25 January Tuesday

ഓർമകളിൽ ഒരു മയിൽപ്പീലിയായി

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021


തിരുവനന്തപുരം
‘ആരോ പാടും ലളിതമധുരമായ ഗാന’ത്തിന്‌ വരികളെഴുതാൻ ഇനി ബിച്ചു തിരുമലയില്ല. ഏഴു സ്വരങ്ങളെയും തഴുകി പാട്ടെഴുത്തിന്റെ പൂക്കാലം തീർത്ത ബിച്ചു തിരുമല (ശിവശങ്കരൻ നായർ –79) ഓർമയായി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെള്ളി പുലർച്ചെ മൂന്നിനാണ്‌ അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തിന്‌ ചികിത്സയിലായിരുന്നു. വെള്ളി വൈകിട്ട്‌ 4.30ന്‌ തൈക്കാട്‌ ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.

അയ്യായിരത്തിലധികം ഗാനങ്ങളെഴുതിയ ബിച്ചു 1942ൽ ചേർത്തല അയ്യനാട്ടുവീട്ടിൽ സി ജി ഭാസ്കരൻ നായരുടെയും പാറുക്കുട്ടിയുടെയും  മൂത്തമകനായി ജനിച്ചു. തിരുവനന്തപുരത്ത്‌ താമസമാക്കിയശേഷമാണ്‌ പേരിനൊപ്പം തിരുമല ചേർത്തത്‌. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്ന് ബിരുദം. 1970-ൽ സംവിധായകൻ എം കൃഷ്ണൻനായരുടെ ‘ശബരിമല ശ്രീ ധർമശാസ്താ'യിൽ സഹസംവിധായകനായാണ്  സിനിമാരംഗത്തെത്തിയത്‌.  റിലീസാകാതെപോയ സി ആർ കെ നായരുടെ ‘ഭജഗോവിന്ദ’ത്തിന്‌ രചിച്ച "ബ്രാഹ്മമുഹൂർത്ത'മാണ് ആദ്യ ചലച്ചിത്രഗാനം. നടൻ മധു സംവിധാനംചെയ്‌ത  ‘അക്കൽദാമ'യാണ് റിലീസായ ആദ്യചിത്രം. 1981ലും 1991ലും മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. 1985ൽ ഇറങ്ങിയ ‘സത്യ'ത്തിലൂടെ സംഗീത സംവിധായകനായി. "ശക്തി'യുടെ കഥയും സംഭാഷണവും "ഇഷ്ടപ്രാണേശ്വരി'യുടെ തിരക്കഥയും രചിച്ചു. നിരവധി ഗാനങ്ങളും ആലപിച്ചു. ആദ്യ കവിതാസമാഹാരമായ ‘അനുസരണയില്ലാത്ത മനസ്സിന്' 1990ലെ വാമദേവൻ പുരസ്കാരം ലഭിച്ചു.  ‘കാലത്തിന്റെ കണക്കുപുസ്തകം’ കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപകടത്തെത്തുടർന്ന് ഏറെനാൾ സംഗീതലോകത്തുനിന്ന് വിട്ടുനിന്നിരുന്നു.

തിരുവനന്തപുരം വേട്ടമുക്ക്‌ കട്ടച്ചൽ റോഡിലെ സുമതിയിലാണ്‌ താമസം. ഭാര്യ: പ്രസന്ന. മകൻ: സുമൻ ബിച്ചു (സംഗീത സംവിധായകൻ).  സഹോദരങ്ങൾ: ഗായിക പി സുശീലാദേവി, വിജയകുമാർ, ഡോ. ചന്ദ്ര, ശ്യാമ, സംഗീത സംവിധായകൻ ദർശൻ രാമൻ, ജയലക്ഷ്‌മി, പരേതനായ ബാലഗോപാൽ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top