27 September Sunday

നിശ്ശബ്ദത സമ്മതമല്ല : മുഹമ്മദ്‌ യൂസുഫ്‌ തരിഗാമി

വിജേഷ്‌ ചൂടൽUpdated: Sunday Jan 19, 2020

തിരുവനന്തപുരം > മുറിവേറ്റ്‌ ചോരവാർന്ന ജമ്മു കശ്‌മീരിൽനിന്ന്‌ രാജ്യം ആവേശത്തോടെ കണ്ട ആദ്യ ചിത്രം പിറന്നത്‌ ശ്രീനഗർ ഗുപ്‌കർ റോഡിലെ വീടിന്റെ പച്ചനിറം പൂശിയ വാതിൽപ്പടിയിലായിരുന്നു. പുറംലോകവുമായി ബന്ധമില്ലാതെ തടവിലാക്കപ്പെട്ട മുഹമ്മദ് യൂസുഫ്‌  തരിഗാമിയെ തേടി സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എത്തിയത്‌ ജനം ആശ്വാസത്തോടെയും പലകുറി കണ്ടു. തണുത്തുറഞ്ഞ താഴ്‌വരയിൽ തടവിൽപ്പെടാത്ത പ്രത്യയശാസ്ത്രവും ഒടുങ്ങാത്ത നിശ്ചയദാർഢ്യവും കനൽച്ചൂടേറ്റിയ ഹൃദയവുമായി പോരാട്ടം നയിക്കുന്ന തരിഗാമി സിപിഐ എം കേന്ദ്രകമ്മിറ്റിയോഗത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തുണ്ട്‌. കശ്‌മീരിൽ ഇപ്പോൾ എന്താണ്‌ അവസ്ഥയെന്ന ചോദ്യത്തോടുള്ള അദ്ദേഹത്തിന്റെ മറുപടിയിൽ ഒരു ജനതയുടെ ആത്മരോഷത്തിന്റെ പ്രതിഫലനം–- ‘നിശബ്ദതയെന്നാൽ അംഗീകരിക്കലല്ല’. 

ജമ്മു കശ്‌മീരിൽ നടന്നത്‌ ഭരണഘടനാ അട്ടിമറിയാണ്‌. ഉത്തർപ്രദേശും ബിഹാറും ആന്ധ്രപ്രദേശും വിഭജിച്ചത്‌ പാർലമെന്റിലും നിയമസഭയിലും തെരുവിടങ്ങളിലുമെല്ലാം ചർച്ച നടത്തി അഭിപ്രായ സ്വരൂപീകരണത്തിലൂടെയാണ്‌. കശ്‌മീരിന്റെ കാര്യത്തിൽ ഇതൊന്നും പാലിച്ചില്ല. അനുപമമായ ചരിത്രവും സംസ്‌കാരവുമുള്ള സംസ്ഥാനത്തെ വെറും കേന്ദ്രഭരണപ്രദേശമായി തരം താഴ്‌ത്തി. ഈ രാജ്യത്ത്‌ മറ്റെവിടെയെങ്കിലുമാണ്‌ ഇത്‌ നടന്നതെങ്കിൽ അവിടത്തെ ജനത എത്രമേൽ അപമാനിതരാകും. കശ്‌മീരിന്‌ നൽകാൻ ഒന്നുമില്ലെങ്കിൽ ഞങ്ങളെക്കുറിച്ച്‌ നുണ പ്രചരിപ്പിക്കുന്നതെങ്കിലുംനിർത്തിക്കൂടെ– തരിഗാമി ചോദിച്ചു.

