03 August Monday

നമുക്ക്‌ മിയാവാക്കിയിലെ മനുഷ്യനാകാം

നിമിഷ ജോസഫ്‌Updated: Friday Jun 5, 2020


തിരുവനന്തപുരം
ഓരോ ചെറുപച്ചത്തുരുത്തും വരും തലമുറയ്‌ക്കായി കാത്തുവയ്‌ക്കണമെന്ന ഓർമപ്പെടുത്തലാണ്  ഓരോ പരിസ്ഥിതിദിനവും. പലപ്പോഴും നമ്മൾ ഈ ദിനത്തിനപ്പുറം അതോർക്കാറില്ല.  ഒരു കുഞ്ഞുവിത്തിൽനിന്ന്‌ ഒരായിരം കാട്‌ പൂക്കുന്ന സ്വപ്‌നം കണ്ട്‌ വരും തലമുറയ്‌ക്കായി തൈകൾ നട്ട്‌‌, പരിപാലിക്കുന്ന ചിലരുണ്ട്‌. അങ്ങനെയൊരു സ്വപ്‌നം തിരുവനന്തപുരം വിളപ്പിൽശാല ഇം എം എസ്‌ അക്കാദമിയിൽ പൂവണിയുകയാണ്‌. അതിന്‌ വിത്തുപാകിയത്‌  ഐടി സംരംഭകനും ഇൻവിസ്‌ മൾട്ടിമീഡിയയുടെ എംഡിയുമായ എം ആർ ഹരിയാണ്‌. കഴിഞ്ഞവർഷം ഇതേ ദിവസമാണ്‌ അക്കാദമിയിലെ അഞ്ച്‌ സെന്റിടത്ത്‌ "മിയാവാക്കി'യെന്ന  ചെറുവനമൊരുക്കാനുള്ള തയ്യാറെടുപ്പ്‌ തുടങ്ങിയത്‌.

ഇന്നത്‌ പക്ഷിയും  പ്രാണിയും വിഹരിക്കുന്ന ഒരു ‘ചെറിയ വലിയ’വനമായിക്കഴിഞ്ഞു. കണിക്കൊന്ന, ആര്യവേപ്പ്‌, പലകപ്പയ്യാനി, അശോകം, പുന്ന, നെല്ലി തുടങ്ങി  നൂറോളം ഇനങ്ങളിലുള്ള അഞ്ഞൂറോളം മരങ്ങൾ. വിളപ്പിൽശാല കൂടാതെ കനകക്കുന്നിലും ‌ പുളിയറക്കോണത്തെ സ്വന്തം പുരയിടത്തിലും ഹരി മിയാവാക്കി കാടുകൾ വളർത്തി. 

ഇ എം എസ്‌ അക്കാദമിയിൽ 2019 പരിസ്ഥിതി ദിനത്തിൽ എസ്‌ സെന്തിൽ നട്ടുപിടിപ്പിച്ച മിയാവാക്കി വനത്തിൽ കായ്‌ച പഴം ചൂണ്ടിക്കാട്ടുന്ന അക്കാദമി രജിസ്‌ട്രാർ പ്രതാപാചന്ദ്രൻ

ഇ എം എസ്‌ അക്കാദമിയിൽ 2019 പരിസ്ഥിതി ദിനത്തിൽ എസ്‌ സെന്തിൽ നട്ടുപിടിപ്പിച്ച മിയാവാക്കി വനത്തിൽ കായ്‌ച പഴം ചൂണ്ടിക്കാട്ടുന്ന അക്കാദമി രജിസ്‌ട്രാർ പ്രതാപാചന്ദ്രൻ

ജപ്പാനീസ്‌ സസ്യശാസ്ത്രജ്ഞനായ അകിറ മിയാവാക്കി 1970ൽ വ്യവസായിക മലിനീകരണം കുറയ്ക്കുന്നതിനായി അവതരിപ്പിച്ച ആശയമാണ്‌ മിയാവാക്കി കാട്‌‌. വെറും രണ്ടര സെന്റിടത്ത്‌ പോലും  കാട്‌ സൃഷ്ടിക്കുന്ന പദ്ധതി‌. സ്വാഭാവികമായി അമ്പതോ നൂറോ വർഷം കൊണ്ട്‌ ഉണ്ടാകുന്ന കാട്‌ ഇതിൽ 10 വർഷം കൊണ്ട്‌ വളരും. ഗ്രോ ബാഗിൽ നാല്‌ മാസം കൊണ്ട്‌ വളരുന്ന രണ്ടര അടി ഉയരമുള്ള തൈകളാണ്‌ മിയാവാക്കിയിൽ നടുക. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുക എന്ന ലക്ഷ്യം കൂടിയുള്ളതിനാൽ  ഓരോ കലാവസ്ഥയ്ക്കും ചേരുന്ന ചെടികളാണ്‌ പരീക്ഷിക്കുക. ആലപ്പുഴ, കൊല്ലം, തൃശൂർ എന്നിവിടങ്ങളിലും വിവിധ സർക്കാർ പദ്ധതികളുടെ ഭാഗമായും മിയാവാക്കി ഒരുക്കുന്നു. 

‘മനോഹരം മഹാവനം ഇരുണ്ടഗാധമെങ്കിലും അനേകമുണ്ടു കാത്തിടേണ്ട മാമകപ്രതിജ്ഞകൾ...’റോബർട്ട്‌ ഫ്രോസ്റ്റിന്റെ സ്‌റ്റോപ്പിങ്‌ ബൈ വുഡ്‌സ്‌ ഓൺ എ സ്‌നോയി ഈവനിങ്ങ്‌ കവിതയിലെ വരികളെ അന്വർഥമാക്കുകയാണ്‌ ഹരിയേപ്പോലുള്ളവർ‌. നമുക്കും പിന്തുടരാം. പരിപാലിക്കാം. വരും തലമുറയ്ക്കായി ഓരോ പച്ചത്തുരുത്തും കാക്കാം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top