത് ഇന്ത്യന്‍ ഓഫീസറാണ് ഇയാള്‍. യുപി കേഡര്‍ ആണ്. പക്ഷേ ഒരു രാഷ്ട്രീയക്കാരുമായും അടുപ്പമില്ല. മുലായംസിങ്ങ് മുഖ്യമന്ത്രിയായ സമയത്ത്, 1990-ല്‍ വാരണാസിയില്‍ ഒരു ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നു. അപ്പോള്‍ അവടെ കലക്ടര്‍ ആണ് നമ്മുടെ ഓഫീസര്‍. മുലായംസിങ്ങിന്റെ സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ അല്ലാതെ ജയിക്കില്ല. ഒരു കാരണവശാലും ബൂത്ത് പിടിച്ചടക്കാനോ കള്ള വോട്ട് ചെയ്യിക്കാനോ ഒന്നും നമ്മുടെ ഓഫീസര്‍ സമ്മതിക്കുകയും ഇല്ല. മൂപ്പര്‍ക്കറിയാം മുഖ്യമന്ത്രിക്ക് ഇലക്ഷന് റിഗ് ചെയ്യാന്‍ പ്ളാനുണ്ടെന്ന്. അതിന് പക്ഷേ ഡിഎംഒ/കലക്ടറുടെ സഹായം വേണം. മൂപ്പര് തീരുമാനിച്ചു, രാവിലെ മുതല്‍ തെരഞ്ഞെടുപ്പ് മേഖലകളില്‍ തുടര്‍ച്ചയായി കറങ്ങുമെന്ന്, വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ സൌകര്യപൂര്‍വം വയര്‍ലെസ് മറന്നുവച്ചു, മൊബൈല്‍ ഫോണില്ലാത്ത കാലമല്ലേ? മാത്രമല്ല അടുത്ത ആളായ എസ്എസ്പിയെ കൂടെ കൂട്ടി. അയാളുടെ വയര്‍ലെസും എടുക്കാന്‍ സമ്മതിച്ചില്ല. ദിവസം മുഴുവന്‍ അവര്‍ ടൂറിലാണ്. വയര്ലെസില് മുഖ്യമന്ത്രിയുടെ 20-25 കോള്‍ വരുന്നുണ്ട്. സ്റ്റാഫ് എടുക്കും-വയര്‍ലെസ് സാബ് നേ ഛോഡ്കര്‍ ചലേ ഗയേ എന്ന് മറുപടി പറയും. സാബ് മണ്ഡലത്തില്‍ ടൂറിലാണ്, എവിടെയാണെന്നറിയില്ല എന്ന് മറുപടി. എസ്എസ്പിയെ വിളിക്കുമ്പോള്‍ എസ്എസ്പി സാബ് കലക്ടര്‍ സാബിന്റെ കൂടെയാണ്, വയര്‍ലെസ് എടുത്തിട്ടില്ല എന്ന് അവിടെ നിന്നും. ഇലക്ഷന് മര്യാദക്ക് നടന്നു, റിസള്‍ട്ട് വന്നപ്പോ മുലായത്തിന്റ സ്ഥാനാര്‍ഥി തോല്‍ക്കുകയും ചെയ്തു.
എന്തായാലും തെരഞ്ഞെടുപ്പിന്റെ അന്ന് വൈകിട്ട് നമ്മുടെ ഐഎഎസ് ഓഫീസര്‍ മുഖ്യമന്ത്രിയെ അങ്ങോട്ടേക്ക് വിളിച്ചു. മുഖ്യമന്ത്രിയുടെ കുറേ കോളുകള്‍ വന്നതാണല്ലോ. 'സാബ്, വയര്‍ലെസ് തോ മേനേ ഫൂല് ഗയാ ഥാ!' (സര്, വയര്‍ലെസ് ഞാന്‍ മറന്നുപോയിരുന്നു). മുലായത്തിന് ഈ കളിയൊക്കെ അറിയാമല്ലോ. മുലായം പറഞ്ഞു: 'അപ്നേ ആപ് കോ ക്യാ സമജ് രഖാ ഹേ! ബോറി ബിസ്തര്‍ ഭാങ്ക്ലോ, തും കോ ട്രാന്‍സ്ഫര്‍ കര്താ ഹൂം'-എന്നുവച്ചാ താന്‍ തന്നെക്കുറിച്ച് എന്താ വിചാരിച്ചു വച്ചേക്കണേ! കിടക്കേം സാമാനവും പൊതിഞ്ഞു കെട്ടിക്കോ, ട്രാന്സ്ഫറാണെന്ന്... നമ്മുടെ ഓഫീസര്‍ക്ക് അത് ഉറപ്പായിരുന്നു. അങ്ങനെ മൂപ്പരെ ട്രാന്‍സ്ഫര്‍ ചെയ്ത് റവന്യൂ ഡിപ്പാര്‍ട്ട്മെന്റിന്റെ മൂലയ്ക്കിരുത്തി. 