04 June Thursday

കായലോരമല്ല, കണ്ണീർത്തീരം

വെബ് ഡെസ്‌ക്‌Updated: Saturday Jan 11, 2020

ശനിയാഴ്‌ച പൊളിക്കുന്ന കുണ്ടന്നൂരിലെ ഹോളി ഫെയ്‌ത്‌ എച്ച്‌ 2ഒയും നെട്ടൂരിലെ ആൽഫ സെറിൻ ഇരട്ടസമുച്ചയവും ഫോട്ടോ/ എ ആർ അരുൺരാജ്‌

കൊച്ചി> ‘സമാധാനത്തോടെ ജീവിക്കാനുള്ള നിങ്ങളുടെ അഭിലാഷത്തെ ഞങ്ങൾ വിലമതിക്കുന്നു’– ഹോളിഫെയ്‌ത്ത്‌ എച്ച്‌ടുഒ ഫ്ലാറ്റിന്റെ വിൽപ്പനയ്‌ക്ക്‌ ബിൽഡർ തയ്യാറാക്കിയ ബ്രോഷറിലെ ആദ്യവാചകമായിരുന്നു ഇത്‌. ശനിയാഴ്‌ച പകൽ 11ന്‌ - മരടിലെ ആദ്യസ്‌ഫോടനത്തിൽ നിലംപൊത്തുന്ന ഫ്ലാറ്റിനൊപ്പം തകർന്നുവീഴുന്നത്‌ മോഹവലയത്തിൽ വീണ അന്തേവാസികളുടെ സ്വപ്‌നങ്ങളുമാണ്‌.

നെട്ടൂർ കായലിന്റെ സാമീപ്യം, കല്ലെടുത്തെറിഞ്ഞാൽ എത്തുന്ന അകലത്ത്‌ പഞ്ചനക്ഷത്ര ഹോട്ടൽ, ദേശീയപാത എന്നിങ്ങനെ വിശേഷണങ്ങൾ നിരവധി വിളമ്പിയാണ്‌ ഫ്ലാറ്റ്‌ വിറ്റഴിച്ചത്‌. ഇത്‌ നിങ്ങളുടെ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത നിമിഷങ്ങൾ സമ്മാനിക്കുമെന്നും പറഞ്ഞുവച്ചു. അത്‌ അറംപറ്റിയതുപോലെയായി.

സ്‌ഫോടനത്തിൽ നാമാവശേഷമാകുന്ന നാല്‌ ഫ്ലാറ്റുകളുടെയും സവിശേഷതയായി പറഞ്ഞിരുന്നത്‌ ജലാശയങ്ങളുടെ സാമീപ്യമാണ്‌. 1.71 ഏക്കറിൽ 16 നിലകളിൽ 80 അപ്പാർട്ട്‌മെന്റുകളുള്ളതാണ്‌ ആൽഫ സെറീൻ ഇരട്ടഫ്ലാറ്റ്‌.  നീലിമ പടർത്തി പരന്നുകിടക്കുന്ന ജലാശയത്തിന്റെ സാമീപ്യം എല്ലാ അപ്പാർട്ട്‌മെന്റുകളിലുമുള്ളവർക്ക്‌ കൺകുളിർക്കുന്ന കാഴ്‌ചയാകുമെന്ന്‌ അവർ ആവശ്യക്കാരെ കൊതിപ്പിച്ചു.

