16 December Monday

വെല്ലുവിളികളേറെ

വെബ് ഡെസ്‌ക്‌Updated: Friday May 31, 2019


ന്യൂഡൽഹി
ഒന്നാം മോഡി സർക്കാരിന്റെ ഭരണപാളിച്ചകൾ സമ്പദ‌്‌വ്യവസ്ഥയിൽ സൃഷ്ടിച്ച ആഘാതത്തെ മറികടക്കുകയെന്നത‌ാണ് രണ്ടാംവരവില്‍ നരേന്ദ്രമോഡിയെ കാത്തിരിക്കുന്ന ആദ്യ വെല്ലുവിളി. കാർഷിക മേഖല അഭിമുഖീകരിക്കുന്ന പ്രശ‌്നങ്ങളും തൊഴിൽ രംഗത്തെ മുരടിപ്പും ബാങ്കിങ‌് മേഖലയിലെ കിട്ടാക്കട പ്രതിസന്ധിയുമെല്ലാം അതികം വൈകാതെ തന്നെ പുതിയ മന്ത്രിസഭയെ അലട്ടിത്തുടങ്ങും.

‘നല്ല ദിനങ്ങൾ വരു’മെന്ന മോഹന വാഗ‌്ദാനം ജനങ്ങൾക്ക‌് നൽകിയാണ‌് 2014 ൽ നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ എൻഡിഎ അധികാരത്തിലെത്തിയത‌്. ജനക്ഷേമം ഉറപ്പുവരുത്തിയുള്ള നല്ല ദിനങ്ങളിലേക്ക‌് രാജ്യം ഇനിയും കടന്നിട്ടില്ലെങ്കിലും ബാലാക്കോട്ട‌് ആക്രമണത്തിലൂടെ സൃഷ്ടിച്ചെടുത്ത ‘കരുത്ത’നായ നേതാവെന്ന പ്രതിച്ഛായയിലൂടെ 2019 ലും വിജയം ആവർത്തിക്കാൻ മോഡിക്ക‌് സാധിച്ചു. കേന്ദ്രത്തിൽ അധികാരം നിലനിർത്തിയ ആദ്യ കോൺഗ്രസ‌് ഇതരനേതാവായി മോഡി മാറി.
ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ എല്ലാവരുടെയും വിശ്വാസം ആർജിക്കാൻ ശ്രമിക്കുമെന്ന പ്രഖ്യാപനം മോഡി നടത്തിയിട്ടുണ്ട‌്. ഗോസംരക്ഷണം, ലവ‌്ജിഹാദ‌് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയുള്ള വിഘടിത പ്രവർത്തനങ്ങളിലേക്ക‌് സംഘപരിവാർ കടന്നാൽ ‘സബ‌്കാ വിശ്വാസ‌്’ എന്ന മോഡിയുടെ വാഗ‌്ദാനം ജലരേഖയാകും. ഇപ്പോഴും അശാന്തിയിൽ തുടരുന്ന കശ‌്മീരിനെ സാധാരണനിലയിലേക്ക‌് എത്തിക്കുകയെന്നതും വലിയ ബാധ്യതയാണ‌്.

ഏതു പ്രതിസന്ധിയിൽ അകപ്പെട്ടാലും തനിക്ക‌് താൽപ്പര്യമുള്ള അജൻഡയിലേക്ക‌് ജനശ്രദ്ധ തിരിക്കാൻ മോഡിക്ക‌്  കഴിഞ്ഞിട്ടുണ്ട‌്. എന്നാൽ, രണ്ടാമൂഴത്തിൽ പാകിസ്ഥാൻ, തീവ്രവാദം തുടങ്ങിയ അജൻഡകളിലേക്ക‌് മാത്രം ചുരുങ്ങി ജനകീയ വിഷയങ്ങളിൽനിന്ന‌് എത്രമാത്രം ശ്രദ്ധ തിരിക്കുമെന്ന ചോദ്യമുണ്ട‌്.

