"നാം ജാതിഭേദം വിട്ടിട്ട് ഇപ്പോള്‍ ഏതാനും സംവത്സരം കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വര്‍ഗക്കാര്‍ നമ്മെ അവരുടെ വര്‍ഗത്തില്‍പ്പെട്ടതായി വിചാരിച്ച് പ്രവര്‍ത്തിച്ചുവരുന്നതായും അത് ഹേതുവാല്‍ നമ്മുടെ വാസ്തവത്തിന് വിരുദ്ധമായ ധാരണയ്ക്ക് ഇടവന്നിട്ടുണ്ടെന്നും അറിയുന്നു.നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവര്‍ഗത്തില്‍നിന്നും മേല്പ്രകാരമുള്ളവരെമാത്രമേ നമ്മുടെ പിന്‍ഗാമിയായി വരത്തക്കവിധം ആലുവാ അദൈ്വതാശ്രമത്തില്‍ ശിഷ്യസംഘത്തില്‍ ചേര്‍ത്തിട്ടുള്ളൂ എന്നും മേലും ചേര്‍ക്കുകയുള്ളൂ എന്നും, വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു.
'1916ല്‍ സ്വന്തം നിലയില്‍ ശ്രീനാരായണഗുരു "പ്രബുദ്ധകേരളം' പത്രത്തില്‍ പ്രസിദ്ധപ്പെടുത്തിയ ഒരു വിജ്ഞാപനമാണ് മുകളില്‍ ഉദ്ധരിച്ചിട്ടുള്ളത്.
ശ്രീനാരായണഗുരുവിനെ സംബന്ധിച്ചിടത്തോളം ചിന്താഗതിയിലുണ്ടായ ഒരു മാറ്റമാണിതെന്ന് കരുതരുത്. 1888ല്‍ അരുവിപ്പുറത്തുവച്ച് പ്രഖ്യാപിച്ച സന്ദേശം സാരാംശത്തില്‍ ഈ ആശയംതന്നെയാണ് ഉള്‍ക്കൊള്ളുന്നത്. ജാതിഭേദവും മതദ്വേഷവും ഇല്ലാത്ത ഒരു മാതൃകാസ്ഥാനമാക്കി ലോകത്തെ മാറ്റണമെന്ന ആഹ്വാനമാണ് പ്രസിദ്ധമായ ആ സന്ദേശത്തില്‍ അടങ്ങിയിട്ടുള്ളത്. എങ്കിലും, താന്‍ വിഭാവനംചെയ്ത ആദര്‍ശത്തിന് അനുസരണമായി അനുയായികള്‍ വളരുന്നില്ല എന്ന് അദ്ദേഹത്തിന് കാണേണ്ടതായി വന്നു. അദ്ദേഹത്തെ " സ്വന്തം ' ജാതിക്കാരനായിമാത്രം കാണാനും അതിന്റെ അടിസ്ഥാനത്തില്‍ അന്യജാതിക്കാരില്നിന്ന് അകലാനും ഉള്ള പ്രവണത സമുദായത്തില്‍ വളര്‍ന്നുവരുന്നത് അദ്ദേഹത്തിന് കാണേണ്ടതായിവന്നു. ആ ഘട്ടത്തിലാണ് "നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല' എന്ന വാക്യം ഉള്‍ക്കൊള്ളുന്ന പ്രസ്താവന പ്രബുദ്ധകേരളത്തില്‍ പ്രകാശിപ്പിക്കാന്‍ ഗുരുദേവന് സന്നദ്ധനായത്.
