23 February Saturday

രാജീവൻ മുതൽ അഭിമന്യു വരെ; കൊന്നുതള്ളിയത്‌ 31 പേരെ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 11, 2018

കപട പരിസ്ഥിതിവാദത്തിന്റെയും മനുഷ്യാവകാശത്തിന്റെയും ഇരവാദത്തിന്റെയും മറവിൽ തിളങ്ങുന്ന കത്തിമുനയുമായി അവർ നമുക്കരികിലുണ്ട്‌; സമൂഹമധ്യത്തിൽ നല്ല മുഖംകാട്ടി ഒറ്റക്കുത്തിന്‌ ജീവനെടുക്കുന്ന കുടിലതയുമായി. മനുഷ്യാവകാശം പറഞ്ഞ്‌ പുറമേയ്‌ക്ക്‌ നിഷ്‌പക്ഷത കാട്ടുകയും തോന്നിപ്പിക്കുകയും ചെയ്യുന്നവർ. നാദാപുരം ഡിഫൻസ്‌ ഫോഴ്‌സിൽനിന്ന്‌ പോപ്പുലർ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയിലേക്കും പിന്നാലെ എസ്‌ഡിപിഐയിലേക്കും വളർന്ന തീവ്രവാദം. സദാചാരം പറഞ്ഞും മതം പറഞ്ഞും മനുഷ്യനെ പച്ചയ്‌ക്ക്‌ കൊല്ലുന്നവരായി വളർന്നവർ.

കൃത്യവും വ്യക്തവുമായി പരിശീലിപ്പിച്ച കില്ലർ സ്‌ക്വാഡുകളെ വളർത്തുന്ന എൻഡിഎഫിന്റെ ആക്രമണങ്ങളും കൊലപാതകങ്ങളും തുറന്നുകാട്ടി, ദേശാഭിമാനി ലേഖകർ തയ്യാറാക്കിയ പരമ്പര  

2017 മാർച്ചിൽ കണ്ണൂർ പള്ളിക്കുന്നിൽ സിപിഐ എം, ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. രണ്ടുനാൾ പിന്നിട്ടപ്പോൾ ബിജെപി കണ്ണൂർ മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ സുശീൽകുമാറിന്‌ ഓലത്തിരി കാവിനടുത്തുവച്ച്‌ കുത്തേൽക്കുന്നു. കുടൽമാല പുറത്തുചാടിയ സുശീൽകുമാറിനെ കൊല്ലാൻ ശ്രമിച്ചുവെന്ന്‌ പറഞ്ഞ്‌ സിപിഐ എം പ്രവർത്തകരെ വീടുകയറി പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. സിപിഐ എമ്മിനെതിരെ നടപടി ആവശ്യപ്പെട്ട്‌ തൊട്ടടുത്ത നാളിൽ എസ്‌ഡിപിഐയുടെ കലക്ടറേറ്റ്‌ മാർച്ച്‌. മാർച്ചിലെ അമിതാഹ്ലാദവും ആത്മവിശ്വാസവും കണ്ട ഒരു പൊലീസ്‌ കോൺസ്‌റ്റബിളിന്റെ സംശയമാണ്‌ പിന്നീട്‌  ‘മനുഷ്യാവകാശികളുടെ’  യഥാർഥ മുഖം പുറത്തുകൊണ്ടുവന്നത്‌. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസുദ്യോഗസ്ഥർപോലും ഞെട്ടി. 20 ‌തികയാത്ത മൂന്നുപേർ ബൈക്കിലെത്തി സർജിക്കൽ ബ്ലേഡ്‌ ഉപയോഗിച്ച്‌ സുശീലിനെ കീറിയരിയുന്ന രംഗം. നിരന്തര പരിശോധനയ്‌ക്കൊടുവിൽ മനുഷ്യാവകാശം പറഞ്ഞ്‌ മാർച്ച്‌ നടത്തിയ മൂന്നുപേരെ കസ്‌റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്‌തപ്പോൾ പുറത്തുവന്നത്‌ ഒരു നാടിനെയാകെ കലാപഭൂമിയാക്കാനുള്ള എസ്‌ഡിപിഐയുടെ നീക്കമായിരുന്നു. ബിജെപി നേതാവ്‌ കൊല്ലപ്പെട്ടാൽ സിപിഐ എം പ്രതിക്കൂട്ടിലാകുമെന്നും അതുവഴി കലാപമാണ്‌ ലക്ഷ്യമിട്ടതെന്നും അറസ്‌റ്റിലായ മൂന്നു ‌ക്യാമ്പസ്‌ ഫ്രണ്ട്‌, എസ്‌ഡിപിഐ നേതാക്കൾ പൊലീസിൽ മൊഴിനൽകി.   


