20 October Tuesday

ഉരുൾ പൊട്ടുമ്പോൾ

ഡോ ഇ ഷാജിUpdated: Thursday Aug 20, 2020

കേരളത്തിൽ  ഓരോവർഷവും ഉരുൾപൊട്ടൽ  മൂലമുള്ള ദുരന്തങ്ങൾ പതിവാകുകയാണ്‌. പശ്‌ചിമ ഘട്ടത്തോട്‌ ചേർന്നുള്ള അയൽ സംസ്ഥാനങ്ങളിലും ഇത്തരം ദുരന്തങ്ങൾ  കൂടുതലായി റിപ്പോർട്ടു ചെയ്യുന്നുണ്ട്‌. ഇടുക്കി പെട്ടിമുടിയിലെ ഉരുൾപൊട്ടലാണ്‌ ഏറ്റവും ഒടുവിലുണ്ടായ വലിയ ദുരന്തം.  മഴക്കാലത്ത്‌ സാധാരണ സംഭവിക്കുന്ന പ്രകൃതിദുരന്തമാണ്‌ ഉരുൾപൊട്ടലെങ്കി (landslides)ലും സമീപകാലത്തായി  മിക്കതിനും തീവ്രത കൂടുകയാണ്‌. ‌ഇതിന്‌ കാരണങ്ങൾ പലതാണ്‌. കാലാവസ്ഥയിലും മഴയുടെ സ്വഭാവത്തിലും തോതിലും വന്നമാറ്റവും പ്രകൃതിയിലുള്ള അതിരുവിട്ട മനുഷ്യ ഇടപെടലുമെല്ലാം ഈ തീവ്രതയ്‌ക്ക്‌ വഴിവയ്‌ക്കുന്നു.

മണ്ണിടിച്ചിൽ അഥവാ ചരിവ് പരാജയങ്ങൾ
അസാധാരണമായ  ലാൻഡ്സ്കേപ്പ് മാറ്റങ്ങൾക്ക് കാരണമാവുകയും ജീവനും സ്വത്തിനും  ഗുരുതരമായ  നാശമുണ്ടാക്കുകയും ചെയ്യുന്ന ഹ്രസ്വസമയ പ്രതിഭാസവുമാണിത്‌.  പടിഞ്ഞാറൻ അഭിമുഖമായ പശ്ചിമഘട്ട മലനിരകൾ മണ്ണിടിച്ചിലിന്‌ ഏറ്റവും സാധ്യതയുള്ള ഫിസിയോഗ്രാഫിക്ക്‌ യൂണിറ്റാണ്.  

ചലനരീതിയെയും അതിൽ ഉൾപ്പെട്ടിരിക്കുന്ന വസ്തുക്കളുടെ തരത്തെയും അടിസ്ഥാനമാക്കി മണ്ണിടിച്ചിൽ പലവിധമുണ്ട്‌. അവ പാറ വീഴ്ച, ചരിവ്പരാജയങ്ങൾ( (slope failure), റൊട്ടേഷണൽ മണ്ണിടിച്ചിൽ, വലിയവേഗത്തിൽ പാറയും മണ്ണും മറ്റ്‌ അവശിഷ്ടങ്ങളും ഒഴുകിപ്പോകൽ, സോളിഫ്ലക്ഷൻ എന്നീ പേരുകളിൽ അറിയപ്പെടുന്നു.


 

