28 November Saturday

ഡോക്ടറുടെ വീട്ടിലേക്ക്‌ ഒരു ലൈഫ്‌ ദൂരം

എം സനോജ്‌Updated: Saturday Nov 21, 2020


നിലമ്പൂർ (മലപ്പുറം)   
വീടെന്ന്‌ പറയാനില്ല. വച്ചുകെട്ടിയ ഓലപ്പുര. ഷീറ്റുകൊണ്ട്‌ മറച്ച ഈ കൂരയിലിരുന്ന്‌ പഠിച്ചാണ്‌ അമൽ ഗോവിന്ദ് ഡോക്ടറാകാൻ സ്വപ്‌നങ്ങൾ നെയ്‌തത്‌. രണ്ടു‌ വർഷംകൂടി കഴിഞ്ഞ്‌ പഠനം പൂർത്തിയാക്കി അവൻ മടങ്ങിയെത്തുക ചാലിയാർ പെരുവമ്പാടം ആദിവാസി കോളനിയിലെ പഴയ കുടിലിലേക്കല്ല, അടച്ചുറപ്പുള്ള ലൈഫ്‌ സമുച്ചയത്തിലേക്കാണ്‌. ‘ദേശാഭിമാനി’ വാർത്തയെ തുടർന്നാണ്‌ അമലിന്  വീട്‌ ലഭിച്ചത്‌.

കോളനിയിലെ മൂന്നരസെന്റിലെ കൊച്ചുവീടിന്റെ ഇരുളകലാത്ത മുറിയിലായിരുന്നു അമലിന്റെ പഠനം. വീട് ദ്രവിച്ചുവീണിട്ടും പഠനമോഹം കൈവിട്ടില്ല. ഇത്തിരിവട്ടത്തിലിരുന്ന് പഠിച്ചു. 2016-ലെ മെഡിക്കൽ എൻട്രൻസിൽ പട്ടികവർഗ വിഭാഗത്തിൽ 32–--ാം റാങ്കോടെ അമൽ വർക്കല എസ്‌ആർ മെഡിക്കൽ കോളേജിൽ പ്രവേശനം നേടി. ഇപ്പോൾ മൂന്നാം വർഷ എംബിബിഎസ്‌ വിദ്യാർഥി.

മന്ത്രി എ കെ ബാലൻ ഇടപെട്ടാണ്‌ സർക്കാർ പദ്ധതിയിൽ വീട്‌ അനുവദിച്ചത്‌. ലൈഫ് മിഷന്റെ സ്പിൽ ഓവർ പദ്ധതിയിലുൾപ്പെടുത്തി 5,65,000 രൂപയുടെ എസ്‌റ്റിമേറ്റ്‌ തയ്യാറാക്കി.  2018 ജനുവരിയിൽ നിർമാണം തുടങ്ങി. അതിവേഗം പണി പൂർത്തിയാക്കി. 

എരഞ്ഞിമങ്ങാട് ഗവ. എച്ച്എസ്എസിലായിരുന്നു അമലിന്റെ സ്‌കൂൾ പഠനം. എസ്എസ്എൽസിക്ക് 85 ഉം പ്ലസ്ടുവിന് 75 ശതമാനവും മാർക്ക് വാങ്ങി. പട്ടികവർഗ വകുപ്പാണ് എംബിബിഎസ് പഠനച്ചെലവ് വഹിക്കുന്നത്. ആദിവാസി മുത്തൻ വിഭാഗത്തിൽപ്പെടുന്ന  ഗോവിന്ദൻ–- മഞ്ജുള ദമ്പതികളുടെ മകനാണ്‌ അമൽ.  നാലാം ക്ലാസ് വിദ്യാർഥി അമൃതയും പ്ലസ്ടു വിദ്യാർഥി അഖിലുമാണ്‌ സഹോദരങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top