24 February Sunday

ആ യാത്ര അമ്പതിലേക്ക്

ഡോ. സംഗീത ചേനംപുല്ലിUpdated: Thursday Jul 26, 2018കുഞ്ഞ് ഒരുരുള ചോറുണ്ണാന്‍ അമ്പിളിമാമന് നേരെ കൈനീട്ടാത്ത അമ്മമാരും അമ്പിളിമാമനെ നോക്കി ചോറുണ്ണാത്ത കുഞ്ഞുങ്ങളും നമുക്കിടയില്‍ കുറവായിരിക്കും. എന്നാല്‍ മനോഹര സങ്കല്‍പ്പങ്ങളുടെ ഈ പ്രകാശബിംബത്തെ 1969ജൂലൈ20ന് ശാസ്ത്രത്തിന്റെ കരുത്തും മനുഷ്യന്റെ നിശ്ചയദാര്‍ഢ്യവും ചേര്‍ന്ന് ആദ്യമായി കീഴടക്കി. മനുഷ്യന് ഒരു ചെറിയ കാൽവയ്പ് , മനുഷ്യരാശിക്കോ ഒരു വലിയ കുതിച്ചുചാട്ടം എന്ന് ചന്ദ്രനില്‍ കാല്‍കുത്തിയ ആദ്യമനുഷ്യനായ നീല്‍ ആംസ്ട്രോങ് തന്നെ വിശേഷിപ്പിച്ച ഈ വലിയ ശാസ്ത്രമുന്നേറ്റത്തിന്റെ അമ്പതാം വാര്‍ഷികം 2018 ഒക്ടോബര്‍ മുതല്‍ 2022 ഡിസംബര്‍ വരെ ആഘോഷിക്കാന്‍ നാസ തീരുമാനിച്ചിരിക്കുന്നു.. ബഹിരാകാശത്ത് പുതിയസാധ്യതകള്‍ തേടുന്ന മനുഷ്യരാശിയെ എന്നെന്നും പ്രചോദിപ്പിച്ചുകൊണ്ട് നീല്‍ആംസ്ട്രോങ്ങിന്റെയും എഡ്വിന്‍ ആള്‍ഡ്രിന്റെയും ആദ്യകാല്‍പ്പാടുകള്‍ ബഹിരാകാശചരിത്രത്തില്‍ പതിഞ്ഞു കിടക്കും. ചന്ദ്രനിലെ ഉപരിതലസവിശേഷതകളെക്കുറിച്ചുള്ള പഠനങ്ങള്‍ക്കപ്പുറം മനുഷ്യരാശിക്ക് ഭാവിയെക്കുറിച്ച് കുറേ സ്വപ്നങ്ങള്‍ കൂടി സമ്മാനിച്ചു ചാന്ദ്രപര്യവേക്ഷണ യാത്രകള്‍. ചന്ദ്രനിലേക്കുള്ള യാത്രകള്‍ പലരാജ്യങ്ങളുടേയുംമുൻഗണനാപട്ടികകളില്‍ വീണ്ടും സ്ഥാനം പിടിച്ചുകഴിഞ്ഞിരിക്കുന്നു. 2030ഓടെ ചന്ദ്രനില്‍ കോളനി പണിയാന്‍ റഷ്യ പദ്ധതിയിടുമ്പോഴും, ചന്ദ്രനിലെ ധാതുസമ്പത്തിനെപ്പറ്റി വിവിധ രാജ്യങ്ങള്‍ സ്വപ്‌നങ്ങള്‍ മെനയുമ്പോഴും ആത്മവിശ്വാസം നല്‍കുന്നത് 49 വർഷം മുമ്പത്തെ ആ വലിയ വിജയംതന്നെയാണ്.

