മുഖം രക്ഷിയ്ക്കാന്‍ പുതിയ വാദവുമായി കെ എം ഷാജി: വെട്ടിലായത് കൂടെയിരുന്ന എം കെ മുനീര്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 16, 2020, 12:33 PM | 0 min read

കൊച്ചി> മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് ഫേസ്‌ബുക്ക് പോസ്റ്റിട്ട് വിവാദത്തിലായ ലീഗ് എംഎല്‍എ കെ എം ഷാജി ന്യായീകരിയ്ക്കാനെത്തി വെട്ടിലാക്കിയത് സ്വന്തം നേതാവ് എം കെ മുനീറിനെ. ദുരിതാശ്വാസനിധിയിലെ പണം കേസുകളുടെ നടത്തിപ്പിന് ഉപയോഗിക്കുന്നു എന്ന വ്യാജ ആരോപണം ഉയര്‍ത്തിയ ഷാജിക്ക് പത്രസമ്മേളനത്തില്‍ അത് അങ്ങനെയല്ലെന്നു സമ്മതിക്കേണ്ടിവന്നു. സര്‍ക്കാര്‍ പണം ചെലവിട്ടു എന്നാണു താന്‍ ഉദ്ദേശിച്ചത് എന്നായി വിശദീകരണം. തുടര്‍ന്നാണ്‌  മുനീറിനെ വെട്ടിലാക്കുന്ന പുതിയ വാദം ഉയര്‍ത്തിയത്.

അന്തരിച്ച ഒരു എംഎല്‍എ യുടെ കടം എഴുതിത്തള്ളാന്‍ മുഖ്യമന്ത്രിയുടെ ഫണ്ട് ഉപയോഗിച്ചു എന്നായിരുന്നു പുതിയ ആക്ഷേപം. ഇതേ ഫണ്ടില്‍ നിന്ന് പണംപറ്റി പഠിച്ച എം കെ മുനീറിനെ അരികിലിരുത്തിയായിരുന്നു ഈ ആക്ഷേപം. മുനീറിന്റെ പിതാവും സംസ്ഥാനത്ത് കുറച്ചുദിവസം ആണെങ്കിലും മുഖ്യമന്ത്രി പദത്തില്‍ വരെയിരുന്ന ലീഗ് നേതാവുമായ സി എച്ച് മുഹമ്മദ്‌ കോയ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശാവാസ നിധിയില്‍ നിന്ന് സഹായം അനുവദിച്ചിരുന്നു. സി എച്ചിന്റെ ഉമ്മയ്ക്കും ഭാര്യക്കും ആജീവനാനന്ത സഹായവും മുനീറിന് പഠന സഹായവുമാണ് ലഭിച്ചത്.
സി എച്ച് മുഹമ്മദ്‌ കോയയുടെ കുടുംബത്തിനു ധനസഹായം അനുവദിച്ച വാര്‍ത്ത (1983 ഒക്ടോബര്‍ 25)
പണം കൊടുത്താല്‍ സീറ്റ് കിട്ടുന്ന മംഗലാപുരത്തെ ഒരു സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ അന്ന്  വിദ്യാര്‍ത്ഥിയായിരുന്ന മുനീറിന്റെ മുഴുവന്‍ പഠന ചെലവും സര്‍ക്കാര്‍ ഏറ്റെടുത്തു.പോക്കറ്റ് മണിയും പ്രഖ്യാപിച്ചു.(അന്നത്തെ പത്രവാര്‍ത്ത താഴെ). സി എച്ചിന്റെ കുടുംബത്തിനു മാത്രമല്ല കെ ടി ജോര്‍ജ്,ടി കെ ദിവാകരന്‍,കെ എം ജോര്‍ജ് തുടങ്ങിയവരുടെ കുടുംബങ്ങള്‍ക്കും ഇങ്ങനെ ധനസഹായം നല്‍കിയിരുന്നതായി വ്യക്തമാക്കുന്ന നിയമസഭരേഖയും പുറത്തുവന്നിട്ടുണ്ട്.

സി എച്ച് മുഹമ്മദ്‌ കോയയുടെ കുടുംബത്തിനു സഹായം നല്‍കിയതിന്റെ നിയമസഭാ രേഖ

 

പിന്നീട് സ്വാശ്രയ കോളേജില്‍ നിന്ന് കോഴിക്കോട്ടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജിലേക്ക് മുനീറിന് മാറ്റം നല്‍കാനും നടപടിയുണ്ടായി. ഷാജിയുടെ പരാമര്‍ശത്തോടെ ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായി. ഷാജിയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി മുനീറിന് കിട്ടിയ സഹായത്തെ പറ്റിയുള്ള ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തു.

