03 December Saturday

100000 കുട്ടികളെ കാണാതാകുന്ന നാട്

സാജന്‍ എവുജിന്‍Updated: Sunday Oct 19, 2014

ഇന്ത്യയില്‍ പ്രതിവര്‍ഷം ലക്ഷത്തോളം കുട്ടികളെ കാണാതാകുന്നുവെന്നാണ് ഔദ്യോഗികകണക്ക്. ഇവരില്‍ വീണ്ടെടുക്കുന്നവരുടെ എണ്ണം ഏതാനും ആയിരങ്ങളില്‍ ഒതുങ്ങും. പൊലീസ് അന്വേഷണം നടക്കുന്നതുതന്നെ പതിനായിരത്തോളം കേസില്‍മാത്രം. അപ്രത്യക്ഷരാകുന്ന കുട്ടികള്‍ക്ക് എന്ത് സംഭവിക്കുന്നു? നമ്മുടെ ഭക്ഷണത്തിലും വസ്ത്രങ്ങളിലും വീടുകളിലും ഈ കുട്ടികളുടെ അദൃശ്യസാന്നിധ്യമുണ്ട്. നാം കഴിക്കുന്ന ഉരുളക്കിഴങ്ങിലും പഞ്ചസാരയിലും കുടിക്കുന്ന ചായയിലും ഈ കുട്ടികളുടെ വിയര്‍പ്പും കണ്ണീരുമുണ്ട്.ബാലവേല നമ്മുടെ രാജ്യത്തെ ഏറ്റവും നഗ്നമായ യാഥാര്‍ഥ്യമാണ്. സത്യത്തില്‍ ഇരട്ടച്ചൂഷണമാണ് ബാലവേല. മുതിര്‍ന്നവര്‍ക്ക് ന്യായമായ പ്രതിഫലം നിഷേധിക്കാനും കുട്ടികളെ അടിമപ്പണി ചെയ്യിക്കാനും ഇതുവഴി സാധിക്കുന്നു.

ഇന്ത്യയില്‍ ബാലവേലചെയ്യുന്നവരില്‍ 70 ശതമാനത്തോളം കാര്‍ഷികമേഖലയിലാണ്. കരിമ്പിന്‍തോട്ടങ്ങളിലും നെല്‍പ്പാടങ്ങളിലും തേയില-കാപ്പി തോട്ടങ്ങളിലും ജനിതകവിളകള്‍ കൃഷിചെയ്യുന്ന സ്ഥലങ്ങളിലും കുട്ടികള്‍ ഒരേപോലെ പണിയെടുക്കുന്നു. രണ്ടാംസ്ഥാനം നിര്‍മാണമേഖലയില്‍- 17 ശതമാനം. ഖനം-ക്വാറി, വ്യാപാര-ഹോട്ടല്‍, ഗതാഗതമേഖലകളിലും ഗണ്യമായ തോതില്‍ കുട്ടികള്‍ പണിയെടുക്കുന്നു. കീടനാശിനികളുടെ സാന്നിധ്യവും പൊടിയും അപകടകരമായ യന്ത്രങ്ങളുടെ ഉപയോഗവും കൃഷിയിടങ്ങളില്‍ കുട്ടികളെ അപായകരമായ സ്ഥിതിവിശേഷത്തില്‍ എത്തിക്കുന്നു. അന്താരാഷ്ട്ര തൊഴില്‍സംഘടനയുടെ (ഐഎല്‍ഒ) 2001ലെ പ്രഖ്യാപനം 18 വയസ്സില്‍ താഴെയുള്ളവരെ അപകടകരമായ സാഹചര്യങ്ങളില്‍ പണിയെടുപ്പിക്കരുതെന്ന് നിഷ്കര്‍ഷിക്കുന്നു. 2000ല്‍ ഇന്ത്യയടക്കം 189 രാജ്യങ്ങള്‍ അംഗീകരിച്ച സഹസ്രാബ്ദ ലക്ഷ്യങ്ങളില്‍ എല്ലാ കുട്ടികള്‍ക്കും പ്രാഥമികവിദ്യാഭ്യാസം ലഭ്യമാക്കണമെന്നതിന് അടിവരയിടുന്നു.

