17 January Sunday

ബൈ കുരുക്ക്‌... ബൈപാസ്‌; എൽഡിഎഫ്‌ സർക്കാർ യാഥാർത്ഥ്യമാക്കുന്ന ദേശീയപാത വികസനം

എം വി പ്രദീപ്‌Updated: Monday Nov 30, 2020

ലോകനിലവാരത്തില്‍ നിർമാണം നടത്തിയ ബോഡിമെട്ട്–- - മൂന്നാർ ദേശീയപാത. 268.2 കോടി ചെലവിൽ 42.28 കി.മീറ്റർ ദുരാമാണ് റോഡ് പുനർനിർമിച്ചത്

ഗതാഗതക്കുരുക്കില്ലാതെ,  വാഹനങ്ങളുടെ നീണ്ട നിരകളില്ലാത്ത ദേശീയപാത സ്വപ്നം കാണാത്തവരുണ്ടോ..?  കേരളത്തിന് ഇത്രയുംനാൾ അന്യമായിരുന്ന, എണ്ണിയാലൊടുങ്ങാത്ത തടസ്സങ്ങളിൽ കുടുങ്ങിക്കിടന്ന ദേശീയപാത വികസനം എൽഡിഎഫ് സർക്കാരിന്റെ ശ്രമഫലമായി യാഥാർഥ്യമാകുന്നു. 11,571 കോടി ചെലവിൽ ദേശീയപാത 66 ലെ ആറ് റീച്ചുകളുടെ നിർമാണം തുടങ്ങി.

മാഹി റെഡിയാകുന്നു

883 കോടി രൂപ ചെലവിൽ, തലശേരി–-മാഹി ബൈപാസ്‌ അതിവേഗം ലക്ഷ്യത്തിലേക്ക്‌ നീങ്ങുകയാണ്‌. ഇടുങ്ങിയ റോഡിൽനിന്ന‌് വിശാല പാതയിലേക്കാണ്‌ മാറ്റം. നിർമാണ ഉദ‌്ഘാടനം 2018 ഒക്ടോബർ 30ന‌് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിധിൻ ഗഡ‌്കരിയുംചേർന്ന്‌‌  നിർവഹിച്ചു.

തലശേരി നഗരത്തിലെ ഗതാഗതക്കുരുക്കിന‌് ശാശ്വത പരിഹാരം കാണാൻ 30 വർഷംമുമ്പാണ‌് ബൈപാസ‌് നിർമിക്കാൻ  തീരുമാനിച്ചത‌്. സ്ഥലമെടുപ്പിൽ തട്ടി പതിറ്റാണ്ടുകൾ നഷ്ടപ്പെട്ടു. ഒടുവിൽ പണി തുടങ്ങാൻ എൽഡിഎഫ്‌ സർക്കാർ വേണ്ടിവന്നു. 60 ശതമാനം പ്രവൃത്തി പൂർത്തിയായി. 420 കോടി രൂപ ചെലവഴിച്ചു. 2021 സെപ‌്തംബറിൽ പണി പൂർത്തിയാക്കാനാണ‌് കരാർ. കണ്ണൂർ മുഴപ്പിലങ്ങാട‌് മുതൽ കോഴിക്കോട‌് ജില്ലയിലെ അഴിയൂർവരെ 18.6 കിലോമീറ്റർ ദൈർഘ്യത്തിലാണ‌് ബൈപാസ‌്.  82.52 ഹെക്ടർ സ്ഥലം ഏറ്റെടുത്തു. മികച്ച നഷ്ടപരിഹാരവും നൽകി.

ദാ.. ആലപ്പുഴ

"ലോഡുമായി നഗരത്തിൽ കയറുന്നതോടെ ശ്വാസംമുട്ടും. ഇഴഞ്ഞിഴഞ്ഞാണ്‌ പിന്നത്തെ യാത്ര. ആലപ്പുഴ ബൈപാസ്‌ വന്നാൽ ഇതിനൊരു മാറ്റം ഉറപ്പ്‌. എത്രനാളായി കാത്തിരിക്കുന്നു. വർഷാവസാനം അത്‌ തുറക്കുമെന്നറിഞ്ഞതിൽ സന്തോഷം'–-38 വർഷമായി ലോറിയോടിക്കുന്ന ചന്ദ്രന്റെ വാക്കുകൾ.

