01 October Sunday

യുപിയുടെ നക്ഷത്രം

അനിൽകുമാർ എ വിUpdated: Tuesday Oct 11, 2022

ലാലുപ്രസാദ് യാദവ്, ഹർകിഷൻ സിങ് സുർജിത്ത്, ജ്യോതിബസു എന്നിവർക്കൊപ്പം മുലായംസിങ്‌ യാദവ്‌

സ്വന്തം കൈത്തണ്ടയിൽ കെട്ടിയ വാച്ചിൽ കൂടെക്കൂടെ നോക്കുമായിരുന്ന മുലായം സിങ്‌ യാദവിന്‌ അഗാധമായ സമയബോധമാണെന്ന്‌ പറയാറുണ്ടായിരുന്നു. അനുയായികളും എതിരാളികളും ഒരുപോലെ ‘നേതാജി’ എന്നും ‘ധർത്തിപുതൃ’ എന്നും അഭിസംബോധനചെയ്‌ത അദ്ദേഹം  ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞ രാഷ്ട്രീയ നേതാവായിരുന്നു.

വിസ്‌മയങ്ങളും കൗതുകങ്ങളും കോർത്തിണക്കിയ വ്യക്തിത്വം. കോൺഗ്രസിന്‌ അഞ്ചു പ്രധാനമന്ത്രിമാരെ സംഭാവനചെയ്‌തിട്ടും ആ പാർടിയുടെ  ദയനീയമായ പതനം കണ്ട ഉത്തർപ്രദേശിൽനിന്ന് മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ തിളങ്ങുന്ന നക്ഷത്രമായി ഉയർന്ന പോരാളി.   രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ അവിടെ മൂന്നു പ്രാവശ്യം(1989,1993,2003)   മുഖ്യമന്ത്രിയും രണ്ടുവട്ടം കേന്ദ്ര മന്ത്രിയുമായ  മുലായത്തെതേടി പല ഉന്നത പദവികളും തുടർച്ചയായി വന്നു. ആറര പതിറ്റാണ്ടിലേറെ വിസ്‌തൃതിയുണ്ടായ പൊതുജീവിതത്തിൽ  ചിലപ്പോഴെല്ലാം വിവാദങ്ങൾക്ക് തിരികൊളുത്തിയ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഈടുവെപ്പ് ദളിത്‌‐ മുസ്ലിം ആഭിമുഖ്യവും ഏറ്റവും ദരിദ്ര ജനവിഭാഗങ്ങളോടുള്ള കൂറും അധികം അനുരഞ്ജനം കാണിക്കാത്ത മതനിരപേക്ഷതയുമാണ്‌. നേരിട്ട  വെല്ലുവിളികളും പരിഹാസങ്ങളും നിരവധി. മുസ്ലിങ്ങൾക്കൊപ്പം  നിലകൊണ്ടതിനാൽ ‘മൗലാന മുലായം’ എന്ന ശകാരപ്പേരും വീണു.   മത്സരിച്ച ഏതാണ്ട്‌ എല്ലാ  തെരഞ്ഞെടുപ്പുകളിലും വെന്നിക്കൊടി പാറിച്ച മുലായം പത്തുവട്ടം നിയമസഭയിൽ അംഗമായി. 2004ൽ ഗുന്നാവ്‌ നിയമസഭാ സീറ്റിൽനിന്ന്‌ 92 ശതമാനം വോട്ടുനേടിയും ചരിത്രം തീർത്തു.

1992 ഒക്ടോബർ നാലിന്‌ രൂപീകൃതമായ സമാജ്‌വാദി പാർടി ദരിദ്രരുടെ പ്രശ്‌നങ്ങളിൽ ഊന്നി. തെരഞ്ഞെടുപ്പ്‌ ചിഹ്നം സാധാരണക്കാരുടെ വാഹനമായ സൈക്കിൾ. അസമത്വത്തിനും അനീതിക്കുമെതിരെ വിദ്യാർഥി നാളുകളിലേ  രോഷത്തോടെ പ്രതികരിച്ച മുലായം പിൽക്കാലത്ത് അധഃസ്ഥിതരുടെയും പിന്നോക്കക്കാരുടെയും നേതാവായിമാറി. സോഷ്യലിസ്റ്റ് നേതാവ് രാംമനോഹർ ലോഹ്യയുടെ ആശയങ്ങളിൽ ആകൃഷ്ടനായാണ് പൊതുപ്രവർത്തനത്തിലേക്ക് വന്നത്. ഇറ്റാവയിലെ കർമക്ഷേത്ര  കോളേജ്‌  വിദ്യാർഥിയായിരിക്കെ ലോഹ്യയുടെ പത്രാധിപത്യത്തിലുള്ള ‘ജാൻ’ പത്രം രാഷ്ട്രീയചിന്തകളെ പിടിച്ചുലച്ചു.  മുലായം ആഗ്ര സർവകലാശാലയിൽ നിന്ന് ബിടി ബിരുദവും രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി.  കുറച്ചു കാലം കർഹാലിൽ ജയിൻ ഇന്റർ കോളേജിൽ അധ്യാകപനുമായി.