പടലപ്പിണക്കങ്ങളാൽ സൃഷ്ടിക്കപ്പെട്ട നേതാവ്
2001 ൽ തികച്ചും അപ്രതീക്ഷിതമായി ഗുജറാത്ത‌് മുഖ്യമന്ത്രിയായതു മുതലാണ‌് നരേന്ദ്ര മോഡിയെന്ന നേതാവിനെ രാജ്യം ശ്രദ്ധിച്ചുതുടങ്ങിയത‌്. ബിജെപിയിലെ പടലപ്പിണക്കങ്ങൾ സൃഷ്ടിച്ച അനിശ‌്ചിതത്വമാണ‌് മോഡിയെ പരീക്ഷിക്കാൻ അന്ന‌് പ്രധാനമന്ത്രിയായ എ ബി വാജ‌്പേയിയെയും മുതിർന്ന നേതാവായ എൽ കെ അദ്വാനിയെയും പ്രേരിപ്പിച്ചത‌്. ബിജെപിയിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്നു മോഡി. 2002 ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി ബിജെപിയെയും സർക്കാരിനെയും ഒരുക്കുകയെന്ന ഉത്തരവാദിത്തമാണ‌് മോഡിക്ക‌് നൽകിയത‌്. മോഡി മുഖ്യമന്ത്രിയായതിന‌് പിന്നാലെയായിരുന്നു ഗുജറാത്ത‌് വംശഹത്യ. ആയിരക്കണക്കിന‌് ന്യൂനപക്ഷങ്ങൾ കൊലചെയ്യപ്പെട്ടു. വലിയ മതധ്രുവീകരണത്തിന‌് ഗുജറാത്ത‌് വേദിയായി. 2002 ഡിസംബറിൽ വലിയ ഭൂരിപക്ഷത്തിൽ മോഡി അധികാരം നിലനിർത്തി. 2007, 2012 ലും വിജയം ആവർത്തിച്ചു. ഗുജറാത്തിൽ വലിയ വികസനമാറ്റങ്ങൾ സംഭവിച്ചുവെന്ന പ്രചാരണം ദേശീയതലത്തിൽ സംഘടിപ്പിച്ചു.

യുപിഎ അഴിമതി വളമായി
വംശഹത്യയുടെ കറ നിലനിൽക്കുമ്പോൾ തന്നെ വികസന നായകനെന്ന പ്രതിച‌്ഛായ മോഡിയും അദേഹത്തിന്റെ പിആർ ഏജൻസികളും സൃഷ്ടിച്ചെടുത്തു. ഈ പ്രതിച്ഛായയുടെ പിൻബലത്തിലാണ‌് 2014 ൽ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായത‌്. അഴിമതിയിൽ മുങ്ങിയ രണ്ടാം യുപിഎ സർക്കാരിനോടുള്ള ജനവിദ്വേഷം മോഡിക്ക‌് വലിയ വിജയം സമ്മാനിച്ചു.

വലിയ പ്രലോഭനങ്ങളും വാഗ‌്ദാനങ്ങളുമെല്ലാം മോഡി നൽകിയെങ്കിലും അഞ്ചുവർഷത്തെ ഭരണകാലയളവിൽ ഒന്നും തന്നെ പാലിക്കപ്പെട്ടില്ല. കറൻസി പിൻവലിക്കൽ നടപടിയും തിരക്കിട്ടുള്ള ജിഎസ‌്ടി നടപ്പാക്കലും സമ്പദ‌്‌വ്യവസ്ഥയ‌്ക്ക‌് വലിയ ആഘാതമേൽപ്പിച്ചു. വലിയ തൊഴിൽ നഷ്ടമുണ്ടായി. തൊഴിൽ കണക്കുകൾ മറച്ചുവച്ചു. ജിഡിപി വളർച്ചാകണക്കുകളിൽ കൃത്രിമം സൃഷ്ടിച്ചു. കർഷകർക്ക‌് പ്രതിവർഷം ആറായിരം രൂപയുടെ സഹായം പ്രഖ്യാപിച്ചു. എന്നാൽ, ഇതൊന്നും വിജയം ആവർത്തിക്കാൻ പര്യാപ‌്തമല്ലെന്ന‌് ബോധ്യപ്പെട്ടതോടെയാണ‌് ബാലാക്കോട്ടിലും ന്യൂനപക്ഷ വിദ്വേഷത്തിലും ഊന്നിയുള്ള പ്രചാരണത്തിലേക്ക‌് നീങ്ങിയത‌്.
അമിത് ഷായുടെ കൂട്ട്  1950 സെപ‌്തംബർ 17 ന‌് ഗുജറാത്തിലെ വഡ‌്നഗറിൽ ദാമോദർദാസ‌് മൂൽചന്ദ‌് മോഡിയുടെയും ഹീരാബെൻ മോഡിയുടെയും ആറു മക്കളിൽ മൂന്നാമനായാണ‌് മോഡിയുടെ ജനനം.