എൽഡിഎഫ്‌ സർക്കാരിന്റെ പുതുവർഷ സമ്മാനം കൂടിയാവും ബൈപാസ്. ദേശീയപാതയ്‌ക്ക്‌ സമാന്തരമായി കൊമ്മാടിയിൽനിന്ന്‌ തുടങ്ങി കളർകോട്‌ അവസാനിക്കുന്ന 6.8 കിലോമീറ്റർ ബൈപാസിന്‌ ശ്രമം തുടങ്ങിയിട്ട്‌ 50 വർഷത്തിലേറെയായി.

2016 ഏപ്രിൽ 30വരെ ആലപ്പുഴ ബൈപാസ് നിർമാണം നടന്നത്‌ 15.3 ശതമാനം. 2016 മെയ്‌ ഒന്നു മുതലാണ്‌ ബാക്കി പണി നടന്നത്‌. രണ്ടു മേൽപ്പാലങ്ങളുണ്ട്‌. കുതിരപ്പന്തിയിലും മാളികമുക്കിലും. രണ്ടിടത്തും ഗർഡർ സ്ഥാപിക്കാൻ റെയിൽവേ അനുമതി വൈകിയത്‌ നിർമാണം മുടക്കി. പാഴായത്‌ ഒന്നരവർഷം. പ്രശ്ന പരിഹാരത്തിന്‌ മുഖ്യമന്ത്രി പിണറായി വിജയൻതന്നെ മുൻകൈയെടുത്തു. കേന്ദ്രറെയിൽ മന്ത്രി പീയൂഷ്‌ ഗോയലിൽ മന്ത്രി ജി സുധാകരൻ നിരന്തര സമ്മർദ്ദം ചെലുത്തിയതോടെ പരിഹാരമായി. ദാ ഇപ്പോ ഭാരപരിശോധനയും പൂർത്തിയായി. ഇനി ഉദ്‌ഘാടനം മാത്രം.

കഴക്കൂട്ടം–- മുക്കോല

ദേശീയപാത 66 ന്റെ ഭാഗമായ കഴക്കൂട്ടം–-മുക്കോല ദേശീയപാത ബൈപാസ്‌ തുറന്നുനൽകി. തമിഴ്നാട് അതിർത്തിയുമായി ബന്ധിപ്പിക്കുന്ന 43 കിലോമീറ്ററുള്ള കഴക്കൂട്ടം–- -കാരോട് റോഡിന്റെ ആദ്യഘട്ടമാണ്‌  86 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയത്‌. തിരുവനന്തപുരം വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, ടൂറിസ്റ്റ് കേന്ദ്രങ്ങളായ കോവളം ബീച്ച്, ശംഖുംമുഖം എന്നിവിടങ്ങളിലേക്കുള്ള യാത്ര സുഗമമായി.

കണ്ണൂർ ചെറുപുഴ വള്ളിത്തോട്  മലയോര ഹൈവേയുടെ ആദ്യ റീച്ച്.  ചെറുപുഴയിൽ നിന്ന്‌ ആരംഭിച്ച് ഇരിക്കൂർ  മണ്ഡലത്തിലൂടെ പേരാവൂരിലെ വള്ളിത്തോടിലാണ് അവസാനിക്കുന്നത്. ആകെ 65 കി.മീറ്റർ ദൂരം

കണ്ണൂർ ചെറുപുഴ വള്ളിത്തോട് മലയോര ഹൈവേയുടെ ആദ്യ റീച്ച്. ചെറുപുഴയിൽ നിന്ന്‌ ആരംഭിച്ച് ഇരിക്കൂർ മണ്ഡലത്തിലൂടെ പേരാവൂരിലെ വള്ളിത്തോടിലാണ് അവസാനിക്കുന്നത്. ആകെ 65 കി.മീറ്റർ ദൂരം

കൊല്ലം കണ്ടാൽ...

