15 May Saturday

കലുഷിതകാലത്ത്‌ ഒരു ചരിത്രകാരന്റെ ജീവിതം

കെ എൻ പണിക്കർUpdated: Sunday Apr 25, 2021

മാർക്‌സിസ്റ്റ്‌ ചരിത്ര രചനാ സരണിക്ക്‌ കേരളം സമ്മാനിച്ച മഹത്തായ പ്രതിഭയ്‌ക്ക്‌ നാളെ 85–-ാം പിറന്നാൾ. ഈ പ്രായത്തിലും അനന്യമായ ധൈഷണിക ഉണർച്ചയോടെ പ്രവർത്തിക്കുന്നു കെ എൻ പണിക്കർ എന്ന ചരിത്രകാരൻ. അദ്ദേഹത്തിന്റെ ആത്മകഥ- ‘കലുഷിതമായ കാലം: ഒരു ചരിത്രകാരന്റെ ഓർമക്കുറിപ്പുകൾ’ നാളെ തിരുവനന്തപുരത്ത്‌  മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യുകയാണ്‌. ആത്മകഥയിലെ പ്രസക്തമായ ചില ഭാഗങ്ങൾ

പഴയ മലബാർ ജില്ലയിലെ പ്രസിദ്ധമായ ഗുരുവായൂർ ശ്രീകൃഷ്‌ണ ക്ഷേത്രത്തിന്‌ അടുത്തുള്ള തൈക്കാട് ഗ്രാമത്തിൽ ഒരു മരുമക്കത്തായ കുടുംബത്തിലാണ് ഞാൻ ജനിച്ചത്.

എൺപതു വർഷത്തിലേറെയുള്ള എന്റെ ജീവിതത്തിൽ നിരവധി വ്യക്തികളും ആശയങ്ങളും എന്റെ വ്യക്തിത്വത്തെയും വീക്ഷണത്തെയും രൂപപ്പെടുത്താൻ കാരണമായിട്ടുണ്ട്. എന്നിരുന്നാലും ധിഷണാപരമായ പ്രവർത്തനങ്ങൾ രൂപപ്പെടുത്തിയത് വിദ്യാഭ്യാസത്തിലൂടെ തന്നെയാണ്.

പാലക്കാട്‌ വിക്‌ടോറിയ കോളേജിൽ ഉണ്ടായിരുന്ന കാലത്താണ് രാഷ്‌ട്രീയ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളുമായി പരിചയപ്പെട്ടത്. പല സാഹചര്യവും ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് നയിക്കാൻ കാരണമായി. 1950കളിൽ ഗുരുവായൂരിൽ കെ കുട്ടികൃഷ്‌ണന്റെയും പത്മം ദാമോദരന്റെയും (കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ സ്ഥാപകാംഗവും ദേശീയതലത്തിൽ ശ്രദ്ധേയനായ നേതാവുമായിരുന്ന കെ ദാമോദരന്റെ ഭാര്യയായിരുന്നു പത്മം) നേതൃത്വത്തിൽ മുന്നണി വായനശാല സ്ഥാപിക്കപ്പെടുകയുണ്ടായി. ആ വായനശാലയിലെ സ്ഥിരം സന്ദർശകനായിരുന്നു ഞാൻ. സോഷ്യലിസത്തെക്കുറിച്ചും റഷ്യൻ വിപ്ലവത്തെക്കുറിച്ചും ചൈനയെക്കുറിച്ചുമുള്ള പുസ്‌തകങ്ങൾ അവിടെനിന്ന് എടുത്തുവായിക്കുമായിരുന്നു. വായനശാല പലപ്പോഴും കാലികപ്രശ്നങ്ങളെക്കുറിച്ച് ചർച്ചകൾ സംഘടിപ്പിച്ചിരുന്നു അതിൽ ഞാനും പങ്കാളിയായി. മാർക്‌സിസ്റ്റ് സാഹിത്യവും ഇവിടെ നടന്ന ചർച്ചകളും എന്നെ ഇടതുപക്ഷത്തിലേക്ക് നയിച്ചു.