മണ്ണിടിച്ചിലിനുള്ള  കാരണങ്ങളെ ആന്തരിക, ബാഹ്യകാരണങ്ങൾ എന്നിങ്ങനെ രണ്ടായി തിരിക്കാം.  ആന്തരിക പ്രേരകശക്തികളിൽ അഥവാ   വേരിയബിളുകളിൽ ഭൂപ്രകൃതിയിൽ  അന്തർലീനമായ  ഘടകങ്ങൾ അല്ലെങ്കിൽ  ഭൂപ്രകൃതിയുടെ  സ്വഭാവം  ഉൾപ്പെടുന്നു.  അതേസമയം ബാഹ്യ കാരണങ്ങളിൽ ഒരു ഉരുൾപൊട്ടലിനു കാരണമാകുന്ന അല്ലെങ്കിൽ ആരംഭിക്കുന്ന ഘടകങ്ങൾ  ഉൾപ്പെടുന്നു. ഇവയിൽ  ചരിവ്ഗ്രേഡിയന്റ്, പ്രദേശത്തിന്റെ ആപേക്ഷിക ഉയർച്ച, പാറകളുടെ ഉറപ്പ്‌, ധാതുഘടന, പാറകളിലെ പൊട്ടലിന്റെ തീവ്രത, അവയുടെ  ആവൃത്തി, ആഴം, നീളം,  ഘടനാപരമായ സവിശേഷതകൾ, പാറകളുടെയും  മണ്ണിന്റെയും ജിയോ ടെക്നിക്കൽ ഗുണങ്ങൾ, ആന്തരിക സംഘർഷത്തിന്റെ കോണുകൾ,  കളിമൺ ഉള്ളടക്കം, നീരൊഴുക്കുകളുടെ സവിശേഷതകൾ,  അശാസ്‌ത്രീയ ഭൂവിനിയോഗരീതികൾ. ഉയർന്നതീവ്രതയുള്ള മഴ, ചരിവുകളുടെ ഉയരം,  മണ്ണൊലിപ്പ്, വനനശീകരണംപോലുള്ള മനുഷ്യരുടെ ഇടപെടൽ, നിർമാണ പ്രവർത്തനങ്ങൾ, ഖനികളും  ക്വാറികളും, ഭൂചലനം എന്നിവ പെടുന്നു.

മഴയുടെ തീവ്രതയും മണ്ണിന്റെ ആരോഗ്യവും
അടുത്ത കാലത്തായി മഴയുടെ തീവ്രത  വർധിച്ചു വരുന്നുണ്ട്‌. തീവ്ര മഴയത്ത്‌ അസ്ഥിരമായിരിക്കുന്ന പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ സംഭവിക്കുന്നു, പ്രത്യേകിച്ചും പാറയും മണ്ണും ഒരുമിച്ച്പിടിക്കാനുള്ള ‘വേരുകളുടെ ശൃംഖല’യുടെഅഭാവത്തിൽ.  ചരിഞ്ഞ ഭൂപ്രദേശത്ത്, കട്ടിയുള്ള പാറയും മണ്ണും തമ്മിലുള്ള സമ്പർക്കത്തെ ‘ലിത്തോമാർജ് കളിമണ്ണ്’എന്ന്‌ വിളിക്കുന്നു. മണ്ണിടിച്ചിലിന് ഈ   കളിമണ്ണ് പ്രധാന പങ്ക്‌ വഹിക്കുന്നു. ‌  ജലത്തിന്റെ അളവ്കൂടുന്നതിന്‌ അനുസരിച്ച്‌ മണ്ണിടിച്ചിൽ സാധ്യത ഇത്തരം മേഖലകളിൽ കൂടുതലാണ്‌.  അശാസ്‌ത്രീയമായ ഭൂവിനിയോഗം, ചരിവ് പരിഷ്‌കരണം, നീർച്ചാലുകളുടെ ഒഴുക്ക് തടസ്സപ്പെടുത്തൽ തുടങ്ങിയവയെല്ലാം ചരിഞ്ഞഭൂമിയുടെ ദൃഢത നഷ്ടമാക്കും.  2018 ലും 2019 ലും ഉണ്ടായ അതിതീവ്ര മഴയിൽ കേരളത്തിൽ നിരവധി മേഖലകളിൽ മണ്ണിടിച്ചിൽ ഉണ്ടായി. 2018 ൽ 10 ജില്ലകളിൽനിന്ന് 341 മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്‌തു. ഏറ്റവും കൂടുതൽ ബാധിച്ച ജില്ലയാണ്ഇടുക്കി.  143 മണ്ണിടിച്ചിലുകൾ. 2019 ആഗസ്തിൽ ഉണ്ടായ കനത്ത മഴയാണ് കേരളത്തിലെ ഏറ്റവും വലിയദുരന്തം.  മലപ്പുറം ജില്ലയിലെ കവളപ്പാറയിലും വയനാട് ജില്ലയിലെ പുതുമലയിലും ഉണ്ടാക്കിയത് വലിയ ഉരുൾപൊട്ടലുകളായിരുന്നു. വലിയ നാശമാണ് ഇവ ഉണ്ടാക്കിയത്‌.


