09 December Friday

നാട്ടറിവിന്റെ, നന്മയുടെ പൂക്കളം

വെബ് ഡെസ്‌ക്‌Updated: Thursday Aug 20, 2015

ഓണം- പൊയ്പോയൊരു സുവര്‍ണകാലത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തുന്ന കാര്‍ഷികോത്സവം. പൂക്കളം, ഭാഷാസമ്പന്നമായ ഓണപ്പാട്ടുകള്‍, പൂപ്പൊലിപ്പാട്ടുകള്‍, വഞ്ചിപ്പാട്ടുകള്‍, ഊഞ്ഞാല്‍പ്പാട്ടുകള്‍, ഓണക്കളികള്‍ തുടങ്ങിയവയിലൂടെ ഗതകാലത്തിന്‍ സ്വച്ഛസ്മരണ ഉണര്‍ത്തുന്ന ഓണം ആഘോഷിക്കുന്നു. ഒരുകാലത്ത് കൃഷിയില്ലാത്ത ജീവിതം നമുക്ക് സങ്കല്‍പ്പിക്കാന്‍പോലും ആകുമായിരുന്നില്ല. കൃഷിക്കുവേണ്ടി നിലമൊരുക്കി കിളയ്ക്കുന്നതുമുതല്‍ വിതയ്ക്കുക, കളപറിക്കുക, കൊയ്യുക തുടങ്ങിയ ഓരോ ഘട്ടത്തിലും അക്കാലത്ത് പാട്ടുകളും ഉണ്ടായിരുന്നു. കഷ്ടനഷ്ടങ്ങള്‍ ഒരുപാട് സഹിച്ചിരുന്ന അന്ന് സമൃദ്ധിയുടെ വിളവെടുപ്പുമായി എല്ലാം മറന്ന് ആഹ്ലാദിക്കാനായി ഓണം കടന്നുവന്നു. പണ്ടൊക്കെ യാത്രകള്‍ക്ക് ഏറെയും വള്ളങ്ങളായിരുന്നു ആശ്രയം. കായികാധ്വാനം ഏറെയുള്ള വഞ്ചിതുഴയലിന്റെ ആയാസം കുറയ്ക്കാന്‍ വഞ്ചിപ്പാട്ടുകള്‍ രൂപംകൊണ്ടു.

ഓണക്കളികളില്‍ ഏറ്റവും പ്രസിദ്ധം വള്ളംകളിയാണ്. വള്ളംകളിയുമായി ബന്ധപ്പെട്ട് ധാരാളം പാട്ടുകളുമുണ്ട്. കാര്‍ഷികോത്സവങ്ങള്‍ കേരളത്തിനുപുറമെ വിവിധ സ്ഥലങ്ങളിലും വിവിധ ആചാരങ്ങളോടെ ആഘോഷിക്കാറുണ്ട്്. ആന്ധ്രയിലും മഹാരാഷ്ട്രയിലും തൊഴുത്തുകളില്‍ ചാണകക്കൂമ്പാരങ്ങളുണ്ടാക്കി അവയെ കൃഷിക്കാര്‍ പൂജിക്കാറുണ്ട്. കര്‍ണാടകത്തില്‍ ദീപാവലിയോടനുബന്ധിച്ചും ഇത്തരം ആഘോഷങ്ങളുണ്ട്. ചില സ്ഥലങ്ങളില്‍ അപാമാര്‍ഗം അഥവാ കടലാടി എന്ന ചെടിയെ ഈ ഘട്ടത്തില്‍ ആരാധിക്കാറുണ്ട്. കാര്‍ഷികായുധങ്ങള്‍, സസ്യങ്ങള്‍, ചാണകക്കൂമ്പാരങ്ങള്‍ ഇവയൊക്കെ സമൃദ്ധിയുടെ ഭരണം നല്‍കിയ ചക്രവര്‍ത്തിയുടെ പ്രതീകമായാണ് അവര്‍ കാണുന്നതുംആഘോഷിക്കുന്നതും.

കേരളത്തിലെ ഓണമെന്നപോലെ ഒരാഘോഷം ദീപാവലിക്കാലത്ത് തുളുനാട്ടിലുമുണ്ട്. അത്തച്ചമയം, ഓണവില്ല്, ഓണപ്പാട്ട്തനത് കലാരൂപങ്ങള്‍ വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ തൃപ്പൂണിത്തുറയില്‍ അരങ്ങേറുന്നതോടെ കേരളത്തില്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കമിടുന്നു. തെയ്യം, ആട്ടക്കാവടി, കുമ്മാട്ടി, കോല്‍ക്കളി, മയിലാട്ടം, കുമ്മി, പൊയ്ക്കാല്‍, കരകാട്ടം, അമ്മന്‍കുടം, പുലികളി, കഥകളി തുടങ്ങിയ കലാരൂപങ്ങള്‍ അത്തംനാളിലാണ് അരങ്ങേറുന്നത്.