- മാർക്‌സിസ്റ്റ് നേതാക്കളായിരുന്ന ഇ എം എസ് നമ്പൂതിരിപ്പാട്, കെ ദാമോദരൻ, സി ഉണ്ണിരാജ തുടങ്ങിയവരുടെ ലഘുലേഖകൾ ഇടതുപക്ഷ ആശയങ്ങൾ വെളിവാക്കുകയും ഒരു പുതിയ കാഴ്‌ചപ്പാട് നേടാൻ കാരണമാകുകയുംചെയ്‌തു. അക്കാലത്ത് നല്ലൊരു ഭാഗം യുവജനങ്ങൾ ഈ രീതിയിലാണ് ഇടതുപക്ഷത്തേക്ക് ആകർഷിക്കപ്പെട്ടത്. മലയാള സാഹിത്യം ഇടതുപക്ഷ അവബോധം സൃഷ്ടിക്കുന്നതിൽ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്.

രാജസ്ഥാൻ സർവകലാശാലയിൽ

ബിരുദ പഠനശേഷമുള്ള വേനലവധിക്കാലത്ത് രാജസ്ഥാനിൽ ജോലി ചെയ്‌തിരുന്ന കേന്ദ്ര ഗവൺമെന്റ് ഉദ്യോഗസ്ഥനായ ജ്യേഷ്‌ഠൻ വീട്ടിൽ വന്നു. എന്റെ ഭാവിപരിപാടികൾ സ്വാഭാവികമായും പ്രധാന ചർച്ചാവിഷയമായി. വിദ്യാഭ്യാസം തുടരണമെന്നും ലോ കോളേജിൽ ചേരണമെന്നുമായിരുന്നു എന്റെ ആഗ്രഹം. അന്ന് ചെന്നൈയിലായിരുന്നു ലോ കോളേജ്‌ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ പഠനം ചെലവേറിയതാകുമായിരുന്നു. ജ്യേഷ്‌ഠൻ എന്നെ രാജസ്ഥാനിലേക്ക്‌ കൊണ്ടുപോകാമെന്നും പഠനം തുടരുകയും ജോലിക്കുവേണ്ടിയുള്ള പരിശ്രമം നടത്താമെന്നും പറഞ്ഞു. നിയമപഠനവും സജീവ രാഷ്ട്രീയ പ്രവർത്തനവും സ്വപ്‌നം കണ്ടിരുന്ന ഞാൻ തീർത്തും നിരാശനായെങ്കിലും കുടുംബത്തിന്റെ തീരുമാനത്തെ എതിർക്കാനാകുമായിരുന്നില്ല. വളരെ വിമുഖതയോടെ എല്ലാവരുടെയും തീരുമാനത്തെ അംഗീകരിച്ചെങ്കിലും, തൊഴിൽപരമായും വ്യക്തിപരമായും ജീവിതഗതിയെത്തന്നെ മാറ്റിമറിക്കുന്ന ഒരു തീരുമാനമായിരുന്നു അതെന്ന് സ്വപ്‌നേപി കരുതിയിരുന്നില്ല.

- രാജസ്ഥാൻ സർവകലാശാലയിലെ ചരിത്രവിഭാഗം എന്റെ ജീവിതത്തിലെ വ്യക്തിപരമായ കാരണങ്ങളാൽക്കൂടി പ്രധാനപ്പെട്ടതാണ്. അവിടെവച്ചാണ് ഭാര്യയായിത്തീർന്ന, ഒരു മാർവാഡി ബ്രാഹ്മണ കുടുംബത്തിലെ അംഗമായ ഉഷയെ കാണുന്നത്.

ഡൽഹി ദിനങ്ങൾ

നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയിൽനിന്ന് പ്രബന്ധത്തിന്‌ ആവശ്യമായ ഉപാധികൾ ശേഖരിക്കാൻവേണ്ടിയാണ് 1960 മുതലുള്ള എന്റെ ഡൽഹി ദിനങ്ങൾ ആരംഭിക്കുന്നത്. -ഇതിനിടയ്‌ക്ക്‌ ഡൽഹി സർവകലാശാലയിലെ ഹൻസ്‌രാജ് കോളേജിൽ ഒരു ഒഴിവുണ്ടെന്ന പരസ്യം വന്നു. സർവകലാശാലയിലെ വിദ്യാർഥികളാണ് തെരഞ്ഞെടുക്കപ്പെടാൻ സാധ്യത എന്നുള്ളതുകൊണ്ട് മറ്റുള്ളവർക്ക് അവസരം ലഭിക്കില്ലെന്നായിരുന്നു പൊതുധാരണ. ഞാൻ ഇന്റർവ്യൂവിന് പോകാൻ തന്നെ തീരുമാനിച്ചു.

