18 November Monday

ഛിന്നഗ്രഹങ്ങള്‍

പി എം സിദ്ധാര്‍ഥന്‍Updated: Wednesday Feb 18, 2015

ചൊവ്വക്കും വ്യാഴത്തിനും ഇടയിലായി സൂര്യനെ ചുറ്റിത്തിരിയുന്ന ലക്ഷക്കണക്കിന് "ഗ്രഹകഷണങ്ങള്‍' ഉണ്ട്. ഇവയെ ഛിന്നഗ്രഹങ്ങള്‍ എന്നും ക്ഷുദ്രഗ്രഹങ്ങള്‍ എന്നും വിളിക്കുന്നു. വ്യാഴത്തിന്റെ ശക്തമായ ഗുരുത്വാകര്‍ഷണം കാരണം ഒന്നുചേര്‍ന്ന് ഒരു ഗ്രഹമാകാന്‍ കഴിയാതെപോയ പ്രപഞ്ചദ്രവ്യമാണ് ഛിന്നഗ്രഹങ്ങളെന്നാണ് അനുമാനിക്കുന്നത്. തകര്‍ന്നുപോയ ഒരു ഗ്രഹത്തിന്റെ ഭാഗങ്ങളാണ് ഇവയെന്ന് മറ്റൊരു വാദം ഉണ്ടെങ്കിലും അതിന് വലിയ അടിസ്ഥാനമുള്ളതായി ഇപ്പോള്‍ ആരും കരുതുന്നില്ല. ഛിന്നഗ്രഹങ്ങളില്‍ ഭൂരിപക്ഷവും സൂര്യനില്‍നിന്ന് രണ്ട് സൗരദൂരത്തിനും 3.2 സൗരദൂരത്തിനും ഇടയിലാണ്. ഈ പ്രദേശത്തെ "പ്രധാന ഛിന്നഗ്രഹ ബെല്‍ട്'  എന്നുപറയുന്നു. ഈ പ്രധാന ബെല്‍ട്ടിന് പുറത്ത് വ്യാഴത്തിന്റെ ഭ്രമണപഥംവരെയും എതിര്‍ദിശയില്‍ ഭൂമിക്കടുത്തുവരെയും സഞ്ചരിക്കുന്ന ഛിന്നഗ്രഹങ്ങള്‍ ഉണ്ട്. ഏകദേശം 1.2 സൗരദൂരം(18കോടി കി. മീ.) വീതിമാത്രം ഉള്ള ഭാഗത്ത് അഞ്ച് ലക്ഷത്തിലധികം ഛിന്നഗ്രഹങ്ങള്‍ സൂര്യനെ വലംവയ്ക്കുമ്പോള്‍ അവ തമ്മില്‍ കൂട്ടിയിടിക്കില്ലേ? അതു സംഭവിക്കാന്‍ സാധ്യത കുറവാണ്. രണ്ട് ഛിന്നഗ്രഹങ്ങള്‍ തമ്മിലുള്ള ദൂരം ഏകദേശം 10മുതല്‍ 30ലക്ഷം കി. മീ ആണ്.

ഗ്രഹത്തെ തേടി, കിട്ടിയത് ഛിന്നഗ്രഹത്തെ
1766ല്‍ ജര്‍മന്‍ ജ്യോതിശാസ്ത്രജ്ഞനായ യോഹാന്‍ ടൈറ്റസ്, അക്കാലത്ത് അറിയപ്പെട്ടിരുന്ന ആറ് ഗ്രഹങ്ങള്‍(ബുധന്‍ മുതല്‍ ശനിവരെ) സൂര്യനില്‍നിന്നും പ്രത്യേക ദൂരങ്ങളിലാണ് എന്ന് കണ്ടു. 1772ല്‍ മറ്റൊരു ജര്‍മന്‍ ജ്യോതിശാസ്ത്രജ്ഞന്‍ യോഹാന്‍ ബോഡെ ഇതിന് വിപുലമായ പ്രചാരം കൊടുത്തു. ഇതാണ് പിന്നീട് ടൈറ്റസ്സ് ബോഡെ നിയമം എന്നറിയപ്പെട്ടത്. സത്യത്തില്‍ ഇതൊരു ശാസ്ത്രീയമായ നിയമമല്ലെന്ന് ഓര്‍ക്കണം. ഈ നിയമപ്രകാരം ചൊവ്വക്കും വ്യാഴത്തിനും ഇടയില്‍ ഒരു ഗ്രഹം ഉണ്ടാകേണ്ടതായിരുന്നു. ആ ഗ്രഹത്തെ തിരയുന്നതിനായി ആകാശത്തെ 24 ഭാഗങ്ങളാക്കി തിരിച്ച് ഓരോ ഭാഗവും ഓരോ ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കണമെന്ന് തീരുമാനിച്ചു. എന്നാല്‍ ഇതൊന്നുമറിയാതെ ഇറ്റലിയിലെ സിസിലിയില്‍ ഗുയിസിപ്പെ പിയാസി എന്ന നിരീക്ഷകന്‍ 1801 ജനുവരി ഒന്നിന് ചൊവ്വക്കും വ്യാഴത്തിനുമടിയില്‍ ഒരു "ഗ്രഹ'ത്തെ കണ്ടെത്തി. ആരും കണ്ടെത്താത്ത ഗ്രഹത്തെ കണ്ടുപിടിച്ചു എന്ന് കെട്ടിഘോഷിച്ചുവെങ്കിലും അത് വളരെ ചെറിയൊരു വസ്തുവാണെന്ന് മനസ്സിലായി. ഇതിന് പിന്നീട് സീറസ് എന്നുപേരിട്ടു. പിന്നീട് സൗരയൂഥത്തിന്റെ ആ ഭാഗത്തുതന്നെ വളരെ അധികം മറ്റ് വസ്തുക്കളെയും കണ്ടെത്തി. അവയാണ് ഛിന്ന ഗ്രഹങ്ങള്‍. 1801ല്‍ പിയാസ്സി കണ്ടെത്തിയ സീറസ് ആണ് ഏറ്റവും വലുത്. സീറസ്, പല്ലാസ്, ജൂണോ, വെസ്റ്റ മുതലായവ ചില പ്രധാനപ്പെട്ടവയാണ്. ഛിന്ന ഗ്രഹങ്ങളുടെയെല്ലാം പിണ്ഡം ഒന്നിച്ച് ചേര്‍ത്താല്‍ അതിന്റെ 25% സീറസിലാണ്.