ശീതയുദ്ധകാലത്ത് ബഹിരാകാശ പര്യവേക്ഷണ രംഗത്ത് മേല്‍ക്കൈനേടുന്നതിനായി സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മില്‍ കടുത്ത മത്സരം തന്നെയായിരുന്നു നടന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള ചേരിപ്പോരെങ്കിലും ഇത് ശാസ്ത്രസാങ്കേതിക രംഗങ്ങളില്‍ വലിയ മുന്നേറ്റങ്ങള്‍ക്ക് കാരണമായി. ചന്ദ്രനെ കൈപ്പിടിയിലൊതുക്കാനുള്ള മത്സരത്തില്‍ ആദ്യ വിജയം സോവിയറ്റ് യൂണിയനായിരുന്നു. 1959ല്‍ തന്നെ ലൂന 2 പേടകം ചന്ദ്രനിലിറങ്ങി. അമേരിക്കയ്ക്ക്    ചന്ദ്രനിലിറങ്ങാന്‍ 1962ലെ റേഞ്ചര്‍ നാല് ദൗത്യം വരെ കാത്തിരിക്കേണ്ടി വന്നു. തുടര്‍ന്ന് 1976 വരെ ആളുള്ളതും അല്ലാത്തതുമായ നിരവധി ദൗത്യപേടകങ്ങള്‍ ചന്ദ്രനിലെത്തി പഠനങ്ങള്‍ നടത്തി. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ടതും അവിശ്വസനീയമാം വിധം പ്രത്യാശാജനകവുമായദൗത്യം ആദ്യമായി മനുഷ്യനെ ചന്ദ്രനിലെത്തിച്ച അപ്പോളോ 11 തന്നെയാകും. കഠിനപരിശ്രമങ്ങളുടെയും പരാജയങ്ങളുടെയും, തെറ്റുകളില്‍നിന്ന് പാഠമുള്‍ക്കൊണ്ട വിജയങ്ങളുടെയും കഥകൂടി ചാന്ദ്രദൗത്യങ്ങള്‍ക്ക് പറയാനുണ്ട്. മനുഷ്യന്‍ ചന്ദ്രനിലെത്തും മുമ്പേ നിരവധി ആളില്ലാദൗത്യങ്ങള്‍ ചന്ദ്രനിലെത്തി പഠനം നടത്തുകയും ഫോട്ടോകള്‍ എടുക്കുകയും ചെയ്തിരുന്നു. വിജയകരമായ പതിനഞ്ച് ലൂന ദൗത്യങ്ങളും അമേരിക്കയുടെ ഏഴ് സര്‍വേയര്‍ ദൗത്യങ്ങളും ഇതില്‍പ്പെടുന്നു. ചന്ദ്രോപരിതലത്തിന്റെ രാസഘടന, ഗുരുത്വാകര്‍ഷണം, അന്തരീക്ഷ സവിശേഷതകള്‍  എന്നിവയെക്കുറിച്ചെല്ലാം വിവരങ്ങള്‍ നല്‍കാന്‍ ഈ ദൗത്യങ്ങള്‍ക്ക് കഴിഞ്ഞു.ചന്ദ്രന്റെ  വിദൂരവശത്തിന്റെ ചിത്രങ്ങളെടുത്ത ലൂന 3, ആദ്യ സമീപചിത്രങ്ങളെടുത്ത ലൂന 9, ചന്ദ്രോപരിതലത്തില്‍ നിന്ന് മണ്ണ് ശേഖരിച്ച ലൂന 16 എന്നിവയെല്ലാം  പര്യവേക്ഷണത്തിലെ പ്രധാന നാഴികക്കല്ലുകളായിരുന്നു.

സോവിയറ്റ് യൂണിയന്‍ ചന്ദ്രനില്‍ ആദ്യ ആളില്ലാപേടകമിറക്കിയ ശേഷം ആര്‍ക്ക് ആദ്യം മനുഷ്യനെ ചന്ദ്രനില്‍ ഇറക്കാനാകും എന്നതായി മത്സരം. 1961ല്‍, മനുഷ്യനെ ചന്ദ്രനില്‍ ഇറക്കി വിജയകരമായി തിരിച്ചെത്തിക്കാന്‍ ആ ദശകം അവസാനിക്കും മുമ്പു തന്നെ അമേരിക്കക്ക് കഴിയേണ്ടതുണ്ടെന്ന് പ്രസിഡന്റായ ജോണ്‍ എഫ് കെന്നഡി അഭിപ്രായപ്പെട്ടു.