കെ പി വർക്കി ആൻഡ്‌ വിഎസ്‌ ബിൽഡേഴ്‌സിന്റെ ‘ഗോൾഡൻ കായലോര’വും ജലസാമീപ്യമാണ്‌ പ്രധാന ആകർഷണമായി എടുത്തുപറഞ്ഞിരുന്നത്‌. ഫ്ലാറ്റിനെ മൂന്നുവശത്തായി വലയം ചെയ്‌തിട്ടുള്ള ചമ്പക്കര കനാലും നെട്ടൂർ കായലും അപ്പാർട്ട്‌മെന്റുകളുടെ മോഹവിലയായി മാറി. 16 നിലകളുള്ള നെട്ടൂരിലെ ജെയിൻ കോറൽ കോവ്‌ 1.13 ഏക്കറിലാണ്‌ കെട്ടിപ്പൊക്കിയത്‌. 122 അപ്പാർട്ട്‌മെന്റുകളുള്ള കോറൽ കോവിന്റെ കൊതിപ്പിക്കുന്ന ആകാശക്കാഴ്‌ചയുടെ വീഡിയോയും ബിൽഡറുടെ സൈറ്റിലുണ്ട്‌. നെട്ടൂർ കായലിന്റെ മുനമ്പിൽ ആകാശത്തേക്ക്‌ ഉയർന്നുനിന്ന കോറൽ കോവ്‌ ജലസാമീപ്യംതന്നെയാണ്‌ പ്രധാനമായി എടുത്തുപറഞ്ഞത്‌.
വൈറ്റില, കുണ്ടന്നൂർ ജങ്ഷനുകളുടെ സാമീപ്യം, ദേശീയപാത, പേട്ട–കുണ്ടന്നൂർ ബൈപാസ്‌ എന്നിവയെല്ലാം ഈ പാർപ്പിടസമുച്ചയങ്ങളിലേക്ക്‌ ആകർഷിച്ച ഘടകങ്ങളാണ്‌. നിക്ഷേപം എന്നനിലയിൽ അപ്പാർട്ട്‌മെന്റുകൾ പലരും വാങ്ങിയിട്ടു.  ഉടമ ആരെന്ന്‌ ഇനിയും തിരിച്ചറിയാത്ത അപ്പാർട്ട്‌മെന്റുകളും ഫ്ലാറ്റുകളിലുണ്ട്‌. ബിൽഡർമാർ നിരത്തിയ പ്രലോഭനങ്ങളിൽ കുടുങ്ങി ആയുഷ്‌കാലസമ്പാദ്യമാകെ ഈ ഫ്ലാറ്റുകളിൽ ഹോമിച്ചവരാണ്‌ അധികവും.  അവരുടെ കണ്ണീരിന്റെ തീരത്താണ്‌ ഈ നിർമാണങ്ങൾ സെക്കൻഡുകൾകൊണ്ട്‌ നിലംപൊത്തുന്നത്‌.

തിരക്കഥയൊരുക്കിയ ഫ്ലാറ്റും  ഓർമയാകുന്നു
മരടിലെ ഹോളിഫെയ്‌ത്ത്‌ എച്ച്‌ടുഒ ഫ്ലാറ്റ്‌ തകർന്നടിയുമ്പോൾ സംവിധായകൻ മേജർ രവിയുടെ മനസിൽ ബാക്കിയാകുന്നത്‌ ഒരുപിടി ഓർമകളാണ്‌. പിക്കറ്റ്‌ 43 എന്ന തന്റെ ചിത്രത്തിന്റെ തിരക്കഥ മേജർ രവി ഒരുക്കിയത്‌ ഇവിടെവച്ചാണ്‌. പത്തുവർഷത്തോളമാണ്‌ ഇവിടെ താമസിച്ചത്‌. സ്‌കൂളിൽ പോകുന്ന കുട്ടികൾ, അവർ തിരിച്ചുവരുമ്പോൾ അവരെ കാത്തുനിൽക്കുന്ന രക്ഷിതാക്കൾ–-  ഇത്തരത്തിൽ ഒരുപാട്‌ ദൃശ്യങ്ങൾ ഈ ഫ്ലാറ്റ്‌ സമ്മാനിച്ചിട്ടുണ്ട്‌. ഇവിടെയുണ്ടായിരുന്ന പലരുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ഫ്ലാറ്റിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച്‌ മേജർ രവി പറഞ്ഞു. നിയമം ലംഘിച്ച് ഫ്ലാറ്റുകൾ പണിയാൻ ഒത്താശ ചെയ്തവർക്കെതിരെ കർശന നിയമനടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.

 ഹോളി ഫെയ്‌ത്‌ എച്ച്‌ 2 ഒ യ്‌ക്കുമുന്നിൽ മേജർ രവി

ഹോളി ഫെയ്‌ത്‌ എച്ച്‌ 2 ഒ യ്‌ക്കുമുന്നിൽ മേജർ രവി 


പ്രധാന വാർത്തകൾ
 Top