18–-ാം വയസ്സിൽ യശോദാ ബെന്നിനെ വിവാഹം ചെയ‌്തു. എന്നാൽ, പൂർണസമയ ആർഎസ‌്എസ‌് പ്രചാരകനാകുന്നതിനായി വീടും ഭാര്യയെയും ഉപേക്ഷിച്ചു. 1970 ൽ പൂർണസമയ പ്രചാരകനായി. 1986 ൽ ബിജെപിയിൽ നിയോഗിക്കപ്പെട്ടു. 1987 ൽ ഗുജറാത്തിൽ സംഘടനാചുമതലയുള്ള സെക്രട്ടറിയായി. അമിത‌് ഷായുമായുള്ള കൂട്ടുകെട്ടിന‌് ഇവിടെ തുടക്കം.

1990 ൽ കേന്ദ്ര തെരഞ്ഞെടുപ്പ‌് സമിതിയംഗമായി. അദ്വാനിയുടെ രഥയാത്രയുടെ സംഘാടകരിൽ ഒരാളായിരുന്നു. 1992 ൽ ശങ്കർസിങ‌് വഗേലയുമായുള്ള ഭിന്നതകളെ തുടർന്ന‌് രാഷ്ട്രീയത്തിൽനിന്ന‌് വിട്ടുനിന്നു. പിന്നീട‌് അദ്വാനിയുടെ നിർബന്ധത്തെ തുടർന്ന‌് പ്രവർത്തനങ്ങളിൽ സജീവമായി. 1995 ൽ ബിജെപി ദേശീയ സെക്രട്ടറിയായി ഡൽഹിയിലേക്ക‌് പ്രവർത്തനകേന്ദ്രം മാറ്റി. 1998 ലെ തെരഞ്ഞെടുപ്പിൽ ബിജെപിയെ ഗുജറാത്തിൽ അധികാരത്തിലെത്തിക്കുന്നതിൽ നിർണായക പങ്ക‌് വഹിച്ചു. ഇതോടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി. പിന്നീടാണ‌് ഗുജറാത്ത‌് മുഖ്യമന്ത്രി പദത്തിൽ എത്തുന്നത‌്.

തഴയപ്പെട്ടവർ നിരവധി
ന്യൂഡൽഹി
ഒന്നാം മോഡി സർക്കാരിൽ ക്യാബിനറ്റ‌് മന്ത്രിമാരായിരുന്ന 25 പേരിൽ 10 പേർ ഇക്കുറി ഒഴിവാക്കപ്പെട്ടു. വിദേശവകുപ്പ‌് കൈകാര്യംചെയ‌്ത സുഷ‌്മ സ്വരാജും ധനമന്ത്രിയായിരുന്ന അരുൺ ജെയ‌്റ്റ‌്‌ലിയും വാണിജ്യ–- സിവിൽ വ്യോമയാന മന്ത്രിയായിരുന്ന സുരേഷ‌് പ്രഭുവുമാണ‌് മന്ത്രിസഭയിൽ ഇല്ലാത്ത പ്രമുഖർ. ലോക‌്സഭാ തെരഞ്ഞെടുപ്പിൽനിന്ന‌് വിട്ടുനിന്ന ഉമാഭാരതിയും രണ്ടാം മോഡി സർക്കാരിലില്ല. കഴിഞ്ഞ സർക്കാരിൽ കുടിവെള്ള–- ശുചീകരണമന്ത്രിയായിരുന്നു ഉമാഭാരതി. അമിത‌് ഷാ മന്ത്രിസഭയിലേക്ക‌് വന്നതോടെ ബിജെപി അധ്യക്ഷപദവിയിലേക്ക‌് എത്തുന്ന ജെ പി നഡ്ഡയാണ‌് ക്യാബിനറ്റിൽ ഇല്ലാത്ത മറ്റൊരു പ്രമുഖൻ. കഴിഞ്ഞ സർക്കാരിൽ ആരോഗ്യ–- കുടുംബക്ഷേമവകുപ്പാണ‌് നഡ്ഡ കൈകാര്യം ചെയ‌്തത‌്. വനിത–- ശിശുവികസന വകുപ്പ‌് കൈകാര്യംചെയ‌്തിരുന്ന മേനക ഗാന്ധിയും തഴയപ്പെട്ടു. മേനക ഗാന്ധിയാകും പ്രൊടേം സ‌്പീക്കറാവുക.