1990-ലാണിത്. ആദ്യ കര്സേവയൊക്കെ ആരംഭിക്കുന്നതിന് ഏതാനം മാസങ്ങള്‍ക്കുമുമ്പ്. അദ്വാനിയുടെ രഥയാത്രയും ആര്‍എസ്എസിന്റെ കര്‍സേവയും ആരംഭിച്ചതോടെ അയോധ്യയിലും ഫൈസലാബാദിലും വലിയ പ്രശ്നമായി. അങ്ങനെയിരിക്കുന്ന ഒരു ദിവസം മുലായം സിങ്ങ് ഈ ഉദ്യോഗസ്ഥനെ വിളിച്ചു, എന്നിട്ട് പറഞ്ഞു: 'ഹമാരെ ബീച്ച് മേം ബഹുത് ഹുവാ ഹേ, ലേകിന് അഭി മേരേകോ അയോധ്യാമേം ഏക് ഇമാന്താര്‍ ഓഫീസര്‍ ചാഹിയേ, യേ ജോ ആഗേ പീഛേ നഹിം ദേഖ് രഹാ ഹേ. മേം ആപ്കോ അയോധ്യാ കേ കമ്മീഷണര്‍ ബനാ രഹാ ഹൂം'. (നമുക്കിടയില്‍ പലതും ഉണ്ടായിട്ടുണ്ട്. പക്ഷേ എനിക്കിപ്പോള്‍ അയോധ്യയില്‍ ഒരു സത്യസന്ധനായ ഉദ്യോഗസ്ഥനെ വേണം, മുന്‍പിന്‍ നോക്കാതെ നടപടിയെടുക്കുന്ന ഒരാള്‍. ഞാന്‍ നിങ്ങളെ അയോധ്യ കമ്മീഷണര്‍ ആക്കുകയാണ്). നമ്മുടെ ഓഫീസര്‍ക്ക് പിന്നെ ഒരു പ്രശ്നവുമില്ല. പുള്ളിപോയി അയോധ്യ കമ്മീഷണര്‍ ആയി. മുലായത്തിന്റെ രാഷ്ട്രീയക്കാരന് എന്ന നിലയിലുള്ള വലിയ ക്വാളിറ്റിയായിരുന്നു അത്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കപ്പുറത്തേക്ക് വ്യക്തികളുടെ ഗുണങ്ങളെ തിരിച്ചറിയാനുള്ള ശേഷി.
എന്റെ അനുഭവത്തിലേക്ക് വന്നാല്‍, രാമജന്മഭൂമി കലാപകാലം മുതല്‍ നിരന്തരബന്ധമുണ്ട്. അക്കാലത്ത് ഏതാണ്ട് എല്ലാ ദിവസവും ഫോണില്‍ സംസാരിക്കുമായിരുന്നു. പള്ളി പൊളിച്ചതിനുശേഷം ഞാന്‍ മുലായത്തിനെ കാണാന്‍ പോയി. അന്നത്തെ ആവേശത്തിന് എന്റെ വക ഒരു കാര്യവുമില്ലാത്ത ഒരു ഉപദേശവും ഞാന്‍ മുലായത്തിന് കൊടുത്തു: ഞാന്‍ പറഞ്ഞു, നിങ്ങള്‍ എല്ലാ മതേതര ശക്തികളെയും ഒന്നിപ്പിക്കണം, നിങ്ങളാണ് ഇതിന്റെ ആള് എന്ന്. 1993 സെപ്തംബറില്‍ പുള്ളി എസ്പി-ബിഎസ്പി സഖ്യം പ്രഖ്യാപിച്ചു. ജനതാദളിനോ സിപിഐ എമ്മിനോ സിപിഐക്കോ ഒരു സീറ്റുപോലും കൊടുത്തില്ല. ഇതിന്റെ പേരില്‍ ഞാനദ്ദേഹവുമായി വഴക്ക് പിടിച്ചു. ഞാന്‍ പറഞ്ഞു, 'നിങ്ങളെല്ലാവരെയും കൂട്ടുമെന്ന് പറഞ്ഞതല്ലേ, ആരെയും കൂട്ടിയില്ല, ഇത് തോന്ന്യവാസമാണ് എന്നൊക്കെ ഞാന്‍ പറഞ്ഞു. അതെല്ലാം കേട്ടശേഷം ഒരേയൊരു വാചകമാണ് മുലായം മറുപടി പറഞ്ഞത്-യുപി മേം സെക്യുലര്‍ അലയന്‍സ് ഹോ ഗയാ, ഇസ് സേ ജ്യാദാ കുഛ് കര്‍നേ കേ ജരൂരസ് നഹീ! (യുപിയില്‍ മതേതര സഖ്യം ഉണ്ടായിക്കഴിഞ്ഞു. ഇതില്‍ കൂടുതല്‍ ഒന്നിന്റെയും ആവശ്യമില്ല). ഇതുമായി ബന്ധപ്പെട്ട് മുലായം സിങ്ങുമായുള്ള എന്റെ അഭിമുഖം ഫ്രണ്ട്ലൈനില്‍ അച്ചടിച്ച് വരുമ്പോഴുള്ള ആമുഖത്തിന്റെ ആദ്യ വാചകം ഇങ്ങനെയായിരുന്നു: 'ദിസ് മാന്‍ സീം റ്റു ബി സഫറിങ് ഫ്രം ഡില്യൂഷന്‍സ് ഓഫ് ഗ്രാന്‍ഡ്യൂര്‍' അഥവാ ഇയാള്‍ക്ക് വട്ടായിപ്പോയി എന്നാണ്.