ഛിന്നഗ്രഹങ്ങള്‍ മൂന്നുതരം
കളിമണ്ണും സിലിക്കേറ്റ് പാറകളുമുള്ള ഇരുണ്ട നിറമുള്ളവയാണ് "സി' വിഭാഗം. ബഹുഭൂരിപക്ഷം ഛിന്നഗ്രഹങ്ങളും സി ടൈപ്പാണ്. രണ്ടാംവിഭാഗമായ എസ് ടൈപ്പില്‍ സിലിക്കേറ്റും ഇരുമ്പും നിക്കലുമുണ്ട്. മൂന്നാമത്തേത് ലോഹം വളരെയധികമുള്ള "മെറ്റാലിക്' ആണ്. ഛിന്നഗ്രഹങ്ങള്‍ക്ക് നിശ്ചിത രൂപമില്ല. ഉരുളക്കിഴങ്ങിന്റെ രൂപത്തിലാണ് അവ. സീറസ് മാത്രമാണ് ഏകദേശം ഗോളാകാരത്തില്‍. പലതിലും ജലാംശമുണ്ട്, ഐസ് രൂപത്തില്‍. ഛിന്നഗ്രഹങ്ങളെക്കുറിച്ചുള്ള പഠനം സൗരയൂഥത്തിന്റെ ഉല്‍പത്തിയെക്കുറിച്ച് വെളിച്ചം വീശുമെന്ന് കരുതുന്നു. ആറ് ബഹിരാകാശ ദൗത്യങ്ങള്‍ അവയെക്കുറിച്ച് പഠിക്കാനായി അയച്ചിട്ടുണ്ട്.

വാമനഗ്രഹങ്ങള്‍
വാമനഗ്രഹങ്ങള്‍ എന്ന വിഭാഗം സൗരയൂഥത്തില്‍ പ്രത്യേക ദൂരത്തില്‍ കാണപ്പെടുന്നവയല്ല. അവയില്‍ സീറസ് ഛിന്നഗ്രഹബെല്‍റ്റിലും ബാക്കിയുള്ളവ 50 സൗരദൂരത്തിനപ്പുറം കുയിപ്പര്‍ ബെല്‍റ്റ് പ്രദേശത്തുമാണ്. പക്ഷേ സാമാന്യമായി കാണുന്ന ചില പ്രത്യേകതകള്‍ കാരണമാണ് അവയെ വാമനഗ്രഹങ്ങള്‍ എന്നു പറയുന്നത്. അവയൊക്കെ സൂര്യനെയാണ് വലംവെക്കുന്നത്. അവയ്ക്കെല്ലാം നമ്മുടെ ചന്ദ്രനേക്കാളും വലുപ്പം കുറവാണ്. പക്ഷേ, അവ ചന്ദ്രന്മാരല്ല. അവയൊക്കെത്തന്നെ ഐസും പാറയും മറ്റുംചേര്‍ന്ന ഖരവസ്തുക്കളാണ്. ചിലവയ്ക്ക് നേരിയ അന്തരീക്ഷമുണ്ട്. വാമനഗ്രഹങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഛിന്നഗ്രഹമായ സീറസ്. സീറസ് ഏകദേശം ഗോളാകാരത്തിലാണ്. സീറസില്‍ ഉപരിതലത്തിന്നടിയില്‍ ഐസ് രൂപത്തില്‍ ജലം ഉണ്ടെന്നാണ് അനുമാനം. സീറസിന്റെ അന്തര്‍ഭാഗം അകഗ്രഹങ്ങളോട ്(ഭൂമി, ചൊവ്വ മുതലായവ) സാമ്യമുള്ളതാണ്. പ്ലൂട്ടോ, ഐറിസ്, മേക്മേക്, ഹോമേ എന്നിവയാണ് മറ്റ് വാമനഗ്രഹങ്ങള്‍

പ്രധാന വാർത്തകൾ
 Top