ഇന്ത്യ 1986ലെ ബാലവേല നിരോധനിയമവും 2000ലെ ബാലനീതിനിയമവുംവഴി കുട്ടികളെ അപായകരമായ സാഹചര്യങ്ങളില്‍ ജോലിചെയ്യിക്കുന്നത് നിരോധിച്ചു. എന്നാല്‍, കാര്‍ഷിക- അനുബന്ധ മേഖലകളെ ഇതില്‍നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ഈ പഴുതുപയോഗിച്ചാണ് രാജ്യത്തെ കാര്‍ഷികമേഖലയില്‍ കുട്ടികളെ പണിയെടുപ്പിക്കുന്നത്.ബാലാവകാശ പ്രവര്‍ത്തകനായ കൈലാഷ് സത്യാര്‍ഥിക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചതിന്റെ പശ്ചാത്തലമിതാണ്. സമാധാനം എന്നത് യുദ്ധരഹിതമായ അവസ്ഥമാത്രമല്ല. നീതിയും സ്വാതന്ത്ര്യവും ഭക്ഷണവും നിഷേധിക്കുന്നത് സമാധാനത്തിന് എതിരായ പ്രവര്‍ത്തനമാണ്. കുട്ടികള്‍ക്ക് അക്ഷരവെളിച്ചം നിഷേധിച്ച്, അവരെ മാടുകളെപ്പോലെ പണിയെടുപ്പിക്കുന്നത് സമാധാനവിരുദ്ധമായ സംസ്കാരമാണ്. ഈ വസ്തുതകള്‍ ഉയര്‍ത്തിപ്പിടിച്ച് മൂന്നരപ്പതിറ്റാണ്ടായി നടത്തിവരുന്ന പ്രവര്‍ത്തനത്തിന് സത്യാര്‍ഥിയെ നൊബേല്‍ സമ്മാനം തേടിയെത്തിയപ്പോള്‍ ലോകത്തിനുമുമ്പില്‍ തുറന്നുകാട്ടപ്പെട്ടത് ഇന്ത്യയിലെ ലജ്ജാകരമായ ഈ സ്ഥിതിവിശേഷമാണ്. ബച്പന്‍ ബച്ചാവോ ആന്ദോളന്‍ (ബിബിഎ) എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകനായ സത്യാര്‍ഥിയുടെ സ്വദേശം മധ്യപ്രദേശിലെ വിദിശയാണ്.

ബാല്യത്തിലെ അനുഭവങ്ങളാണ് സത്യാര്‍ഥിയെ വ്യത്യസ്തമായ ജീവിതത്തിലേക്ക് നയിച്ചത്. സ്കൂളില്‍ പോകുമ്പോള്‍ സത്യാര്‍ഥിയുടെ അതേ പ്രായമുള്ള ഒരു ബാലന്‍ ശുചീകരണജോലികള്‍ ചെയ്യുന്നത് പതിവായി കാണുമായിരുന്നു. അതേപ്പറ്റി അന്വേഷിച്ചപ്പോള്‍ വീട്ടിലെ ദാരിദ്ര്യമാണ് അവന്റെ ആ അവസ്ഥയ്ക്ക് കാരണമെന്നായിരുന്നു മറുപടി. സത്യാര്‍ഥിക്ക് ചെറുപ്പത്തില്‍ത്തന്നെ അച്ഛനെ നഷ്ടമായെങ്കിലും അമ്മ കഷ്ടപ്പെട്ട് പഠിപ്പിച്ചു. വിദ്യാഭ്യാസത്തിനുശേഷം എന്‍ജിനിയറിങ് കോളേജ് അധ്യാപകനായ സത്യാര്‍ഥി 26-ാം വയസ്സില്‍ ജോലി ഉപേക്ഷിച്ചു. ബാലാവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ അമ്മ സത്യാര്‍ഥിയുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലയായി. ഒരുനാള്‍ അമ്മയ്ക്ക് അഭിമാനിക്കാന്‍ കഴിയുമെന്ന് സത്യാര്‍ഥി ആശ്വസിപ്പിച്ചു.എന്നാല്‍, നൊബേല്‍ പുരസ്കാരലബ്ധിയെ വ്യക്തിപരമായ അഭിമാനത്തിനുള്ള കാരണമായി അദ്ദേഹം കാണുന്നില്ല. ന്യൂഡല്‍ഹിയില്‍ കല്‍ക്കാജിയിലെ ഇടുങ്ങിയ തെരുവിലുള്ള തികച്ചും ലളിതമായ ഓഫീസില്‍വച്ച് സത്യാര്‍ഥിയെ ഞങ്ങള്‍ കാണുമ്പോഴും അദ്ദേഹം സാധാരണപോലെ പെരുമാറുന്നു. ബച്പന്‍ ബച്ചാവോ ആന്ദോളന്റെ ഓഫീസിലും അസാധാരണമായ എന്തെങ്കിലും സംഭവിച്ചതിന്റെ ലക്ഷണമില്ല. സ്വീകരണമുറിയിലെ ബോര്‍ഡില്‍ ബിബിഎ 1980 മുതല്‍ ഇതുവരെ ബാലവേലയില്‍നിന്ന് രക്ഷിച്ച കുട്ടികളുടെ എണ്ണം എഴുതിയിരിക്കുന്നു- 83,525.സത്യാര്‍ഥിയുടെയും ബിബിഎയുടെയുംനിലപാടുകളിലേക്ക്.