പ്രൊഫസറും ചരിത്രവകുപ്പ് മേധാവിയുമായിരുന്ന പ്രൊഫ. ബിശ്വേശ്വർ പ്രസാദായിരുന്നു കമ്മിറ്റിയിലെ വിദഗ്‌ധ അംഗം. അതൊരു ലീവ് വേക്കൻസി ആയിരുന്നതുകൊണ്ട് സ്ഥിരനിയമനത്തിനു കാത്തുനിൽക്കേണ്ടിയിരുന്നു. പക്ഷേ, ബിശ്വേശർ പ്രസാദ് എന്നെ വിസ്‌മയിപ്പിച്ചുകൊണ്ട് ഹിന്ദു കോളേജിലേക്ക് മാറ്റിനിയമിക്കാമെന്ന് അഭിപ്രായപ്പെട്ടു. ഹൻസ്‌രാജ് കോളേജിന് സ്ഥിരനിയമനം നൽകാൻ കഴിയില്ലെന്ന നിഗമനത്തിലായിരുന്നു അത്. ശ്രദ്ധേയനായ ഗണിത ശാസ്‌ത്രജ്ഞനും ഹൻസ്‌രാജ് കോളേജിലെ പ്രിൻസിപ്പലുമായിരുന്ന ശാന്തിനാരായൺ ഉടനെ തന്നെ ഒരു പോസ്റ്റ് ഉണ്ടാക്കി എന്നെ നിയമിച്ചു. 1965 മുതൽ ഏഴുവർഷക്കാലം ആ കോളേജിൽ പ്രവൃത്തിയെടുത്തു. യൂണിവേഴ്സിറ്റി ഡിപ്പാർട്ടുമെന്റിലെ ബിരുദാനന്തര കോഴ്സുകൾക്കാണ് ക്ലാസെടുത്തത്. കൊളോണിയൽ ഇന്ത്യയുടെ രാഷ്ട്രീയചരിത്രം, ഭരണസംവിധാനം, സാമൂഹികചരിത്രം എന്നിവ വ്യത്യസ്‌ത കാലയളവുകളിൽ പഠിപ്പിച്ചു.

ജെഎൻയു സംസ്‌കാരം

1960കളിൽ ഇന്ത്യാചരിത്ര രചനാസമ്പ്രദായത്തിന്റെ ശ്രദ്ധേയമായ ഊന്നൽ സാമൂഹിക, - സാമ്പത്തിക ചരിത്രത്തിലുണ്ടായി. ഡൽഹി റസിഡൻസിയെക്കുറിച്ചുള്ള ഗവേഷണത്തിനുശേഷം എന്റെ താൽപ്പര്യം സാമൂഹിക ചരിത്രത്തിലേക്കു മാറി. അങ്ങനെയാണ് മലബാറിന്റെ സാമൂഹികചരിത്രത്തക്കുറിച്ചുള്ള ഗവേഷണത്തിൽ ഏർപ്പെട്ടു തുടങ്ങിയത്. അക്കാലത്ത് 1972ൽ എന്നെ ജെഎൻയുവിലെ സെന്റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസി- (സിഎച്ച്‌എസ്‌)ൽ അസോസിയറ്റ് പ്രൊഫസറായി തെരഞ്ഞെടുക്കുകയും തുടർന്നുള്ള 28 വർഷക്കാലം അവിടെ അധ്യാപകനായി പ്രവർത്തിക്കുകയുംചെയ്‌തു. 