‘ഞങ്ങൾക്കും പറയാനുണ്ട്‌, പ്രതിരോധം അപരാധമല്ല, നമുക്ക്‌ മറക്കാതിരിക്കാം, നാടിനുവേണ്ടി ഈ പരേഡ്‌...’ അടുത്തിടെ പോപ്പുലർ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയും എസ്‌ഡിപിഐയും ഉയർത്തിയ മുദ്രാവാക്യമാണിവ. ആരെയും ഒറ്റയടിക്ക്‌ ആകർഷിക്കുന്ന, ‘മനുഷ്യാവകാശസ്‌നേഹികളെ’  ഒപ്പംനിർത്തുന്ന സന്ദേശങ്ങൾ.

വയലും കടലും നമുക്ക്‌ വേണമെന്നും മണലും കാറ്റും വിൽക്കരുതെന്നും പറഞ്ഞ്‌ കപടസ്‌നേഹവുമായി ഒപ്പം വരുന്നവർ. തിരിച്ചറിയണം ഇവരെ; കാരണം നമ്മുടെ ഹൃദയം കുത്തിപ്പിളർത്തുന്ന കഠാരമുന എന്നും ഒപ്പം കൊണ്ടുനടക്കുന്നവരാണിവർ... മതത്തെ മറയാക്കി തിരുവില്വാമലയിലെ സിദ്ധനെയും കാസർകോട്ടെ ബാലകൃഷ്‌ണനെയും ഒടുവിൽ പ്രതിരോധത്തിന്റെ പേരുപറഞ്ഞ്‌ നാടിന്റെയാകെ വെളിച്ചമാകേണ്ടിയിരുന്ന അഭിമന്യുവിനെയും കുത്തിമലർത്തുന്നവരുടെ ഉദാഹരണങ്ങൾ. 23 വർഷംകൊണ്ട്‌ ഇക്കൂട്ടർ ഇരുളിന്റെ മറവിൽ ആയുധങ്ങൾക്ക്‌ മൂർച്ച കൂട്ടിയപ്പോൾ പിടഞ്ഞുവീണത്‌ 31 ജീവനുകൾ; രാജീവൻമുതൽ അഭിമന്യുവരെ.

ഗർഭിണിയുടെ വയർ കുത്തിക്കീറി ഗർഭസ്ഥശിശുവിനെ ചുട്ടുകൊല്ലാൻ ആർഎസ‌്എസ‌് എങ്ങനെയാണോ മതത്തെ മറയാക്കുന്നത‌് സമാനരീതിയിൽതന്നെയാണ‌്  പോപ്പുലർ ഫ്രണ്ടും ക്യാമ്പസ‌് ഫ്രണ്ടും എസ‌്ഡിപിഐയും ആളെ കൊല്ലാൻ മതത്തെ മറയാക്കുന്നത‌്. നാദാപുരം ഡിഫൻസ്‌ ഫോഴ്‌സിൽനിന്ന്‌ എസ്‌ഡിപിഐയിലേക്ക്‌ കൂടുമാറിയ സംഘത്തിന്റെ കൊലക്കത്തിക്ക‌് ആദ്യം ഇരയാകുന്നത‌് വാടാനപ്പള്ളിയിലെ രാജീവനാണ‌്.

