17 February Sunday

ആശാന്റെ ലീലയ്ക്ക് 100

അക്ഷരUpdated: Wednesday Nov 26, 2014

അക്ഷരമഹാകവി കുമാരനാശാന്റെ ലീലാകാവ്യത്തിന് നൂറുതികഞ്ഞു. 1914ലാണ് "ലീല' പ്രസിദ്ധീകരിച്ചത്. പ്രമേയത്തിലും അവതരണത്തിലും പുതുമ സൃഷ്ടിച്ച കാവ്യമാണ് "ലീല'. മലയാള കവിതയുടെ ഭാവമണ്ഡലത്തെ വിലകുറഞ്ഞ ഹാസ്യത്തില്‍നിന്നും ശൃംഗാരാഭാസത്തില്‍നിന്നും വിലപ്പെട്ട കണ്ണീരിലേക്കും വിളിപ്പെട്ട ആത്മാര്‍പ്പണ സ്വരൂപമായ സ്നേഹത്തിലേക്കും നയിച്ചു എന്നതാണ് ആശാന്‍ കവിതകളുടെ പ്രസക്തി.

ആശാന്റെ "ലീല'
സ്നേഹഗായകനാണ് കുമാരനാശാന്‍. ആശാന്റെ മറ്റുകൃതികളിലെന്നപോലെ "ലീല'യിലെയും പ്രമേയം സ്നേഹമാണ്. ലീലയുടെയും മദനന്റെയും വിശുദ്ധ പ്രണയത്തെക്കുറിച്ചാണ് കാവ്യത്തില്‍ പ്രതിപാദിക്കുന്നത്. നിസ്സാമിയുടെ പേര്‍ഷ്യന്‍ കാവ്യമായ "ലൈലാ മജ്നു' എന്ന പ്രസിദ്ധ പ്രണയകഥയോട് ഈ കാവ്യത്തിന് കടപ്പാടുണ്ട്. ലീലാ മദനന്മാരുടെ പേരില്‍ത്തന്നെയുണ്ട് "ലൈലാ മജ്നു'വിനോടുള്ള കടപ്പാട്. മൂന്നുസര്‍ഗങ്ങളിലായാണ് ലീലാകാവ്യത്തിലെ പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. ഉദയപുരമെന്ന ഉത്തരദേശത്തു നടന്ന കഥയാണിത്. അര്‍ഥപാലകന്‍ എന്ന കച്ചവട പ്രമുഖന്റെ ഏകമകള്‍ ലീല. അവള്‍ അയല്‍വാസിയായ മദനില്‍ അനുരാഗവതിയായി. ഒരിക്കല്‍ പിതാവ് കച്ചവടസംഘത്തോടൊപ്പം ലീലയെയും കൊണ്ടുപോയി. യാത്രാമദ്ധ്യേ പരിചയപ്പെട്ട മറ്റൊരു കച്ചവടസംഘത്തിന്റെ തലവനായ യുവാവിന് ലീലയെ അച്ഛന്‍ വിവാഹം ചെയ്തുകൊടുത്തു. അച്ഛന്റെ തീരുമാനത്തെ എതിര്‍ക്കാനുള്ള ശക്തിയില്ലാത്തതിനാല്‍ അവള്‍ തന്റെ പ്രണയം മറച്ചുവച്ചു. വിവാഹിതയായ ലീല ഭര്‍ത്താവിനൊപ്പം താമസമായി. അയാള്‍ സുന്ദരനും സുശീലനുമാണ്. എങ്കിലും ലീലയ്ക്ക് മദനനെ മറക്കാനായില്ല. ആയിടയ്ക്ക് ഒരുനാള്‍ ഭര്‍ത്താവ് മരിച്ചു. ലീല മദനനെത്തേടി നാട്ടിലെത്തിയെങ്കിലും അവിടെ അയാള്‍ ഉണ്ടായിരുന്നില്ല. അവളുടെ അച്ഛന്‍ മരിക്കുകയും അമ്മ സതി അനുഷ്ഠിക്കുകയും ചെയ്തുവത്രെ!

