16 June Sunday

ചരിത്രം കുറിച്ച മലയാളി മെമ്മോറിയൽ ; കോട്ടയത്തെ ‘കരട‌് ’

എസ‌് മനോജ‌്Updated: Friday Feb 22, 2019

കോട്ടയം
നാടിനുവേണ്ടിയുള്ള പോരാട്ടത്തിൽ ചരിത്രപ്രസിദ്ധ ഏടാണ‌് മലയാളി മെമ്മോറിയൽ. 1891ലായിരുന്നു അത‌്. തിരുവിതാംകൂറിലെ സിവിൽ സർവീസിൽ വിദേശികൾക്കുപകരം തിരുവിതാംകൂറിലെ അഭ്യസ‌്തവിദ്യരായ യുവാക്കളെ നിയമിക്കണമെന്ന‌് ആവശ്യം. സമൂഹത്തിന്റെ നാനാതുറകളിലുള്ള 10,028 പേർ ഒപ്പിട്ട നിവേദനം ശ്രീമൂലം തിരുനാൾ മഹാരാജാവിന‌് സമർപ്പിച്ചതായിരുന്നു സംഭവം.

കോട്ടയം പബ്ലിക‌് ലൈബ്രറിയിൽ നടന്ന ഒരു യോഗത്തിലാണ‌് ഈ നിവേദനത്തിന്റെ കരട‌് തയ്യാറാക്കിയത‌്. നിവേദനം പരിഗണിച്ചൊന്നുമില്ലെങ്കിലും അതുവരെ കാണാത്ത രാഷ്ട്രീയനീക്കങ്ങളുടെ തുടക്കമായിരുന്നു അത‌്. പിന്നീട‌് കോട്ടയം സാക്ഷ്യം വഹിച്ച രാഷ്ട്രീയ കരുനീക്കങ്ങൾ എത്രയെത്ര. അക്ഷരനഗരിയും ചുവർചിത്ര നഗരിയുമൊക്കെ ആയ കോട്ടയത്തിന‌് അറിവിന്റെ വെളിച്ചം പകരാൻ പലരുമെത്തി. നവോത്ഥാന പ്രസ്ഥാനങ്ങൾക്ക‌് വഴിമരുന്നിട്ട ചാവറ കുര്യാക്കോസ‌് അച്ചൻ ഉൾപ്പെടെ മിഷണറിമാർ അതിന‌് മുൻനിരയിലായിരുന്നു. വൈക്കം സത്യഗ്രഹംപോലെ ജ്വലിച്ചുനിൽക്കുന്ന സമരപോരാട്ടങ്ങളുടെയും മണ്ണ‌ാണിത‌്.

കോൺഗ്രസിന്റെയും കമ്യൂണിസ്റ്റ‌് പ്രസ്ഥാനത്തിന്റെയും സമുന്നതരെ ലോക‌്സഭയിലേക്ക‌് അയച്ച കോട്ടയം മണ്ഡലം 1952 മുതൽ  നിലവിലുണ്ട‌്. 1964 മുതൽ കേരള കോൺഗ്രസിന്റെയും പിളർപ്പും പതർച്ചയും കണ്ട മണ്ഡലം.

1984ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടതിലെ സഹതാപം രാജ്യമാകെ കോൺഗ്രസിന‌് വൻ തരംഗമായി. ഇന്ദിരായുഗത്തിലെ ഏറ്റവും വലിയ കോൺഗ്രസ‌് വിജയവും. എന്നാൽ, അന്ന‌് കോട്ടയത്തുനിന്ന‌് വിജയിച്ചത‌് ചുറ്റിക അരിവാൾ നക്ഷത്രം ചിഹ്നത്തിൽ  മത്സരിച്ച അഡ്വ. കെ സുരേഷ‌്കുറുപ്പ‌്. രാജ്യമാകെ ശ്രദ്ധിച്ച വിജയമായി അത‌് മാറി.-യുഡിഎഫിലെ മുഖ്യകക്ഷികളായ കോൺഗ്രസിന്റെയും കെ എം മാണി നയിക്കുന്ന കേരള കോൺഗ്രസിന്റെയും ബലാബല ഭൂമിയാണിത‌്. വളരുംതോറും പി‌ളരുന്നവരെന്ന‌് സ്വയം അഭിമാനിക്കുന്നവരുടെ തട്ടകം. ഒന്നിച്ചുനിന്ന‌് പോരടിച്ച‌് ‘സൗഹൃദ മത്സരമെന്ന‌് പ്രഖ്യാപിക്കുന്ന’ രാഷ‌്ട്രീയം.

