28 January Saturday

ലെപാക്ഷി നിലംതൊടില്ല

കെ വി ലീല leelakoomullil@gmail.comUpdated: Sunday Nov 27, 2022

ഒറ്റക്കല്ലിൽ നിർമിച്ച നാഗപ്രതിമ

വിജയനഗര സാമ്രാജ്യകാലത്തെ നിർമിതിയാണ്‌ ഇത്. വിജയനഗര ചക്രവർത്തി അച്ചുതരായർ, 1530–-40 കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ഗവർണർമാരായ വിരൂപണ്ണ, വീരണ്ണ എന്നിവരുടെ മേൽനോട്ടത്തിൽ ഈ ക്ഷേത്രം പണികഴിപ്പിച്ചതായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കുറിപ്പിൽ പറയുന്നു

ശിൽപ്പവിസ്മയങ്ങളുടെ ദൃശ്യഭംഗി നിറഞ്ഞ ക്ഷേത്രസമുച്ചയമാണ് ആന്ധ്രപ്രദേശിലെ ലെപാക്ഷി വീരഭദ്രക്ഷേത്രം. അനന്ത്പുർ ജില്ലയിലാണ് ഈ ചരിത്രസ്മാരകം. ഇതിഹാസ കഥകളുടെ ആവിഷ്കാരങ്ങളാണ് ഇവിടത്തെ ഓരോ കൽത്തൂണിലും.

ബംഗളൂരൂ വഴിയായിരുന്നു ലെപാക്ഷി യാത്ര. സെൻട്രൽ സ്റ്റേഷനിൽനിന്ന്‌ രാവിലെ 8.25നുള്ള ധർമപുരം ഡെമുവിൽ 25 രൂപയുടെ ടിക്കറ്റ് എടുത്തു. മലകളും പുഴകളും പഴത്തോട്ടങ്ങളും കാഴ്ചകളിൽ നിറഞ്ഞു. നെല്ലും ചോളവും കരിമ്പും കവുങ്ങും വിളയുന്ന കൃഷിഭൂമികൾ. അതിനപ്പുറം ഉരുണ്ട പാറകൾ നിറഞ്ഞ മലനിരകൾ. ഓരോ സ്റ്റോപ്പിലും നിർത്തി, കുറഞ്ഞ വേഗതയിലാണ് ട്രെയിൻ നീങ്ങുന്നത്. ഉച്ചയോടെ ഹിന്ദുപുർ സ്റ്റേഷനിൽ ഇറങ്ങി. വൃത്തിയും വെടിപ്പുമുള്ള കൊച്ചു സ്റ്റേഷൻ. ചുവരിൽ മനോഹര ചിത്രങ്ങൾ.  

കൽത്തൂണുകളിലെ ശിൽപ്പങ്ങൾ

കൽത്തൂണുകളിലെ ശിൽപ്പങ്ങൾ

ഞങ്ങൾ ഓട്ടോയിൽ ബസ്‌സ്റ്റാൻഡിൽ എത്തി. ജലാശയങ്ങളും കണ്ടലും താമരപ്പാടങ്ങളും പിന്നിട്ട് ചോളസമുദ്രം ടോൾ പ്ലാസയിലൂടെ വണ്ടി അരമണിക്കൂറിൽ ലെപാക്ഷിയിൽ എത്തി. ബസ്‌ ഇറങ്ങുമ്പോൾത്തന്നെ ക്ഷേത്രകവാടം കണ്ടു.

ലെപാക്ഷി നഗരത്തിന്റെ കിഴക്കുഭാഗത്താണ് വീരഭദ്രക്ഷേത്രം. ക്ഷേത്രവഴിയിൽ ഇരുവശവും തുണികളും ആഭരണങ്ങളും കളിപ്പാട്ടങ്ങളും വിൽക്കുന്ന കടകൾ. ചെരുപ്പ് സൂക്ഷിക്കാമെന്നു പറഞ്ഞ് മാടിവിളിക്കുന്നവർ.

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വിശദാംശം എഴുതിയ ബോർഡ്. ഇടതുവശത്ത് ആൽമരവും ആൽത്തറയും. അതിനു ചുറ്റും കുരങ്ങന്മാർ സ്വൈരവിഹാരം നടത്തുന്നു. 

രാമായണവുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ലെപാക്ഷി. സീതയെ രാവണൻ പുഷ്പകവിമാനത്തിൽ ലങ്കയിലേക്ക് തട്ടിക്കൊണ്ടുപോയപ്പോൾ വഴിമധ്യേ തടസ്സമായി നിന്ന ജഡായുവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. അതുവഴി വന്ന ശ്രീരാമനും ഹനുമാനും മരണത്തോട് മല്ലടിച്ചുകിടന്ന ജഡായുവിനെ കണ്ടു. " ഉണരൂ പക്ഷി’ എന്നർഥം വരുന്ന "ലെ പക്ഷി’ എന്ന് ശ്രീരാമൻ ഉരുവിട്ടെന്നും പിന്നീട് ഇവിടം ലേപാക്ഷി എന്ന് അറിയപ്പെട്ടെന്നുമാണ്‌ കഥ.

ക്ഷേത്രത്തിനുള്ളിൽ തണുപ്പിന്റെ സുഖം. ഒപ്പം മൂക്കിൽ തുളച്ചുകയറുന്ന നരിച്ചീറുകളുടെ ഗന്ധം. നിരയും വരിയുമായി നിൽക്കുന്ന കരിങ്കൽ ശിൽപ്പങ്ങൾ. ഇടനാഴികൾ. നൃത്തവും പാട്ടും പലവിധ കേളീരംഗങ്ങളും നിറഞ്ഞ ഒരു കലാവേദിയുടെ മധ്യത്തിലാണെന്ന്‌ തോന്നിപ്പിച്ചു.  അഴകും മിഴിവും പൂർണതയുമുള്ള കൽപ്രതിമകൾ. ശ്രീകോവിലിന്‌ അടുത്തായി ഒരു ഗുഹ കണ്ടു. അഗസ്ത്യമുനി കുറേക്കാലം വസിച്ചിരുന്ന ഗുഹ എന്നാണ്‌ ഐതിഹ്യം. 

തൂണുകളിൽ ഇതിഹാസ കഥകളുടെ പരമ്പര. പ്രണയവും വിരഹവും കാമവും വൈരവും ജയവും എല്ലാം കരിങ്കല്ലിൽ കോറിവരഞ്ഞിട്ടുണ്ട്‌. വിജയനഗര സാമ്രാജ്യകാലത്തെ നിർമിതിയാണ്‌ ഇത്. വിജയനഗര ചക്രവർത്തി അച്ചുതരായർ, 1530–-40 കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ഗവർണർമാരായ വിരൂപണ്ണ, വീരണ്ണ എന്നിവരുടെ മേൽനോട്ടത്തിൽ ഈ ക്ഷേത്രം പണികഴിപ്പിച്ചതായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കുറിപ്പിൽ പറയുന്നു.

നിലംതൊടാ തൂണുകൾ

നിലംതൊടാ തൂണുകൾ

ലെപാക്ഷിയിലെ തൂണുകൾക്ക് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകതയുണ്ട്‌. നിലം തൊടാത്ത തൂണുകളാണവ. എങ്ങനെയാണ് ഇത് സാധ്യമാകുക. ഇനിയും വെളിപ്പെടാത്ത അത്ഭുത രഹസ്യം.

ഓരോ തൂണിനടിയിലും പേപ്പറും തുണികളും നൂലുംകൊണ്ട് വിടവുണ്ടെന്ന് ഉറപ്പിക്കുന്നവർ നിരവധിയുണ്ട്‌.  ശിൽപ്പങ്ങളെപ്പറ്റി വാചാലരാകുന്ന ഗൈഡുകൾ, തീർഥാടകർ, ചരിത്രകുതുകികൾ. അവരിൽ ഒരാളായി ഞാനും നടന്നു, കൂറ്റൻ പാറകളും ചുറ്റുമതിലും ശിൽപ്പങ്ങളും നിറഞ്ഞ ലേപാക്ഷിയുടെ കോരിത്തരിപ്പിക്കുന്ന സൗന്ദര്യത്തിനിടയിലൂടെ. ഒറ്റക്കല്ലിൽ തീർത്ത നാഗപ്രതിമ ശിൽപ്പഭംഗിയുടെ മറ്റൊരു ഉദാഹരണം. പ്രദക്ഷിണവഴിയുടെ ചുറ്റുമുള്ള കൽമണ്ഡപങ്ങളും അതിസുന്ദരങ്ങളാണ്. 

ഏതാണ്ട് അരമുക്കാൽ കിലോമീറ്റർ അപ്പുറത്താണ്‌ ജഡായു പാർക്ക്‌. പാറയിൽ തലയെടുപ്പോടെ ചിറകുവിരിച്ചു നിൽക്കുന്ന ജഡായുപ്രതിമ.  റോഡിന്‌ അപ്പുറം  ഇരുപതടിയിലേറെ ഉയരമുള്ള ഒരു നന്ദിവിഗ്രഹം കാണാം. ഒറ്റക്കല്ലിൽ തീർത്തതാണ്‌ ഇത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top