14 June Monday

ഊരിന്‌ നക്ഷത്രമായി കോരാളിയിലെ ഡോക്‌ടർമാർ

ജോഷി അറയ്ക്കൽUpdated: Wednesday Jun 9, 2021



കോതമംഗലം
പ്രാരാബ്‌ധങ്ങളോട്‌ മല്ലിടുമ്പോഴും എളംബ്ലാശേരി ഊരിലെ കോരാളിവീട്ടിൽ രാഘവനും പുഷ്‌പയും കണ്ട സ്വപ്നങ്ങൾ വെറുതെയായില്ല. ഇളയമകൻ സന്ദീപ് (25) കണ്ണൂർ പരിയാരം ഗവ. ആയുർവേദ മെഡിക്കൽ കോളേജിൽ ഹൗസ് സർജനായതോടെ ഹോമിയോയിലും അലോപ്പതിയിലും ആയുർവേദത്തിലും ഈ വീട്ടിൽനിന്ന്‌ ഡോക്ടർമാരായി. ദുരിതങ്ങൾ കുടിപാർക്കുന്ന കുട്ടമ്പുഴ ആദിവാസിമേഖലയ്‌ക്ക് ഇത് നക്ഷത്രത്തിളക്കം.

രാഘവന്റെ മൂത്തമകൻ ഡോ. പ്രദീപ് (33) നേര്യമംഗലം കവളങ്ങാട് ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ ഡോക്ടറാണ്. രണ്ടാമത്തെ മകൾ ഡോ. സൂര്യ (28) കാസർകോട്‌ ചിറ്റാരിക്കൽ കുടുംബാരോഗ്യകേന്ദ്രത്തിൽ ചീഫ് സർജൻ. സന്ദീപ് ഇപ്പോൾ ആയുർവേദ ഡോക്ടറും.  ഊരാളി സമുദായത്തിൽപ്പെട്ടതാണ് കുടുംബം.   രാഘവൻ പത്താംക്ലാസ് വരെ പഠിച്ചിട്ടുണ്ട്. 

കോളനികളിൽ ഡോക്ടറുടെ അഭാവംമൂലം പലരും ചികിത്സ കിട്ടാതെ മരിച്ചുവീഴുന്നതും അവശത അനുഭവിക്കുന്നതും കണ്ടാണ് മക്കളെ ഡോക്ടർമാരാക്കണമെന്ന മോഹം ഉദിച്ചത്. വന്യമൃഗങ്ങളോട് മല്ലിട്ട് കാട്ടുതേനും തെള്ളിയും തേനുമെല്ലാം ശേഖരിച്ചു. ഈറ്റവെട്ടി നെയ്തുണ്ടാക്കുന്ന പനമ്പ് ചുമന്ന് കാൽനടയായി  പട്ടണത്തിലെത്തിച്ചും മക്കളെ പഠിപ്പിക്കാൻ പണം കണ്ടെത്തി. ഒടുവിൽ സ്വപ്നങ്ങൾ പൂവണിഞ്ഞു. 

പതിനാറ് ആദിവാസിക്കുടികളുള്ള കുട്ടമ്പുഴയിലെ ആദ്യ വനിതാഡോക്ടറായി സൂര്യ മാറിയപ്പോൾ, അന്നത്തെ ആരോഗ്യമന്ത്രി പി കെ ശ്രീമതി ഉൾപ്പെടെ ആദരിക്കാൻ എത്തിയിരുന്നു. പ്രദീപിന്റെ ഭാര്യ നിത്യ കോഴിക്കോട്ട്‌ ഹോമിയോ ഡോക്ടറാണ്. സൂര്യയുടെ ഭർത്താവ് ഡോ. സി കെ സുബിൻ കണ്ണൂർ ചെറുപുഴയിൽ ഡെന്റൽ സർജനും. നാടിനും വീടിനും അഭിമാനമായി മക്കൾ മാറിയശേഷവും രാഘവനും പുഷ്പയും പുരയിടത്തിൽ മണ്ണിനോട് മല്ലിടുകയാണ്; പിന്നിട്ട വഴികൾ മറക്കാതെ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top