20 August Tuesday

അദ്വാനിക്ക്‌ ഇനി വനവാസം

എം പ്രശാന്ത്‌Updated: Saturday Mar 23, 2019


ന്യൂഡൽഹി
ബിജെപിയുടെ ആദ്യ സ്ഥാനാർഥി പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക‌് പിന്നിൽ രണ്ടാംപേരുകാരനായി ഇടംപിടിച്ചത‌് അധ്യക്ഷൻ അമിത‌് ഷാ. ബിജെപിയുടെ ശക്തികേന്ദ്രമായ ഗാന്ധിനഗറിലെ സ്ഥാനാർഥിയായി ഷായുടെ പേര‌് പ്രഖ്യാപിക്കപ്പെടുന്നത‌് മുതിർന്ന നേതാവ‌് എൽ കെ അദ്വാനി പൃഥ്വിരാജ‌് റോഡിലെ വസതിയിൽ ടിവിയിലൂടെ നിശബ്ദം കണ്ടിരുന്നു. ബിജെപിയിലെ രണ്ടാമനായി ഷാ വാഴ‌്ത്തപ്പെടുമ്പോൾ ഒരു കാലത്ത‌് ‘ഉരുക്കുമനുഷ്യ’നെന്ന‌് വിശേഷിക്കപ്പെട്ട അദ്വാനിയുടെ ദശകങ്ങൾ നീണ്ട പാർലമെന്ററി ജീവിതത്തിന‌്  അവസാനമായി. അദ്വാനിയുമായി കൂടിയാലോചന പോലും നടത്താതെയാണ‌് ഗാന്ധിനഗർ സീറ്റിൽ ഷായെ പ്രഖ്യാപിച്ചത‌്.  ആർഎസ‌്എസ‌് നേതാവ‌് കഴിഞ്ഞയാഴ‌്ച അദ്വാനിയെ  സന്ദർശിച്ച‌് മാറിനിൽക്കേണ്ടതായി വരുമെന്ന‌് അറിയിച്ചിരുന്നതായി ബിജെപി വൃത്തങ്ങൾ അവകാശപ്പെടുന്നു. എന്നാൽ മോഡിയോ ഷായോ ഒരുവിധ ആശയവിനിമയവും അദ്വാനിയുമായി നടത്തിയില്ല.

ബിജെപി മുൻ അധ്യക്ഷൻ മുരളി മനോഹർ ജോഷി, ഉത്തരാണ്ഡ‌് മുൻമുഖ്യമന്ത്രിമാരായ ബി സി ഖണ്ഡൂരി, ബി എസ‌് കോഷിയാരി, ഹിമാചൽ പ്രദേശ‌് മുൻമുഖ്യമന്ത്രി ശാന്തകുമാർ, കേന്ദ്ര മന്ത്രി കൽരാജ‌് മിശ്ര തുടങ്ങി നിരവധി പ്രമുഖർ ഒഴിവാക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട‌്. അദ്വാനിയെ പോലുള്ള മുതിർന്ന നേതാക്കളെ തികച്ചും നിഷ‌്കരുണമായി മോഡിയും ഷായും വെട്ടിനീക്കുകയാണെന്ന അഭിപ്രായം ബിജെപിയ‌്ക്കുള്ളിൽ ശക്തമാണ‌്‌.

മുരളി മനോഹർ ജോഷിയുടെ സിറ്റിങ‌് മണ്ഡലമായ കാൺപുരിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ജോഷിയുണ്ടാവില്ലെന്നാണ‌് ബിജെപി കേന്ദ്രങ്ങൾ പറയുന്നത‌്. അദ്വാനിയെ പോലെ ജോഷി നിശബ്ദം ഒഴിഞ്ഞുമാറുമോയെന്ന കാര്യത്തിൽ മോഡി–- ഷാ കൂട്ടുക്കെട്ടിന‌് അത്ര ഉറപ്പില്ല. വിമത സ്ഥാനാർഥിയായി രംഗത്തുവന്നാൽ ബിജെപിക്ക‌് പ്രതിസന്ധിയാകും. അതുകൊണ്ടാണ‌് കാൺപുരിലെ പ്രഖ്യാപനം വൈകുന്നത‌്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിറ്റിങ‌് സീറ്റായ വാരണാസി മോഡിക്കായി ജോഷി ഒഴിഞ്ഞുകൊടുത്തു. കാൺപുരിലേക്ക‌് മാറിയെങ്കിലും വിജയം നേടാനായി.