മദനന്‍ ലീലയുടെ വിവാഹവാര്‍ത്തയറിഞ്ഞ് കാട്ടിലെങ്ങോ അലയുകയാണ്. തോഴി മാധവിയില്‍ നിന്ന് ഈ വൃത്താന്തമെല്ലാമറിഞ്ഞ ലീല വിന്ധ്യേശ്വരനെ ദര്‍ശിക്കാനെന്ന വ്യാജേന വനത്തിലേക്ക് പരിവാരസമേതം പുറപ്പെട്ടു. പരിവാരങ്ങളെ കാട്ടിന് പുറത്തുനിര്‍ത്തി അവള്‍ മാധവിയോടൊപ്പം വനത്തിനുള്ളില്‍ പ്രവേശിച്ചു. ഏറെ അലച്ചിലിനുശേഷം മദനനെ കണ്ടെത്തി. അസ്ഥിമാത്രശേഷനായ അയാള്‍ ഭ്രാന്തനെപോലെ അലയുകയാണ്. ലീലയെ കണ്ടമാത്രയില്‍ എല്ലാംമറന്ന് അവര്‍ ഒരുമാത്ര ആലിംഗനബദ്ധരായെങ്കിലും പെട്ടെന്നയാള്‍ പര്‍വതമുകളിലേക്ക് ഓടിപ്പോയി. താഴെ പതഞ്ഞൊഴുകുന്ന രേവാനദിയിലേക്ക് ചാടി മദനന്‍ ജീവനൊടുക്കി. പിന്നാലെ ലീലയും. ഇതാണ് "ലീല'യിലെ പ്രമേയം.

"ദേഹം വെടിഞ്ഞാല്‍ തീരുന്നില്ലീ പ്രണയജടിലം ദേഹിതന്‍ ദേഹബന്ധം' എന്നാണ് കവി പറഞ്ഞുവയ്ക്കുന്നത്. ശരീരത്തിനേ മരണമുള്ളൂ. സ്നേഹത്തിന് മരണമില്ലെന്ന് സാരം. "കരുതുവതിഹ ചെയ്യവയ്യ, ചെയ്യാന്‍വരുതി ലഭിച്ചതില്‍ നിന്നിടാ വിചാരം;പരമഹിതമറിഞ്ഞുകൂട; യായു-സ്ഥിരതയുമി,-ല്ലതിനിന്ദ്യമീ നരത്വം!' എന്ന ദുരന്തത്തെയാണ് "ലീല'യിലൂടെ ആശാന്‍ കാവ്യവല്‍ക്കരിച്ചത്.

നവഭാവുകത്വം
1907ല്‍ "വീണപൂവി'ലൂടെ മലയാളത്തില്‍ കാല്‍പനിക കാവ്യശാഖയ്ക്ക് തുടക്കമിട്ട കുമാരനാശാന്‍ "ലീല'യിലൂടെ പുതിയൊരു കാവ്യാനുശീലത്തിന് ആരംഭം കുറിക്കുകയായിരുന്നു. "മാംസനിബദ്ധമല്ലാത്ത രാഗ'ത്തെക്കുറിച്ചാണ് "ലീല'യില്‍ ആശാന്‍ പറയുന്നത്. "ട്രാജഡി'കള്‍ കാവ്യവിഷയമാകാമെന്ന് കരുതാത്ത കാലത്ത് പ്രേമത്തെ കണ്ണീരില്‍ പ്രകാശിപ്പിക്കുന്ന ഒരു മായാത്ത മഴവില്ലായി ചിത്രീകരിച്ച ലീലാകാവ്യം പുതിയ അനുഭവമായിരുന്നു. ഇംഗ്ലീഷ് കാല്‍പനിക സാഹിത്യത്തില്‍ റോമിയോ ജൂലിയറ്റ് കഥ, ലോങ്ഫെലോവിന്റെ "ഇവാന്‍ജലിന്‍', കീറ്റ്സിന്റെ "ഇസബെല്ല' മുതലായ കൃതികളിലൂടെ ലഭിക്കുന്ന രസാനുഭൂതിക്ക് സദൃശമായ ഒന്ന് മലയാളത്തില്‍ ആദ്യമായി ഉണ്ടാകുന്നത് "ലീല'യുടെ അഭൗമ പ്രണയകഥയിലൂടെയാണ്.

ജീവിത ദര്‍ശനത്തിന്റെ വരികള്‍
കുമാരനാശാന്റെ ആഴത്തിലുള്ള ജീവിത വിമര്‍ശനത്തിനും തത്ത്വനിരീക്ഷണത്തിനും തെളിവാണ് "ലീല'യിലെ പ്രസിദ്ധങ്ങളായ കാവ്യഭാഗങ്ങള്‍. അവയില്‍ ചിലത് ഇതാ....

"പഴകിയ തരുവല്ലി മാറ്റിടാംപുഴയൊഴുകും വഴി വേറെയാക്കിടാംകഴിയുമവ-
മനസ്വിമാര്‍ മന-സ്സൊഴിവതശക്യമൊരാളിലൂന്നിയാല്‍'.

"യുവജനഹൃദയം സ്വതന്ത്രമാണവരുടെ കാമ്യ പരിഗ്രഹേച്ഛയില്‍'.

"പരിണാമി മനുഷ്യജീവിതംസ്ഥിരമാം സ്നേഹമനാഥമൂഴിയില്‍'."ക്ഷിതിയിലഹഹ!