? സമാധാനത്തിനുള്ള നൊബേല്‍ ഒരു ഹിന്ദുവിനും ഒരു മുസ്ലിമിനും നല്‍കുകയാണെന്ന് പുരസ്കാരനിര്‍ണയസമിതി പ്രഖ്യാപിച്ചുവല്ലോ
ഞാന്‍ ഒരു മനുഷ്യനാണ്. ഈ പുരസ്കാരം ലോകത്തെ കോടിക്കണക്കിനു കുട്ടികള്‍ക്കുള്ള അംഗീകാരമാണ്. ഞാന്‍ ഏതെങ്കിലും മതവിശ്വാസം പിന്തുടരുന്ന വ്യക്തിയല്ല. ഒരു ക്ഷേത്രത്തിലോ പള്ളിയിലോ പോയിട്ട് 40 വര്‍ഷമായി. ഞാന്‍ ക്ഷേത്രങ്ങളില്‍ പോയി ആരാധന നടത്തുന്നില്ല- ഞാന്‍ ആരാധിക്കുന്നത് കുട്ടികളെയാണ്, അവര്‍ക്ക് സ്വാതന്ത്ര്യവും ബാല്യവും ലഭ്യമാക്കുന്നതുവഴി. അവരാണ് ദൈവത്തിന്റെ യഥാര്‍ഥമുഖം; അതാണ് എന്റെ കരുത്ത്.ഞാന്‍ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് 1981ല്‍ സംസാരിച്ചുതുടങ്ങിയപ്പോള്‍ ബാലാവകാശം സംബന്ധിച്ച യുഎന്‍ പ്രഖ്യാപനം നിലവില്‍വന്നിട്ടില്ലായിരുന്നു. ബാലാവകാശം എന്ന ആശയം രൂപംകൊള്ളുന്നത് 1989ലാണ്. ഒരുപക്ഷേ, നൊബേല്‍സമിതി ഇക്കാര്യങ്ങളൊക്കെ പരിശോധിച്ചിട്ടുണ്ടാകാം. ആരാണ് മുമ്പേ പറന്ന പക്ഷി എന്നതടക്കം.

? പുരസ്കാരമായി ലഭിക്കുന്ന തുക എന്തുചെയ്യും
എന്ത് ചെയ്യണമെന്ന് എനിക്ക് ഇപ്പോള്‍ അറിയില്ല. ബിബിഎയിലെ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ സമിതിയാണ് ഇക്കാര്യങ്ങള്‍ തീരുമാനിക്കുക. 400 ഗ്രാമങ്ങളില്‍നിന്നുള്ള കുട്ടികളുടെ മഹാപഞ്ചായത്ത് യോഗംചേര്‍ന്ന് പണം ഏതു രീതിയില്‍ വിനിയോഗിക്കണമെന്ന് ജനാധിപത്യപരമായി തീരുമാനിക്കും. പക്ഷേ, ഒരു കാര്യം ഉറപ്പാണ്- ഓരോ ചില്ലറപൈസയും ബാലവേലയും കുട്ടികളുടെ അടിമത്തവും അവസാനിപ്പിക്കുന്നതിനായി ഉപയോഗിക്കും.

? ബാലവേലയും ദാരിദ്ര്യവും
ദാരിദ്ര്യമാണ് ബാലവേല സൃഷ്ടിക്കുന്നതെന്ന് ചിലര്‍ പറയുന്നു. എന്നാല്‍, ബാലവേലയാണ് ദാരിദ്ര്യത്തിന് അടിസ്ഥാനം. ബാലവേല തുടരാന്‍ അനുവദിക്കുന്നത് ദാരിദ്ര്യവും നിരക്ഷരതയും തുടരാന്‍ അനുവദിക്കുന്നതിനു സമമാണ്.