എന്റെ അക്കാദമിക് ജീവിതത്തിന്റെ വലിയ ഭാഗം ജെഎൻയുവിൽ ആയിരുന്നു. അവിടത്തെ അനുഭവങ്ങളാണ് എന്റെ സാമൂഹ്യ, രാഷ്ട്രീയ വീക്ഷണങ്ങളെ രൂപപ്പെടുത്തിയതും അക്കാദമിക് പ്രവർത്തനത്തിന് ദിശാബോധം നൽകിയതും. ജെഎൻയുവിലെ അധ്യാപനം അധ്യാപകരുടെ ഗവേഷണ താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഞാൻ പഠിപ്പിച്ചിരുന്ന കോഴ്സുകൾ എന്റെ ഗവേഷണവുമായി ബന്ധപ്പെട്ടതായിരുന്നു. എംഎ വിദ്യാർഥികൾക്കും എംഫിലുകാർക്കും കൊളോണിയൽ ഇന്ത്യയുടെ ധിഷണാചരിത്രത്തിലും സാംസ്‌കാരിക ചരിത്രത്തിലും സെമിനാറുകളും ക്ലാസുകളും എടുത്തു. അതിനുപുറമെ കൊളോണിയൽ ഇന്ത്യയിലെ കർഷക കലാപങ്ങളെക്കുറിച്ചും ചൈനയിലെ സാമ്രാജ്യത്വ ഇടപെടലുകളെക്കുറിച്ചും പഠിപ്പിച്ചു. മുപ്പതിലേറെ വിദ്യാർഥികൾ എന്റെ കീഴിൽ പിഎച്ച്ഡി ചെയ്യുകയും അമ്പതോളം വിദ്യാർഥികൾ എംഫിൽ പ്രബന്ധങ്ങൾ തയ്യാറാക്കുകയും ചെയ്‌തിട്ടുണ്ട്. ഇവയിൽ ഒരു നല്ലഭാഗം ദളിതരുടെയും സ്‌ത്രീകളുടെയും ചരിത്രത്തെക്കുറിച്ചായിരുന്നു. ഈ വിഷയങ്ങളെക്കുറിച്ച് ഞാൻ വളരെയേറെ എഴുതിയിട്ടില്ലെങ്കിലും ഈ രണ്ടു മേഖലയും എന്റെ പ്രത്യേക ശ്രദ്ധ ആകർഷിച്ചിരുന്നു. സാമാന്യം സമഗ്രമായി ഈ വിഷയങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുകയും ദേശീയതലത്തിൽ നടന്ന ചർച്ചകളിൽ സജീവമായി പങ്കാളിയാകുകയുംചെയ്‌തു. ഗോപാൽ ഗുരുവിനോടും അജിത് മുരിക്കനോടും ചേർന്ന് ഞാൻ ഒരു ദളിത് ധൈഷണിക കൂട്ടായ്‌മയ്‌ക്ക്‌ രൂപംകൊടുക്കുകയും അത് വർഷത്തിലൊരിക്കൽ ചർച്ചകൾ നടത്തുകയും ചെയ്യുമായിരുന്നു.

വിദ്യാർഥികൾക്ക് അനുവദിച്ചിരുന്ന അക്കാദമിക് സ്വാതന്ത്ര്യവും അധ്യാപകരുടെ സവിശേഷമായ അധ്യാപനശേഷിയും വിദ്യാർഥി കേന്ദ്രിതമായ അധ്യാപനവും സിഎച്ച്എസിന്റെ അക്കാദമിക നേട്ടങ്ങൾക്ക് കാരണമായി. താരതമ്യേന യാഥാസ്ഥിതികമായ സർവകലാശാലാ സംവിധാനത്തിൽ ഈ ബിരുദാനന്തര പദ്ധതി  പുതിയൊരു പരീക്ഷണമായിരുന്നു. അത് വിദ്യാർഥികളെ ബഹുവൈജ്ഞാനിക ഗവേഷണം ഏറ്റെടുക്കാൻ പ്രാപ്തരാക്കി. അതാണ് ഭാഗികമായെങ്കിലും സിഎച്ച്എസിലെ വിദ്യാർഥികൾ  നടത്തിയ ഗവേഷണത്തിന്റെ മേന്മയ്‌ക്ക്‌ കാരണമായത്.