പ്രസിഡന്റിന്റെ സ്വപ്നത്തെ യാഥാർഥ്യമാക്കാന്‍ ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ദ്ധരും ഊർജിതശ്രമം തുടങ്ങി. ബഹിരാകാശ യാത്രക്കാവശ്യമായ സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ അപ്പോളോദൗത്യങ്ങള്‍ക്ക് മുന്നോടിയായി ജമിനി പദ്ധതി പരീക്ഷണയാത്രകള്‍ നടത്തി. ഭൂമിയുടെ ഗുരുത്വാകര്‍ഷണബലത്തെ മറികടന്ന് ബഹിരാകാശത്തെത്തുകയും വിജയകരമായി തിരിച്ചിറങ്ങുകയും ചെയ്യുന്ന സാങ്കേതികവിദ്യ കുറ്റമറ്റതാക്കാനും ബഹിരാകാശത്ത് ദീര്‍ഘസമയം കഴിയുന്നത് യാത്രികരെ എങ്ങനെ ബാധിക്കുന്നു എന്ന് പഠിക്കാനും ജമിനി സഹായിച്ചു. മനുഷ്യനെ ചന്ദ്രനിലെത്തിച്ച അപ്പോളോ പദ്ധതി 1961 മുതല്‍ 1972വരെ നീണ്ടുനിന്നു.മൂന്നുബഹിരാകാശയാത്രികര്‍ ഉള്‍പ്പെട്ടതായിരുന്നു എല്ലാ അപ്പോളോ ദൗത്യങ്ങളും. രണ്ടുപേര്‍ ചന്ദ്രനിലിറങ്ങുകയും മൂന്നാമന്‍ കമാന്റ്  മോഡ്യൂളിലിരുന്ന് ദൗത്യത്തെ നിയന്ത്രിക്കുന്നതുമായിരുന്നു രീതി.അപ്പോളോ ദൗത്യങ്ങളുടെ തുടക്കം  പരാജയത്തോടെയായിരുന്നു വിക്ഷേപണത്തിന് മുന്നോടിയായുള്ള പരീക്ഷണങ്ങള്‍ക്കിടെ  കമാന്റ്  മോഡ്യൂളില്‍ തീ പടര്‍ന്ന് വിര്‍ജില്‍ ഗ്രിസോം, എഡ്വാര്‍ഡ് വൈറ്റ്, റോജര്‍ ചാഫീ എന്നീ മൂന്ന് യാത്രികരും മരിച്ചു.

എന്നാല്‍ തിരിച്ചടികളില്‍ തളരാതെ അപ്പോളോ ദൗത്യം മുന്നോട്ട് പോയി. 1968 ഡിസംബര്‍ 21 ന് യാത്രപുറപ്പെട്ട അപ്പോളോ 8 ചന്ദ്രനെ പത്തുവട്ടം വലംവച്ചു. മറ്റൊരു ആകാശഗോളത്തെ ചുറ്റിക്കറങ്ങിയ ആദ്യത്തെ ബഹിരാകാശ  ദൗത്യമായിരുന്നു അത്. അപ്പോളോ എട്ടിലെ യാത്രികര്‍ ഭ്രമണപഥത്തില്‍നിന്ന് ഭൂമിയിലെ മനുഷ്യര്‍ക്ക് ക്രിസ്മസ് സന്ദേശമയച്ചു. ജനങ്ങള്‍ ഇത് ടി വി യില്‍ തത്സമയം കണ്ടു. ബഹിരാകാശത്തെ വിജനതയില്‍ ഇരുട്ടില്‍ തിളങ്ങിനില്‍ക്കുന്ന നീലഗോളമായി ഭൂമിയുടെ പ്രശസ്തമായ ചിത്രം പകര്‍ത്തിയത് അപ്പോളോ എട്ടിലെ യാത്രക്കാരനായ വില്യം ആന്‍ഡേഴ്സ് ആയിരുന്നു.

 

മഹത്തായ വിജയം
എന്നാല്‍ ഏറ്റവും മഹത്തായ വിജയം കാത്തിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. 1969 ജൂലൈ പതിനാറിന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് സാറ്റെണ്‍ വി റോക്കറ്റ് അപ്പോളോ പതിനൊന്നിനേയും വഹിച്ച് യാത്ര തിരിച്ചു. മൂന്നുദിവസത്തെ യാത്രയ്ക്ക്  ശേഷം ചന്ദ്രനിലെ പ്രശാന്തിയുടെ സമുദ്രം എന്നറിയപ്പെടുന്ന ഭാഗത്ത് ജൂലൈ20 ന് അപ്പോളോ പതിനൊന്ന് ഇറങ്ങി. ജൂലൈ21 ന് നീല്‍ ആംസ്ട്രോങ് ചന്ദ്രനില്‍ കാലുകുത്തുന്ന ആദ്യ മനുഷ്യനായി. അല്‍പ്പസമയത്തിനു ശേഷം ബസ് (എഡ്വിന്‍) ആള്‍ഡ്രിനും അദ്ദേഹത്തെ പിന്തുടര്‍ന്നു.