? ഇന്ത്യയില്‍ കുട്ടികളെ കടത്തുന്നതിന്റെ വ്യാപ്തി
ബിഹാര്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍നിന്ന് ലക്ഷക്കണക്കിനു കുട്ടികളെ മഹാനഗരങ്ങളിലേക്ക് കടത്തുന്നു. 6.5 കോടി കുട്ടികളെങ്കിലും ഇന്ത്യയില്‍ ബാലവേലയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഇതില്‍ ഒരു കോടിയില്‍പ്പരം കുട്ടികളെങ്കിലും അടിമജോലിക്കാരാണ്. കടത്തിക്കൊണ്ടുവന്ന കുട്ടികളാണ് ഇവരില്‍ ഏറിയപങ്കും. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, അഹമ്മദാബാദ്, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലാണ് കുട്ടികളായ അടിമപ്പണിക്കാരില്‍ ബഹുഭൂരിപക്ഷവും.

? കേരളത്തിലെ സ്ഥിതി
സാമൂഹികമായ ഇച്ഛാശക്തിയുണ്ടെങ്കിലേ ബാലവേല തടയാന്‍ കഴിയൂ. കേരളം ഇക്കാര്യത്തില്‍ മാതൃകയാണ്- പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതില്‍. ഒരേമതംതന്നെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന കാര്യത്തില്‍ ഉത്തരേന്ത്യയിലും കേരളത്തിലും വ്യത്യസ്ത നിലപാട് പുലര്‍ത്തുന്നു. ക്രിസ്ത്യന്‍മിഷനറിമാരുടെ പ്രവര്‍ത്തനം, കമ്യൂണിസ്റ്റ് മുന്നേറ്റം എന്നിവയൊക്കെ ചരിത്രപരമായിത്തന്നെ കേരളം വിദ്യാഭ്യാസമേഖലയില്‍ മുന്നേറുന്നതിനു കാരണമായി. രാജകുടുംബങ്ങളും വിദ്യാഭ്യാസമേഖലയില്‍ മാതൃകാപരമായ സമീപനം എടുത്തിട്ടുണ്ട്. എന്നാല്‍, ഈയിടെ കേരളത്തിലേക്ക് കുട്ടികളെ കടത്തിയ സംഭവം ഗൗരവതരമാണ്. ഇത് മനുഷ്യക്കടത്തുതന്നെയാണ്. ബിബിഎ ഇക്കാര്യത്തില്‍ നിയമനടപടികളിലേക്ക് നീങ്ങും.

? ഭാവിപരിപാടികള്‍
നൊബേല്‍ സമ്മാനം ലഭിച്ചത് ആഹ്ലാദകരമാണ്. ബാലവേല വിമുക്തമായ ലോകം എന്ന സ്വപ്നത്തിനുവേണ്ടിയുള്ള പോരാട്ടം തുടരാന്‍ ഇത് പ്രചോദനം പകരും. എന്നാല്‍, എനിക്കുമുമ്പ് ഇത് ഗാന്ധിജിക്ക് ലഭിക്കണമായിരുന്നു. എന്നാല്‍, കൂടുതല്‍ സന്തോഷിക്കാന്‍ കഴിയുമായിരുന്നു.

നിയമയുദ്ധം
പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ ഫലപ്രദമായി ഉപയോഗിച്ചാണ് കൈലാഷും സഹപ്രവര്‍ത്തകരും ഭൂരിപക്ഷം കുട്ടികളെയും ബാലവേലയില്‍നിന്ന് മോചിപ്പിച്ചത്. സുപ്രീംകോടതിയിലും ഡല്‍ഹി ഹൈക്കോടതിയിലും ബിബിഎ സുദീര്‍ഘമായ നിയമയുദ്ധങ്ങള്‍തന്നെ നടത്തി. ഡല്‍ഹിയില്‍ കുട്ടികളെ രക്ഷിക്കാനുള്ള പരിശോധനകളില്‍ 80 ശതമാനവും അധികൃതര്‍ നടത്തിയത് ബിബിഎ സമര്‍പ്പിച്ച ഹര്‍ജികളിന്മേല്‍ കോടതികള്‍ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ്. പ്ലെയ്സ്മെന്റ് ഏജന്‍സികള്‍ ജാര്‍ഖണ്ഡില്‍നിന്നും ഒഡിഷയില്‍നിന്നും കുട്ടികളെ ഡല്‍ഹിയിലേക്ക് കടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് 2009ല്‍ ബിബിഎ ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കി. ഇതേത്തുടര്‍ന്നാണ് ഇത്തരം ഏജന്‍സികളെ നിയന്ത്രിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. കുട്ടികളെ കാണാതായെന്ന പരാതി ലഭിക്കുമ്പോള്‍ പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍) രജിസ്റ്റര്‍ ചെയ്യണമെന്ന് ഡല്‍ഹി ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കിയത് 2000ല്‍ ബിബിഎ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ്. ഓരോ വര്‍ഷവും രാജ്യത്ത് ലക്ഷത്തോളം കുട്ടികളെ കാണാതാകുന്ന സാഹചര്യം സംബന്ധിച്ച് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ബിബിഎ സമര്‍പ്പിച്ച സത്യവാങ്മൂലം നിര്‍ണായകമായി. കുട്ടികളെ കാണാതാകുന്ന സംഭവങ്ങളില്‍ ഉടനടി എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്യാന്‍ 2013ല്‍ എല്ലാ സംസ്ഥാന പൊലീസിനും സുപ്രീംകോടതി നിര്‍ദേശം നല്‍കി. രാജ്യമെമ്പാടുമുള്ള ബാലഭവനുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും കോടതി ഉത്തരവിട്ടു. ബാലഭവനുകള്‍ അടിക്കടി പരിശോധിക്കാന്‍ ശിശുക്ഷേമസമിതികള്‍ക്ക് നിര്‍ദേശം നല്‍കി.