ഓണവില്ല്
വില്ലിന്റെ ആകൃതിയിലുള്ള ഒരു സംഗീതോപകരണമാണ്. ഓണക്കാലത്ത് കുമ്മാട്ടിക്കളിക്കൊപ്പവും മറ്റും ഉപയോഗിക്കുന്നു. കടമ്പ്, പ്ലാവ്, മുള തുടങ്ങിയവ ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കുന്നത്. കിളിപ്പാട്ടുരീതിയിലാണ് മഹാബലിചരിതം ഓണപ്പാട്ടിന്റെ രചന. മഹാബലിയുടെ ഭരണം, വാമനന്റെ വരവ്, മഹാബലിയുടെ പാതാളത്തിലേക്കുള്ള തിരോധാനം എന്നിവയൊക്കെയാണ് ഇതില്‍ വര്‍ണന. കഥ തുടങ്ങുന്നത് "മാവേലി നാടുവാണീടും കാലം' എന്ന പ്രസിദ്ധമായ ഈരടികളാലാണ്.

ഓണക്കളികള്‍
ഓണക്കാലത്തു മാത്രം കളിക്കുന്ന കുറേ കളികളുണ്ട് കേരളത്തില്‍. വള്ളംകളി, കോലാട്ടം, തുമ്പിതുള്ളല്‍, ഊഞ്ഞാല്‍, കൈകൊട്ടിക്കളി ഇവ ഏറെ പ്രചാരമുള്ള ഓണക്കളികളാണ്. ഓണത്താറ്, ഓണപ്പൊട്ടന്‍, വട്ടക്കളി, ഓണത്തല്ല്, കരടികളി, കടുവകളി, വേലന്‍തുള്ളല്‍, തലയാട്ടം എന്നിവ കൂടുതലും വടക്കന്‍കേരളത്തില്‍ അരങ്ങേറുന്ന ഓണക്കളികളാണ്.

വള്ളംകളി
ലോകപ്രശസ്തമായ ഓണക്കളിയാണ് വള്ളംകളി. ഉത്രട്ടാതി നാളിലാണ് ആറന്മുളയിലെ പ്രസിദ്ധമായ വള്ളംകളി. ആചാരങ്ങളുമായി ബന്ധമുള്ളവയാണ് ആറന്മുള വള്ളംകളിയും ചമ്പക്കുളം വള്ളംകളിയും. കൂടാതെ പുന്നമടക്കായലിലെ നെഹ്റുട്രോഫി വള്ളംകളി, പായിപ്പാട് ജലോത്സവം, താഴത്തങ്ങാടി വള്ളംകളി തുടങ്ങി പലയിടങ്ങളിലും വള്ളംകളി നടത്താറുണ്ട്. ചുണ്ടന്‍, ഇരുട്ടുകുത്തി, ഓടി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന വള്ളങ്ങളാണ് വള്ളംകളിക്ക് മുഖ്യമായും ഉപയോഗിക്കുന്നത്. ചുണ്ടന്‍വള്ളങ്ങള്‍ പള്ളിയോടരൂപത്തിലാണ് ആറന്മുള വള്ളംകളിയില്‍ പങ്കെടുക്കുന്നത്. പ്രസിദ്ധമായ കുചേലവൃത്തത്തിനു പുറമെ ഭീഷ്മപര്‍വം, ഭഗവദ്ദൂത്, രാമായണം, ബാലലീല, "പ'കാരാദിസ്തുതി തുടങ്ങിയ വഞ്ചിപ്പാട്ടുകളെല്ലാം നതോന്നത താളത്തിലാണ് പാടുന്നത്. വള്ളം വേഗത്തില്‍ നീങ്ങാന്‍ ദ്രുതഗതിയില്‍ പാടുന്നതിനെ "വെച്ച്പാട്ട്' എന്നാണ് പറയുക.

ഓണത്തല്ല്
കളരിയഭ്യാസികളാണ് ഓണത്തല്ലില്‍ പങ്കെടുക്കുക. ഓണപ്പട എന്നൊരു പേരും ഇതിനുണ്ട്. കര്‍ക്കടകത്തില്‍ കളരി അഭ്യസിക്കുകയും ചിങ്ങത്തില്‍ പ്രയോഗിക്കാനുള്ള അവസരം ഒരുക്കുന്നതുമായ ഒരു കായികയിനമാണ് ഓണത്തല്ല്. നിയമങ്ങള്‍ക്കനുസൃതമായാണ് ഓണത്തല്ല് നടത്തുക.