മൈക്കല്‍ കോളിന്‍സ് കമാന്റ്  മോഡ്യൂളിലിരുന്ന്ദൗത്യത്തെ നിയന്ത്രിച്ചു.21 മണിക്കൂര്‍ അവര്‍ അവിടെ ചെലവഴിച്ചു. 1969 ജൂലൈ 21 ലെ ആദ്യ കാൽവയ്പ്പിനു ശേഷം അഞ്ച് അപ്പോളോ ദൗത്യങ്ങളിലായി 10 പേര്‍ കൂടി ചന്ദ്രനിലിറങ്ങി. ഇതിനിടെ ഓക്സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ച് അപ്പോളോ 13 ദൗത്യത്തിന് ചന്ദ്രനില്‍ ഇറങ്ങാനാകാതെ പോയെങ്കിലും, യാത്രികരെ സുരക്ഷിതമായി തിരിച്ച് ഭൂമിയിലെത്തിക്കാന്‍ കഴിഞ്ഞു. ഏതാണ്ട് 382 കിലോ മണ്ണും കല്ലുമാണ് വിവിധഅപ്പോളോദൗത്യങ്ങളിലായി ശേഖരിക്കപ്പെട്ടത്. ചന്ദ്രന്റെ ഉപരിതലഘടനയെക്കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ ജിജ്ഞാസകള്‍ക്ക് ഉത്തരം നല്‍കാന്‍ ഇതുവഴി സാധിച്ചു. കാലക്രമേണ ചാന്ദ്രയാത്രകളോടുള്ള പൊതുജനത്തിന്റെ താല്പര്യം കുറഞ്ഞുതുടങ്ങി. വളരെയധികം പണം പര്യവേക്ഷണത്തിനായി ഉപയോഗിക്കുന്നത് വിമര്‍ശിക്കപ്പെട്ടു തുടങ്ങി. 1972 ലെ അപ്പോളോ 17 ന് ശേഷമുള്ള മൂന്നു ദൗത്യങ്ങള്‍ ഉപേക്ഷിക്കപ്പെടുകയാണുണ്ടായത്. 1972 ന് ശേഷം മനുഷ്യര്‍ ചന്ദ്രനില്‍ പോയില്ലെങ്കിലും ഇരുപതാംനൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ  തുടക്കത്തിലുമായി ജപ്പാന്‍, ചൈന, ഇന്ത്യ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവയുടെ ചാന്ദ്രദൗത്യങ്ങള്‍ ചന്ദ്രനെ സന്ദര്‍ശിച്ചു.2008 ഒക്ടോബര്‍ മുതല്‍ 2009 ആഗസ്ത് വരെ നീണ്ടുനിന്ന ഇന്ത്യയുടെ ചാന്ദ്രയാന്‍ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്. അങ്ങനെ ചന്ദ്രനില്‍ പതാക സ്ഥാപിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ചന്ദ്രനിലെ മണ്ണില്‍ ജലത്തിന്റെ അംശം കണ്ടുപിടിക്കാന്‍ കഴിഞ്ഞതാണ് ചാന്ദ്രയാന്റെ ഏറ്റവും വലിയ നേട്ടം. രണ്ടാം ഘട്ടമായ ചാന്ദ്രയാന്‍ 2 ഈ വര്ഷം ഒക്ടോബറില്‍ യാത്രതിരിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. അറിയപ്പെടാത്ത ഒട്ടേറെ രഹസ്യങ്ങള്‍ ഇനിയും ചന്ദ്രന്‍ നമുക്കായി  കാത്തുവയ്ക്കുന്നുണ്ട് .

