31 July Saturday

വീട്ടിൽ വന്ന ഗുരുവും കുമാരനാശാനും

ഡോ. പി എസ് ശ്രീകലUpdated: Wednesday May 12, 2021

കെ ആർ ഗൗരിയുടേത്‌ സമ്പന്ന കുടുംബമായിരുന്നു. പട്ടിണി അറിഞ്ഞില്ലെന്നു മാത്രമല്ല, കഴിയുന്നത്ര മറ്റുള്ളവരുടെ വിശപ്പുമാറ്റി. അപ്പൂപ്പൻ വാങ്ങിയ പുരയിടത്തിനു പുറമെ ദേവസ്വക്കാരുടെ നിലവും പാടവും പാട്ടത്തിനെടുത്ത്‌ കൃഷിചെയ്തും പഴങ്ങാട്ടുചാൽ മത്സ്യപ്പാട്ടത്തിനു പിടിച്ചും വെള്ളക്കെട്ട് ലേലത്തിലെടുത്ത്‌ കൃഷിനിലമാക്കിയും നെൽകൃഷിയും ചിട്ടിയും നടത്തി അച്ഛൻ പ്രമാണിയെപ്പോലെ കഴിഞ്ഞു. ശ്രീനാരായണഗുരുവും കുമാരനാശാനും വീട്ടിലെത്തിയത്‌ സാമൂഹ്യപരിഷ്‌ക്കരണ പ്രവർത്തനങ്ങളോട്‌ ആമുഖ്യം വളർത്തി. ഗൗരിയിൽ രാഷ്ട്രീയം മുളപ്പിച്ചത് മൂത്ത സഹോദരൻ കെ ആർ സുകുമാരൻ. ചേർത്തല കയർ ഫാക്ടറി തൊഴിലാളി നേതാവ് സി ജി സദാശിവനുമായുള്ള ബന്ധമാണ് സുകുമാരനെ പാർടിയുമായി അടുപ്പിച്ചത്. പല തൊഴിലാളി സംഘടനകളുടെയും ഭാരവാഹിയായി. കർഷകത്തൊഴിലാളി പ്രവർത്തനത്തിലാണ് ശ്രദ്ധിച്ചത്. അച്ഛന് പൊരുത്തപ്പെടാൻ കഴിഞ്ഞില്ലെങ്കിലും ക്രമേണ എതിർപ്പ് കുറഞ്ഞു.

സ്ഫോടനാത്മക സ്ഥിതിയായിരുന്നു അന്ന്. 'ദിവാൻ ഭരണം അവസാനിപ്പിക്കും', 'അമേരിക്കൻ മോഡൽ അറബിക്കടലിൽ', 'പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ്' എന്നീ മുദ്രാവാക്യങ്ങൾ ഉയർന്നു. തൊഴിലാളികൾക്കും കൃഷിക്കാർക്കും പാർടിക്കും എതിരായി ഗൂഢാലോചന ശക്തമായി. ജന്മി‐ ഗുണ്ടാആക്രമണവും. കുടികിടപ്പുകാരെ മർദിക്കുക, കുടിൽ പൊളിക്കുക, സ്ത്രീകളെ ഉപദ്രവിക്കുക എന്നിങ്ങനെയുള്ള ഗുണ്ടായിസത്തിന്‌ പൊലീസ് പിന്തുണ. ജന്മിമാരാണ് സ്റ്റേഷനുകൾ ഭരിച്ചത്. ഭയചകിതരായ തൊഴിലാളികൾക്കിടയിലേക്ക് കർഷകത്തൊഴിലാളി യൂണിയൻ ചെന്നു. ഫാക്ടറി തൊഴിലാളികളുടെ ജീവിതത്തിലുണ്ടായ മാറ്റം കർഷകത്തൊഴിലാളികളെയും സംഘടിക്കാൻ പ്രേരിപ്പിച്ചു. കൂലിചോദിക്കാനും അനീതി ചെറുക്കാനും 'അടിയൻ' വിളി  അവസാനിപ്പിക്കാനും അവർ മുന്നിട്ടിറങ്ങി.

