13 July Monday

മൺസൂൺ വരവായി... ഇന്ത്യൻ മൺസൂൺ ലോകത്തെ ‘സൂപ്പർ സ്‌റ്റാറാണ്‌...!!

ഡോ. എം ജി മനോജ്‌Updated: Wednesday May 27, 2020


ഉത്തരാർധ ഗോളത്തിൽ വിശിഷ്യാ ഇന്ത്യയിൽ ജൂൺ മുതൽ സെപ്‌തംബർ വരെ അനുഭവപ്പെടുന്ന മർദവ്യതിയാനത്തെയും അതോടനുബന്ധിച്ച്‌ തെക്കുപടിഞ്ഞാറ്‌ ദിശയിൽനിന്നു വരുന്ന ശക്തമായ കാറ്റ്‌, മഴ എന്നിവയുമാണ്‌ പൊതുവെ തെക്കുപടിഞ്ഞാറൻ മൺസൂൺ അഥവാ ഇടവപ്പാതിയെന്ന്‌ അറിയപ്പെടുന്നത്‌. കേരളത്തിൽ ഇടവമാസത്തിന്റെ പാതിയിൽ ആരംഭിക്കുന്നതിനാൽ ഇടവപ്പാതിയെന്ന്‌ പേരുവന്നു. രാജ്യത്ത്‌ ആകെ ലഭിക്കുന്ന മഴയുടെ ഏതാണ്ട്‌ 70 ശതമാനവും തെക്ക്‌ പടിഞ്ഞാറൻ മൺസൂണിൽനിന്നാണ്‌. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ കാലാവസ്ഥ, സമ്പദ്‌‌വ്യവസ്ഥ,  ഭക്ഷ്യസുരക്ഷ, കാർഷികമേഖല, ആസൂത്രണം, കുടിവെള്ളം തുടങ്ങിയവയെല്ലാം സ്വാധീനിക്കുന്ന പ്രധാന പ്രതിഭാസമാണ്‌ ഇന്ത്യൻ മൺസൂൺ. കൃത്യമായ ഇടവേളകളിൽ എത്തി രാജ്യത്താകമാനം വ്യാപിക്കുന്ന ഇന്ത്യൻ മൺസൂൺ ലോകത്തെ ‘സൂപ്പർ സ്‌റ്റാറാണ്‌...!!

കാലവർഷക്കാറ്റിന്റെ സഞ്ചാര വഴി
ഭൂമധ്യരേഖയ്‌ക്ക്‌ തെക്ക്‌ ഇന്ത്യൻ മഹാസമുദ്രത്തിലുള്ള അതിമർദ മേഖലയിൽനിന്നും ഉത്തരേന്ത്യക്ക്‌ മുകളിലുള്ള ലഘുമർദ മേഖലയിലേക്കുള്ള വായുവിന്റെ ശക്തമായ സഞ്ചാരമാണ്‌ തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റ്‌. തെക്കുനിന്ന്‌ വടക്കോട്ടുള്ള പ്രയാണത്തിനിടെ ഭൂമധ്യരേഖ മുറിച്ചുകടക്കുന്ന കാറ്റ്‌, ഭൂമിയുടെ ഭ്രമണഫലമായുണ്ടാകുന്ന ‘കോറിയോലിസ്‌’ ബലത്താൽ ഉത്തരാർധഗോളത്തിൽ അതിന്റെ സഞ്ചാരദിശയുടെ വലതുഭാഗത്തേക്ക്‌ (കിഴക്ക്‌) തിരിയും. അങ്ങനെ തെക്കുപടിഞ്ഞാറ്‌ ഭാഗത്തുനിന്ന്‌ കേരളത്തിലേക്ക്‌ വീശിയടിച്ച്‌ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക്‌ വ്യാപിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ മൺസൂണിന്റെ പ്രവേശന കവാടമായി കേരളം അറിയപ്പെടുന്നു. ഭൂമധ്യരേഖ മുറിച്ചു കടക്കുന്ന കാലവർഷക്കാറ്റ്‌  രണ്ട്‌ കൈവഴികളായി മാറുകയും അതിലൊന്ന്‌ അറബിക്കടലിൽനിന്ന്‌ പശ്ചിമഘട്ടം വഴിയും മറ്റൊന്ന്‌ ബംഗാൾ ഉൾക്കടലിലൂടെ വടക്ക്‌ ഭാഗത്തേക്കും  നീങ്ങുന്നു. തെക്കുപടിഞ്ഞാറൻ കാലവർഷം  ഓരോ മേഖലയിലും നൽകുന്ന വർഷപാതത്തിന്റെ അളവിൽ സ്ഥല കാല വ്യത്യാസമുണ്ട്‌.