ഇതിന് ഒരു മറുവശംകൂടിയുണ്ട്. ഈഴവ സമുദായത്തിനുപുറത്ത് ഇതരസമുദായങ്ങളിലെ അംഗങ്ങളും ഗുരുദേവനെ പൂജിച്ചുപോന്നിരുന്നു എന്നതാണ് ആ മറുവശം. പല നായര്‍ ഭവനങ്ങളിലും ദൈവദശകം സന്ധ്യാവേളയില്‍ അന്ന് ആലപിച്ചുപോന്നിരുന്നു. അങ്ങനെ ആലപിച്ചിരുന്ന ഭവനങ്ങളില്‍ രണ്ടെണ്ണത്തെക്കുറിച്ച് ഞാന്‍ വ്യക്തമായി ഓര്‍മിക്കുന്നു. ഒന്ന് പി ജി പുരുഷോത്തമന്‍പിള്ളയുടെ ഭവനവും മറ്റൊരെണ്ണം വെട്ടൂര്‍ രാമന്നായരുടെ ഭവനവുമാണ്. മറ്റ് അനേകം ഭവനങ്ങളില്‍ ഈ രീതിയിലുള്ള സന്ധ്യാപ്രാര്‍ഥന നടന്നുപോന്നതിനെക്കുറിച്ച് അവര്‍ ആരാധനാഭാവത്തോടെ സംസാരിക്കുന്നതും ഞാന്‍ കേട്ടിട്ടുണ്ട്.
ആ പശ്ചാത്തലത്തിലാണ് തന്നെ സംബന്ധിക്കുന്ന "വാസ്തവം' ലോകരെ അറിയിക്കുന്നതിന് ഗുരുദേവന് സന്നദ്ധനായത്. പ്രസംഗകരെയും പ്രവര്‍ത്തകരെയും സമുദായമധ്യത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനുവേണ്ടി പരിശ്രമിക്കാന്‍ ശ്രീനാരായണഗുരു നിയോഗിച്ചിരുന്നു. ആ പ്രസംഗകര്‍ക്ക് പ്രത്യേകമായ ഉപദേശംനല്കാനും ആ പുണ്യാത്മാവ് മറന്നില്ല. ആ ഉപദേശങ്ങളില്‍ ഏറ്റവും പ്രധാനം അന്യസമുദായങ്ങളെ നോവിക്കുന്ന തരത്തിലുള്ള ഒരുവാക്കുപോലും പ്രസംഗങ്ങളില്‍ കടന്നുകൂടാന്‍ പാടില്ല എന്നതാണ്. അതിനുസരണമായി പ്രവൃത്തിയും ചിട്ടപ്പെടുത്തിയേതീരൂ.
സാംസ്കാരികമായ ഉന്നതിക്കും സാമ്പത്തികമായ അഭിവൃദ്ധിക്കുംവേണ്ടി ആസൂത്രിതമായ പരിശ്രമം തുടര്ന്നുകൊണ്ടേയിരിക്കണമെന്ന് ആവര്‍ത്തിച്ചുപറയാനും ഗുരുദേവന് മറന്നില്ല. സാംസ്കാരികോന്നമനത്തിന്റെ കാര്യത്തില്‍ സാഹിത്യത്തിന് പ്രധാനമായ സ്ഥാനം നല്‍കിയിരുന്നു. കാവ്യമാധുര്യം ജനസാമാന്യത്തിന് ആസ്വാദ്യമാക്കിത്തീര്‍ക്കാന്‍ കഴിയുന്ന പ്രസംഗകരെ അദ്ദേഹം പ്രത്യേകമായി പ്രോത്സാഹിപ്പിച്ചിരുന്നു. അവരില്‍ ഒരാളായിരുന്നു സ്വാമി ആര്യഭടന്‍. ക്ഷേത്രപരിസരങ്ങളിലും മൈതാനങ്ങളിലും തടിച്ചുകൂടിയ ജനങ്ങളുടെ മുമ്പാകെനിന്ന് അദ്ദേഹം എഴുത്തച്ഛന്റെയും കവിത്രയത്തിന്റെയും കവിതാമാധുര്യം തുളുമ്പുന്ന വരികള്‍ ചൊല്ലിക്കേള്‍പ്പിച്ചും വിശദീകരിച്ചും ജനസാമാന്യത്തെ രസിപ്പിച്ചുപോന്നു. ആ പൈതൃകം പിന്നീട് മംഗളാനന്ദസ്വാമികളിലൂടെ തുടര്‍ന്നുപോന്ന വസ്തുത ഇവിടെ ഞാന്‍ ഓര്‍മിച്ചുപോകുന്നു.