കോലാട്ടം, തുമ്പിതുള്ളല്‍
സ്ത്രീകളാണ് കോലാട്ടത്തില്‍ പങ്കെടുക്കുക. കിലുങ്ങുന്ന മണികള്‍ പിടിപ്പിച്ച കോലുകള്‍ ഉപയോഗിച്ചാണ് കളിക്കുക. പെണ്‍കുട്ടികളും മുതിര്‍ന്ന സ്ത്രീകളുമാണ് തുമ്പിതുള്ളലില്‍ പങ്കെടുക്കുക. തുമ്പച്ചെടി കൈയില്‍ പിടിച്ച് ഒരാള്‍ നടുക്കിരിക്കുകയും മറ്റുള്ളവര്‍ പാട്ടുപാടി നടുവിലിരിക്കുന്ന ആളെ അടിക്കുകയും തുമ്പിപോലെ തുള്ളി മറ്റുള്ളവരുടെ പിറകെ ഓടുകയും ചെയ്യും. ഒടുവില്‍ മറ്റൊരു പാട്ടുപാടി തുമ്പിയെ ശാന്തമാക്കും.

ഓണപ്പൂക്കളം


ഓണക്കാലത്ത് അത്തംമുതല്‍ തിരുവോണംവരെയുള്ള നാളുകളിലാണ് പൂക്കളം ഒരുക്കുന്നത്. പലതരം പൂക്കള്‍ വിവിധ ആകൃതികളില്‍ നിരത്തിയാണ് പൂക്കളം ഒരുക്കുന്നത്. മൊട്ടുകളും ഇലകളും പൂക്കള്‍ക്കൊപ്പം ഇടാറുണ്ട്. മധ്യകേരളത്തില്‍ മണ്ണുകൊണ്ട് തൃക്കാക്കരയപ്പനെ ഉണ്ടാക്കി പൂക്കളത്തോടൊപ്പം വയ്ക്കുന്ന പതിവും ഉണ്ട്. ചില സ്ഥലങ്ങളില്‍ അട നേദിക്കാറും ഉണ്ട്. പണ്ടൊക്കെ നാട്ടിലും വീട്ടിലും ഒക്കെ കിട്ടുന്ന നാട്ടുപൂക്കളായിരുന്നു അത്തപ്പൂക്കളം അലങ്കരിച്ചിരുന്നത്. ഔഷധഗുണമുള്ളവയാണ് നാട്ടുപൂക്കളെല്ലാം. ഇന്നു വിപണിയില്‍ ലഭ്യമാകുന്ന പൂക്കള്‍ക്കും ഓര്‍ക്കിഡുകള്‍ക്കും വേണ്ടി നാട്ടുപൂക്കള്‍ വഴിമാറി.

തുമ്പപ്പൂവ്
അത്തപ്പൂക്കളില്‍ ഒഴിച്ചുകൂടാനാവാത്ത ഇനമാണ് തുമ്പപ്പൂക്കളും ഇലയും. വേരും ഇലയും പൂക്കളും ഔഷധഗുണമുള്ളതാണ്. ശിശുരോഗ ചികിത്സകളിലും ഉപയോഗപ്പെടുത്താറുണ്ട്.

കുതിരക്കുളമ്പന്‍
വയല്‍വരമ്പിലും പടര്‍പ്പുകളിലും സാധാരണയായി കാണുന്ന ചെടിയാണ് കുതിരക്കുളമ്പന്‍. വയലറ്റ്, റോസ്, നീല നിറങ്ങളില്‍ കൂടുതലായി കാണപ്പെടുന്ന ഇവ അത്തപ്പൂക്കള്‍ അലങ്കരിക്കാനായി ഉപയോഗിക്കാറുണ്ടായിരുന്നു. വേരും, പൂവും വേദന ശമിപ്പിക്കാറുണ്ട്.

കാക്കപ്പൂവ്
കുഞ്ഞുപൂക്കളുള്ള ഇവയും ഓണപ്പൂക്കളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തവയാണ്. അണുബാധ തടയാന്‍ കഴിവുള്ളവയാണ് കാക്കപ്പൂക്കള്‍.

ശംഖുപുഷ്പം
ശംഖുപുഷ്പത്തിന്റെ വേരും പൂവും ഇലയും ഔഷധയോഗ്യമാണ്. പൂവും ഇലയും പൂക്കളുമൊരുക്കാന്‍ ഉപയോഗിക്കും. നീല, പിങ്ക്, വെള്ള നിറങ്ങളില്‍ പൂക്കളുണ്ടാകാറുണ്ട്. കൃഷ്ണകിരീടംകടുത്ത ചുമന്നനിറമുള്ള പൂക്കള്‍ പൂക്കളത്തിന് മാറ്റുകൂട്ടാറുണ്ട്. വേരും പൂവും വേദന ശമിപ്പിക്കും. ഇപ്പോള്‍ ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുന്ന ചെടിയാണിത്.

