23 April Tuesday

ഗാന്ധിവധത്തിന്റെ ആദ്യ സാക്ഷി

അനിൽകുമാർ എ വിUpdated: Friday Aug 24, 2018


ഇന്ത്യാ വിഭജനത്തിന്റെ ആഴമേറിയ മുറിവുകൾ, അടിയന്തരാവസ്ഥയുടെ രഥയോട്ടം, വർഗീയ സംഘർഷങ്ങളൊഴുക്കിയ ചോര, ജനാധിപത്യത്തിനേറ്റ ക്ഷതങ്ങൾ‐ കുൽദീപ് നയ്യാരുടെ ജീവിതം സാക്ഷിയായ ചലനങ്ങൾ ഏറെ. പതിറ്റാണ്ടുകൾ വിസ്‌തൃതിയുണ്ടായ തന്റെ പത്ര  പ്രവർത്തന ജീവിതത്തിലെ ഏറ്റവും അവിസ്‌മരണീയമായ ആദ്യാനുഭവമായി അദ്ദേഹം ആവർത്തിക്കാറുള്ളത്‌ ദില്ലി ബിർലാമന്ദിരത്തിൽ ഗോഡ്‌സെയും സംഘവും ഗാന്ധിജിയെ വെടിയുണ്ടകൊണ്ട്‌ ചോരയിലവസാനിപ്പിച്ചപ്പോൾ അവിടേക്കുകുതിച്ച റിപ്പോർട്ടർ എന്ന നിലയിലാണ്‌.  അതെല്ലാം ആ എഴുത്തിൽ ചരിത്രമായും ആത്മകഥയായും വിവരണങ്ങളായും തുടിച്ചു.   'ബിയോണ്ട് ദി ലൈൻസ്' ആത്മകഥ സ്ഫോടനാത്മകങ്ങളായ വെളിപ്പെടുത്തലുകളും നിഗമനങ്ങളും നിറഞ്ഞതാണ്. കാഴ്ചക്കാരനായി നിൽക്കാതെ അവയിലെ വൈരുധ്യങ്ങളും വൈവിധ്യങ്ങളും അന്വേഷിച്ചു. രസകരങ്ങളായ വിവരണങ്ങൾ നിറഞ്ഞ ആത്മകഥ കുട്ടിക്കാല ഓർമയിലൂടെയാണ് വികസിച്ചത്. പഴയ പാകിസ്ഥാനിലെ സിയാൽകോട്ടിൽ ഡോക്ടറായ അച്ഛനിൽ തൊട്ടാണ് തുടക്കം. വീട്ടിലെ മസാരയിൽ വിശ്വാസികൾ പ്രാർഥനക്കെത്തിയതും അതിലൂടെ സഹവർത്തിത്വത്തിന്റെയും മതസൗഹാർദത്തിന്റെയും ആദ്യപാഠം തിരിച്ചറിഞ്ഞതും കാണാം. വിഭജനം അന്തരീക്ഷം കീഴ്മേൽ മറിച്ചു.