 

പെട്ടിമുടി ഒരു പാഠം
ഇടുക്കി പെട്ടിമുടിയിലെ ഉരുൾപൊട്ടൽ വിശദമായി പഠിക്കേണ്ടതുണ്ട്‌. പൊതുവിൽ ഈ മേഖലയെ  ശക്തമായ ഉരുൾപൊട്ടൽ സാധ്യതാ മേഖലായി വിദഗ്‌ധർ കണ്ടിരുന്നതല്ല.  കണ്ണൻദേവൻ ടീഎസ്റ്റേറ്റിന്റെയും ഇരവികുളം ദേശീയോദ്യാനത്തിന്റെയും അതിർത്തിയായ പെട്ടിമുടിയിൽ മുമ്പ്‌ കാര്യമായ മണ്ണിടിച്ചിൽ റിപ്പോർട്ട്ചെയ്തിട്ടില്ല എന്നതും പ്രത്യേകതയാണ്‌. ഈപ്രദേശം സംരക്ഷിത മേഖലയാണ്‌,   കൂടുതൽ നിർമാണ പ്രവർത്തനങ്ങൾ ഇല്ല, പാറഖനനം പോലുള്ള പ്രവർത്തനങ്ങളും നിരോധിച്ചിരിക്കുന്നു. പിന്നെ എങ്ങനെ അവിടെ ഉരുൾപൊട്ടൽ ഉണ്ടായി....? 

ആഗസ്‌ത്‌‌ ഒന്നു മുതൽ ഏഴുവരെയുള്ള ഒരാഴ്‌ചയ്‌ക്കിടയിൽ   അതിതീവ്ര മഴയാണ്‌ പെട്ടിമുടിയിലും പരിസരത്തുമായി  ലഭിച്ചത്‌. വനം വകുപ്പിന്റെ ഓട്ടോമാറ്റിക്ക്‌ വെതർ സ്‌റ്റേഷനിലും കണ്ണൻ ദേവൻ കമ്പനിയുടെ മഴമാപിനികളിലും അസാധാരണമായ മഴ രേഖപ്പെടുത്തി.  മണ്ണിടിച്ചിലിന് കാരണമായ 24 മണിക്കൂറിൽ ഇടുക്കിയുടെ ചിലഭാഗങ്ങളിൽ 20 സെന്റീമീറ്ററിനു മുകളിൽ  മഴ ലഭിച്ചു.

ഉപഗ്രഹചിത്രം  വിശകലനം ചെയ്യുമ്പോൾ ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്‌ സംരക്ഷിത വനമേഖലയിലും  ശക്തി പ്രാപിച്ചത് തൊട്ടടുത്തായുള്ള കണ്ണൻദേവൻ പ്ലാന്റേഷന്റെ അതിർത്തിയിലുമാണെന്നും കാണാം. ‌ കീഴ്‌ക്കാം തൂക്കായ ഇവിടെ   പ്രകടമായ അശാസ്‌ത്രീയ  ഭൂവിനിയോഗമാറ്റങ്ങൾ നടന്നിട്ടുണ്ട്‌. അതുമൂലം  മണ്ണിന്റെ ഘടനയിൽ മാറ്റംവന്നിരിക്കാം. ഇത്തരത്തിൽ മണ്ണിന്റെ ‘ആരോഗ്യക്കുറവ്‌’ചരിവ്കൂടിയ സ്ഥലത്ത്‌ ഉരുൾപൊട്ടൽ സാധ്യതയും തീവ്രതയും വർധിപ്പിക്കുന്നു.


