22 February Friday

ലാല്‍ത്രയമില്ലാതെ ഹരിയാന

വി ബി പരമേശ്വരന്‍Updated: Friday Oct 10, 2014

ബന്‍സിലാല്‍                 ഭജന്‍ലാല്‍         ദേവിലാല്‍          

ഹിസ്സാര്‍: ഹരിയാന രാഷ്ട്രീയത്തെ കാല്‍നൂറ്റാണ്ടായി നിയന്ത്രിച്ച ലാല്‍ത്രയത്തിന്റെ സാന്നിധ്യമില്ലാത്ത നിയമസഭാതെരഞ്ഞെടുപ്പാണിത്. എന്നാല്‍, മക്കള്‍രാഷ്ട്രീയത്തിലൂടെ ലാല്‍കുടുംബങ്ങള്‍ ഇപ്പോഴും സജീവം. 1960 മുതല്‍ 2000 വരെ സംസ്ഥാനരാഷ്ട്രീയം നിയന്ത്രിച്ചത് ദേവിലാല്‍, ബന്‍സിലാല്‍, ഭജന്‍ലാല്‍ എന്ന മൂവര്‍സംഘമായിരുന്നു. കോണ്‍ഗ്രസുകാരായാണ് രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചതെങ്കിലും പിന്നീട് ഇവര്‍ സ്വന്തം പാര്‍ടിയുണ്ടാക്കി. മൂന്നുപേരും ഒന്നിലേറെ തവണ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരുമായി. ദേവിലാല്‍ രണ്ട് തവണ ഉപപ്രധാനമന്ത്രിയുമായി. 2011ല്‍ ഭജന്‍ലാല്‍ മരിച്ചതോടെ ലാല്‍ത്രയം ചരിത്രമായി. മൂന്നു കുടുംബത്തില്‍നിന്ന് 10 പേരാണ് മത്സരിക്കുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എട്ട് പേര്‍ മത്സരിച്ചു. ലാല്‍ത്രയത്തിന് പുറത്തുനിന്ന് സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടംപിടിച്ചത് കോണ്‍ഗ്രസിന്റെ ഭുപീന്ദര്‍സിങ് ഹൂഡ മാത്രം. രണ്ടുതവണ മുഖ്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ദേവിലാല്‍ ജാട്ടുകളുടെ "താവു'വാണ്. ദേവിലാല്‍ കുടംബത്തില്‍നിന്ന് നാല് പേര്‍ ഐഎന്‍എല്‍ഡി ടിക്കറ്റില്‍ മത്സരിക്കുന്നു. ദേവിലാലിന്റെ മകനും മുഖ്യമന്ത്രിയുമായ ഓംപ്രകാശ് ചൗതാലയും മകന്‍ അജയ്ചൗതാലയും അധ്യാപകരെ റിക്രൂട്ട് ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ട് അയോഗ്യരായി. എന്നാല്‍, ചൗതാലയുടെ മറ്റൊരു മകന്‍ അഭയ്ചൗതാല എല്ലേനാബാദിലും ഭാര്യ നൈ ചൗതാല ഗ്രാമം ഉള്‍ക്കൊള്ളുന്ന ദാബ്വാലിയിലും ജനവിധിതേടുന്നു. ഇവരുടെ മകനും ഹിസ്സാര്‍ എംപിയും ഐഎന്‍എല്‍ഡിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ ദുഷ്യന്ത് ചൗതാലയാകട്ടെ ജിന്‍ഡ് ജില്ലയിലെ ഉച്ചാല കലാനില്‍ മത്സരിക്കുന്നു. ചൗതാലയുടെ സഹോദരന്‍ രണ്‍ജിത്ത് ചൗതാല കോണ്‍ഗ്രസ് ടിക്കറ്റില്‍ റാണിയയില്‍ ജനവിധിതേടുന്നു.

സിര്‍സ-ഹിസ്സാര്‍-ജിന്‍ഡ് മേഖലയിലെ ജാട്ട് വോട്ടുകളാണ് താവു കുടുംബത്തിന്റെ ശക്തി.ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനും അടിയന്തരാവസ്ഥക്കാലത്തെ കേന്ദ്രപ്രതിരോധമന്ത്രിയും മൂന്നുതവണ ഹരിയാന മുഖ്യമന്ത്രിയുമായ ബന്‍സിലാലിന്റെ കുടുംബത്തില്‍നിന്ന് മൂന്നുപേര്‍ മത്സരരംഗത്തുണ്ട്. ഹരിയാന വികാസ് പാര്‍ടി നേതാവുകൂടിയായ ബന്‍സിലാല്‍ ജനിച്ച ഭിവാനി ജില്ലയിലാണ് മൂന്നുപേരും മത്സരിക്കുന്നത്. ഹൂഡ മന്ത്രിസഭയില്‍ അംഗവും ബന്‍സിലാലിന്റെ പരേതനായ മകന്‍ സുരീന്ദര്‍സിങ്ങിന്റെ ഭാര്യയുമായ കിരണ്‍ ചൗധരി തോഷമിലും ബന്‍സിലാലിന്റെ മകന്‍ രണ്‍ബീര്‍ മഹേന്ദ്ര ഭാദ്രയിലും മകള്‍ സവിതയുടെ ഭര്‍ത്താവ് സോംവീര്‍സിങ് ലൊഹാരുവിലും മത്സരിക്കുന്നു.രണ്ടുതവണ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ ഭജന്‍ലാലിന്റെ കുടുംബത്തില്‍നിന്ന് മൂന്നുപേര്‍ മത്സരിക്കുന്നു. വിഭജനകാലത്ത് ഇന്ത്യയിലെത്തി ഹിസ്സാറിലെ ആദംപുരില്‍ താമസമാക്കിയ ഭജന്‍ലാലാണ് സംസ്ഥാനം ഭരിച്ച ജാട്ടുകാരനല്ലാത്ത ഏക മുഖ്യമന്ത്രി. ഭജന്‍ലാല്‍ രൂപീകരിച്ച ഹരിയാണ ജനഹിത കോണ്‍ഗ്രസിന്റെ ടിക്കറ്റിലാണ് ഇവര്‍ മത്സരിക്കുന്നത്. ഭജന്‍ലാലിന്റെ മകനും എച്ച്ജെസി അധ്യക്ഷനുമായ കുല്‍ദീപ് ബിഷ്ണോയി ആദംപുരിലും മറ്റൊരു മകന്‍ ചന്ദേര്‍ മോഹന്‍ എന്ന ചാന്ദ്മുഹമ്മദ് നല്‍വയിലും കുല്‍ദീപിന്റെ ഭാര്യ രേണുക ബിഷ്ണോയി ഹാന്‍സിയിലും ജനവിധിതേടുന്നു.

പ്രധാന വാർത്തകൾ
 Top