ചന്ദ്രനില്‍ കാലുകുത്തിയ നീല്‍ ആംസ്ട്രോങ്ങും മറ്റ് ബഹിരാകാശ യാത്രികരും ആഘോഷിക്കപ്പെടുമ്പോള്‍ തന്നെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരും സാങ്കേതികവിദഗ്ദ്ധരും അടക്കമുള്ള നൂറുകണക്കിന് പേരുടെ പങ്ക് വിസ്മരിക്കപ്പെട്ടുകൂടാ. വിക്ഷേപണത്തിനാവശ്യമായ വിവരങ്ങള്‍ ശേഖരിച്ച് ആവശ്യമായ കണക്കുകൂട്ടലുകള്‍ നടത്തുന്നത് വിദഗ്ദ്ധരടങ്ങിയ ഗ്രൗണ്ട് ടീമാണ്. ഇതുപയോഗിച്ച് ഫ്ലൈറ്റ് ടീം യാത്രയുടെ വിശദാംശങ്ങള്‍ തീരുമാനിക്കുന്നു. ഈ ശാസ്ത്രജ്ഞരുടേയും സാങ്കേതിക വിദഗ്ദ്ധരുടേയും കഠിനാധ്വാനമാണ്  യതാർഥത്തില്‍ പദ്ധതിയുടെ വിജയത്തെ നിർണയിക്കുന്നത്.അപ്പോളോ പദ്ധതിയുടെ വിവിധ തലങ്ങള്‍ നിയന്ത്രിച്ച റോബര്‍ട്ട് ആര്‍ ഗില്‍റൂത്ത്, ജോര്‍ജ് മുള്ളര്‍, സാമുവല്‍ സി ഫിലിപ്സ്, കര്‍ട്ട് എച്ച്‌ ദേബസ്, വെര്‍ണര്‍ വോണ്‍ ബ്രോണ്‍ എന്നിവരൊക്കെ വിജയത്തില്‍ നിർണായക പങ്കുവഹിച്ചു. അപ്പോളോ പദ്ധതിയുടെ യാത്രാപഥം കണക്കാക്കല്‍ അടക്കമുള്ള ഗണിതവശം കൈകാര്യം ചെയ്ത  കറുത്തവർഗക്കാരായ സ്ത്രീകള്‍ അറിയപ്പെട്ടിരുന്നത് മനുഷ്യ കംപ്യൂട്ടറുകൾ   എന്നായിരുന്നു. കുറഞ്ഞവേതനത്തില്‍, പ്രത്യേകം മൂത്രപ്പുരകളും, ഭക്ഷണ മേശകളുമായി വർണവിവേചനം നേരിട്ട് ജോലി ചെയ്ത ഇവരുടെ സംഭാവനകള്‍ കൂടി ചാന്ദ്രദിനത്തില്‍ ഓർമിക്കപ്പെടേണ്ടതുണ്ട്. നിങ്ങളെ അവിടെ എത്തിക്കാനുള്ള വഴി ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു, പൊയ്ക്കോളൂ നിങ്ങളെത്തുമ്പോള്‍ ചന്ദ്രന്‍ അവിടെയുണ്ടാകും എന്ന് അപ്പോളോ 11 ലെ യാത്രക്കാര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന കാതറീന്‍ ജോണ്‍സണ്‍ അവരിലൊരാളായിരുന്നു. മനുഷ്യരുടെ കൂട്ടായ ശാസ്ത്രഅന്വേഷണങ്ങളുടെ വിജയം തന്നെയാണ് മനുഷ്യനെ ചന്ദ്രനില്‍ എത്തിച്ചത്.
ബഹിരാകാശ യാത്രകളുടെ പ്രസക്തി

അനേകംപേര്‍ പട്ടിണികിടക്കുമ്പോള്‍ ബഹിരാകാശയാത്രകള്‍ക്കായി ഇത്രയും പണം ചെലവിടേണ്ട ആവശ്യമുണ്ടോ എന്നതാണ് ഗവണ്മെന്റുകള്‍ അഭിമുഖീകരിക്കുന്ന പ്രധാനവിമർശം. ശാസ്ത്രീയമായ അറിവുകളെ വിപുലമാക്കുക എന്നത് ചാന്ദ്രയാന്‍ 1 ന്റെ ലക്ഷ്യങ്ങളില്‍ ഒന്നായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട് എന്ന് കാണാം. മനുഷ്യന്റെ അറിവിന്റെ ചക്രവാളങ്ങളെ വിശാലമാക്കുക മാത്രമല്ല, പര്യവേക്ഷണത്തിന്റെ ഭാഗമായി വികസിപ്പിച്ചെടുക്കുന്ന സാങ്കേതികവിദ്യകള്‍ പലപ്പോഴും പൊതുസമൂഹത്തിനുകൂടി ഉപകാരപ്രദമാകുന്നുണ്ട്. നമ്മുടെ കൈകളിലിരിക്കുന്ന മൊബൈല്‍ഫോണിലെ ക്യാമറ വരെ ബഹിരാകാശ പര്യവേഷണങ്ങളുടെ സംഭാവനയാണെന്ന് പറയേണ്ടിവരും. 1990 കളില്‍ ജെറ്റ് പ്രൊപല്‍ഷന്‍ ലാബോറട്ടറിയില്‍ നടന്ന,  ബഹിരാകാശവാഹനങ്ങളില്‍ ഉള്‍ക്കൊള്ളിക്കാവുന്ന ചെറുതും, ഗുണമേന്മയുള്ളതുമായ ക്യാമറയ്ക്കായുള്ള ഗവേഷണങ്ങളാണ് മൊബൈല്‍ഫോണ്‍ ക്യാമറയ്ക്കു പിന്നില്‍.

