18 May Tuesday

ഈ തെരുവിനിപ്പോൾ ഇരട്ടിമധുരം

എം ജഷീനUpdated: Sunday Mar 14, 2021

കോഴിക്കോട്‌ > ഹലുവയും ചിപ്‌സും  വാങ്ങാതെ കോഴിക്കോട്ടുനിന്നും  പോകാനാകുമോ? മിഠായി ത്തെരുവിന്റെ ഹൃദയത്തിലൂടെ നടക്കാതെ മടങ്ങാനാകുമോ? ഇല്ലെന്നുത്തരം. ‌ ഇപ്പോൾ പൈതൃക വീഥിയുടെ  മധുരവും മൊഞ്ചും കൂടിയിട്ടുണ്ട്‌. അതിനാൽ ‘സെൽഫിക്കാരുടെ’ തിരക്കുംകൂടി. ‘ഇവിടെ എത്തിയാൽ  ‌ഒരു സെൽഫി ഒറപ്പാ... അമ്മാതിരി ലുക്കല്ലേ ’ മലപ്പുറം കൊണ്ടോട്ടിയിൽ നിന്ന്‌ കോഴിക്കോട്ടെത്തിയ നിദയ്‌ക്കും  ചങ്ങാതിമാർക്കും സംശയമില്ല.  

മധുരനഗരത്തിന്റെ കഥ ലോകത്തോട്‌ പറഞ്ഞ എസ്‌ കെ പൊറ്റെക്കാട്ടിന്റെ കഥാപാത്രങ്ങൾ നിറഞ്ഞ ചുമരുകൾ, സൗഹൃദം പൂക്കുന്ന  മരത്തണലിലെ ഇരിപ്പിടങ്ങൾ. പുതുമോടിയിൽ സന്ദർശകർക്ക്‌  ആതിഥ്യമരുളുന്ന മിഠായിത്തെരുവിനിപ്പോൾ മൊഞ്ച്‌ മാത്രമല്ല, സുരക്ഷിതത്വവുമുണ്ട്‌. ആറര കോടി രൂപ ചെലവിട്ട്‌ ടൂറിസം വകുപ്പ്‌ മിഠായിത്തെരുവിന്റെ മുഖം മാറ്റിയതോടെ സാക്ഷാൽക്കരിക്കപ്പെട്ടത്‌ വർഷങ്ങളായുള്ള നാടിന്റെ ആവശ്യം.

നവീകരണം പൂർത്തിയാക്കിയ മലബാറിന്റെ ഈ ചരിത്രകേന്ദ്രം 2017 ഡിസംബറിൽ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ആഘോഷമായി  നാടിന്‌ സമർപ്പിച്ചത്‌. ഇടയ്‌ക്കിടെ ഉണ്ടാകുന്ന തീപിടിത്തത്തെതുടർന്നാണ്‌‌ ഈ തെരുവ്‌ നവീകരിക്കണമെന്ന ആവശ്യം ഉയരുന്നത്‌. 30 വർഷം നീണ്ട ആവശ്യം പല കാരണങ്ങൾ കൊണ്ടും നടക്കാതെ വന്നതാണ്‌ ഇപ്പോൾ സാക്ഷാത്‌കരിക്കപ്പെട്ടത്‌.

നവീകരണത്തിന്റെ  ഭാഗമായി തെരുവിലെ ഒൻപത് സ്ഥലങ്ങളിൽ ഫയർ ഹൈഡ്രന്റ് വാൽവുകൾ സ്ഥാപിച്ചു. വൈദ്യുതി ലൈനുകളും ടെലിഫോൺ ലൈനുകളും ഭൂഗർഭ കേബിളുകൾ വഴിയാക്കി മാറ്റി. ജലവിതരണത്തിനുപയോഗിച്ചിരുന്ന ഇരുമ്പ് പൈപ്പുകൾ മാറ്റി സ്ഥാപിച്ചു. ഡ്രെയിനേജ്‌ നവീകരിച്ചു. പ്രത്യേക ടൈൽ പതിച്ച്‌ നടപ്പാത ഒരുക്കി.  വെളിച്ചം ലഭ്യമാക്കാൻ വിളക്കുകാലുകൾ സ്ഥാപിച്ചു. എസ്‌ കെ സ്ക്വയറിൽ ഒരുക്കിയ ഇരിപ്പിടങ്ങൾ യാത്രക്കാർക്കും സന്ദർശകർക്കും വലിയ ആശ്വാസമാണ്‌.തെരുവിന്റെ തനിമ അതേ പടി നിലനിർത്താനായി വാഹന ഗതാഗതം നിരോധിച്ചിരിക്കുകയാണ്‌.   

‘കാലങ്ങളായ ആവശ്യം നടപ്പാക്കാനായത്‌ വലിയ വിജയമാണ്‌. തീപിടിത്തമുൾപ്പെടെയുള്ള ആശങ്കകളില്ലാതെ വ്യാപാരികൾക്കും ജനങ്ങൾക്കും ഇവിടെ വരാം. സൗന്ദര്യവൽക്കരണവും ഏറെ മുന്നോട്ട്‌ പോയി. കൂടുതൽ വിളക്കുകൾ വച്ചും ശേഷിക്കുന്ന പ്രവൃത്തികൾ പൂർത്തീകരിച്ചും ഉദ്യമം മുന്നോട്ട്‌ പോവേണ്ടതുണ്ട്‌. അതോടൊപ്പം ഗതാഗതം കൂടി അനുവദിച്ചാൽ വ്യാപാരത്തിന്‌ കൂടുതൽ അനുകൂലമാവും’ മിഠായിത്തെരുവിൽ കച്ചവടക്കാരനായ സിപി സ്‌റ്റോർ ഉടമ സി പി അബ്ദുറഹി‌മാൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top