ഒന്നാം മോഡി സർക്കാരിൽ ശിവസേനയുടെ പ്രതിനിധിയായിരുന്ന ആനന്ദ‌് ഗീഥെ തെരഞ്ഞെടുപ്പിൽ തോറ്റു. 2014ലെ തെരഞ്ഞെടുപ്പിന‌ുമുമ്പായി കോൺഗ്രസ‌് വിട്ട‌് ബിജെപിയിൽ എത്തിയ ചൗധുരി ബീരേന്ദ്ര സിങ്ങും ഒഴിവാക്കപ്പെട്ടു. ഉരുക്ക‌ുവകുപ്പാണ‌് സിങ‌് കൈകാര്യം ചെയ‌്തിരുന്നത‌്. ഗിരിവർഗമന്ത്രിയായിരുന്ന ജുവൽ ഒറാം, കൃഷിമന്ത്രിയായിരുന്ന രാധാമോഹൻ സിങ‌് എന്നിവരാണ‌്  ഒഴിവാക്കപ്പെട്ട മറ്റ‌് രണ്ട‌് ക്യാബിനറ്റ‌് മന്ത്രിമാർ.

അൽഫോൺസ‌് കണ്ണന്താനം, മഹേഷ‌് ശർമ, മനോജ‌് സിൻഹ, രാജ്യവർധൻ സിങ‌് റാത്തോഡ‌് എന്നിവരാണ‌് സ്വതന്ത്രചുമതല വഹിച്ച ഒഴിവാക്കപ്പെട്ടവർ. ടൂറിസമായിരുന്നു കണ്ണന്താനം കൈകാര്യം ചെയ‌്തിരുന്നത‌്. മഹേഷ‌് ശർമ സാംസ‌്കാരികവകുപ്പും മനോജ‌് സിൻഹ വാർത്താവിനിമയവകുപ്പും റാത്തോഡ‌് യുവജനകാര്യ, സ‌്പോർട‌്സ‌്, വാർത്താവിതരണ–- പ്രക്ഷേപം എന്നീ വകുപ്പുകളുമാണ‌് കൈകാര്യം ചെയ‌്തിരുന്നത‌്. സ്വതന്ത്ര ചുമതലയുണ്ടായിരുന്ന 11 മന്ത്രിമാരിൽ കണ്ണന്താനം ഉൾപ്പെടെ നാലുപേർ മാത്രമാണ‌് ഒഴിവാക്കപ്പെട്ടത‌്.

എസ‌് എസ‌് അലുവാലിയ, വിജയ‌് ഗോയൽ, രമേഷ‌് ചന്ദപ്പ, വിഷ‌്ണുദേവ‌് സായ‌്, രാംകൃപാൽ യാദവ‌്, ഹൻസ‌്‌രാജ‌് അഹിർ, ഹരിഭായ‌് ചൗധുരി, രാജൻ ഗൊഹെയ‌്ൻ, ജസ്വന്ത‌് സിങ‌് ബാഭോർ, പ്രതാപ‌് ശുക്ല, സുദർശൻ ഭഗത‌്, വീരേന്ദ്രകുമാർ, അനന്ത‌്കുമാർ ഹെഗ‌്ഡെ, ജയന്ത‌് സിൻഹ, വിജയ‌് സാംപ്ല, അജയ‌് താംത, കൃഷ‌്ണരാജ‌്, സി ആർ ചൗധുരി, പി പി ചൗധുരി, സുഭാഷ‌് ഭാംറെ, ഡോ. സത്യപാൽ സിങ‌് എന്നിവരാണ‌് ഒഴിവാക്കപ്പെട്ട സഹമന്ത്രിമാർ.

