17 January Sunday
എൻജിനിയർക്കും എംബിഎക്കാരനും തൊഴിൽ ഉറപ്പ്‌

മണ്ണിനോടൊരു ചാറ്റിങ്, തൂമ്പകൊണ്ടൊരു സെർച്ചിങ്

വെബ് ഡെസ്‌ക്‌Updated: Wednesday Nov 25, 2020

കോഴിക്കോട്‌  
മണ്ണിനോടൊരു ചാറ്റിങ്, തൂമ്പ കൊണ്ടൊരു സെർച്ചിങ്... ഇതിലൂടെ ‘സ്മാർട്ട്‌’ തൊഴിലാളികൾ ആദ്യ ‘പണി’ കൊടുത്തത് ‘തൊഴിലുറപ്പ്’അഭ്യസ്തവിദ്യരായവർക്ക് പറഞ്ഞ പണിയല്ലെന്ന പൊതുബോധത്തിനായിരുന്നു.  തെരുവോരങ്ങളിലും പാടത്തും പറമ്പിലും ഇവർ സജീവമാണ്. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള അരലക്ഷത്തോളംപേരുൾപ്പെടെ സംസ്ഥാനത്താകെ രണ്ട്‌ലക്ഷത്തോളം യുവജനങ്ങൾ  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയിൽ പുതിയ അംഗങ്ങളായി. തൊഴിലുറപ്പിൽ ജീവിതം സുരക്ഷിതമാക്കുന്ന വിദ്യാസമ്പന്നർ കാസർകോട്ടെ ബേഡകം മുതൽ പത്തനംതിട്ടയിലെ തോട്ടപ്പുഴശേരിയിൽവരെ ‌പ്രകടം.

തോട്ടപ്പുഴശേരിയിൽ ഓട്ടോമൊബൈൽ എൻജിനീയറായ കെ പി കൃഷ്‌ണകുമാർ ഗ്രാമീണനിർമാണപ്രവർത്തനങ്ങളിൽ കൂലിവേലയെടുത്തത് അഭിമാനത്തോടെ സാമൂഹ്യമാധ്യമങ്ങളിലെഴുതി.  കോഴിക്കോട്ടെ നൊച്ചാട്‌ 120  കോളേജ്‌ വിദ്യാർഥികളാണ് തൊഴിലുറപ്പിൽ അണിചേർന്നത്. 291 രൂപയാണ്‌ ദിവസക്കൂലി. വലിയ സഹായമാണിതെന്ന്‌ ടൂറിസം അഡ്‌മിനിസ്‌ട്രേഷനിൽ പി ജിയുള്ള വിപിൻലാലും അഭിരാമും ദീപകും അക്ഷയ്‌ബാബുവും പറയുന്നു. മേപ്പയൂരിൽ കെമിക്കൽ എൻജിനീയറായ സി എം മിഥുനടക്കം 30 പേരുണ്ട്‌ ഗ്രാമീണ തൊഴിൽസേനയിൽ.   കോട്ടയത്ത്‌ പൂഞ്ഞാറിൽ ഉണ്ണിക്കൃഷ്‌ണൻ അമ്മ ഓമനക്കുട്ടിക്കൊപ്പംചേർന്ന്‌ 60 പ്രവൃത്തിദിനം പൂർത്തിയാക്കി.

കണ്ണൂരിലെ ആറളത്തും ഉദയഗിരിയിലുമായി ‌എംബിഎ ബിരുദധാരിയും ഹോട്ടൽമാനേജ്‌മെന്റിലും ഇന്റീരിയർഡിസൈനിങ്ങിലും ഡിപ്ലോമക്കാരുമായ 22പേരാണ് കലുങ്ക്‌കെട്ടാനും പാറപൊട്ടിക്കാനുമെത്തിയത്. കോട്ടയം നാരങ്ങേനത്ത്‌ ബിരുദവിദ്യാർഥി സുചിത്ര അമ്മയ്‌ക്കൊപ്പമാണ്‌ തൊഴിലുറപ്പിനെത്തുന്നത്‌. പാലക്കാട്ടെ കണ്ണമ്പ്ര, എറണാകുളം മുളന്തുരുത്തി, തിരുമാറാടി, വേങ്ങൂർ, രായമംഗലം എന്നിവിടങ്ങളിലും യുവാക്കൾ കൂലിപ്പടയാളികളായി.
കോഴിക്കോട്‌ ജില്ലയിൽ പുതിയ രജിസ്‌ട്രഷനിൽ 18,843 യുവജനങ്ങൾ തൊഴിലുറപ്പിൽ ചേർന്നതായി എംജിഎൻആർഇജിഎസ്‌ ജോ. പ്രോഗ്രാം കോഓർഡിനേറ്റർ ടി എം മുഹമ്മദ്‌ ജാ പറഞ്ഞു. യുവജനങ്ങളെ കൂടുതൽ ആകർഷിക്കാൻ ‘യൂത്ത്ചാലഞ്ചി’ന് രൂപം നൽകിയതായി കോട്ടയം ജില്ലാ ജോ. പ്രോഗ്രാം കോഓർഡിനേറ്റർ ടി എസ്‌ ഷിനോ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top