പുന്നപ്ര വയലാർ സമരത്തിന്റെ പശ്ചാത്തലം അതാണ്‌. മുഹമ്മയിലും കഞ്ഞിക്കുഴിയിലും കലവൂരിന് പടിഞ്ഞാറ് കാട്ടൂരും 1122 തുലാം 26 ന് വെടിവയ്പ്പ്. തുടർന്ന് പട്ടാളഭരണം. സർ സി പി പട്ടാളമേധാവിയായി ചുമതലയെടുത്തു.നിരോധന കാലത്താണ് ഗൗരി പ്രകടമായി പാർടിയോട് അടുത്തത്. അതിനുമുമ്പ് സഹോദരനോടൊപ്പം വീട്ടിലെത്തുന്ന സഖാക്കൾക്ക് ഭക്ഷണം നൽകിയും സാമ്പത്തികമായി സഹായിച്ചും തുടർന്ന ബന്ധം മാത്രം. പുന്നപ്ര‐വയലാർ സമരത്തെ തുടർന്ന് സഹോദരൻ വീട്ടിൽ വരാതായി. ചെലവു കാശിനായി  പ്രവർത്തകർ എത്തി. കൈവശമുണ്ടായ ആഭരണം പണയപ്പെടുത്തിയും പണം നൽകി. ഒരു ദിവസം രഹസ്യമായി വിതരണം ചെയ്യണമെന്ന് പറഞ്ഞ് കുറേ പ്രസ്താവന  അവർ ഗൗരിയെ ഏൽപ്പിച്ചു. ഒന്നെടുത്ത്‌ ബാക്കി കിടക്ക കവറിനകത്താക്കി, പുതപ്പ്  വിരിച്ചു.   പ്രവർത്തകർ എന്തുചെയ്യണമെന്ന നിർദേശമാണ് പ്രസ്താവനയിൽ. പാർടി നിയമവിരുദ്ധം. രാജഭക്ത സംഘം സജീ*വം. സിഐഡികളും രംഗത്ത്. പ്രസ്താവന വിതരണം ചെയ്തത് ബസ്സ്റ്റാൻഡിലെ യാചക കുട്ടികൾ. ദിവാകരൻ എന്ന കുട്ടി ചുമതല ഏറ്റെടുത്തു. കൂലി രണ്ടു രൂപ. രാത്രിയിൽ കടകളുടെ ഉള്ളിലും വീടുകളുടെ കോമ്പൗണ്ടിലും നോട്ടീസ് ഇടും. ആ കുട്ടികളും പാർടിയുടെ ഭാഗമായി.

കൃഷ്ണപിള്ളയും സി ജി സദാശിവനും സി കെ വിശ്വനാഥനുമെല്ലാം വീട്ടിൽ ഒളിവിൽ താമസിക്കാനെത്തും. കൃഷ്ണപിള്ളയാണ് ഗൗരിയെ പാർടി അംഗമാക്കിയത്.1948ലെ കോൺഗ്രസിൽ ചർച്ചചെയ്യാൻ തയ്യാറാക്കിയ  കരട്പരിപാടി അദ്ദേഹം നൽകി.  കൃഷ്ണപിള്ളയുടെ ഒപ്പം ഭാര്യ തങ്കമ്മയും. അവർ നല്ല പ്രാസംഗിക. അവരുമായുള്ള അടുപ്പം ഗൗരിയെ സജീവ രാഷ്ട്രീയക്കാരിയാക്കി. ചേർത്തലയിൽ മത്സരിക്കണമെന്ന് കൃഷ്ണപിള്ള അറിയിച്ചപ്പോൾ  നടുങ്ങിയെങ്കിലും നിഷേധിക്കാനായില്ല. പിന്നോട്ടില്ലെന്ന തീരുമാനം കൈക്കൊള്ളാൻ അനുഭവം കരുത്തുനൽകി. കേരളമറിയുന്ന കെ ആർ ഗൗരിയമ്മയുടെ ജനനം അവിടെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top