03 December Friday

ഇരട്ടറാങ്കിന്റെ തിളക്കത്തില്‍ മാലിനി

വെബ് ഡെസ്‌ക്‌Updated: Saturday Oct 9, 2021


മാവേലിക്കര
കഴിഞ്ഞ സിവിൽ സർവീസ് പരീക്ഷയിൽ 135–--ാം റാങ്ക് നേടിയ ചെട്ടികുളങ്ങര സ്വദേശി എസ് മാലിനിക്ക്‌ കെഎഎസ്‌ പരീക്ഷയിൽ ഒന്നാംറാങ്ക്. റാങ്ക് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നാംറാങ്ക് അപ്രതീക്ഷിതമായിരുന്നെന്നും ഒപ്പംനിന്ന കുടുംബത്തിനും ബന്ധുക്കൾക്കും നേട്ടം സമർപ്പിക്കുകയാണന്നും മാലിനി പറഞ്ഞു. സിവിൽ സർവീസിന് പഠിച്ചുകൊണ്ടിരുന്നതിനാൽ കെഎഎസിനായി പ്രത്യേകം പഠിച്ചിരുന്നില്ല–-  മാലിനി പറഞ്ഞു. 

പ്ലസ്ടു പഠനത്തിനുശേഷം ഹൈദരാബാദ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് സർവകലാശാലയിൽനിന്ന്‌ ഇംഗ്ലീഷിൽ ബിരുദവും ലിംഗ്വിസ്‌റ്റിക്‌സിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്‌. 2020ൽ ഹൈക്കോടതിയിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്‌റ്റന്റായി ജോലിയിൽ പ്രവേശിച്ചശേഷം അവധിയെടുത്താണ്‌ പഠനത്തിൽ കേന്ദ്രീകരിച്ചത്‌. മൂന്നാം ശ്രമത്തിൽ സിവിൽ സർവീസ്‌ നേടിയതിന്‌ പിന്നാലെ കെഎഎസ്‌ പരീക്ഷയിൽ ഒന്നാമതെത്തിയത്‌ ഇരട്ടിമധുരമായി. സാഹിത്യകാരൻ എരുമേലി പരമേശ്വരൻപിള്ളയുടെ മകൻ ചെട്ടികുളങ്ങര പ്രതിഭയിൽ അഡ്വ. പി കൃഷ്‌ണകുമാറിന്റെയും പടനിലം എച്ച്എസിലെ മുൻ അധ്യാപിക ശ്രീലതയുടെയും മകളാണ് മാലിനി. സഹോദരി നന്ദിനി പുതുച്ചേരി കേന്ദ്ര സർവകലാശാലയിൽ ചരിത്ര ഗവേഷകയാണ്‌. കഠിനാധ്വാനത്തിന്റെ ഫലമാണ് മകളുടെ വിജയമെന്ന് മാലിനിയുടെ മാതാപിതാക്കൾ പ്രതികരിച്ചു. ചേച്ചി എവിടെ പോയാലും നേട്ടമുണ്ടാക്കിയേ തിരികെ വരാറുള്ളുവെന്നും പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സന്തോഷമുണ്ടെന്നും സഹോദരി നന്ദിനിയും പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top