ആ ഒറ്റ സംഭവത്തോടെയാണ് മുലായംസിങ്ങുമായുള്ള വ്യക്തിപരമായ ബന്ധം ആരംഭിക്കുന്നത്. വിശ്വസിക്കാന്‍ പറ്റുമോ, അദ്ദേഹത്തിന് വട്ടാണ് എന്ന് ഞാന്‍ എഴുതിയതാണ്. അതില്‍ ഞാന്‍ തെറ്റാണെന്ന് സ്ഥാപിച്ചതിനുശേഷം ആ കുടുംബത്തിലെ ഓരോ കാര്യത്തിലും മുലായം എന്നെ വിളിക്കുകയും അഭിപ്രായം ചോദിക്കുകയും ചെയ്തുപോന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഫലംവന്നു. ബിജെപി തോറ്റു. എസ്പി-ബിഎസ്പി സഖ്യം അധികാരത്തില്‍ വന്നു. മുഴുവന്‍ ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ബിജെപിയെ തോല്പ്പിക്കാനായി. ഫലമറിഞ്ഞശേഷം മുലായം സിങ്ങിനെ കാണാന്‍ ഞങ്ങള്‍ പത്രക്കാരെല്ലാം പുറത്ത് കാത്തിരിക്കുകയാണ്. അകത്തുനിന്ന് ഒരാള്‍ വന്ന് പറഞ്ഞു-വെങ്കിടേഷ് സാബ് കോ ബുലാ രഹാ ഹേ.. അന്നാണ് ഞാന്‍ മനസ്സിലാക്കുന്നത് ഇദ്ദേഹം നമ്മളെഴുതുന്നത് വായിക്കുകയോ ആരെക്കൊണ്ടെങ്കിലും വായിപ്പിച്ച് അറിയുകയോ ചെയ്യുന്നുണ്ട് എന്ന്. ഞാന്‍ അകത്തേക്ക് ചെന്നു. ഞാന്‍ നടന്നുവരുന്നത് കണ്ട് ദൂരെനിന്നേ മുലായം വിളിച്ചു ചോദിച്ചു. 'അബ് ബതാവോ വെങ്കിടേഷ്, തും പാഗല്‍ ഹോ യാ മേം? (ഇപ്പോ പറ വെങ്കിടേഷേ, എനിക്കാണോ തനിക്കാണോ വട്ട്?) ഞാന്‍ പറഞ്ഞു, 'സാബ് ഗല്തി ഹോഗയാ, ആപ് സഹി ഹേ, ആപ് കോ രാജ്നീതി മാലൂം ഹേ, ഹമ്കോ നഹീം' (തെറ്റ് പറ്റിപ്പോയി സര്, താങ്കള്‍ക്ക് രാഷ്ട്രീയമറിയാം. എനിക്കറിയില്ല). ആ ഒറ്റ സംഭവത്തോടെയാണ് മുലായംസിങ്ങുമായുള്ള വ്യക്തിപരമായ ബന്ധം ആരംഭിക്കുന്നത്. വിശ്വസിക്കാന്‍ പറ്റുമോ, അദ്ദേഹത്തിന് വട്ടാണ് എന്ന് ഞാന്‍ എഴുതിയതാണ്. അതില്‍ ഞാന്‍ തെറ്റാണെന്ന് സ്ഥാപിച്ചതിനുശേഷം ആ കുടുംബത്തിലെ ഓരോ കാര്യത്തിലും മുലായം എന്നെ വിളിക്കുകയും അഭിപ്രായം ചോദിക്കുകയും ചെയ്തുപോന്നു. അതുകൊണ്ട് അഖിലേഷ് ആദ്യം എംപി സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിക്കുമ്പോള്‍ മുലായം എന്നെ ചൂണ്ടി അഖിലേഷിനോട് പറഞ്ഞിട്ടുണ്ട്, രാജനീതി ഇസ്സേ സീഖോ (രാഷ്ടീയം ഇയാളില്‍നിന്ന് പഠിക്കൂ) എന്ന്. അത്രയ്ക്കുള്ള അടുപ്പവും സ്നേഹബന്ധവുമായി അത് വളര്‍ന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..