ബാല്‍ മിത്ര ഗ്രാമം
ബാലവേലയ്ക്ക് എതിരായി പൊരുതാനും കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനും സത്യാര്‍ഥിയും സഹപ്രവര്‍ത്തകരും 2001ല്‍ ബാല്‍ മിത്ര ഗ്രാമം (ബിഎംജി) എന്ന പദ്ധതി ആവിഷ്കരിച്ചു. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ ആവശ്യകത രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. ഗ്രാമങ്ങളില്‍ പാഠശാലകള്‍ തുറന്നു. കുട്ടികള്‍ക്ക് വിദ്യാലയങ്ങളില്‍ പോകാന്‍ വഴിയൊരുക്കി. ഇന്ന് 11 സംസ്ഥാനങ്ങളിലെ 356 ഗ്രാമങ്ങളില്‍ ബിബിഎ ബാലസൗഹൃദ പദ്ധതികള്‍ നടപ്പാക്കുന്നു. ദത്തെടുത്ത ഗ്രാമങ്ങളില്‍ 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി ഗുണമേന്മയുള്ള വിദ്യാഭ്യാസം ബിബിഎ ഉറപ്പാക്കുന്നു. പെണ്‍കുട്ടികള്‍ക്ക് താമസസൗകര്യവും നല്‍കുന്നു. ബാലവിവാഹംപോലുള്ള അനാചാരങ്ങളെ നിരുത്സാഹപ്പെടുത്താനും ബിബിഎ തയ്യാറാകുന്നു.രാജ്യാന്തരസംഘടനയായ ഗ്ലോബല്‍ മാര്‍ച്ച് എഗയ്ന്‍സ്റ്റ് ചൈല്‍ഡ് ലേബറിന്റെ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാണ് സത്യാര്‍ഥി. ദക്ഷിണേഷ്യയില്‍ ബാലവേലയില്ലാതെ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് റഗ്മാര്‍ക്ക് എന്ന വിപണനസാക്ഷ്യപത്രം നല്‍കുന്ന സംവിധാനവും അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്.പാകിസ്ഥാനിലെ കുട്ടികള്‍ക്കുവേണ്ടിയും സത്യാര്‍ഥി ശബ്ദമുയര്‍ത്തിയിട്ടുണ്ട്. 1987ല്‍ ലാഹോറിലെ ഇഷ്ടികക്കളത്തില്‍ ജോലിചെയ്യുന്ന കുട്ടികളെ മോചിപ്പിക്കാന്‍ ശ്രമിക്കവെ ആക്രമണശ്രമത്തിനും വിധേയനായി. ഇപ്പോള്‍ പാകിസ്ഥാനിലെ പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന മലാല യൂസഫ്സായിക്കൊപ്പം സമാധാന നൊബേല്‍ സമ്മാനം പങ്കിടുകയാണ് സത്യാര്‍ഥി. ഭാര്യക്കും മക്കള്‍ക്കും ബിബിഎ രക്ഷിച്ച കുട്ടികള്‍ക്കുമൊപ്പമാണ് ഡല്‍ഹിയില്‍ സത്യാര്‍ഥി താമസിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top