സിപിഐ എം അനുഭാവിയായ ഇദ്ദേഹത്തെ മുസ്ലിം യുവതിയുമായി ബന്ധമുണ്ടെന്ന‌് ആരോപിച്ച‌് 1995 ഡിസംബർ 29നാണ‌് കൊലപ്പെടുത്തിയത‌്. 11 എൻഡിഎഫുകാരായിരുന്നു പ്രതികൾ. വാടാനപ്പള്ളിയിലെതന്നെ ഉദയനെയും കണ്ണൂരിലെ വിനോദിനെയും കൊലപ്പെടുത്തിയതും മുസ്ലിം സ‌്ത്രീ ബന്ധം ആരോപിച്ചാണ‌്.

ഉദയനെ 2004 നവംബർ 19നും വിനോദിനെ 2006 ഡിസംബർ അഞ്ചിനുമാണ‌് കൊലപ്പെടുത്തിയത‌്. തൃശൂർ തിരുവില്വാമലയിലെ സിദ്ധൻ മുഹമ്മദ‌് ഉപ്പാപ്പയെ ഒരു സംഘം എൻഡിഎഫുകാർ കൊലപ്പെടുത്തിയത‌് മതവിശ്വാസത്തിനെതിരായി പ്രവർത്തിച്ചു എന്ന പേരിൽ.
26 എൻഡിഎഫുകാരാണ‌് കേസിൽ അറസ‌്റ്റിലായത‌്. 2001 ജൂൺ രണ്ടിന്‌ നാദാപുരത്തെ ഈന്തുള്ളതിൽ ബിനുവിനെ കൊലപ്പെടുത്തിയത‌് നബീസ എന്ന വീട്ടമ്മയെ മാനഭംഗപ്പെടുത്തിയെന്ന‌് കള്ളം പ്രചരിപ്പിച്ചായിരുന്നു. 12 എൻഡിഎഫുകാർ അറസ‌്റ്റിലായി.

സിപിഐ എം പുനലൂർ ഏരിയ കമ്മിറ്റി അംഗമായ അഷ്‌റഫിനെ കൊലപ്പെടുത്തിയത‌് എൻഡിഎഫ‌് പ്രവർത്തനത്തെ എതിർത്തതിനാണ‌്. ജനങ്ങൾക്കിടയിൽ നല്ല സ്വാധീനമുള്ള അഷ‌്റഫ‌് ജീവിച്ചിരുന്നാൽ തങ്ങൾക്ക‌് വളരാനാകില്ലെന്ന‌് മനസ്സിലാക്കിയാണ‌്  അദ്ദേഹത്തെ കൊലപ്പെടുത്തിയത‌്. സിപിഐ എം പ്രവർത്തകരായ തലശേരിയിലെ യു കെ സലീം, ഇരിട്ടി ചാക്കോട‌് ദിലീപൻ, മട്ടന്നൂരിലെ സജീവൻ, വളപട്ടണത്തെ വിനീഷ‌്, കുന്നംകുളം കരിക്കാട്ടെ ബിജേഷ‌്, സിപിഐ എം വടക്കുമ്പാട് ഗുംടി ബ്രാഞ്ചംഗവും ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റുമായിരുന്ന സുഗേഷ്‌ എന്നിവരെ കൊലപ്പെടുത്തിയതും എൻഡിഎഫിന്റെ തീവ്രവാദത്തെ പ്രതിരോധിച്ചതിനാണ‌്. ബിനാനിപുരത്തെ കലാധരൻ, തലശേരിയിലെ സുകേശൻ, പത്തനംതിട്ടയിലെ നാഗൂർ മീര എന്ന നൗഷാദ‌്,  വടക്കേക്കാടിലെ മണികണ‌്ഠൻ, ഇരിട്ടിയിലെ അശ്വനികുമാർ, കിളിമാനൂരിലെ സുനിൽകുമാർ, നോർത്ത‌് പറവൂരിലെ സന്തോഷ‌്, തിരൂരിലെ രവീന്ദ്രൻ, താനൂർ മൂലക്കലിലെ ലക്ഷ‌്മണൻ, വള്ളിക്കുന്നം മണപ്പള്ളിയിലെ വിനോദ‌്, കാസർകോട്ടെ സന്ദീപ‌്, സുഹാസ‌്, പാവറട്ടിയിലെ ബൈജു, കാസർകോട‌് വിദ്യാനഗറിലെ  ഓട്ടോഡ്രൈവർ ഉപേന്ദ്രൻ, ചെങ്ങന്നൂരിലെ വിഷാൽ, കണ്ണൂരിലെ സച്ചിൻ ഗോപാൽ, കുറ്റ്യാടിയിലെ നസറുദീൻ, പേരാവൂരിലെ ശ്യാംപ്രസാദ‌്, തിരൂരിലെ ബിപിൻ എന്നിവരും എൻഡിഎഫ്‌,  പോപ്പുലർ ഫ്രണ്ട‌്, എസ‌്ഡിപിഐക്കാർ കൊലപ്പെടുത്തിയവരാണ‌്.