അക്കാലത്ത് 24 വയസായ കുൽദീപ് സർവകലാശാല വിദ്യാർഥി. മണ്ണും മനുഷ്യരും  ചോരയിൽക്കുതിർന്ന ആ നാളുകളിൽ രോഷാകുലനായ അദ്ദേഹം ജീവിതം തേടിയാണ് അതിർത്തി കടന്നത്. ഇന്ത്യാ വിഭജനം ആ യുവാവിന്റെ കാഴ്ചപ്പാടിന് മൂർത്ത രൂപം നൽകി. 47 സെപ്തംബർ 13ന്് അതിർത്തി കടക്കുമ്പോൾ  നിരപരാധികളുടെ ചോര തളംകെട്ടി നിൽക്കുന്നു. മതത്തിന്റെ പേരിലുള്ള കൂട്ടക്കുരുതി. പുതുതായി പടുത്തുയർത്തുന്ന ഇന്ത്യയിൽ മതത്തിന്റെയും ജാതിയുടെയും പേരിലുള്ള മരണം ഉണ്ടാവരുതെന്ന് പ്രതിജ്ഞയെടുത്തത് വെറുതെയാകുമോ എന്ന് കുൽദീപ് പരിതപിച്ചു. 84ലെ സിഖ് കൂട്ടക്കൊലക്ക് സാക്ഷിയായ അദ്ദേഹം അക്ഷരാർഥത്തിൽ വിങ്ങിപ്പൊട്ടി. 2002ലെ ഗുജറാത്ത് വംശഹത്യയും അതേ വികാരമുണ്ടാക്കി. 47ന്റെ അനുബന്ധമായാണ് പിന്നീടുണ്ടായ വംശഹത്യകളെ വിലയിരുത്തിയതും. കടുത്ത വാക്കുകളും രോഷത്തിന്റെ ഊന്നലും ഒഴിവാക്കി പൊതുസ്വീകാര്യനാവാൻ കുൽദീപ് തയ്യാറായില്ല.സംഭവങ്ങളുടെ ഗൗരവം ശോഷിപ്പിക്കും മട്ടിൽ കുടുംബപുരാണം കയറിവരാതിരിക്കാനും ജാഗ്രതപുലർത്തി. പൊതുകാര്യങ്ങളുമായി ബന്ധമുണ്ടെങ്കിലേ ആത്മകഥയിൽ കുടുംബാംഗങ്ങൾക്ക് പ്രവേശനം നൽകിയുള്ളൂ. 84ലെ ബ്ലൂസ്റ്റാർ ഓപ്പറേഷനും കോൺഗ്രസ് ഗവൺമെന്റും തമ്മിലുള്ള ബന്ധത്തിലെ നിഗൂഢത പുറത്തുകൊണ്ടുവന്നതിന് ആത്മകഥക്കെതിരെ കടന്നാക്രമണമുണ്ടായി. ഭിന്ദ്രൻവാല സഞ്ജയിന്റെ നടീൽ ആയിരുന്നെന്നും സിഖ് വിദ്യാർഥി ഫെഡറേഷൻ പ്രസിഡന്റ് അമ്രിക്സിങ് ഇന്റലിജൻസ് ഏജന്റായിരുന്നെന്നും  മുതിർന്ന സിഖ് നേതാക്കളുടെ സ്വാധീനം നേർപ്പിക്കാനായിരുന്നു ഭിന്ദ്രൻവാലയെ സഞ്ജയ് പ്രോത്സാഹിപ്പിച്ചതെന്നും കുൽദീപ് തുറന്നെഴുതി.

പലതലമുറകളായി ഒന്നിച്ചുകഴിഞ്ഞ ഹിന്ദു‐മുസ്ലിം വിഭാഗങ്ങൾക്കിടയിൽ മുളപൊട്ടിയ വിശ്വാസത്തകർച്ചയുടെ ആദ്യ തെളിവുകളിൽ മുക്കിയെഴുതിയ ആത്മകഥ ആധുനിക ഇന്ത്യാ ചരിത്രംകൂടിയാണ്. ഒരു രാഷ്ട്രമെന്ന നിലയിലെ പരിണാമം, വിദേശനയരൂപീകരണം, വികസന പദ്ധതി, അയൽബന്ധം, മുന്നണി രാഷ്ട്രീയം തുടങ്ങിയവയെല്ലാം കടന്നുവന്നു. താഷ്കണ്ട് പ്രഖ്യാപനം, 71ലെ യുദ്ധവും ബംഗ്ലാദേശ് വിമോചനവും, സുൽഫിക്കർ അലി ഭൂട്ടോ, മുജിബുർ റഹ്മാൻ തുടങ്ങിയവരുമായുള്ള അഭിമുഖം, പാകിസ്ഥാൻ ആണവബോംബിന്റെ പിതാവായി അറിയപ്പെടുന്ന എക്യു  ഖാനുമായുള്ള കൂടിക്കാഴ്ച, ശാസ്ത്രിയും ജയപ്രകാശുമായുള്ള അടുത്ത ബന്ധം‐ എന്നിങ്ങനെയും ഒഴുകിപ്പരന്നു.