മര്‍ത്ത്യജീവിതംപ്രതിജനഭിന്നവിചിത്രമാര്‍ഗമാംപ്രതിനവരസമാമോര്‍ക്കുകില്‍കൃതികള്‍ മനുഷ്യകഥാനുഗായികള്‍'.

കുമാരനാശാന്‍ ജീവിത രേഖ
1873 ഏപ്രില്‍ 12ന് തിരുവനന്തപുരം ചിറയിന്‍കീഴിനടുത്ത് കായിക്കരയില്‍ പെരുങ്കുടി നാരായണന്‍- കാളി ദമ്പതികളുടെ ആറ് മക്കളില്‍ രണ്ടാമനായി ജനിച്ചു. കുമാരു എന്നായിരുന്നു വിളിപ്പേര്. 14-ാം വയസ്സില്‍ പഠനം അവസാനിപ്പിച്ച കുമാരു പഠിച്ച സ്കൂളില്‍തന്നെ അധ്യാപകനായി. പിന്നീട് ഒരു വൈദ്യരുടെ കടയില്‍ കണക്കെഴുത്തുകാരനായി ജോലി നോക്കി. ആ സമയത്താണ് കവിതയെഴുത്തിലേക്ക് തിരിഞ്ഞത്. പരവൂര്‍ കേശവനാശാന്‍ പ്രസിദ്ധീകരിച്ച സുജനാനന്ദിനി മാസികയിലായിരുന്നു ആദ്യകാല കവിതകള്‍ പുറംലോകം കണ്ടത്. സ്തോത്രങ്ങളും ശ്ലോകങ്ങളും പാട്ടുകളും മറ്റുമായിരുന്നു ഇങ്ങനെ പ്രസിദ്ധീകരിച്ചിരുന്നവ. ആയിടയ്ക്ക്, സുഖമില്ലാതെ കിടപ്പിലായ കുമാരുവിനെ ശ്രീനാരായണഗുരു വീട്ടിലെത്തി സന്ദര്‍ശിച്ചത് ജീവിതത്തില്‍ വഴിത്തിരിവായി.

20വയസ്സുള്ളപ്പോര്‍ വക്കം സുബ്രഹ്മണ്യക്ഷേത്ര പരിസരത്ത് കുമാരു സംസ്കൃത പാഠശാല ആരംഭിച്ചു. അതോടെ കുമാരു കുമാരനാശാന്‍ ആയി. കുറച്ചുകാലം അവിടെ കഴിഞ്ഞ അദ്ദേഹം സന്ന്യാസം സ്വീകരിക്കണമെന്ന ആഗ്രഹത്തോടെ നാടുവിട്ടു. യാത്രക്കൊടുവില്‍ എത്തിച്ചേര്‍ന്നത് അരുവിപ്പുറത്തെ ശ്രീനാരായണഗുരുവിന്റെ ആശ്രമത്തിലായിരുന്നു. തുടര്‍ന്ന് ഗുരുദേവന്‍ കുമാരനാശാനെ ഉപരിപഠനത്തിന് ബംഗളൂരുവില്‍ അയച്ചു. മൂന്നുവര്‍ഷം അവിടെ പഠിച്ച അദ്ദേഹം ന്യായവിദ്വാന്‍ എന്ന തര്‍ക്കശാസ്ത്ര പരീക്ഷ പാസായി. തുടര്‍ന്ന് 1898ല്‍ കൊല്‍ക്കത്തയിലെ സംസ്കൃത കോളേജില്‍ ചേര്‍ന്നു. ഇക്കാലത്ത് ഇംഗ്ലീഷും പഠിച്ചു. കൊല്‍ക്കത്തവാസം അദ്ദേഹത്തെ മാറ്റിമറിച്ചു. നവോത്ഥാനചിന്തകളും പുതിയ ആശയങ്ങളും സാമൂഹികബോധവും വളര്‍ത്തിയെടുത്തത് ഈ കൊല്‍ക്കത്ത ജീവിതമായിരുന്നു. പുതിയ മനുഷ്യനായാണ് അദ്ദേഹം കേരളത്തിലേക്ക് മടങ്ങിയത്. തുടര്‍ന്നങ്ങോട്ട് കാവ്യവഴികളിലും സാമൂഹിക പരിഷ്കരണ രംഗത്തും നിറഞ്ഞുനിന്ന ആശാന്‍ 1924 ജനുവരി 16ന് യോഗത്തില്‍ പങ്കെടുക്കാനായി കൊല്ലത്ത് നിന്ന് കോട്ടയത്തേക്ക് ബോട്ടില്‍ സഞ്ചരിക്കവെ പല്ലനയാറ്റില്‍ ബോട്ട് മുങ്ങി മരിക്കുകയായിരുന്നു. 51-ാം വയസ്സിലായിരുന്നു അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്.

പ്രധാന വാർത്തകൾ
 Top