മൂന്ന്‌ മേജർ പാലങ്ങളിലൂടെ അഷ്ടമുടി കായൽ മുറിച്ചുകടക്കുന്ന കൊല്ലം ബൈപ്പാസ്‌ തുറന്നിട്ടത്‌‌ പുതിയ വികസന കവാടം. ഗതാഗത സൗകര്യം മെച്ചപ്പെട്ടതിനൊപ്പം നാടിന്റെ മുഖച്ഛായ മാറ്റിമറിച്ചു. ചെലവിന്റെ 50 ശതമാനം തുക  സംസ്ഥാന സർക്കാർ ഏറ്റെടുത്തില്ലെങ്കിൽ ഇപ്പോഴും നിർമാണം ഇന്നും ഇഴയുമായിരുന്നു.

തലസ്ഥാന നഗരിയിലേക്കും മലബാർ പ്രദേശങ്ങളിലേക്കും കൊല്ലം പട്ടണത്തിൽ എത്താതെ എളുപ്പം യാത്രചെയ്യാനുള്ള സൗകര്യമാണ്‌  ബൈപ്പാസ്‌ തുറന്നിട്ടത്‌.  75 ശതമാനം നിർമാണം പൂർത്തീകരിച്ചത്‌ ഈ സർക്കാരിന്റെ കാലത്താണ്‌.  കഴിഞ്ഞ ജനുവരി 15 ന്‌ പ്രധാനമന്ത്രിയാണ്‌ നാടിന്‌ സമർപ്പിച്ചത്‌. ബൈപ്പാസിൽ തെരുവു വിളക്ക്‌‌ സ്ഥാപിച്ചതും സംസ്ഥാന സർക്കാരിന്റെ ഫണ്ട്‌ ചെലവഴിച്ചാണ്‌.

മലയോരത്തുമുണ്ട്‌ ഹൈവേ

കണ്ണൂർ > നടക്കില്ലെന്ന്‌ അത്രമേൽ മനസിൽ ഉറച്ചുപോയത്‌ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ്‌ ആലക്കോട്‌ നടുവിലിലെ ആർടിസ്‌റ്റ്‌ ആതിര ഉണ്ണികൃഷ്‌ണൻ. മലയോര ഹൈവേയുടെ കണ്ണൂർ ജില്ലയിലെ 80 കിലോമീറ്ററോളം പൂർത്തിയായത്‌ ഒരുസ്വപ്‌നം പോലെയാണ്‌ ഇപ്പോഴുമെന്ന്‌ അദ്ദേഹം ചിരിയോടെ പറയും.

തുടങ്ങിയേടത്തുനിന്ന‌ പദ്ധതിക്ക്‌ ചിറകുവെച്ചതും പറന്നുയർന്നതും നൊടിയിടയിലായിരുന്നു. പിന്നീടിങ്ങോട്ട് ഹൈവേയുടെ ഭാഗമായ റോഡുകൾ കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ പുതുമോടിയിലേക്കുയർന്നു. പൂർത്തിയാക്കണമെന്ന ഇച്ഛാശക്തിയുണ്ടെങ്കിൽ ഏത്‌ പദ്ധതിയും സമയബന്ധിതമാകുമെന്ന്‌ മലയോര ഹൈവേ ചൂണ്ടി ഉണ്ണികൃഷ്‌ണൻ പറയും. കാസർകോട്‌ നന്ദാരപ്പടവ്‌ മുതൽ പാറശാല വരെ 1251 കിലോമീറ്ററിലാണ്‌ മലയോര ഹൈവേ.