വാജ‌്പേയ‌ി സർക്കാരിൽ ധനമന്ത്രിയായിരുന്ന യശ്വന്ത‌് സിൻഹയുടെ മകനായ ജയന്ത‌് സിൻഹ കഴിഞ്ഞ സർക്കാരിൽ തുടക്കത്തിൽ ധനവകുപ്പ‌് സഹമന്ത്രിയായും പിന്നീട‌് വ്യോമയാന സഹമന്ത്രിയായും പ്രവർത്തിച്ചു. റഫേൽ വിഷയത്തിലടക്കം മോഡി സർക്കാരിനെതിരായി കടുത്ത ആക്ഷേപങ്ങൾ യശ്വന്ത‌് സിൻഹ ഉയർത്തിയിരുന്നു. ജയന്ത‌് സിൻഹയുടെ മന്ത്രിസ്ഥാന നഷ്ടം ഇതിന്റെ പ്രതിഫലനമായാണ‌് വിലയിരുത്തപ്പെടുന്നത‌്. അറുപത്തേഴുകാരനായ അലുവാലിയ ബംഗാളിലെ ബർദ്വാൻ–- ദുർഗാപ്പുർ മണ്ഡലത്തിൽനിന്ന‌് ലോക‌്സഭയിലേക്ക‌് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും പരിഗണിക്കാൻ മോഡി താൽപ്പര്യമെടുത്തില്ല.
കണ്ണന്താനത്തെ ഒഴിവാക്കി

കേരളത്തിൽനിന്നുള്ള മുൻ കേന്ദ്രമന്ത്രി അൽഫോൺസ‌് കണ്ണന്താനത്തെ മന്ത്രിസഭയിൽനിന്ന‌് ഒഴിവാക്കി. സത്യപ്രതിജ്ഞാ ചടങ്ങിന‌് മണിക്കൂറുകൾക്ക‌് മുമ്പുവരെ വിളി പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പിന്നാലെ വി മുരളീധരൻ മന്ത്രിസഭയിലേക്കെന്ന‌് സ്ഥിരീകരണം എത്തി. തുടർന്ന‌് മുരളീധരന‌് ആശംസയറിയിച്ച‌് കണ്ണന്താനം മാധ്യമങ്ങളെ കണ്ടു. മുരളീധരൻ കേന്ദ്രമന്ത്രിയായതിൽ വളരെ സന്തോഷമുണ്ട്. നല്ല അനുഭവസമ്പത്തുള്ളയാളാണ് അദ്ദേഹം. പ്രധാനമന്ത്രിമുതൽ എല്ലാ നേതാക്കളെയും അറിയുന്നയാളുമാണ്.

ആരെ മന്ത്രിയാക്കണം, മന്ത്രിയാക്കണ്ട എന്നത് പ്രധാനമന്ത്രിയാണ് തീരുമാനിക്കുന്നത്. പാർലമെന്റംഗമല്ലാതിരുന്ന സമയത്താണ് ഞാൻ മന്ത്രിയായത്.18 മാസം മന്ത്രിയായിരിക്കാൻ സാധിച്ചു. നല്ലൊരു അവസരം പ്രധാനമന്ത്രി തന്നതിൽ  നന്ദിയുണ്ട്–- കണ്ണന്താനം പറഞ്ഞു.

22 പുതുമുഖങ്ങൾ
ന്യൂഡൽഹി
മുൻ വിദേശകാര്യ സെക്രട്ടറി എസ‌് ജയ‌്ശങ്കറാണ‌് രണ്ടാം മോഡി മന്ത്രിസഭയിൽ അപ്രതീക്ഷിതമായി ഇടംപിടിച്ച പുതുമുഖം. ബിജെപി അധ്യക്ഷൻ അമിത‌് ഷാ, ഉത്തരാഖണ്ഡ‌് മുൻ മുഖ്യമന്ത്രി രമേശ‌് പൊക്രിയാൽ നിശങ്ക‌്, ജാർഖണ്ഡ‌് മുൻ മുഖ്യമന്ത്രി അർജുൻ മുണ്ട, ഹിമാചൽ മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധൂമലിന്റെ മകൻ അനുരാഗ‌് ഠാക്കൂർ തുടങ്ങിയവരാണ‌് പുതുമുഖങ്ങളിൽ പ്രമുഖർ. അൽഫോൺസ‌് കണ്ണന്താനത്തെ തഴഞ്ഞപ്പോൾ കേരളത്തിന്റെ പ്രതിനിധിയായി മന്ത്രിസഭയിലെത്തിയ വി മുരളീധരനും പുതുമുഖങ്ങളിൽ ഉൾപ്പെടും.