അതുപോലെ കഥാപ്രസംഗകലയെയും ഗുരുദേവന് ആശയപ്രചാരണത്തിനുള്ള ഉപാധിയായി ഉപയോഗിച്ചിരുന്നു. സ്വാമി സത്യദേവനെ ആശീര്‍വദിച്ച്, അനുഗ്രഹിച്ച് ചണ്ഡാലഭിക്ഷുകിയും ദുരവസ്ഥയുംപോലുള്ള കവിതകള്‍ അടിസ്ഥാനമാക്കി കഥാപ്രസംഗം നടത്താന്‍ ആദ്യം നിയോഗിച്ചത് ഗുരുദേവനാണ്."മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെത്താന്' എന്നും"എത്ര പെരുമാക്കള്‍ ശങ്കരാചാര്യന്മാ-രെത്രയോ തുഞ്ചന്മാര് കുഞ്ചന്മാരുംക്രൂരയാം ജാതിയാല്‍ നൂനമലസിപ്പോയ് ഭാരതമാതാവേ, നിന്‍വയറ്റില്‍'എന്ന് വിലപിച്ചതിനുശേഷം, "നിര്‍ണയം നിന്നെപ്പോല്‍ പാരിലധോഗതിവിണ്ണവര്ഗംഗയ്ക്കുമുണ്ടാവില്ല' എന്ന് ഹിന്ദുധര്മത്തെനോക്കി എഴുതിയ വരികള്‍ അക്കാലത്ത് അക്ഷരാഭ്യാസമില്ലാത്തവര്ക്കുപോലും ഹൃദിസ്ഥമായിരുന്നു. അതിലൂടെ ജാതിസ്പര്ദ്ധയില്നിന്നും മതദ്വേഷത്തില്‍നിന്നും വിമുക്തമായ ഒരു സമൂഹം കേരളത്തില്‍ ഉരുത്തിരിഞ്ഞുവരുമെന്നാണ് ഗുരുദേവന് സങ്കല്‍പ്പിച്ചത്.ആ സങ്കല്പ്പത്തിന് പോറലേല്‍ക്കുന്നത് നേരിട്ട് കാണാനിടയായപ്പോഴാണ് പ്രബുദ്ധകേരളത്തില്‍ ആ പ്രസ്താവന പ്രകാശിപ്പിക്കാതെ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണത വരികയില്ലെന്ന് ഗുരുദേവന് നിശ്ചയിച്ചത്.
അദ്ദേഹം രചിച്ച കവിതകളെക്കുറിച്ചുകൂടി ഇവിടെ പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. - പ്രധാനപ്പെട്ട കാവ്യമായ " ആത്മോപദേശശതകത്തില് ' - "പലമതസാരവുമേകം' എന്ന് ഖണ്ഡിതമായി പ്രഖ്യാപിക്കാന്‍ ഗുരുദേവന് മറന്നില്ല. ആ പ്രഖ്യാപനം മറ്റ് അനേകം കവിതകളില്‍ അനുരണനംചെയ്യുന്നു. ഇതിന്റെയെല്ലാം മൂര്‍ധന്യത്തിലാണ് 1924ല്‍ ആലുവ അദൈ്വതാശ്രമത്തില്വച്ച് ഗുരുദേവന് സര്‍വമതസമ്മേളനം വിളിച്ചുകൂട്ടിയത്. അതിന്റെ മൗലികമായ സന്ദേശം എന്തെന്ന് നോക്കൂ:" വാദിക്കാനും ജയിക്കാനുമല്ലഅറിയാനും അറിയിക്കാനുമാണ്'.എല്ലാമതത്തിന്റെയും പ്രതിനിധികള്‍ - പണ്ഡിതരായ പ്രതിനിധികള്‍ - ആ മഹാസമ്മേളത്തില്‍ പങ്കെടുത്തിരുന്നു. വിഭിന്ന മതക്കാര്‍ തമ്മിലുള്ള സംവാദം നിരന്തരം തുടര്ന്നുകൊണ്ടിരുന്നെങ്കില്മാത്രമേ മനുഷ്യരുടെ മധ്യത്തില്‍ സമാധാനം പുലരുകയുള്ളൂ എന്ന് ആ സന്ദര്‍ഭത്തില്‍ ഗുരുദേവന് പ്രത്യേകം ഓര്‍മിപ്പിച്ചു.