'വാട്ടീസ് ഇസ്ലാം' എന്ന വാട്സാപ്‌ കൂട്ടായ്മയിൽ ഇസ്ലാമിക ദർശനങ്ങളെയും മറ്റു മതദർശനങ്ങളെയുംകുറിച്ച് ചർച്ച നടത്തിയതിന്‌ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലെ ഒബ്സ്ക്യൂറ സ്റ്റുഡിയോ ഉടമ പാറോട്ടകത്ത് റഫീഖിനെ ഭീഷണിപ്പെടുത്തി.

മണിക്കൂറുകൾക്കകം സ്‌റ്റുഡിയോ കത്തിച്ച്‌ ചാമ്പലാക്കി. കല്യാണവീടുകളിൽ മോഷണത്തിനും മറ്റും പർദ ദുരുപയോഗിക്കുന്നുവെന്ന ഒറ്റ പരാമർശത്തിന്റെ പേരിലായിരുന്നു ഇത്‌. മുസ്ലിം പെൺകുട്ടിയെ പ്രണയിച്ച്‌ വിവാഹം കഴിച്ചതിനുള്ള ശിക്ഷ നടപ്പാക്കിയത്‌ കാസർകോട്‌ വിദ്യാനഗറിലെ യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ ബാലകൃഷ്‌ണന്റെ ജീവനെടുത്താണ്‌.

കൃത്യമായ ആസൂത്രണത്തോടെ കൊലപാതകം നടപ്പാക്കിയശേഷം രാജ്യം വിട്ടുപോകുകയാണ്‌ ഇവരുടെ രീതി. മൂന്നുമാസത്തിനുശേഷം ഏതെങ്കിലും ‘മനുഷ്യാവകാശ, പരിസ്ഥിതി’ മുദ്രാവാക്യം ഉന്നയിച്ചുള്ള പ്രകടനത്തിലൂടെ വീണ്ടും രംഗപ്രവേശം ചെയ്യും. ആരെങ്കിലും സംശയിച്ചാൽ പരിസ്ഥിതി, ദളിത‌് എന്നൊക്കെ ന്യായീകരണം ചമച്ച്‌ ശക്തമായി രംഗത്തുവരും.

(കൊലപാതകങ്ങൾക്ക്‌  തുടക്കമിട്ടത്‌ 21 വർഷംമുമ്പ്‌. അതേക്കുറിച്ച്‌ നാളെ)
 

 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top