2015 ജനുവരിമുതൽ മൂന്നുവർഷത്തേക്ക‌് വിദേശ സെക്രട്ടറിയായിരുന്നു ജയ‌്ശങ്കർ. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത‌് ഇന്തോ–- യുഎസ‌് ആണവകരാർ യാഥാർഥ്യമാക്കുന്നതിനായി പ്രവർത്തിച്ച കേന്ദ്രസംഘത്തിൽ ജയ‌്ശങ്കറും ഉൾപ്പെട്ടിരുന്നു. പ്രതിരോധവിഷയങ്ങളിൽ വിശകലന വിദഗ‌്ധനായിരുന്ന കെ സുബ്രഹ‌്മണ്യത്തിന്റെ മകനായ ജയ‌്ശങ്കർ ജെഎൻയുവിൽനിന്ന‌് എംഫിലും ഗവേഷണവും പൂർത്തീകരിച്ചശേഷമാണ‌് സിവിൽ സർവീസിൽ എത്തുന്നത‌്. 1977 ബാച്ച‌് ഐഎഫ‌്എസ‌് ഉദ്യോഗസ്ഥനാണ‌്. ചൈനയിലും യുഎസിലും ഇന്ത്യൻ അംബാസഡറായി. 2015 ജനുവരിയിൽ സുജാത സിങ്ങിനെ നീക്കി ജയ‌്ശങ്കറിനെ വിദേശ സെക്രട്ടറിയായി നിയമിച്ചത‌് വിവാദമായിരുന്നു. 2018 ജനുവരിയിൽ വിരമിച്ച‌് മൂന്നു മാസങ്ങൾക്കകം ജയ‌്ശങ്കർ ടാറ്റാ ഗ്രൂപ്പിന്റെ ഗ്ലോബൽ കോർപറേറ്റ‌് അഫയേഴ‌്സ‌് പ്രസിഡന്റ‌് സ്ഥാനം ഏറ്റെടുത്തു. 2019ൽ പത്മശ്രീ ലഭിച്ചു. ക്യോകോ ജയ‌്ശങ്കറാണ‌് ഭാര്യ.  മൂന്ന‌് മക്കൾ.

കർണാടകത്തിലെ ധാർവാർഡിൽനിന്ന‌് ജയിച്ച പ്രഹ്ലാദ‌് ജോഷി, തെക്കൻ മുംബൈയിൽ കോൺഗ്രസ‌് നേതാവ‌് മിലിന്ദ‌് ദിയോറയെ തോൽപ്പിച്ച ശിവസേനയുടെ അരവിന്ദ‌് സാവന്ത‌്, ബിജെപിയുടെ മഹാരാഷ്ട്ര അധ്യക്ഷൻ ദാദാറാവു പാട്ടീൽ ദാൻവെ, തെലങ്കാനയിലെ സെക്കന്തരാബാദിൽനിന്ന‌് ജയിച്ച കിഷൻ റെഡ്ഡി, മഹാരാഷ്ട്രയിൽനിന്നുള്ള സഞ‌്ജയ‌് ഷാംറാവു ദോത്രെ, കർണാടകത്തിൽനിന്നുള്ള സുരേഷ‌് അംഗഡി, ബിഹാറിലെ ഉജ്യാർപ്പുരിൽനിന്നുള്ള നിത്യാനന്ദ‌് റായ‌്, ഹരിയാനയിൽനിന്നുള്ള രത്തൻലാൽ കട്ടാരിയ, ഛത്തീസ‌്ഗഢിൽനിന്നുള്ള രേണുക സിങ‌് സരുത, പഞ്ചാബിലെ ഹൊഷിയാർപ്പുരിൽനിന്ന‌് ജയിച്ച സോംപ്രകാശ‌്, അസമിലെ ദിബ്രുഗഡിൽനിന്ന‌് ജയിച്ച രമേശ്വർ തെലി, ഒഡിഷയിലെ ബാലസുറിൽനിന്ന‌് ജയിച്ച പ്രതാപ‌് ചന്ദ്ര സാരംഗി, രാജസ്ഥാനിലെ ബാർമറിൽനിന്ന‌് ജയിച്ച കൈലാഷ‌് ചൗധുരി, ബംഗാളിലെ റായ‌്ഗഡിൽനിന്ന‌് ജയിച്ച ദേബ‌്ശ്രീ ചൗധുരി എന്നിവരാണ‌് മന്ത്രിസഭയിലെ മറ്റ‌് പുതുമുഖങ്ങൾ.