മന്ദാരം
ആകര്‍ഷകങ്ങളായ പൂക്കളുള്ള മന്ദാരം കേരളത്തില്‍ സമൃദ്ധമായി കാണുന്നു. വെള്ള, മഞ്ഞ, ചുവപ്പ് നിറങ്ങളില്‍ മന്ദാരം കാണാറുണ്ട്. ഇതളുകള്‍ ഇറുത്തോ മുഴുവനുമായോ പൂക്കളം അലങ്കരിക്കാന്‍ ഉപയോഗിക്കാം. തൈറോയ്ഡ് രോഗങ്ങള്‍, വേദന ഇവ ശമിപ്പിക്കാന്‍ മന്ദാരം ഉപയോഗിക്കും.

രാജമല്ലി
രാജമല്ലിയുടെ ഇലകളും പൂക്കളും മൊട്ടുകളും പൂക്കളമിടാന്‍ ഉപയോഗിക്കാറുണ്ട്. മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളിലുള്ള രാജമല്ലി ധാരാളമായി കേരളത്തില്‍ കാണാറുണ്ട്. രാജമല്ലിയുടെ തൊലിയും പൂക്കളും ത്വക്രോഗശമനമാണ്.

കുലമറിയന്‍
വര്‍ഷംമുഴുവന്‍ പൂവുതരുന്ന ചെടിയാണ് കുലമറിയന്‍. നീണ്ട തണ്ട് മുറിച്ചുമാറ്റിയാണ് മനോഹരമായ ചുവന്ന പൂക്കള്‍ പൂക്കളമിടാന്‍ ഉപയോഗിക്കുന്നത്. വെള്ളയും പിങ്കും കലര്‍ന്ന ചുവപ്പുനിറമാണിതിന്. വേര് വേദന ശമിപ്പിക്കും.

അരിപ്പൂവ്
വര്‍ഷംമുഴുവന്‍ പൂവു തരുന്ന കുറ്റിച്ചെടിയാണ് അരിപ്പൂവ്. കൊങ്ങിണിപ്പൂവെന്നും പേരുണ്ട്. ഓറഞ്ച്, മഞ്ഞ, വെള്ള, ചുവപ്പ്, വയലറ്റ് തുടങ്ങിയ നിറങ്ങളിലെല്ലാം അരിപ്പൂ ഉണ്ട്. കുഞ്ഞുപൂക്കള്‍, കുലകളില്‍നിന്ന് ഇറുത്തെടുത്താണ് പൂക്കളമിടാന്‍ ഉപയോഗിക്കുന്നത്. ത്വക് രോഗം ശമിപ്പിക്കാന്‍ വേരും ഇലകളും ഉപയോഗിക്കുന്നു.

ചെമ്പരത്തി
ചുവപ്പ്, മഞ്ഞ, വെള്ള, റോസ്, ഓറഞ്ച് തുടങ്ങി വിവിധ നിറങ്ങളില്‍ ചെമ്പരത്തിയുടെ പൂക്കള്‍ കാണാറുണ്ട്. വര്‍ഷംമുഴുവനും പൂവിടുന്ന ഈ ചെടി ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്കും, ത്വക്രോഗങ്ങള്‍ക്കും പ്രയോജനപ്പെടുത്താറുണ്ട്. അടുക്ക് ചെമ്പരത്തിയും അഞ്ചിതള്‍ ചെമ്പരത്തിയും പൂക്കളത്തില്‍ ഉപയോഗിക്കാറുണ്ട്.

ഓണത്തുമ്പി
ഓണത്തുമ്പി ഡ്രാഗണ്‍ഫ്ളൈ (Rhyothemis Variegata (Common picture wing or variegated flutterer) എന്ന സ്പീഷിസില്‍ പെടുന്ന ഒരിനം തുമ്പിയാണ്. Libellulidae എന്ന കുടുംബത്തില്‍പ്പെടുന്ന ഇവ തെക്കന്‍ ഏഷ്യയിലാണ് സാധാരണ കാണുക. ഓണമാകുന്നതോടെ (ആഗസ്ത്-സെപ്തംബര്‍) കേരളത്തില്‍ കൂട്ടമായെത്തുന്നതിനാല്‍ ഓണത്തുമ്പി എന്നാണ് അറിയപ്പെടുക. ബാക്കി മാസങ്ങളില്‍ ഇവ എണ്ണത്തില്‍ കുറവാണ്. ചിറകുകളില്‍ ശലഭങ്ങളെപ്പോലെ പടങ്ങളുണ്ട്. ഒറ്റനോട്ടത്തില്‍ ശലഭമാണെന്നേ തോന്നൂ. തവിട്ടുകലര്‍ന്ന കറുപ്പാണ് ഇവയുടെ കണ്ണുകള്‍ക്ക്. കഴുത്തുമുതല്‍ പച്ചകലര്‍ന്ന മഞ്ഞനിറമാണ് ഇവയ്ക്ക്. ചിറകിലെ ചിത്രങ്ങള്‍ പെണ്‍തുമ്പിയില്‍ കൂടുതലാണ്.

