22 October Thursday
യുഡിഎഫ്‌ തകരുന്നു

കൂടുമാറ്റമല്ല; ഇത്‌ നാടിന്റെ തിരിച്ചറിവ്‌

എം ഒ വർഗീസ്‌Updated: Thursday Oct 15, 2020


കോട്ടയം
രാജ്യം കടന്നുപോകുന്ന അപകടകരമായ രാഷ്ട്രീയ സ്ഥിതിവിശേഷം തിരിച്ചറിഞ്ഞ് കൂടുതൽ ആളുകൾ ‌നേരിന്റെ പക്ഷത്ത്‌ അണിനിരക്കാൻ തയ്യാറായി മുന്നോട്ടുവരുന്നതിന്റെ തെളിവാണ്‌ ഇടതുപക്ഷത്തോടൊപ്പം ചേരാനുള്ള കേരള കോൺഗ്രസ്‌ എമ്മിന്റെ  തീരുമാനം. ഇടതുപക്ഷമാണ്‌ ശരിയെന്ന്‌ ജനങ്ങൾക്ക്‌ ബോധ്യമാകുന്നതിന്റെ ഭാഗമാണ്‌ ഈ തീരുമാനവും.
ഇന്ത്യയെ പാകിസ്ഥാൻപോലെ മതരാഷ്ട്രമാക്കാനുള്ള ബിജെപിയുടെ കുത്സിത നീക്കത്തിന്‌ ഗതിവേഗംകൂടിയതോടെ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടത്തിനും ശക്തിയാർജിക്കുകയാണ്‌. അധികാരം ഉപയോഗിച്ച്‌‌ എല്ലാ പ്രതിരോധങ്ങളെയും അടിച്ചമർത്താനുള്ള ശ്രമത്തിലാണ്‌ കേന്ദ്ര ഭരണാധികാരികൾ. ജുഡീഷ്യറി ഉൾപ്പെടെയുള്ള  ഭരണഘടനാ സ്ഥാപനങ്ങൾ സംഘ്‌പരിവാർ നിയന്ത്രണത്തിലാക്കാനുള്ള നീക്കം വിജയംകണ്ടുവരുന്നതായാണ്‌ സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്‌. ഇതിനെയൊക്കെ എതിർത്ത്‌ ഇന്ത്യൻ ജനതയെ മുന്നിൽനിന്ന്‌ നയിക്കാൻ ശേഷിയുണ്ടെന്ന്‌ കരുതിയ കോൺഗ്രസ്‌ ദുർബലമായി. ചെറിയൊരു ഞരക്കംപോലും പ്രകടിപ്പിക്കാൻ കഴിയാത്ത നിലയിലായി അതിന്റെ നേതാക്കൾ കൂട്ടമായി ബിജെപിയിലേക്ക്‌ കൂടുമാറുകയാണ്‌.

അധികാര രാഷ്ട്രീയം മാത്രമാണ്‌ തങ്ങളുടേതെന്ന്‌ ചിന്തിക്കുന്ന നേതാക്കൻമാരും അണികളുമാണ്‌ കോൺഗ്രസി‌ന്റെ ശാപം. ഇക്കാര്യം തിരിച്ചറിഞ്ഞുകൂടിയാണ്‌‌ 38 വർഷത്തിനുശേഷം കേരള കോൺഗ്രസ്‌ ഇടതുപക്ഷത്തിനൊപ്പം നിൽക്കാൻ തീരുമാനിക്കുന്നത്‌. രാജ്യത്താകെ ന്യൂനപക്ഷങ്ങൾ കടുത്ത ഭീതിയിലാണ്‌. ജനാധിപത്യ സംവിധാനംതന്നെ ഏതുനിമിഷവും അവസാനിച്ചേക്കാം. തങ്ങൾക്ക്‌ ഇഷ്ടമില്ലാത്തവരെയെല്ലാം ക്രൂരമായി വേട്ടയാടുകയാണ്‌. കോർപറേറ്റ്‌ മൂലധന ശക്തികൾക്കുവേണ്ടി മാത്രമാണ്‌ കേന്ദ്രഭരണം. തൊഴിൽ അവകാശങ്ങൾ പൂർണമായും കവർന്നും കർഷകരെ കൊടും ചൂഷണത്തിലേക്ക്‌ തള്ളിയും നിയമവും പാസാക്കി. ജനങ്ങളെ  ദുരിതത്തിലേക്ക്‌ തള്ളിവിടുന്ന കേന്ദ്ര ഭരണനയങ്ങളെ ചെറുക്കാൻ പാർലമെന്റിന്‌ അകത്തും പുറത്തും ഇടതുപക്ഷം മാത്രമാണുള്ളതെന്ന്‌ ജനങ്ങൾക്ക്‌  ബോധ്യപ്പെട്ടു. സാധാരണ കർഷകർ അണിനിരന്നിട്ടുള്ള കേരള കോൺഗ്രസ്‌ പോലുള്ള പ്രാദേശിക പാർടികൾക്ക്‌‌ അതിൽനിന്ന്‌ മാറിനിൽക്കാൻ കഴിയില്ലെന്നതിന്റെ തെളിവുകൂടിയാണ്‌ ഇപ്പോഴത്തെ തീരുമാനം.