തിരുവനന്തപുരം പാലോട് -‐ ബ്രൈമൂർ റോഡ്. കിഫ്ബിയിൽ നിന്ന്‌  49.69 കോടി രൂപ മുടക്കിയാണ് വാമനപുരം മണ്ഡലത്തിലെ റോഡ് നവീകരിച്ചത്

തിരുവനന്തപുരം പാലോട് -‐ ബ്രൈമൂർ റോഡ്. കിഫ്ബിയിൽ നിന്ന്‌ 49.69 കോടി രൂപ മുടക്കിയാണ് വാമനപുരം മണ്ഡലത്തിലെ റോഡ് നവീകരിച്ചത്

ആകെ 9 റീച്ച്‌

ആലപ്പുഴ ഒഴികെ 13 ജില്ലകളിലൂടെയും ഹൈവേ കടന്നുപോകുന്നു. 2017–- 18ൽ 3500 കോടി രൂപയാണ്‌ പ്രാഥമികമായി  കിഫ്‌ബി നീക്കിവച്ചത്‌. ഒന്നാം ഘട്ടത്തിൽ 26 റീച്ചിലായി 589 കിലോമീറ്റർ. ഇതിൽ 19 റീച്ചിലായി 513 കിലോമീറ്ററിനാണ്‌‌ കിഫ്‌ബി അംഗീകാരം നൽകിയത്‌. 1669 കോടി രൂപയുടെ സാമ്പത്തികാനുമതിയും നൽകി. കാസർകോട്‌, കൊല്ലം, തിരുവനന്തപുരം, മലപ്പുറം, വയനാട്‌ ജില്ലകളിൽ ഒമ്പത്‌ റീച്ചുകളുടെ പണി പുരോഗമിക്കുന്നു.

എതിരാളിയുടെ നല്ലവാക്ക്

കഴിഞ്ഞ യുഡിഎഫ്‌ ഭരണത്തിൽ, ഭൂമി ഏറ്റെടുക്കാനിറക്കിയ പ്രാരംഭ വിജ്‌ഞാപനം കാലവധി കഴിഞ്ഞ്‌ അസാധുവാകുന്നത്‌ ദേശീയപാത അതോറിറ്റിക്ക് (എൻഎച്ച്‌എഐ) നോക്കി നിൽക്കേണ്ടിവന്നു. നിരന്തരം കത്തെഴുതിയിട്ടും അന്നത്തെ  മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പൊതുമരാമത്ത്‌ മന്ത്രി ഇബ്രാഹിംകുഞ്ഞും ഗൗനിച്ചതേയില്ല. 45 മീറ്ററിൽ പാതവികസനം സാധ്യമാക്കുമെന്ന ഉമ്മൻചാണ്ടി സർക്കാരിന്റെ പ്രഖ്യാപനം വെറും വാഗ്ദാനത്തിലൊതുങ്ങി.

കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിക്ക്‌ തന്നെ ഒടുവിൽ പറയേണ്ടിവന്നു–-   ‘‘ മുൻ യുഡിഎഫ്‌ സർക്കാരിനെക്കാൾ വളരെ മികച്ച പ്രകടനമാണ്‌ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ്‌ സർക്കാരിന്റേത്‌’’ എന്ന്‌. കേന്ദ്രം ഭരിക്കുന്ന പാർടിതന്നെ കേരളത്തിൽ ദേശീയപാതാ വികസനം അട്ടിമറിക്കാൻ ശ്രമിച്ചതിനെയാണ് അന്ന് ഗഡ്കരി തള്ളിപ്പറഞ്ഞത്.

ഇതാ ശരിയാകുന്നു

എൽഡിഎഫ്‌ പ്രകടനപത്രികയിലെ പ്രധാനകാര്യത്തിലൊന്ന്  ദേശീയപാത വികസനമായിരുന്നു. അധികാരമേറ്റന്ന് മുതൽ പിണറായി വിജയൻ സർക്കാർ ഇതിനായി നിരന്തര ഇടപെടൽ നടത്തി. യുഡിഎഫ്‌ അസാധുവാക്കിയ  പ്രാരംഭ വിജ്‌ഞാപനം വീണ്ടുമിറക്കാനും നടപടികൾ പുനരാരംഭിപ്പിക്കാനും മുഖ്യമന്ത്രി പ്രധാനമന്ത്രിയെയും ഉപരിതലഗതാഗതമന്ത്രിയെയും നിരന്തരം ബന്ധപ്പെട്ടു.