ബാർകോഴക്കേസിൽ ആരോപിതനായ കെ എം മാണി ഉമ്മൻചാണ്ടി മന്ത്രിസഭയിൽനിന്ന‌് രാജിവച്ചശേഷം 2016 ആഗസ‌്ത‌് ആറ‌്, ഏഴ‌് തീയതികളിൽ ചരൽക്കുന്നിൽ ചേർന്ന കേരള കോൺഗ്രസ‌് ക്യാമ്പിൽ യുഡിഎഫ‌് വിടുന്ന പ്രഖ്യാപനം വന്നു. കോട്ടയം ജില്ലാ പഞ്ചായത്തിലടക്കം കോൺഗ്രസുമായുള്ള ചങ്ങാത്തം ഉപേക്ഷിച്ചു.

‘മാണിസാറെന്ന’ വിളിക്ക‌്  ഇനി തങ്ങളില്ലെന്ന‌് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചാണ‌് കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ കെ സി ജോസഫും തിരുവഞ്ചൂർ രാധാകൃഷ‌്ണനും വെല്ലുവിളിച്ചത‌്. ജോസ‌് കെ മാണിക്കുവേണ്ടി വോട്ടു പിടിക്കാനില്ലെന്നും പ്രഖ്യാപിച്ചു.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ‌ു കാലം. മഞ്ഞുരുക്കി മുന്നണിയിലേക്ക‌് മടങ്ങണമെന്ന‌് മാണിക്ക‌് മോഹം. ചെന്നിത്തലയെ മാറ്റി നിർത്തി ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമായിരുന്നു ഇതിനുള്ള കരുക്കൾ നീക്കിയത‌്. പാലായിലെ വീട്ടിലെത്തി ഇവർ നടത്തിയ ചർച്ചയിലൂടെ വീണ്ടും യുഡിഎഫിലേക്ക‌്. ഏച്ചുകെട്ടാണെന്നറിയാവുന്ന മാണി തക്കസമയത്ത‌് (2018) ജോസ‌് കെ മാണിയെ പൊക്കിയെടുത്ത‌് രാജ്യസഭയിലേക്ക‌ിട്ടു.

ലോക‌്സഭയിലേക്ക‌് ഒരു വർഷത്തിലേറെ കാലാവധിയുള്ളപ്പോഴായിരുന്നു ഈ പാതകം. മണ്ഡലത്തെ അനാഥമാക്കാൻ അച്ഛനും മകനും രണ്ടാമതൊന്ന‌് ആലോചിച്ചില്ല. മാണിയെ പിന്നാമ്പുറത്തുകൂടി യുഡിഎഫിൽ കയറ്റിയതിലും കോൺഗ്രസിന്റെ രാജ്യസഭാ സീറ്റ‌് അടിയറവച്ചതിലും പ്രതിഷേധിച്ച‌് എല്ലാ കോൺഗ്രസുകാർക്കുംവേണ്ടി പി ജെ കുര്യൻ പൊട്ടിത്തെറിച്ചു.

സിറ്റിങ് സീറ്റുകൾ അതത‌് പാർടിക്കെന്നാണ‌് യുഡിഎഫ‌് കീ‌ഴ‌്‌വഴക്കം. സീറ്റ‌് വിട്ടുപോകാതിരിക്കാൻ ഉമ്മൻചാണ്ടിയും കെ എം മാണിയും പി ജെ ജോസഫുമെല്ലാം മത്സരരംഗത്തിറങ്ങുമെന്നാണ‌് ഇരുകൂട്ടരുടെയും പ്രചാരണം. 

2014ൽ എൽഡിഎഫിലെ ജനതാദൾ (എസ‌്) സീറ്റിൽ മന്ത്രികൂടിയായിരുന്ന മാത്യു ടി തോമസാണ‌് മത്സരിച്ചത‌്. വിജയിച്ച ജോസ‌്  കെ മാണിക്ക‌് വാഗ്ദാനങ്ങൾ നിറവേറ്റാനായില്ല. ഇനിയും പൂർത്തിയാകാത്ത സയൻസ‌് സിറ്റി, കോട്ടയത്തിന്റെ ട്രെയിൻ യാത്രാ ദുരിതം, വലവൂർ ഐഐടിയുടെ പൂർണമായ പ്രവർത്തനം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക‌് യുഡിഎഫ‌ിന‌് ഉത്തരമില്ല. എറണാകുളം ജില്ലയിലെ പിറവം അടക്കം ഏഴ‌് അസംബ്ലി മണ്ഡലങ്ങൾ. എട്ട‌ിൽ രണ്ട‌് നഗരസഭയും 56ൽ 22 പഞ്ചായത്തും എൽഡിഎഫ‌് ഭരിക്കുന്നു. ബാക്കിയിടങ്ങളിൽ യുഡിഎഫാണ‌്.


 


പ്രധാന വാർത്തകൾ
 Top