ഓണക്കാലത്തെ ആരോഗ്യപ്രശ്നങ്ങള്‍
ഭക്ഷണനിയന്ത്രണമൊക്കെ കൃത്യമായി പാലിക്കുന്നവര്‍പോലും ഓണക്കാലത്ത് നിയന്ത്രണം കുറച്ചൊക്കെ ഉപേക്ഷിക്കാറുണ്ട്. മരുന്നുകള്‍ ഉപേക്ഷിക്കുകയും ഭക്ഷണനിയന്ത്രണം പാലിക്കാതെയുമിരിക്കുന്നത് ഗുരുതരമായ പ്രശ്നങ്ങളെ ക്ഷണിച്ചുവരുത്തും. പ്രത്യേകിച്ച് പ്രമേഹവും രക്തസമ്മര്‍ദവും ഉള്ളവരില്‍. ആഘോഷവേളകളില്‍ പ്രമേഹരോഗി നേരിടുന്ന രണ്ട് പ്രധാന പ്രശ്നങ്ങളാണ് ഹൈപ്പോ ഗ്ലൈസീമിയയും ഹൈപ്പര്‍ ഗ്ലൈസീമിയയും.

ഹൈപ്പോഗ്ലൈസീമിയ
അസാധാരണമായ നിരക്കില്‍ ഗ്ലൂക്കോസ് താഴുന്നതാണ് ഹൈപ്പോഗ്ലൈസീമിയ. ആവശ്യത്തിലുമധികം ഇന്‍സുലിന്‍ ലഭിക്കുക, അമിതവ്യായാമം, താമസിച്ചുള്ള ഭക്ഷണം, ഭക്ഷണം കുറഞ്ഞുപോകുക ഇവയൊക്കെ ഹൈപ്പോഗ്ലൈസീമിയക്ക് കാരണമാകും. അമിത വിയര്‍പ്പ്, മന്ദത, വിശപ്പ്, വിറയല്‍, ആശയക്കുഴപ്പം, ക്ഷീണം, കിതപ്പ്, കാഴ്ചമങ്ങല്‍, ഉറക്കംതൂങ്ങല്‍ ഇവയാണ് പ്രധാന ലക്ഷണങ്ങള്‍. വലിയൊരു സ്പൂണ്‍ പഞ്ചസാരയോ, ഉണക്കമുന്തിരിയോ ഉടന്‍ കഴിക്കണം. വൈദ്യസഹായം തേടേണ്ടതാണ്. ഹൈപ്പര്‍ഗ്ലൈസീമിയമരുന്നുകള്‍ കൃത്യമായി കഴിക്കാതിരിക്കുക, അമിതമധുരം, അമിതാഹാരം ഇവ പ്രമേഹത്തിന്റെ തോത് ഗണ്യമായി ഉയര്‍ത്താറുണ്ട്. വരണ്ട വായ, കടുത്ത ദാഹം, ആശയക്കുഴപ്പം തുടങ്ങിയവ ഹൈപ്പര്‍ ഗ്ലൈസീമിയയുടെ പ്രധാന ലക്ഷണങ്ങളാണ്. ശരിയായ പ്രഭാത ഭക്ഷണം പ്രമേഹനില ക്രമീകരിക്കാന്‍ അനിവാര്യമാണ്. ഏതെങ്കിലും ഒരുനേരത്തെ ഭക്ഷണം ഒഴിവാക്കി അടുത്ത നേരത്തെ ഭക്ഷണം കൂടുതല്‍ കഴിക്കുന്നതും തെറ്റായ പ്രവണതയാണ്. സമയത്ത് കൃത്യഭക്ഷണം കഴിക്കുന്നതാണ് ഉചിതം. ആഘോഷവേളകളില്‍ മരുന്നുകഴിക്കാന്‍ മറക്കുന്നവര്‍ ഓര്‍ക്കുമ്പോള്‍ ഇരട്ടിയായി മരുന്നുകഴിക്കുന്നതും ഒഴിവാക്കേണ്ടതാണ്. കൃത്യസമയത്തുള്ള മരുന്നുകള്‍ മാത്രമേ കഴിക്കേണ്ടതുള്ളു. നിര്‍ജലീകരണംമൂലമുള്ള അപകടസാധ്യത ഏറെയും ബാധിക്കുന്നത് പ്രമേഹരോഗിയെയാണ്. ദാഹം അറിയാതെപോകുന്നതും, വെള്ളംകുടിക്കുന്നത് ഒഴിവാക്കുന്നതും ഒരുപോലെ അപകടമാണ്.