രാമജന്മഭൂമി പ്രക്ഷോഭം

ഹിന്ദുവർഗീയതയുടെ മുന്നേറ്റത്തിൽ ഒരു പ്രധാനപ്പെട്ട നാഴികക്കല്ലാണ് രാമജന്മഭൂമി പ്രക്ഷോഭം. 19–-ാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽത്തന്നെ അത് ആരംഭിച്ചിരുന്നു. തുടക്കത്തിൽ ഭൂമിയെക്കുറിച്ചുള്ള ഒരു തർക്കം സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഒരു മുഴുത്ത വർഗീയപ്രശ്നമായി വളർന്നു. 1528ൽ മുഗൾ ചക്രവർത്തിയായിരുന്ന ബാബറുടെ സേനാ നായകൻ മീർബക്കി പണിത പള്ളിയായിരുന്നു തർക്കത്തിന്റെ കേന്ദ്രബിന്ദു. രാമക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് ഹിന്ദുസംഘടനകൾ ആരോപിച്ചു. അതുകൊണ്ട് പള്ളി പൊളിച്ചുകളയണമെന്നും രാമക്ഷേത്രം പുനർനിർമിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പള്ളി നിൽക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം രണ്ടു പക്ഷവും അവകാശപ്പെട്ടതുകൊണ്ട് ഇതൊരു കോടതി വ്യവഹാരമായി. ചരിത്രവുമായി ബന്ധപ്പെട്ട ഈ പ്രശ്നത്തിൽ ജെഎൻയുവിലെ ചരിത്രവിഭാഗം താൽപ്പര്യമെടുത്തു. അയോധ്യയുടെ ചരിത്രം പൊതുജനങ്ങൾക്കു മുമ്പിൽ വയ്‌ക്കേണ്ടത് ചരിത്രകാരന്റെ കടമയാണെന്ന്‌ ഞങ്ങൾ വിശ്വസിച്ചു. രാമന്റെ ജന്മസ്ഥലമായ രാമക്ഷേത്രം തകർത്താണ് മീർബക്കി പള്ളി പണിതത് എന്ന ഹിന്ദുവർഗീയ സംഘടനകളുടെ അവകാശവാദം ചരിത്രപരമായ തെളിവുകളുടെ അഭാവത്തിൽ തെറ്റാണെന്ന് സംശയലേശമെന്യേ ഞങ്ങൾ വാദിച്ചു.

മാർക്‌സിസ്റ്റ് ചരിത്രകാരന്മാർ തങ്ങളുടെ രാഷ്ട്രീയവീക്ഷണം പ്രചരിപ്പിക്കാൻ സെക്കുലർ ചരിത്രത്തെ സമർഥമായി ഉപയോഗിക്കുകയാണെന്നാണ് സംഘപരിവാർ കരുതിയത്. ജെഎൻയു ഒരു മാർക്‌സിസ്റ്റ് സർവകലാശാല ആണെന്നും അവിടത്തെ അധ്യാപകരും വിദ്യാർഥികളുമെല്ലാം മാർക്‌സിസ്റ്റുകാരുമാണെന്നാണ് പൊതുവെ കരുതപ്പെട്ടിരുന്നത്. പക്ഷേ, സത്യം അതിൽനിന്നും വളരെ അകലെയായിരുന്നു. ഭൂരിപക്ഷം അധ്യാപകരും വിദ്യാർഥികളും ഉദാര -ഇടതുപക്ഷ വീക്ഷണമുള്ളവരായിരുന്നു. അവരിൽ വളരെ കുറച്ചുപേർ മാത്രമാണ് രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും മാർക്‌സിസ്റ്റുകളായിരുന്നത്.

- ചരിത്രത്തെ ദുർവ്യാഖ്യാനം ചെയ്യാനും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടയാനുമുള്ള ബിജെപിയുടെ ശ്രമങ്ങൾ ലോകം മുഴുവൻ ചർച്ചാവിഷയമായി. ഇന്ത്യയിൽ ചരിത്രവിജ്ഞാനത്തിന് എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് പ്രഭാഷണം നടത്താനായി അമേരിക്കയിലേക്കും ക്യാനഡയിലേക്കും എന്നെ ക്ഷണിക്കുകയുണ്ടായി. അമേരിക്കയിലെ ഹാർവാർഡ്, യേൽ, പെനിസിൽ വാനിയ, കൊളംബിയ, സ്റ്റാൻഫോർഡ് ഉൾപ്പെടെ  പത്തു സർവകലാശാലയിൽ ഞാൻ പ്രഭാഷണങ്ങൾ നടത്തി.