മന്ത്രിസഭയിൽ തീവ്രവർഗീയതയുടെ വക്താക്കളും
ന്യൂഡൽഹി
നരേന്ദ്ര മോഡിയുടെ രണ്ടാം മന്ത്രിസഭയിൽ തീവ്ര ഹൈന്ദവ വർഗീയതയുടെ വക്താക്കളേറെ. സാധ്വി നിരജ‌്ഞൻ ജ്യോതി, സഞ‌്ജീവ‌് ബല്യാൻ, ഗിരിരാജ‌് സിങ‌് തുടങ്ങിയവരാണ‌് തീവ്ര വർഗീയതയുടെ വക്താക്കളായി മന്ത്രിസഭയിൽ ഇടംപിടിച്ചത‌്. ഗിരിരാജ‌് സിങ്ങും സഞ‌്ജീവ‌് ബല്യാനും കഴിഞ്ഞ മന്ത്രിസഭയിലും അംഗങ്ങളായിരുന്നെങ്കിലും ഇടക്കാലത്ത‌് ഒഴിവാക്കപ്പെട്ടു.

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ‌ുവേളയിൽ സാധ്വി നിരജ‌്ഞൻ ജ്യോതിയുടെ വർഗീയ പരാമർശം വലിയ വിവാദമായി. രാമന്റെ മക്കൾക്ക‌് വോട്ടുനൽകണോ അതല്ലെങ്കിൽ പിതൃശൂന്യരുടെ മക്കൾക്ക‌് വോട്ട‌് നൽകണോ എന്ന‌് ജനങ്ങൾ തീരുമാനിക്കണമെന്നായിരുന്നു സാധ്വിയുടെ വിവാദപ്രസംഗം. ഇതേത്തുടർന്ന‌് ഇവരെ പുറത്താക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചെങ്കിലും ബിജെപി വഴങ്ങിയില്ല. വൈകാതെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തുകയും ചെയ‌്തു. 2014ലെ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ യുപിയിൽ ബിജെപിക്ക‌് നേട്ടമുണ്ടാക്കിയ മുസഫർനഗർ കലാപത്തിന്റെ ആസൂത്രകനാണ‌് സഞ‌്ജീവ‌് ബല്യാൻ. കലാപക്കേസിൽ പ്രതിയായ ഇയാളെ എന്നാൽ ബിജെപി ലോക‌്സഭാ സ്ഥാനാർഥിയാക്കി. ജയിച്ചുവന്നപ്പോൾ കൃഷി സഹമന്ത്രി സ്ഥാനം നൽകി. എന്നാൽ, ഇടക്കാലത്ത‌് ബല്യാനെ മന്ത്രിസഭയിൽനിന്ന‌് നീക്കിയിരുന്നു. രണ്ടാം മോഡി സർക്കാരിന്റെ മന്ത്രിസഭയിൽ ഇടംപിടിച്ചുകൊണ്ട‌് ബല്യാൻ വീണ്ടും കരുത്താർജിച്ചിരിക്കുകയാണ‌്. ബെഗുസരായിൽ കനയ്യകുമാറിനെ തോൽപ്പിച്ച ഗിരിരാജ‌് സിങ്ങും തീവ്രവർഗീയ പരാമർശങ്ങൾക്ക‌് കുപ്രശസ‌്തനാണ‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top