കേസ് നടത്താന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്പണം മുടക്കുന്നു എന്ന ഷാജിയുടെ ആരോപണത്തിനു മറുപടിയായി ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി പ്രമോദ് എഴുതിയ ഫേസ് ബുക്ക് പോസ്റ്റ്‌ താഴെ:

C P Promod Palakkad

സർക്കാരിന് വേണ്ടി കേസ് നടത്താൻ മാത്രമല്ല, ഷാജിക്കും യുവ തുർക്കികൾക്കും അടക്കം ഏതൊരു പൗരനും കേസ് നടത്താൻ വേദി ഒരുക്കുന്ന നീതിന്യായ വ്യവസ്ഥ ഒന്നാകെ സർക്കാർ ചിലവിലാണ് സ്ഥാപിച്ചിരിക്കുന്നത്. സർക്കാർ കേസ് നടത്തിപ്പിനും കോടതിയ്ക്കും വേണ്ടി പണം ചിലവിടുന്നുണ്ട്. അതറിയാത്ത നിരക്ഷര പ്രമാണിമാരോട് എന്ത് പറയാൻ? അതും ദുരിതാശ്വാസ നിധിയുമായി എന്താണ് ബന്ധം ?

2016 വരെയുള്ള മിക്കതിനും തെളിവില്ലാതെ പോയ UDF കാലത്ത് സോളാറും , ബാർ കോഴയുമടക്കം ഇവിടെ ഒട്ടനവധി കേസുകൾ ഫയൽ ചെയ്യപ്പെടുകയും അതിലെല്ലാം അന്നത്തെ സർക്കാരിനും മന്ത്രിമാർക്കും വേണ്ടി കോടതിയിൽ കേസ് നടത്തിയതും സർക്കാർ ഫീസും ശമ്പളവും നൽകി വെച്ച വക്കീലൻമാർ തന്നെ ആയിരുന്നു. അതെ, ഖജനാവ് തുറന്നെടുത്ത പണം തന്നെ !

ദുരിതാശ്വാസ നിധിയിലെ പണം കേസ് നടത്താനാണെന്ന് നിങ്ങളോടാരാ പറഞ്ഞത് ? MLA പ്രിവിലേജിൽ നിങ്ങൾക്ക് ഈ വിവരം നിയമ സഭയിൽ നിന്ന് കിട്ടിയതാണോ ? അതോ വിവരാവകാശ പ്രകാരം ? അതുമല്ലെങ്കിൽ ഒളിച്ചുകടത്തിയ ചോർത്തൽ രേഖകൾ ?

ഒന്നുമില്ലാതെ നിങ്ങൾ സ്ഥാനത്തിരുന്ന് നടത്തുന്ന അസ്ഥാനത്തിലുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പ്രശ്നം. അതിനൊരു ഗൂഢ ലക്ഷ്യമുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന മുടക്കണം. അതു വഴി ആർക്കും ഒരു ഉപകാരവും ലഭിക്കരുത്. ദുരന്തങ്ങളേക്കാൾ മഹാ ദുരന്തം എന്തെന്നാൽ, ഈ ദുരന്ത കാലത്ത് പോലും മിനിമം മര്യാദ പാലിക്കാൻ കഴിയാത്ത വിധം അധ:പതിച്ച ഒരു കൂട്ടം ആളുകളെയും പൊതു പ്രവർത്തകർ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്നതാണ് !!

ഷാജി പരാമർശിച്ച കേസുകൾ തന്നെ എടുക്കാം. ഒന്നും തന്നെ അന്വേഷണവും തുമ്പുമില്ലാതെ ആവിയായി പോയ കേസല്ല. തെളിവെവിടെ, തെളിവെവിടെ എന്ന് ചോദിച്ചില്ല. മറിച്ച് പ്രതികളെ പിടിച്ച് കുറ്റപത്രം സമർപ്പിച്ച കേസുകൾ ആണ്. അതിലെന്താണ് ഇനി വേണ്ടത് ? രാഷ്ട്രീയ പക തീർക്കൽ നാടകത്തിന് കോടതിയെ വേദിയാക്കിയത് നിങ്ങളല്ലേ ? സർക്കാർ അത് അംഗീകരിച്ചില്ല എങ്കിൽ നുണ പറയലാണോ പോംവഴി?.

സർക്കാർ ഫീസ് നൽകി വക്കീലിനെ ഏർപ്പെടുത്തിയത് നിങ്ങൾക്കും പറയാനുള്ളത് പറയാൻ അവസരം ലഭിക്കുന്ന കോടതിയിലാണ്. നിയമം ഇഴ കീറി വിശകലനം ചെയ്ത് വിധി പറയുന്ന ഇടമാണത്. ഈ സർക്കാരിന് പ്രത്യേക സംരക്ഷണം ഒന്നുമില്ലാത്ത നിക്ഷ്പക്ഷയിടം. അല്ലാതെ LDF ന്റെയോ UDF ന്റെ യോ ഓഫീസിലല്ല .
അഞ്ചും പത്തും വർഷം MLA ആയിട്ടു പോലും നെല്ലും പതിരും തിരിച്ചറിയാനാവില്ലെങ്കിൽ പിന്നെ ആ പദവിയിൽ കോടതി സ്റ്റേയിൽ തൂങ്ങി അള്ളിപിടിച്ചിരിക്കുന്നതിൽ എന്തർത്ഥമാണ് ഉള്ളത് ?

അയോഗ്യത കോടതി വിധിയിൽ മാത്രം ഒതുങ്ങുന്നതല്ല, ഷാജി മഹല്ല് കമ്മറ്റിക്കാരോട് മാത്രമായി നടത്തിയ അഭ്യർത്ഥനയിൽ പോലുമുണ്ട്, വർഗ്ഗീയ വിഷത്തിന്റെ ദുർഗന്ധം.

[[[866070,851855]]]




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home