മുൻരാഷ്ട്രപതി സെയിൽസിങ് സിഖ് വിഘടനവാദ സംഘടനയായ ദൽ ഖൽസയുടെ രൂപീകരണത്തിന് സഹായിച്ചതായും കുൽദീപ് എഴുതി.ഹോട്ടൽ അറോമയിൽ നടന്ന വിഘടനവാദികളുടെ പത്രസമ്മേളനത്തിന്റെ വാടക കൊടുത്തത് സിങ്ങാണെന്നും കൂട്ടിച്ചേർത്തു. ആത്മകഥയുടെ അതേ രീതിശാസ്ത്രത്തിലെഴുതിയതാണ് 'എമർജൻസി റി ടോൾഡ്'. അടിയന്തരാവസ്ഥയ്ക്ക് ഇടയാക്കിയ പ്രവണതകൾ വസ്തുനിഷ്ഠമായി വിവരിച്ചു. അഴിമതിയാണ് പ്രധാനമായും ഉന്നയിച്ചത്. പുതിയ പതിപ്പിൽ ഇപ്പോഴത്തെ വായനക്കാർക്കുവേണ്ടി വസ്തുതകളും കള്ളങ്ങളും സത്യങ്ങളും എന്ന മട്ടിൽ എഴുതിയ ആമുഖവും ശ്രദ്ധേയം. ജനാധിപത്യ‐ മനുഷ്യാവകാശങ്ങൾക്ക് കൂച്ചുവിലങ്ങിട്ട, അഭിപ്രായ സ്വാതന്ത്ര്യം കുഴിച്ചുമൂടിയ, നിയമം നിരപരാധികളെ ജീവഛവങ്ങളാക്കിയ അക്കാലത്തെ നടപടികൾ ഒന്നൊന്നായി പുറത്തുകൊണ്ടുവന്നു. മനുഷ്യത്വരഹിതങ്ങളായ അതിക്രമ പരമ്പര, പിന്നിലെ അധികാര കേന്ദ്രം, അവർ അനുവർത്തിച്ച രീതി‐ എന്നിങ്ങനെ വ്യാഖ്യാനം പൂർണതയിലെത്തി. ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ ഇരുണ്ടകാലമായ 18 മാസം നിവർന്നുവന്നു ആ കൃതിയിൽ. 72ൽ ഒറീസ നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ നന്ദിനി സത്പതി ലക്ഷങ്ങൾ പൊടിച്ച് ജയിച്ചത് കുപ്രസിദ്ധം. ആ അഴിമതി ജയപ്രകാശ് ഇന്ദിരാഗാന്ധി മുമ്പാകെ ഉന്നയിച്ചു. പാർടി ഓഫീസുകൾ നടത്തിച്ചുകൊണ്ടുപോകാൻപോലും പണമില്ലെന്നായിരുന്നു ഇന്ദിരയുടെ ന്യായീകരണം. തീർത്തും ഏകാധിപത്യപരവും ബാലിശവുമായ ആ പ്രതീകരണത്തിൽ മനംനൊന്ത ജെ പി, പ്രശ്നം രാജ്യത്തിന് മുമ്പാകെ വെച്ചു. ഇത്തരം ജനകീയ മുദ്രാവാക്യങ്ങളും അലഹബാദ് ഹൈക്കോടതി വിധിയും മറ്റും സ്പർശിച്ചാണ് കുൽദീപ് അടിയന്തരാവസ്ഥയെ അടയാളപ്പടുത്തിയത്.

പ്രധാന വാർത്തകൾ
 Top