സ്ഥലമേറ്റെടുക്കാനും വിഹിതം

ഒടുവിൽ  ദേശീയപാതവികസനമെന്ന കേരള സ്വപ്‌നത്തിന്‌ വീണ്ടും ചിറക്‌ മുളപ്പിച്ചു. പദ്ധതി നടപ്പാക്കാമെന്ന്‌ സമ്മതിച്ച കേന്ദ്രം ഭൂമിവില കൂടുതലാണെന്ന ന്യായം ആദ്യം പറഞ്ഞു. പിന്നീട്‌ സ്ഥലമേറ്റെടുക്കൽ തുക സംസ്ഥാനം വഹിക്കണമെന്നായി. മറ്റ്‌ സംസ്ഥാനങ്ങളിലൊന്നും  അങ്ങനെയൊന്നില്ല.  വീണ്ടും നീതിതേടി കേന്ദ്രത്തെ സമീപിച്ചതോടെ 50 ശതമാനം തുക വഹിക്കണമെന്നായി. തുടർചർച്ചകളിലൂടെ 25 ശതമാനത്തിന് കേന്ദ്രം നിർബന്ധം പറഞ്ഞു. അനീതിയാണെങ്കിലും പണം നൽകാമെന്ന്‌ കേരളം സമ്മതിച്ചു.

കണ്ണൂർ ‐ കാസർകോട് അതിർത്തിയിലെ കാങ്കോൽ–-ചീമേനി റോഡ്.  പയ്യന്നൂർ, തൃക്കരിപ്പൂർ മണ്ഡലങ്ങളിലൂടെയാണ് റോഡ് പോകുന്നത്.  കിഫ്ബിയിൽ 20.89 കോടി രൂപ ചെലവഴിച്ചാണ്‌ നിർമിച്ചത്‌

കണ്ണൂർ ‐ കാസർകോട് അതിർത്തിയിലെ കാങ്കോൽ–-ചീമേനി റോഡ്. പയ്യന്നൂർ, തൃക്കരിപ്പൂർ മണ്ഡലങ്ങളിലൂടെയാണ് റോഡ് പോകുന്നത്. കിഫ്ബിയിൽ 20.89 കോടി രൂപ ചെലവഴിച്ചാണ്‌ നിർമിച്ചത്‌ജനങ്ങളെ ഒപ്പം നിർത്തി


പ്രതിസന്ധികൾക്കിടയിലും പണം കണ്ടെത്തി, കിഫ്‌ബിയിൽനിന്ന്‌ തുക നൽകാമെന്ന്‌ തീരുമാനിച്ചു. പ്രശ്‌നങ്ങൾ പിന്നെയും തുടർന്നു. രാഷ്ട്രീയ മുതലെടുപ്പിന്‌ കോൺഗ്രസും ബിജെപിയും തോളോട്‌ തോൾ ചേർന്നു. സ്ഥലം ഏറ്റെടുക്കലിനെതിരെ മലപ്പുറത്തും കണ്ണൂർ കീഴാറ്റൂരിലും പ്രക്ഷോഭം. ഇന്നത്തെ കേന്ദ്രമന്ത്രി വി മുരളീധരൻ കീഴാറ്റൂരിലെത്തി അലൈൻമെന്റിൽ മാറ്റംവരുത്തുമെന്ന്‌ തട്ടിവിട്ടു. കേന്ദ്ര ഉപരിതല മന്ത്രാലയവും ദേശീയപാത അതോറിറ്റിയും ബിജെപിയുടെ ഈ ആവശ്യം തള്ളി . അലൈൻമെന്റ്‌ മാറ്റില്ലെന്ന്‌ പ്രഖ്യാപിച്ചു. ചർച്ചകളിലൂടെ തർക്കങ്ങളെല്ലാം പരിഹരിച്ചു.

ഹൈവേ അതോറിറ്റിയെ ഭൂമി ഏറ്റെടുക്കലിൽ സഹായിക്കാൻ  സംസ്ഥാന –ജില്ലാ തലങ്ങളിൽ സമിതിയുണ്ടാക്കി. താലൂക്ക്‌ തലത്തിലും നോഡൽ ഓഫീസർമാരെ നിയോഗിച്ചു. സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയെ കേന്ദ്രമന്ത്രിക്ക്‌ പുകഴ്‌ത്താതിരിക്കാനായില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top