രാജ്യത്തെ അസ്ഥിരമാക്കാനുള്ള വലിയ പ്രക്രിയക്കാണ്‌ കശ്‌മീരിൽ തുടക്കമിട്ടത്‌ എന്ന്‌ എല്ലാവരും ഓർക്കണം. ഭരണടഘടനയെ അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ തുടക്കമായാണ്‌ 370–-ാം അനുച്ഛേദം റദ്ദാക്കിയതിനെ കാണേണ്ടത്‌. ഇതിനെ തുടർന്ന്‌ തുടർച്ചയായി ഈ വഴിക്കുള്ള നിയമനിർമാണങ്ങളുണ്ടായി. 370, 35 എ അനുച്ഛേദങ്ങൾ റദ്ദാക്കാനുള്ള നീക്കത്തിനെതിരെ താനടക്കം സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഇവയിൽ കോടതി തീർപ്പ്‌ കൽപ്പിക്കുന്നതിനു മുമ്പ്‌ ബിൽ പാസാക്കിയത്‌ എന്തിനെന്ന്‌ സർക്കാർ പറയണം. കശ്‌മീരിന്റെ മുറിവിൽ ഉപ്പുതേയ്‌ക്കുന്നതാണ്‌ പൗരത്വ ഭേദഗതി നിയമമെന്നും അദ്ദേഹം പറഞ്ഞു.
കശ്‌മീർ സാധാരണനിലയിലായെന്ന്‌ ആഭ്യന്തരമന്ത്രി പറയുന്നത്‌ എന്തടിസ്ഥാനത്തിലാണ്‌.

എല്ലാ ജനാധിപത്യ അവകാശങ്ങളും നിഷേധിക്കപ്പെട്ട ജനത ദുരിതത്തിലാണ്‌. സുപ്രീംകോടതി ഉത്തരവിട്ട ശേഷംപോലും സാധാരണക്കാർക്ക്‌ ഇന്റർനെറ്റ്‌ ലഭ്യമല്ല. ബിജെപി ഒഴികെയുള്ള ഒരു പാർടിയുടെയും പ്രവർത്തനം അനുവദിക്കുന്നില്ല. വിമർശനം ഉയർത്തുന്നവരെ കാരണം പറയാതെ കസ്‌റ്റഡിയിൽ വയ്‌ക്കുന്നു. പത്രങ്ങൾ വെറും സർക്കാർ ഗസറ്റുകളായി മാറി. യൂറോപ്യൻ യൂണിയനിൽനിന്ന്‌ കശ്‌മീരിലേക്ക്‌ എംപിമാരെ കൊണ്ടുവന്നു. എന്നാൽ, ഇന്ത്യയിലെ എംപിമാരും നേതാക്കളും കശ്‌മീർ ജനതയോട്‌ സംസാരിക്കുന്നതിനെ കേന്ദ്രസർക്കാർ ഭയപ്പെടുന്നു. 36 കേന്ദ്രമന്ത്രിമാർ എത്തുന്നുവെന്നാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. 31 പേരും ജമ്മുവിലാണെത്തുന്നത്‌. അഞ്ചുപേർ മാത്രം കശ്‌മീർ സന്ദർശിക്കും. ലഡാക്കിലേക്ക്‌ ആരുമില്ല.

അതേസമയം, രാജ്യത്താകെ നടക്കുന്ന പോരാട്ടം പ്രതീക്ഷാനിർഭരമാണെന്ന്‌ തരിഗാമി പറഞ്ഞു. ക്യാമ്പസിൽ വിദ്യാർഥികളും തെരുവിൽ സാധാരണക്കാരും സമരംചെയ്യുന്നത്‌ ആരുടെയും ഔദാര്യം ആവശ്യപ്പെട്ടല്ല. ജീവിക്കാനുള്ള അവകാശത്തിനും ഭരണഘടനയുടെ സംരക്ഷണത്തിനുമാണ്‌ പോരാട്ടം.
അവരുടെ ഹൃദയത്തുടിപ്പിൽനിന്ന്‌ മനസ്സിലാകുന്നത്‌ ഇന്ത്യയുടെ ഭാവി നമ്മൾ ജനങ്ങളുടേതു തന്നെയായിരിക്കുമെന്നാണ്‌. ഭരണഘടനയെക്കാൾ വലുതാണ്‌ തങ്ങളെന്ന്‌ കരുതുന്നവരെ എല്ലാത്തിനേക്കാളും വലുത്‌ രാജ്യമാണെന്ന്‌ ജനം ബോധ്യപ്പെടുത്തും. കേരളത്തിലെ മഹത്തായ ജനതയും സർക്കാരും ഇക്കാര്യത്തിൽ നടത്തുന്ന പോരാട്ടം ഐതിഹാസികമാണ്‌. അഭിപ്രായഭിന്നതകൾക്കിടയിലും എങ്ങനെ ഒന്നിച്ചുനിൽക്കാമെന്ന്‌ കേരളം കാട്ടിത്തന്നു–- തരിഗാമി പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top