14 June Monday

കേരളത്തിന്‌ പിപിഇ കിറ്റിനായി അയർലൻഡിൽ ബിരിയാണി

ശ്രീരാജ്‌ ഓണക്കൂർUpdated: Tuesday Jun 8, 2021


കൊച്ചി
അയർലൻഡ്‌ കൗണ്ടി ടിപ്പററിയിലെ അതിപുരാതന നഗരമായ ക്ലോൺമെലിൽ മലയാളിയുവാക്കൾ വീട്ടിലുണ്ടാക്കിയ ബിരിയാണി ഇനി കേരളത്തിന്റെ കോവിഡ്‌ പ്രതിരോധത്തിന്‌ കരുതലേകും. അയർലൻഡിൽ നടന്ന ബിരിയാണിമേളയിലൂടെ ലഭിച്ച തുക കേരളത്തിന്‌ സംഭാവന ചെയ്‌തിരിക്കുകയാണ്‌ യുവാക്കളുടെ കൂട്ടായ്‌മ.

കൊല്ലം കുണ്ടറ സ്വദേശി അനൂപ് ജോസഫിന്റെയും കോട്ടയം സ്വദേശികളായ ഷെഫ് രഞ്ജിത്, അഭിലാഷ് ഗോപാലപിള്ള എന്നിവരുടെയും നേതൃത്വത്തിലായിരുന്നു ബിരിയാണിമേള. ഇതിലൂടെ ലഭിച്ച തുക കൊല്ലം ഡിവൈഎഫ്ഐ യൂണിറ്റിന് പിപിഇ കിറ്റുകൾ വാങ്ങാൻ കൈമാറി. കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഐആർപിസി (ഇനിഷ്യേറ്റീവ്‌ ഫോർ റീഹാബിലിറ്റേഷൻ ആൻഡ്‌ പാലിയേറ്റീവ്‌ കെയർ) ആശ്വാസകേന്ദ്രത്തിനും കൂട്ടായ്മ സഹായം എത്തിച്ചു.

സ്വന്തം വീടുകളിൽ ഉണ്ടാക്കിയ ബിരിയാണി ചുറ്റുവട്ടത്തുംമറ്റും കൊണ്ടുനടന്ന് വിറ്റാണ് മൂവർസംഘം പണം സമാഹരിച്ചത്. കേരള റഗ്ബി അസോസിയേഷൻ സെക്രട്ടറി ആർ ജയകൃഷ്ണന്റെ നിർദേശപ്രകാരമാണ് ബിരിയാണിയുണ്ടാക്കിയത്‌. കോവിഡ് പ്രതിരോധരംഗത്ത് സന്നദ്ധസേവനം നടത്തുന്ന ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കൈത്താങ്ങാവുകയായിരുന്നു ലക്ഷ്യം. കൊല്ലത്ത് എം നൗഷാദ് എംഎൽഎ ഇരുനൂറോളം പിപിഇ കിറ്റുകൾ ഏറ്റുവാങ്ങി.

കോവിഡ് കാലത്ത് മൂവർസംഘം കേരളത്തിലെ വിവിധ ജില്ലകളിൽ നടന്ന ഭക്ഷ്യകിറ്റ്‌ വിതരണത്തിന്‌ ധനസഹായം നൽകിയിരുന്നു. ഗൾഫിൽ കുടുങ്ങിയവർക്ക് നാട്ടിലേക്ക് മടക്കടിക്കറ്റ് എടുത്തുനൽകുകയും ചെയ്തു. ഓരോ വ്യക്തിയും സാധിക്കുംവിധം കേരളത്തിന് കൈത്താങ്ങാകണമെന്നും ഇവർ പറയുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top