 

അതുവഴി ഒഴുകുന്ന അരുവിയിൽ വർഷങ്ങളായി ഉണ്ടായ മാറ്റങ്ങളും നിർമാണ പ്രവർത്തനങ്ങളുമെല്ലാം പഠന വിധേയമാക്കണം.  . ഇത്തരത്തിലുള്ള അരുവിയെ ephemeral streams എന്നാണ് വിളിക്കുക. ‌ ഇവയ്‌ക്ക്‌ മഴക്കാലത്തു  മാത്രമേ ഒഴുക്ക് ഉണ്ടാകൂ. വേനൽകാലത്ത്  നീരൊഴുക്ക്‌ ഉണ്ടാകില്ല. ഒട്ടു മിക്ക നിർമാണ പ്രവർത്തനങ്ങളും നടക്കുന്നത്‌ മഴയില്ലാത്തപ്പോൾ ആണ്. അതിനാൽ ഈ വറ്റി വരണ്ട നീർച്ചാലുകളെ ആരും  ശ്രദ്ധിക്കാറില്ല. ഇത്തരം അരുവികളിലും ചാലുകളിലുമുള്ള  നിർമാണങ്ങൾ, വഴി തിരിച്ചുവിടൽ തുടങ്ങിയവ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. ഇത്തരം അരുവികൾ  ഉരുൾപൊട്ടലിന്റെ ചാനൽ ആയി മാറിയതായി കാണാനാകും.

ലയത്തിന്റെ അടിവാരത്തിലൂടെ ഒരു ചെറിയപുഴ ഒഴുകുന്നുണ്ട്. അതിന്റെപേര് ‘ഗ്രാവൽബാങ്ക്.'   ഈ പുഴയിലേക്ക്‌
വന്നുചേരുന്നത്‌ ‌ നിരവധി കുഞ്ഞരുവികളാണ്‌. തീവ്രമഴയിൽ മലമുകളിൽ വെള്ളംകെട്ടി നിൽക്കാനും, മേൽമണ്ണ് കുതിർന്നു, സമ്മർദ്ദം മൂലം ജലവും മണ്ണും പാറകളും കുറച്ചു സമയംകൊണ്ട്‌ താഴേക്ക്‌ കുതിച്ച്‌ എത്താനും ഇടയാക്കി. മലഞ്ചരുവിലൂടെ വലിയപാറകളും തെറിച്ചുവീണു. 

സ്വാഭാവിക പ്രതിരോധം തീർക്കാൻ വലിയ മരങ്ങൾ ഇല്ലായിരുന്നു. സ്വാഭാവിക നീർചാലുകളുടെ അഭാവവും ദുരന്തത്തിന്റെ വ്യാപ്‌തി കൂട്ടി എന്ന്‌ അനുമാനിക്കണം.

കൂടുതൽ പഠനവുംജാഗ്രതയും വേണം
പഠനങ്ങൾ നടത്തി കൂടുതൽ ശാസ്ത്രീയകാരണങ്ങൾ  കണ്ടെത്തേണ്ടിയിരിക്കുന്നു. വിശദമായ പഠനവും തുടർ നടപടികളും മുൻകരുതലും ഇത്തരം മേഖലകളിൽ അനിവാര്യം. മഴക്കാലത്ത്‌ കൂടുതൽ ജാഗ്രത വേണ്ടത്‌ പശ്ചിമഘട്ടമേഖലകളിലാണ്‌.  മഴമാപിനികളുടെ എണ്ണംകൂട്ടി, മഴപ്രവചനത്തിന്റെ കൃത്യതയും ഉറപ്പാക്കണം. ഉരുൾപൊട്ടൽ സാധ്യതാമേഖലകളെ പറ്റിയും  ഉരുൾപൊട്ടലിനുള്ള കാരണങ്ങളെ പറ്റിയും ജനങ്ങളെ കൂടുതൽ ബോധവൽക്കരിക്കണം.

(കേരള സർവകലാശാല ജിയോളജി വകുപ്പ്‌ അസോസിയേറ്റ്‌ പ്രൊഫസറാണ്‌ ലേഖകൻ)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top