22 June Tuesday

വിടവാങ്ങിയത്‌ ലീല ഗ്രൂപ്പിന്റെ വളർച്ചയുടെ പ്രേരകശക്തി

വെബ് ഡെസ്‌ക്‌Updated: Monday May 17, 2021


കണ്ണൂർ
ലോകം ശ്രദ്ധിച്ച ലീല ഗ്രൂപ്പ്‌ വ്യവസായസാമ്രാജ്യം കെട്ടിപ്പടുക്കുന്നതിൽ ക്യാപ്‌റ്റൻ സി പി കൃഷ്‌ണൻ നായർക്ക്‌ തുണയും കരുത്തുമായത്‌ ഞായറാഴ്‌ച അന്തരിച്ച ഭാര്യ ലീലയായിരുന്നു. ‘എന്റെ എല്ലാ സൗഭാഗ്യങ്ങൾക്കും കാരണം ലീലയാണ്‌’ എന്ന്‌ അദ്ദേഹം പറയുമായിരുന്നു. ‘കൃഷ്‌ണലീല’ എന്ന ആത്മകഥയിൽ ഒരധ്യായംതന്നെ അവരെക്കുറിച്ചാണ്‌. കൃഷ്‌ണൻനായർ അന്തരിച്ചിട്ട്‌ ഏഴു വർഷം തികയുന്നതിന്റെ തലേന്നാണ്‌ ലീലയുടെ വിയോഗം. 2014 മെയ്‌ 17നാണ്‌ അദ്ദേഹം അന്തരിച്ചത്‌.

പ്രമുഖ വ്യവസായിയും അഴീക്കോട്‌ പഞ്ചായത്ത്‌ പ്രഥമ പ്രസിഡന്റും നോർത്ത്‌ മലബാർ ചേമ്പർ ഓഫ്‌ കൊമേഴ്‌സ്‌ പ്രസിഡന്റുമായിരുന്ന എ കെ നായരുടെ മകളാണ്‌ ലീല. 1950ലായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തോടെ എ കെ നായർ തന്റെ ഉടമസ്ഥതയിലുള്ള രാജരാജേശ്വരി വീവിങ്‌ മിൽസിന്റെ മാർക്കറ്റിങ്‌ ചുമതല കൃഷ്‌ണൻ നായരെ ഏൽപ്പിച്ചു. അത്‌ വഴിത്തിരിവായി. ബോംബെ ആർമി കമാൻഡർ ജനറലിന്റെ എഡിസിയും പ്രിൻസിപ്പൽ സ്‌റ്റാഫ്‌ ഓഫീസറുമെന്ന ഉയർന്ന ചുമതല വഹിച്ചിരുന്ന തനിക്ക്‌ അതൊക്കെ വലിച്ചെറിഞ്ഞ്‌ ഒരു കൈത്തറി ഏജന്റിന്റെ വേഷമണിയാൻ ഒട്ടും പ്രയാസമുണ്ടായില്ലെന്ന്‌ അദ്ദേഹം ആത്മകഥയിൽ പറയുന്നു.

 ‘‘ഞാൻ തളരുന്ന ഘട്ടങ്ങളിലെല്ലാം ലീലയുടെ സാന്നിധ്യവും വാക്കുകളും എനിക്ക്‌ നിവർന്നുനിൽക്കാനുള്ള സിദ്ധൗഷധമായി. മാറുന്ന ലോകത്തെ നോക്കിക്കാണാൻ പ്രേരിപ്പിച്ചത്‌ ലീലയാണ്‌. അവർ എനിക്ക്‌ ലോകത്തോട്‌ തന്റേടത്തോടെ പ്രതികരിക്കാനുള്ള ഇച്ഛാബലം തന്നു’’–- കൃഷ്‌ണൻനായർ എഴുതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top