2014ലെ ജയത്തോടൊപ്പം  അദ്വാനി ക്യാമ്പിനെ ദുർബലപ്പെടുത്തുകയായിരുന്നു മോഡിയും ഷായും. പാർലമെന്ററി ബോർഡിൽനിന്നും അദ്വാനിയെയും ജോഷിയെയും വെട്ടിമാറ്റി. മാർഗദർശക‌് മണ്ഡൽ എന്ന പേരിൽ സമിതി രൂപീകരിച്ച‌് ഇരുവരെയും അതിൽ കുടിയിരുത്തി. രൂപീകരിക്കപ്പെട്ടശേഷം ഒരിക്കൽ പോലും മാർഗനിർദേശക‌് മണ്ഡൽ യോഗം ചേർന്നില്ല.  അദ്വാനിയുടെ വിശ്വസ്തരായിരുന്ന ജസ്വന്ത‌് സിങ‌്, യശ്വന്ത‌് സിൻഹ തുടങ്ങിയവരെയും മോഡി–- ഷാ കൂട്ടുക്കെട്ട‌് വെട്ടിമാറ്റി. സുഷമ സ്വരാജിനെയും നിതിൻ ഗഡ്‌കരിയെയും ഒതുക്കാൻ പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ബിജെപിയ‌്ക്കുള്ളിൽ മോഡിയുടെ വളർച്ചയ‌്ക്ക‌് തുടക്കമിട്ടത‌് അദ്വാനിയാണ‌്. ജനറൽ സെക്രട്ടറി പദവിയിലേക്കും തുടർന്ന‌് ഗുജറാത്ത‌് മുഖ്യമന്ത്രി സ്ഥാനത്തേക്കും മോഡിയെ അദ്വാനി എത്തിച്ചു. ഗുജറാത്ത‌് വംശഹത്യയെ തുടർന്ന‌് മോഡിയെ ഒഴിവാക്കാൻ വാജ‌്പേയ‌ി താൽപ്പര്യപ്പെട്ടിരുന്നെങ്കിലും അദ്വാനി വിസമ്മതിക്കുകയായിരുന്നു. 2009 ലോക‌്സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ തോൽവി മുതൽ മോഡി അദ്വാനിയ‌്ക്കെതിരായി തിരിഞ്ഞു. പ്രധാനമന്ത്രി സ്ഥാനാർഥിയായി ഒരിക്കൽക്കൂടി അദ്വാനി രംഗത്തുവരാതിരിക്കാൻ കരുക്കൾ നീക്കി. ഒടുവിൽ അദ്വാനിയെ ചവിട്ടിതാഴ‌്ത്തി നേതൃപദവി ഉറപ്പിച്ചു. ഗാന്ധിനഗറിലെ സീറ്റ‌് നിഷേധത്തോടെ അദ്വാനിയെ നിർബന്ധിത രാഷ്ട്രീയ വനവാസത്തിലേയ‌്ക്കാണ‌് മോഡിയും അമിത‌് ഷായും തള്ളിവിടുന്നത‌്. ബിജെപിയിൽ അദ്വാനിയുഗത്തിന്റെ അന്ത്യം കുറിക്കുകയാണ്‌ സ്ഥാനാർഥി പട്ടിക.

വർഗീയത ചീറ്റുന്നവർക്കും വിശ്വസ‌്തർക്കും സീറ്റ‌്
നേതാക്കളെ വെട്ടിയൊതുക്കിയ മോഡി–- ഷാ കൂട്ടുക്കെട്ട‌് തങ്ങളുടെ വിശ്വസ‌്തർക്ക‌് സീറ്റുറപ്പിച്ചു. അമേത്തിയിൽ രാഹുൽ ഗാന്ധിയ‌്ക്കെതിരായി സ‌്മൃതി ഇറാനിയെ വീണ്ടും രംഗത്തിറക്കി. തീവ്രവർഗീയത ചീറ്റുന്നവർക്കും കോൺഗ്രസ‌് വിട്ടുവന്നവർക്കും സീറ്റുനൽകാൻ മറന്നിട്ടില്ല. യുപിയിൽ തീവ്രവർഗീയ പരാമർശങ്ങളാൽ കുപ്രസിദ്ധനായ വിവാദ സന്ന്യാസി സാക്ഷി മഹാരാജ‌് ഉന്നാവിൽ വീണ്ടും മത്സരിക്കും. മുസഫർനഗർ കലാപത്തിന‌് ചുക്കാൻ പിടിച്ച സഞ‌്ജീവ ബല്യാനും പട്ടികയിൽ ഇടംപിടിച്ചു. തുടർച്ചയായി വർഗീയ പരാമർശങ്ങൾ നടത്തുന്ന അനന്ത‌് ഹെഗ‌്ഡെ, നളിൻകുമാർ കട്ടീൽ തുടങ്ങിയവർ കർണാടകയിൽ വീണ്ടും സ്ഥാനാർത്ഥികളാണ‌്.

മഹാരാഷ്ട്രയിൽ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ‌് നേതാവുമായ രാധാകൃഷ‌്ണ വിഖെ പാട്ടീലിന്റെ മകൻ സുജയ‌് വിഖെ പാട്ടീൽ അഹമദ‌്നഗറിൽ സ്ഥാനാർത്ഥിയാണ‌്. പ്രമോദ‌് മഹാജന്റെ മകൻ പൂനം മഹാജനും ഗോപിനാഥ‌് മുണ്ടെയുടെ മകൾ പ്രീതം മുണ്ടെയും പട്ടികയിൽ ഉൾപ്പെട്ടു. തെലങ്കാനയിൽ കോൺഗ്രസ‌് വിട്ടുവന്ന ഡി കെ അരുണയും ഒഡീഷയിൽ ബിജെഡി വിട്ടുവന്ന ബൈജയന്ത‌് പാണ്ഡെയും ബംഗാളിൽ തൃണമൂൽ വിട്ടുവന്ന അനുപം ഹസ്ര, സൗമിത്ര ഖാൻ എന്നിവരും ബിജെപി പട്ടികയിലുണ്ട‌്.


പ്രധാന വാർത്തകൾ
 Top