 

സജീവ,- നിർജീവ ഘട്ടം
ജൂൺ ആദ്യവാരം കേരളത്തിലെത്തുന്ന മൺസൂൺ ജൂലൈ പാതിയോടെ സാവധാനം രാജ്യമാകെ വ്യാപിക്കുന്നു. മൺസൂൺ നിറഞ്ഞുപെയ്യുന്ന നാല്‌ പ്രധാന മാസത്തിൽത്തന്നെ മഴയുടെ അളവിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകാറുണ്ട്‌. ചിലപ്പോൾ വളരെയധികം ആകുകയും മറ്റു ചിലപ്പോൾ പതിവിലധികം കുറയുകയും ചെയ്യാം. മൂന്നോ അതിലധികമോ ദിവസം തുടർച്ചയായി പതിവിലധികം ശക്തമായ മഴ പെയ്യുന്ന ഇടവേളകളെ സജീവഘട്ടം (active phase) എന്നും മഴ തീർത്തും പെയ്യാതിരിക്കുകയോ അല്ലെങ്കിൽ പതിവിലും അസാധാരണമായി കുറയുകയോ ചെയ്യുന്ന കാലത്തെ നിർജീവഘട്ടം (break phase) എന്നും വിളിക്കുന്നു. മധ്യ ഇന്ത്യയിലെ മൺസൂൺ ഹൃദയമേഖലയെ അടിസ്ഥാനമാക്കിയാണ്‌ ആക്ടീവ്‌− ബ്രേക്ക്‌ ഘട്ടങ്ങൾ നിശ്ചയിക്കുന്നത്‌. ഒരു സീസണിൽ തന്നെയുണ്ടാകുന്ന ചാക്രികമായ ഇത്തരം ഏറ്റക്കുറച്ചിലുകൾ /ചാഞ്ചാട്ടങ്ങളാണ്‌ മൊത്തം ലഭിക്കുന്ന മഴയുടെ അളവിനെ സ്വാധീനിക്കുന്ന പ്രധാന ഘടകം. കാലാവസ്ഥാ വ്യതിയാനമടക്കമുള്ള ഘടകങ്ങൾ ഈ ഏറ്റക്കുറച്ചിലിനു കാരണമാണ്‌. സാധാരണ ഇത്തരം സജീവ, നിർജീവ ഘട്ടങ്ങൾക്ക്‌ 30 മുതൽ 50  ദിവസംവരെയുള്ള ഒരു നിശ്ചിത കാലയളവും 10 മുതൽ 20 ദിവസംവരെയുള്ള കാലയളവുമാണ്‌ പ്രധാനമായുള്ളത്‌. ഒരു മൺസൂൺ സീസണിലെ ശരിയായ ആസൂത്രണത്തിന്‌ സജീവ, -നിർജീവ ഘട്ടങ്ങളുടെ കൃത്യമായ പ്രവചനം അനിവാര്യവും.