സംസ്‌കൃത സർവകലാശാലാ വൈസ് ചാൻസലർ

2000 ഡിസംബർ ഒമ്പതിന് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ മൂന്നാമത്തെ വൈസ് ചാൻസലറായി ചുമതലയേൽക്കാൻ ഞാൻ കേരളത്തിലേക്കു മടങ്ങി.

ഭരണകൂടത്തിന്റെ നിസ്സഹകരണവും വർഗീയശക്തികളുടെ എതിർപ്പും കാലടിയിൽ തുടരണമോ എന്നത് പരിശോധിക്കാൻ എന്നെ പ്രേരിപ്പിച്ചു. ഇത്രമാത്രം സമയം ഭരണക്കുരുക്കഴിക്കാൻ ചെലവാക്കുന്നതിന്റെ സംഗത്യം എന്നെ അലട്ടി. ഈ ദൗത്യം അവസാനിപ്പിച്ചാലോ എന്നുപോലും  ചിന്തിച്ചു.

നാലുവർഷം പൂർണമായും ഞാൻ സർവകലാശാലയുടെ ഉന്നമനത്തിനുവേണ്ടി മാറ്റിവച്ചു. സ്ഥാപനത്തിന്റെ എല്ലാവിഭാഗം ജീവനക്കാരുടെയും സഹകരണത്തോടെ സർവകലാശാലയ്‌ക്ക്‌ ഒരു ദിശാബോധമുണ്ടാക്കാൻ ശ്രമിച്ചു. നിലവിലുള്ള പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ഒരു മികച്ച വിദ്യാഭ്യാസ പരിസരം കൊണ്ടുവരികയും ഭാവിയിലേക്കുള്ള ഒരു കാഴ്‌ചപ്പാട് ഉണ്ടാക്കാൻ ശ്രമിക്കുകയുംചെയ്‌തു.

ചരിത്രഗവേഷണ കൗൺസിലിന്റെ ചുമതല തിരുവനന്തപുരത്തേക്ക് താമസം മാറ്റാൻ കാരണമായി. ഏകദേശം 12 കൊല്ലക്കാലം കൗൺസിൽ അധ്യക്ഷ ചുമതല പ്രതിഫലമൊന്നും കൈപ്പറ്റാതെ നിർവഹിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. ഇക്കാലയളവിൽ കൗൺസിലിന്റെ സംഘടനാ പ്രവർത്തനത്തിലും ഗവേഷണസംരംഭങ്ങളിലും പങ്കുകൊള്ളാൻ കഴിഞ്ഞുവെന്നത് ചാരിതാർഥ്യജനകമാണ്. ചരിത്രഗവേഷണത്തിന് ഒരു സൈദ്ധാന്തിക അടിത്തറയുണ്ടാക്കാൻ സഹായകമായ ഒരു ഗ്രന്ഥശേഖരം സംഘടിപ്പിക്കാൻ സാധിച്ചതും  വലിയ നേട്ടമായി കരുതുന്നു.

കലുഷിതമായ കാലം

അറുപതു വർഷത്തെ ചരിത്രപഠനവും ഗവേഷണവുമായി ബന്ധപ്പെട്ട ഓർമകൾ നിരവധിയാണ്. അവയെ സമഗ്രമായി സമാഹരിക്കാൻ ഇവിടെ ശ്രമിക്കുന്നില്ല. എന്റെ ചരിത്രസമീപനത്തെയും രീതിശാസ്‌ത്രത്തെയുംകുറിച്ച് മറ്റൊരു ഗ്രന്ഥരചന ആവശ്യപ്പെടുന്നു. അല്ലെങ്കിൽ അത് ഏറ്റെടുക്കേണ്ടത് വായനക്കാരാണ്. ഈ യാത്രയ്‌ക്കിടയിൽ പല ചരിത്രസംഭവങ്ങളുമായി സംവദിക്കാനും ചരിത്രകാരന്മാരുമായി ആശയവിനിമയം നടത്താനും സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. അവയൊക്കെ എന്റെ ചരിത്രവീക്ഷണത്തെയും ആഖ്യാനരീതിയെയും സ്വാധീനിച്ചിട്ടുമുണ്ട്. ചരിത്രരചനയുടെ സങ്കീർണമായ മേഖലയിലേക്ക് ഈ ഓർമക്കുറിപ്പുകൾ കടന്നുചെന്നിട്ടില്ല. അതു മറ്റൊരു കഥയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top