ഉറക്കം വളരെ പ്രധാനമാണ്. ഉറങ്ങാത്തവരില്‍ പ്രമേഹം, രക്തസമ്മര്‍ദം ഇവ കൂടാറുണ്ട്. കാര്‍ബോ ഹൈഡ്രേറ്റും ഉപ്പും പരിമിതപ്പെടുത്തിയുള്ള ഭക്ഷണമാണ് പ്രമേഹവും രക്തസമ്മര്‍ദവും ഉള്ളവര്‍ തെരഞ്ഞെടുക്കേണ്ടത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് ഗണ്യമായി ഉയരാന്‍ വെള്ളയരി ഇടയാക്കുമെന്നതിനാല്‍ ഒഴിവാക്കേണ്ടതാണ്. പലതവണ വാര്‍ക്കുന്നതും കാര്യമായ ഗുണം ചെയ്യാറില്ല. കുത്തരി തവിടുനീക്കാത്തത് മിതമായി ഉപയോഗിക്കുന്നതാണ് ഗുണപ്രദം. കടല കുതിര്‍ത്ത് വേവിച്ചത്, മലര്‍, അവല്‍ ഇവ മിതമായി തേങ്ങ ചേര്‍ത്ത് ഇടഭക്ഷണമായി കഴിക്കാവുന്നതാണ്. രക്തസമ്മര്‍ദമുള്ളവര്‍ അച്ചാറുകള്‍ ഒഴിവാക്കി ഇഞ്ചിക്കറി കൂടുതലായി കഴിക്കാവുന്നതാണ്. ഓണക്കാലത്ത് രാവിലെമുതല്‍ കഴിക്കുന്ന ഭക്ഷണങ്ങളുടെ അളവുക്രമീകരിച്ച് മൊത്തം കലോറി കൂടാതെ നോക്കുന്ന പ്രമേഹരോഗിക്ക് 100 മില്ലി പായസം കഴിക്കാം. മരുന്ന് കൃത്യമായി കഴിക്കുന്നതോടൊപ്പം പ്രഭാതഭക്ഷണം റാഗി, ഓട്സ്, ഉലുവയും ഗോതമ്പും ചേര്‍ത്തുണ്ടാക്കിയ ദോശ തുടങ്ങിയ രീതിയില്‍ ക്രമപ്പെടുത്തുകയും വേണം. സംസ്കരിച്ച പഴ ഉല്‍പ്പന്നങ്ങള്‍, മൈദ അട, ഇവ ഒഴിവാക്കി ഗോതമ്പ്, മുതിര, ചെറുപയര്‍, കടല തുടങ്ങിയ പായസങ്ങളിലേതെങ്കിലും ഒന്ന് മിതമായി കഴിക്കാവുന്നതാണ്. രാത്രി ഭക്ഷണം 7.30ന് കഴിക്കാനും ശ്രദ്ധിക്കണം. അത് ലഘുവാകുകയും വേണം. ഒപ്പം മരുന്നുകള്‍ കൃത്യമായി കഴിക്കുകയും വേണം.

ഓണസദ്യയില്‍പ്പെടുന്ന കായയും ചേനയും ചേര്‍ത്ത കൂട്ടുകറി, ഇഞ്ചിക്കറി, ഉലുവയും മഞ്ഞളും ചേര്‍ത്ത പുളിശേരി, മത്തങ്ങ എരിശേരി, സാമ്പാര്‍, അവിയല്‍ ഇവയെല്ലാം ആരോഗ്യഭക്ഷണങ്ങളാണ്. പാചകഎണ്ണയും തേങ്ങയും മിതമായി ചേര്‍ക്കണമെന്നു മാത്രം.