വയർലെസ് ഹെഡ്ഫോണുകള്‍, പോറലേല്‍ക്കാത്ത ഗ്ലാസുകൾ, പോര്‍ട്ടബിള്‍കംപ്യുട്ടർ തുടങ്ങിയവയെല്ലാം ബഹിരാകാശപര്യവേക്ഷണങ്ങളോട് കടപ്പെട്ടിരിക്കുന്നു. ജനപ്പെരുപ്പവും മലിനീകരണവും കൊണ്ട് വാസയോഗ്യമല്ലാതാകുന്ന ഭൂമിയിലെ മനുഷ്യര്‍ക്ക് രക്ഷപ്പെടാനുള്ള അന്യഗ്രഹകോളനിയായി ചന്ദ്രനെ മാറ്റാമെന്ന സ്വപ്നങ്ങളും നിലനില്‍ക്കുന്നു. താന്‍ ജീവിക്കുന്ന പ്രപഞ്ചത്തെക്കുറിച്ചുള്ള ധാരണകളെ പുതിയ വിശാലതകളിലേക്ക് തുറന്നിടുന്നു എന്നതും ബഹിരാകാശപര്യവേക്ഷണങ്ങളുടെ നേട്ടം തന്നെ. ചാന്ദ്രപര്യവേക്ഷണങ്ങളുടെ വിജയത്തെ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ഒരു വിഭാഗം തീവ്രമതവാദികളാണ്. മനുഷ്യന്‍ ചന്ദ്രനെ കീഴടക്കുന്നത് ദൈവികതയോടുള്ള  വെല്ലുവിളിയായി അവര്‍ കാണുന്നു. അതുകൊണ്ടു തന്നെ ചാന്ദ്രയാത്ര കള്ളമായിരുന്നു എന്ന് തെളിയിക്കാന്‍ ധാരാളം ഗൂഡാലോചനാ സിദ്ധാന്തങ്ങളും മുന്നോട്ടുവയ്ക്ക പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവയെല്ലാം അപ്രസക്തമാക്കി പുതിയ കുതിപ്പുകള്‍ക്കായി ഇന്നും കൂടുതല്‍ രാജ്യങ്ങള്‍ ഒരുങ്ങുന്നു.

വീണ്ടും ചാന്ദ്രയാത്രകൾ വരുന്നു
ഏറെക്കാലം സുഷുപ്തിയിലായിരുന്ന ചാന്ദ്രയാത്രകള്‍ ബഹിരാകാശ ഗവേഷണത്തിന്റെ മുഖ്യധാരയിലേക്ക് വീണ്ടും എത്തിക്കഴിഞ്ഞു. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍, കൂടുതല്‍ വിപുലമായ പദ്ധതികളും അന്വേഷണവിഷയങ്ങളുമായി നിരവധി രാജ്യങ്ങള്‍ ചന്ദ്രനെ തേടി യാത്രതിരിക്കും. വീണ്ടും മനുഷ്യനെ ചന്ദ്രനിലയക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു കഴിഞ്ഞു. മറ്റ് ബഹിരാകാശയാത്രകള്‍ക്കുള്ള ഇടത്താവളമൊരുക്കല്‍, ധാതുഖനനം, കുടിയേറ്റസാധ്യതകള്‍ എന്നിങ്ങനെ പരിഗണിക്കപ്പെടുന്ന വിഷയങ്ങള്‍ പലതാണ്. ഭാവിയില്‍ എന്തെല്ലാം നേട്ടങ്ങള്‍ കൈവരിച്ചാലും മനുഷ്യന്റെ പ്രപഞ്ചാന്വേഷണങ്ങളുടെ ചരിത്രത്തില്‍ ആദ്യത്തെ ചാന്ദ്രയാത്ര മായാത്ത നാഴികക്കല്ലായി നിലനില്‍ക്കും.

പ്രധാന വാർത്തകൾ
 Top