30 September Wednesday

അറുതിയില്ലാത്ത ക്രൂരത

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2019

കർണാടകത്തിൽ ബാലികയെ പീഡിപ്പിച്ച്‌ കൊന്നു
ബംഗളൂരു
സ്‌കൂളിലേക്കു പോയ ഒമ്പതുകാരിയെ മിഠായി നൽകി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്‌ കൊലപ്പെടുത്തി കനാലിലെറിഞ്ഞു. കലബുർഗിയിലെ ചിഞ്ചോളി താലൂക്കിലാണ്‌ സംഭവം. രക്ഷിതാക്കളും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ മുല്ലമാരി ജലവിതരണ പദ്ധതിയുടെ കനാലിൽനിന്നാണ്‌ മൃതദേഹം കണ്ടെത്തിയത്‌.  മുപ്പത്തഞ്ചുകാരനായ പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തു. നാട്ടുകാർ പൊലീസിനെ വിളിച്ചുവരുത്തിയാണ്‌ ഇയാളെ അറസ്‌റ്റ്‌ ചെയ്‌തത്‌.
 

ആന്ധ്രയിൽ വൃദ്ധയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തി
ഹൈദരാബാദ്‌
ആന്ധ്രപ്രദേശിൽ വീടിനുള്ളില്‍ അറുപതുകാരിയെ ബലാത്സഗം ചെയ്‌ത ശേഷം കൊലപ്പെടുത്തി. കക്കിനാഡ ജില്ലയിലെ ഗ്രാമത്തിലാണ്‌ ദാരുണ സംഭവം. തിങ്കളാഴ്‌ച രാത്രിയാണ്‌ കൊല നടന്നതെന്ന് കരുതുന്നു. കൃത്യത്തിന് ശേഷം പ്രതികള്‍ വീടിനകത്ത്‌ മുളകുപൊടി വിതറി. മൂന്നു പേരെ പൊലീസ്‌ കസ്‌റ്റഡിയിൽ എടുത്തു.
 

ബലാത്സംഗത്തിനിരയാക്കി വെടിവച്ചുകൊന്ന്‌ കത്തിച്ചു
പട്ന
ബിഹാറിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തശേഷം വെടിവച്ചുകൊന്ന്‌ കത്തിച്ചു.  തലസ്ഥാനമായ പട്‌നയിൽനിന്ന്‌ 100 കിലോമീറ്റർ അകലെയുള്ള ബുക്‌സാറിലാണ്‌ ക്രൂരകൃത്യം. ചൊവ്വാഴ്‌ച രാവിലെയാണ്‌ ഒഴിഞ്ഞ സ്ഥലത്തുനിന്ന്‌ മൃതദേഹം പാതി കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിനു സമീപത്തുനിന്ന്‌ തിരകൾ കണ്ടെത്തി. അരയ്‌ക്കു മുകൾഭാഗം കത്തിയിട്ടുണ്ട്‌. പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായിട്ടുണ്ടോ എന്ന് പോസ്‌റ്റ്‌മോർട്ടത്തിന്‌ശേഷമേ വ്യക്‌തമാകുവെന്ന്‌ പൊലീസ്‌ അറിയിച്ചു.

ഒഡിഷയിലും കൂട്ടബലാത്സംഗം
ഭുവനേശ്വർ
ഒഡിഷയിലെ പുരിയിൽ യുവതിയെ മുൻ പൊലീസുകാരനും സംഘവും കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. തിങ്കളാഴ്‌ച പുരിയിലെ ജാദേശ്വരി ക്ഷേത്രത്തിനു സമീപം സർക്കാർ ക്വാർട്ടേഴ്‌സിലാണ്‌ പീഡനം. ഭുവനേശ്വറിൽനിന്ന്‌ പുരിയിലെ ഗ്രാമത്തിലുള്ള വീട്ടിലേക്ക്‌ പോകുംവഴി നിമാപാരയിൽ ബസ്‌ കാത്തിരിക്കുകയായിരുന്നു യുവതി.പൊലീസുകാരനാണെന്നു പറഞ്ഞ്‌ പരിചയപ്പെടുത്തിയ ആൾ വീട്ടിൽ കൊണ്ടുവിടാമെന്നു പറഞ്ഞു.  പോകാൻ തയ്യാറാകാത്തതോടെ കൂടെ ഉണ്ടായിരുന്ന മറ്റു മൂന്നുപേർ ചേർന്ന്‌ നിർബന്ധിച്ച്‌ കാറിൽ കയറ്റി ക്വാർട്ടേഴ്‌സിൽ എത്തിച്ചായിരുന്നു പീഡനം. പ്രതികള്‍ മദ്യപിക്കുന്നതിനിടെ യുവതി  രക്ഷപ്പെടുകയായിരുന്നു.   മുഖ്യപ്രതി ജിതേന്ദ്ര സേഥിയെ അറസ്റ്റ് ചെയ്തു.

"അവരെ ജീവനോടെ കത്തിക്കണം'
ഹൈദരാബാദ്‌
തെലങ്കാനയിൽ വെറ്ററിനറി ഡോക്‌ടറെ ബലാത്സഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യമെമ്പാടും പ്രതിഷേധം ശക്‌തമായി. നിർഭയ സംഭവത്തിന്റെ മാതൃകയിൽ സാമൂഹ്യമാധ്യമങ്ങളില്‍ ക്യാമ്പയിന്‍ ചൂടുപിടിച്ചു. മകളെ ഇല്ലാതാക്കിയവരെ ജീവനോടെ കത്തിക്കണമെന്ന്‌ കൊല്ലപ്പെട്ട ഡോക്‌ടറുടെ അമ്മ ചാനലിനോട്‌ പ്രതികരിച്ചു.

ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗംചെയ്‌തുകൊന്ന പ്രതികളെ ശിക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡൽഹിയിൽ ജന്തർ മന്ദറിൽ നടന്ന പ്രതിഷേധം  ഫോട്ടോ: കെ എം വാസുദേവൻ

ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗംചെയ്‌തുകൊന്ന പ്രതികളെ ശിക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡൽഹിയിൽ ജന്തർ മന്ദറിൽ നടന്ന പ്രതിഷേധം ഫോട്ടോ: കെ എം വാസുദേവൻ


 

അറസ്‌റ്റിലായ നാലു പ്രതികളെ 10 ദിവസത്തെ കസ്‌റ്റഡിയിൽ വിടണമെന്ന അന്വേഷണസംഘത്തിന്റെ ആവശ്യം കോടതി ബുധനാഴ്‌ച പരിഗണിക്കും.
അതിനിടെ ഇത്തരം സംഭവങ്ങളുടെ പശ്‌ചാത്തലത്തിൽ പെൺകുട്ടികൾ മുൻകരുതലെടുക്കണമെന്ന തരത്തിൽ തെലങ്കാന പൊലീസിന്റെ സന്ദേശം വ്യാപകമായ വിമർശത്തിനിടയാക്കി. പെൺകുട്ടികളാണ്‌ സൂക്ഷിക്കേണ്ടത്‌ എന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top