(മാന്നാറില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ഡോക്ടറാണ് ലേഖിക)

 

പൂക്കളത്തിന്റെ സംസ്കൃതി
പൂക്കളുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ ലോകത്ത് അപൂര്‍വമായെങ്കിലും ഉണ്ട്. എന്നാല്‍ ഇത്ര വിപുലമായി നാട്ടുപൂക്കള്‍ ശേഖരിച്ച് വീട്ടുമുറ്റത്ത്10 ദിവസം പൂക്കളമൊരുക്കല്‍ നമ്മുടെ ഓണത്തിനുമാത്രമേയുള്ളൂ. എങ്കിലും പൂവുകളെ ഉപയോഗപ്പെടുത്തുന്ന രീതി, അവയുടെ നിറം എന്നിവയുടെ കാര്യത്തില്‍ ലോകത്തിന്റെ വിദൂരമായ കോണുകളില്‍ ഓണത്തിന് അപൂര്‍വം ചാര്‍ച്ചക്കാരുണ്ട്. ഉദാഹരണമായി ആസ്ടെക് സംസ്കൃതിയുടെ ഭാഗമായി മെക്സിക്കോയില്‍ ഇന്നും നിലനിന്നുപോരുന്ന ഒരാഘോഷം. ആഗസ്തിന്റെ തുടക്കത്തിലുള്ള ഒരു ദിവസമാണ് അവര്‍ ഇതിനായി തെരഞ്ഞെടുക്കുന്നത്. പ്രിയപ്പെട്ടവര്‍, ഈ ലോകം വിട്ടുപോയവര്‍ വീണ്ടുമെത്തുന്ന ദിവസമായാണ് അവര്‍ ഇതിനെ കണക്കാക്കുന്നത്. വരവേല്‍പ്പിന് പൂക്കളൊരുക്കി അവര്‍ കാത്തിരിക്കുന്നു. അവരുടെ വരവറിയിച്ചാണത്രെ ശലഭങ്ങളുടെ വരവ് എന്ന് അവര്‍ വിശ്വസിക്കുന്നു.

നമുക്ക് തുമ്പയെന്നതുപോലെ മെക്സിക്കോക്കാര്‍ ഒരു പ്രത്യേക പൂവിന് ഈ ആഘോഷങ്ങളില്‍ മുഖ്യസ്ഥാനം കല്‍പ്പിക്കുന്നുണ്ട്. അതാണ് സെംപാസുചില്‍ (Cempasúchil) എന്ന് അവര്‍ വിളിച്ചിരുന്നതും ഇന്ന് ആസ്ടെക് മാരിഗോള്‍ഡ് എന്നറിയപ്പെടുന്നതുമായ പൂവ്. ടജേറ്റസ് എറക്റ്റാ (Tagetus erecta) എന്ന ശാസ്ത്രീയനാമമുള്ള ഇതാണ് നമുക്ക് സുപരിചിതമായ ജമന്തിയെന്നന്നറിയുന്നത് അതിശയമാകും. സെംപാസുചില്‍ എന്ന വാക്കിന് മെക്സിക്കോക്കാരുടെ ഭാഷയില്‍ ഇരുപതു പൂവുകള്‍ എന്നാണ് അര്‍ഥം.

നമ്മുടെ ഓണത്തിന്റെ കാര്യത്തിലും പ്രകൃതിയുടെ ചില വിരുന്നുകാരുണ്ട്. വൃക്ഷത്തലപ്പുകളിലും മറ്റുമായി മറഞ്ഞിരുന്ന് ശബ്ദമുണ്ടാക്കുന്ന ഇവയെ കാണുമ്പോള്‍ പ്രായമായവര്‍ പറയും: ഹാ! ഓണമിങ്ങെത്തിയല്ലോ... ്... ഓണക്കിളി വന്നിരിക്കുന്നതു കണ്ടില്ലേ...? എന്ന്. പണ്ടുകാലത്ത് ഓണക്കിളിയെ കാണുന്നത് ഭാഗ്യമായി കരുതിയിരുന്നു. കാരണം, ഓണക്കാലത്താണ്, പഞ്ഞകാലം മാറി ഒരുനേരമെങ്കിലും വയറുനിറച്ചുണ്ണാന്‍ മലയാളക്കരയിലുള്ളവര്‍ക്കു കഴിഞ്ഞിരുന്നത്. വിസിലടിക്കുന്നതുപോലെയുള്ള ശബ്ദമുണ്ടാക്കുന്ന ഇവ സ്വന്തം സാന്നിധ്യം വിളിച്ചറിയിക്കുന്നതുപോലെ തോന്നിക്കുന്നു. പക്ഷിനിരീക്ഷകരോട് ചോദിക്കുകയാണെങ്കില്‍ അവര്‍ ഇതിന്റെ ശാസ്തീയനാമം പറഞ്ഞുതരും: ഓറിയോളസ് ചൈനന്‍സിസ് ഡിഫ്യൂസസ് (Oriolus chinensis diffusus). പേരു സൂചിപ്പിക്കുന്നപോലെ വിദൂര പൗരസ്ത്യ ദേശങ്ങളില്‍നിന്നാണ് ഇവ എത്തുന്നത്. മഞ്ഞനിറമാണ് മൊത്തത്തിലെങ്കിലും കണ്‍തടങ്ങള്‍ക്കു മുകളിലും താഴെയുമായി കഥകളിനടന്മാര്‍ നീട്ടിവരച്ചതുപോലെയുള്ള വീതിയുള്ള കറുത്ത വര കാണാം. പ്രജനംകഴിഞ്ഞ് സെപ്തംബര്‍ അവസാനത്തോടെ ഇവ തിരിച്ചുപോവും.