കാലാവസ്ഥാ വ്യതിയാനവും മൺസൂണും
കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ മൺസൂൺ മഴയുടെ വിതരണക്രമത്തിൽ കാര്യമായ മാറ്റം പ്രകടമാണ്‌. നിയതമായ അതിന്റെ ക്രമം മാറി ചുരുങ്ങിയ സമയത്തിനുള്ളിൽ അതിതീവ്രതയുള്ള മഴ ലഭിക്കുന്നു. അതായത്‌  ഒരു മാസംകൊണ്ട്‌ ലഭിക്കേണ്ട മഴ ഒരു മണിക്കൂറിനുള്ളിലോ ഏതാനും മണിക്കൂറുകൾക്കുള്ളിലോ ലഭിക്കുകയെന്ന അസാധാരണമായ അവസ്ഥ. കേരളത്തിലുണ്ടായ മഹാപ്രളയം ഇത്തരത്തിലുള്ളതായിരുന്നു. 2015 ജൂൺ ഒന്നുമുതൽ 2018 ഓഗസ്‌ത്‌ 19 വരെ 2346.6 മില്ലീമീറ്റർ മഴയാണ്‌ ലഭിച്ചത്‌. അതിൽത്തന്നെ ഓഗസ്‌ത്‌ ഒന്നുമുതൽ 19 വരെ 164 ശതമാനം മഴ അധികമായി ലഭിച്ചു. ഈ ദിവസങ്ങളിൽ 758.6 മില്ലീമീറ്റർ മഴയിൽ 414 മില്ലീമീറ്ററും ലഭിച്ചത്‌ ഓഗസ്‌ത്‌ 15നും 16നും 17നുമാണ്‌. ഇത്‌ മഹാപ്രളയം സൃഷ്ടിച്ചു. 2019ലും ഏതാണ്ട്‌ സമാനമായ സാഹചര്യമുണ്ടായി. ഇക്കാലയളവിൽ 602.2 മില്ലീമീറ്റർ മഴ ലഭിച്ചു. സാധാരണ ലഭിക്കുന്നതിനേക്കാൾ 394 ശതമാനം അധികം.

പ്രളയത്തിന്റെ നേർവിപരീതമാണ്‌ അതിരൂക്ഷ വരൾച്ച. 2000നുശേഷം മാത്രം  രൂക്ഷമായ വരൾച്ചയുണ്ടായ അഞ്ചു വർഷങ്ങളിൽ 2015, 2016, 2017 എന്നിവ തുടർച്ചയായ വരൾച്ചാ വർഷങ്ങളായിരുന്നു. വരൾച്ചയുടെ ആവൃത്തിയും രൂക്ഷതയും കൂടാനുള്ള പ്രവണത കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രകടമായ ലക്ഷണങ്ങളാണ്‌.


 

ഇതാ അരികിൽ
ഈ വർഷം തെക്കുപടിഞ്ഞാറൻ കാലവർഷം ജൂൺ ആദ്യംതന്നെ എത്തുമെന്നാണ്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഉംപുൻ ചുഴലിക്കാറ്റ്‌ കാലവർഷത്തിന്റെ വരവിനെ ബാധിക്കുമോ എന്ന്‌ ചിലർ ആശങ്ക ഉയർത്തിയെങ്കിലും ആന്തമാൻ ഭാഗത്തും അറബിക്കടലിലും അനുകൂല ഘടകങ്ങൾ ശക്തിപ്പെടുകയാണ്‌. രാജ്യത്ത്‌  ഈവർഷം മൺസൂൺ മഴ ദീർഘകാല ശരാശരിയുടെ 104 ശതമാനം വരെയാകാമെന്നാണ്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. ഈ സീസണിനുള്ളിൽ ഒന്നിലധികം ദിവസം അടുപ്പിച്ച്‌ അതിതീവ്ര  മഴ പെയ്‌താൽ പ്രളയസമാനമായ സാഹചര്യം ഉണ്ടായേക്കാം.  ആകെ മഴ 104 ശതമാനമായതുകൊണ്ടു മാത്രം പ്രളയമുണ്ടാകുമെന്ന്‌ പറയാനുമാകില്ല. ആകെ ലഭിക്കുന്ന മഴയുടെ അളവിനേക്കാൾ പ്രധാനമായ ഘടകം ഈ ലഭിക്കുന്ന മഴ ഏതൊക്കെ ദിവസങ്ങളിലായി കേന്ദ്രീകരിക്കപ്പെടുന്നു എന്നതിലാണ്‌. അതായത്‌ മഴയുടെ വിതരണത്തോത്‌ അനുസരിച്ചാണ്‌ ഇത്‌. ഉഷ്‌ണമേഖലാ പ്രദേശത്ത്‌ ദിനാന്തരീക്ഷാവസ്ഥ (weather)പ്രവചിക്കുന്നതിന്‌ പരിമിതികളേറെയുണ്ട്‌. പരമാവധി രണ്ടുമുതൽ മൂന്ന്‌ ആഴ്‌ചവരെയാണ്‌ ഈ മേഖലയിലെ പ്രവചനപരിധി.


പ്രധാന വാർത്തകൾ
 Top