 

പുറത്തുചാടിച്ചത്‌ പുകച്ചും അപമാനിച്ചും
നാല്‌ പതിറ്റാണ്ടിനടുത്ത്‌ യുഡിഎഫിന്റെ ശക്തികേന്ദ്രമായി പ്രവർത്തിച്ച കേരള കോൺഗ്രസിനെ പുകച്ചും അപമാനിച്ചും പുറത്തുചാടിച്ചതിനുപിന്നിൽ കോൺഗ്രസ്‌ വഞ്ചനയുടെ രാഷ്‌ട്രീയം. ഗ്രൂപ്പുപോരും മറ്റൊരുകാരണമായി. രാഷ്‌ട്രീയ അമളി ബോധ്യപ്പെട്ടതിനൊടുവിൽ യുഡിഎഫ്‌ നേതാക്കൾ ജോസ്‌ കെ മാണിയെ തിരികെ എത്തിക്കാൻ ശ്രമിച്ചെങ്കിലും കോൺഗ്രസിലെ ഗ്രൂപ്പുപോരും പി ജെ ജോസഫിന്റെ കടുത്ത നിലപാടുംമൂലം ഫലംകണ്ടില്ല.

കോൺഗ്രസിന്റെ അവസരവാദ, കർഷകവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച്‌ 1964ൽ പിളർന്ന്‌ രൂപീകരിച്ച കേരള കോൺഗ്രസ്‌ പിന്നീട്‌ സംസ്ഥാന രാഷ്‌ട്രീയത്തിൽ നിർണായക കേന്ദ്രമായി. അതിനുശേഷം യുഡിഎഫിനുതന്നെ ജന്മംകൊടുത്ത പാർടി 38 വർഷത്തിനുശേഷം മനംമടുത്ത്‌ എൽഡിഎഫ്‌ ചേരിയിലെത്തുന്നതും അനിവാര്യമായ മറ്റൊരു ചരിത്രം. ‌ചില കോൺഗ്രസ്‌ നേതാക്കൾ പിന്നിൽനിന്നും കുത്തുന്നതായി ആരോപിച്ച്‌ 2016ൽ കെ എം മാണി യുഡിഎഫ്‌ വിട്ടെങ്കിലും നയം തിരുത്തുമെന്ന ധാരണയിൽ വീണ്ടും ഒപ്പംചേർന്നു. കെ എം മാണി ഇടതുപക്ഷത്തേക്കുവന്നാൽ മുഖ്യമന്ത്രിയാവുമോ എന്ന് അന്നത്തെ കോൺഗ്രസ് നേതൃത്വം ഉമ്മൻചാണ്ടി അടക്കം ഭയപ്പെട്ടിരുന്നു.  എക്കാലത്തും കേരള കോൺഗ്രസിന്റെ ശിഥിലീകരണം ആഗ്രഹിച്ച ചില നേതാക്കൾ കെ എം മാണിയുടെ മരണശേഷം വീണ്ടും കരുക്കൾ നീക്കാൻ തുടങ്ങി. അതിനായി മുതിർന്ന നേതാവ്‌ പി ജെ ജോസഫിനെ വശത്താക്കി പാർടി പിടിച്ചെടുക്കാനുള്ള നീക്കമാരംഭിച്ചു.  ബെന്നി ബഹനാൻ, കെ സി ജോസഫ്, ജോസഫ് വാഴ‌ക്കൻ എന്നിവരടങ്ങുന്ന നേതാക്കളുടെ പിന്തുണ ജോസഫിന്‌ ലഭിച്ചു. ഉമ്മൻചാണ്ടിയാവട്ടെ മൗനംപാലിച്ചു. അതിനായി കെ എം മാണിയുടെ തട്ടകമായ കോട്ടയം ജില്ലാപഞ്ചായത്ത് തെരഞ്ഞെടുത്തു.  പിളർപ്പിന്റെ സമയത്തും തെരഞ്ഞെടുപ്പിന്റെ തലേന്നുവരെയും ജോസ് കെ മാണിയുടെ കൂടെ ഉണ്ടായിരുന്ന രണ്ടുപേരെ ചാക്കിട്ട് പിടിച്ച് അവർക്കായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സ്ഥാനം ചോദിച്ചു. ഒടുവിൽ കോൺഗ്രസിന് ആവശ്യമായ സഹകരണം നൽകിയ ജോസഫ് ദൗത്യം പൂർത്തീകരിക്കുകയും ചെയ്‌തു. രാഷ്ട്രീയ അനാഥത്വത്തിലേക്കല്ല തങ്ങൾ പോകുന്നതെന്ന് ജോസ് കെ മാണി യുഡിഎഫിനെ നോക്കി വെല്ലുവിളിച്ചിരുന്നു. ഒന്നും സംഭവിക്കില്ലെന്ന്‌ കരുതി  ‌  കാത്തിരുന്ന യുഡിഎഫുകാർ, കേരള കോൺഗ്രസ്‌ മുന്നണി വിട്ടതോടെ ശരിക്കും പരിഭ്രാന്തിയിലായിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top