മഹാത്മാക്കളുടെ അനുയായികള്‍ പലപ്പോഴും അവര്‍ സംഭാവനചെയ്ത മഹനീയമായ ആശയങ്ങളില്‍നിന്നും സന്ദേശങ്ങളില്‍നിന്നും വ്യതിചലിക്കാന്‍ വാസന കാണിക്കാറുണ്ട്. ആ വാസനയില്നിന്നാണ് വിദ്വേഷത്തിന്റെയും പകയുടെയും വിത്തുകള്‍ സമൂഹമനസ്സില്‍ പതിയുന്നത്. അത് അപകടകരമാണ്. മനുഷ്യന്റെ ജാതി മനുഷ്യത്വമാണ് - എന്ന് വിളംബരംചെയ്ത മഹാത്മാവിന്റെ അനുയായികള്‍ മനുഷ്യത്വത്തിന്റെ വീഥിയില്‍നിന്ന് വ്യതിചലിച്ച് ജാതിസ്പര്‍ദ്ധയുടെയും മതവിദ്വേഷത്തിന്റെയും അപഥമാര്ഗങ്ങളില് സഞ്ചരിക്കാന്‍ ഇടയാകരുത്. അങ്ങനെ സഞ്ചരിക്കുമ്പോള്‍ അവര്‍ അറിഞ്ഞോ അറിയാതെയോ ഗുരുനിന്ദയാണ് നടത്തുന്നതെന്ന് ഓര്‍മിപ്പിക്കാന്‍ ഈ അവസരം ഞാന്‍ ഉപയോഗിക്കുന്നു.
ശ്രീനാരായണഗുരുദേവന്റെ വ്യക്തിപ്രഭാവം അത്യന്തം സങ്കീര്‍ണവും ഗഹനവുമാണ്. ദൈവികതയുടെ അലൗകിക പ്രകാശവും പ്രായോഗിക നിര്‍ദേശങ്ങളും ആ സങ്കീര്‍ണതയുടെ അവിഭാജ്യമായ ഘടകമാണ്. അപ്രകാരം അലൗകികവും സമാരാധ്യവുമായ ഒരു വ്യക്തിത്വം അനുയായികളുടെ അപഥസഞ്ചാര പ്രവണതയാല്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയാകുന്ന സാഹചര്യം ഇന്ന് രൂപംപ്രാപിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആ സാഹചര്യം ഒഴിവാക്കി, സമൂഹത്തെ ശുദ്ധീകരിക്കാനുള്ള പ്രവര്‍ത്തനത്തില്‍ മുഴുകുക എന്നത് ഗുരുദേവധര്മത്തില് വിശ്വസിക്കുന്നവരുടെ ഒഴിവാക്കാനാകാത്ത ചുമതലയാണെന്നുമാത്രം ഓര്‍മിപ്പിച്ചുകൊണ്ട് ഈ കുറിപ്പ് ഉപസംഹരിച്ചുകൊള്ളട്ടെ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..