പതിനഞ്ചാം വയസിൽ,1954ൽ റാം മനോഹർ ലോഹ്യ ആരംഭിച്ച കർഷക പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് ഒരു ദിവസം ജയിലിൽകിടന്നു. അഴിമതിക്കെതിരായ ജെപിയുടെ പ്രസ്ഥാനത്തിൽ പങ്കാളിയായതിന് കാരാഗൃഹത്തിലായി. പൊതുപ്രവർത്തനത്തിനിടയിൽ ഒമ്പതുവട്ടം ജയിലിലടക്കപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്ത് 19 മാസമായിരുന്നു  തടവ്‌. കരിമ്പ് മേഖലയിലേതടക്കം കർഷകരുടെ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തും അഴികൾക്കുള്ളിലായി.  മധുലിമായെ, കർപ്പൂരി താക്കൂർ, ജ്ഞാനേശ്വർ മിശ്ര തുടങ്ങിയവരും വലിയ സ്വാധീനം ചെലുത്തി.1977 ലെ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ റായ്‌ബറേലിയിൽ ഇന്ദിരാഗാന്ധിയെ മുട്ടുകുത്തിച്ച രാജ്‌ നാരായൺ ആരാധനാപാത്രവുമായി. പിൽക്കാലത്ത്  ചരൺസിങിന്റെയും അനുയായി. സംയുക്ത സോഷ്യലിസ്റ്റ് പാർടി ടിക്കറ്റിൽ 1967ൽ ജസ്‌വൻ നഗറിൽനിന്ന് എംഎൽഎയായി.  മുലായം ആദ്യമായി നിയമസഭയിലേക്ക്‌ മത്സരിച്ചപ്പോൾ മണ്ഡലത്തിൽ പ്രബലനായ ലഖൻ സിങ്ങായിരുന്നു എതിരാളി.

1960കളുടെ ആരംഭത്തിൽ  ഇറ്റാവ ഡിഗ്രി കോളേജ് യൂണിയൻ പ്രസിഡന്റായ മുലായം പിന്നീട് സംസ്ഥാന ലോക്ദൾ അധ്യക്ഷനായി. അത് പിളർന്ന് ജനതാദൾ രൂപംകൊണ്ടപ്പോഴും അധ്യക്ഷൻ. യുപി നിയമസഭയിലെ പ്രായംകുറഞ്ഞ അംഗമെന്ന ഖ്യാതിയും മുലായത്തിന്. 1977ൽ ആദ്യമായി രാംനരേഷ് യാദവിന്റെ നേതൃത്വത്തിലുള്ള ജനതാ മന്ത്രിസഭയിൽ അംഗമായി. സഹകരണ സ്ഥാപനങ്ങളിൽ പിന്നോക്ക സംവരണം നേടിക്കൊടുക്കാനുള്ള പദ്ധതി ആവിഷ്കരിച്ചത്‌ ആ കാലയളവിലാണ്‌. 1974ലും 77ലും  തുടർ ജയങ്ങൾ. ബിജെപി പിന്തുണയോടെ 1989ൽ മുഖ്യമന്ത്രിയായെങ്കിലും അഭിപ്രായ ഭിന്നതയെത്തുടർന്ന് സഖ്യം തകർന്നു. ഇന്ത്യയെ മുറിവേൽപ്പിക്കാൻ എൽ കെ അദ്വാനി രഥയാത്ര ആരംഭിച്ചപ്പോൾ അയോധ്യയിൽ കടക്കാൻ വിടില്ലെന്ന് മുലായം പ്രഖ്യാപിച്ചത്‌ രാജ്യത്തിനാകെ ആവേശമായി. ബിജെപിക്കും കോൺഗ്രസിനും ബദലായുള്ള സഖ്യ പരീക്ഷണങ്ങൾക്ക്‌ മുലായം പലപ്പോഴും ആത്മാർഥമായി മുന്നിട്ടിറങ്ങിയെങ്കിലും വിജയിക്കാനായില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top