അതുപോലെ വയലേലകളിലും മറ്റും ഓണത്തിന്റെ വരവറിയിച്ച് സാധാരണമാവുന്നതാണ് ഓണത്തുമ്പി. ഒറ്റനോട്ടത്തില്‍ ശലഭമെന്നു തോന്നിക്കുന്നതും ആഗസ്ത്മുതല്‍ കണ്ടുതുടങ്ങുന്നതുമായ ഇതിന്റെ ശാസ്ത്രീയ നാമമാണ് റിയോതെമിസ് വേരിഗേറ്റ .വിലമതിക്കാനാവാത്ത വിജ്ഞാനശേഖരങ്ങളാണ് നാട്ടറിവുകള്‍. പ്രകൃതിയുമായുള്ള അടുപ്പവും അതിലൂടെ സാധ്യമാവുന്ന അതിജീവനവുമാണ് എല്ലാ നാട്ടറിവുകളുടെയും അകംപൊരുള്‍. അത്തരമൊരു സംസ്കൃതിയുടെ വാമൊഴിവഴക്കളാവുന്ന ആചാരങ്ങളും നാട്ടറിവുകളായാണ് കണക്കാക്കപ്പെടുന്നത്.

ഓണപ്പൂക്കളങ്ങളിലെ ഓരോ പൂവിനും അവയെ എന്തിന് ഉള്‍പ്പെടുത്തി എന്നതിനുള്ള വ്യക്തമായ ഉത്തരമുണ്ട്. ആ ഉത്തരങ്ങള്‍ ചോദ്യങ്ങളായും ബോധ്യങ്ങളായും വരുംതലമുറകളിലേക്ക് പകരുകയാണ് പൂക്കളനിര്‍മിതിയില്‍ അന്തര്‍ലീനമാവുന്ന ലക്ഷ്യം. പൂക്കളത്തിനായി പൂവുകള്‍ ശേഖരിക്കുന്നതും കാടും മേടും മറിഞ്ഞ് അവ കണ്ടെത്തുന്നതും കുട്ടികളാണ്. ഓരോ പൂവിനെയും ഓരോ ചെടിയെയും അടുത്തറിയാന്‍ പ്രകൃതിയെ അറിയാനുള്ള അസുലഭ അവസരങ്ങളാണ് ഇതിലൂടെ കൈവരുന്നത്. നാട്ടുചെടികള്‍, അവയുടെ ഔഷധഗുണങ്ങള്‍, മറ്റ് ഉപയോഗങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചുള്ള അറിവുകള്‍ പുതിയ തലമുറയിലേക്ക് പകരാനുള്ള അലിഖിത പാഠ്യപദ്ധതികള്‍പോലെയാണ് പൂക്കളമൊരുക്കല്‍പോലെയുള്ള ആചാരങ്ങള്‍ പ്രവര്‍ത്തിച്ചത്. പരമ്പരാഗത പാരിസ്ഥിതിക വിജ്ഞാനം (Traditional Ecological Knowledge) എന്ന പേരിലാണ് ഐക്യരാഷ്ട്രസംഘടനയ്ക്കു കീഴിലുള്ള യുനെസ്കോ ഇതിനെ തിരിച്ചറിയുന്നത്. ലോകമെമ്പാടുമായും നാട്ടറിവുകളുടെ വീണ്ടെടുപ്പു ശ്രമങ്ങള്‍ക്ക് തുടക്കമായിരിക്കുകയാണ്. മെക്സിക്കോക്കാരുടെ പൂവുത്സവത്തെ നഷ്ടപ്പെട്ടുകൂടാത്ത പൈതൃകസംസ്കൃതിയുടെ പട്ടിക (Representative List of the Intangible Cultural Heritage of Humanity)യില്‍പ്പെടുത്തി യുനെസ്കോ അംഗീകരിച്ചിട്ടുണ്ട്. ഓണപ്പൂക്കളുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ ഇത്തരത്തില്‍ അംഗീകരിക്കപ്പെടുന്നതിന് ആവശ്യമായ ശ്രമങ്ങള്‍ ഉണ്ടായിട്ടില്ലാ എന്ന കാര്യവും ഓര്‍ക്കണം.

എന്‍ എസ് അരുണ്‍കുമാര്‍


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top